കേരളം മുതലമടയിലേക്ക്

മഹാരാഷ്ട്ര മുതല്‍ കന്യാകുമാരി വരെ നീളുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരേയൊരു വിടവായ പാലക്കാടന്‍ ചുരം ഒരു അതുല്യ പാരിസ്ഥിതിക പ്രതിഭാസമാണ്. അനേകം അറിവുകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും കേരളത്തിലേക്ക് വഴിതുറന്നുകൊടുത്ത ഈ ചുരത്തിന്റെ കിഴക്കന്‍ അതിരിലെ പശ്ചിമഘട്ട താഴ്‌വരകള്‍ അതീവഗുരുതരമായ ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. പ്രത്യേകിച്ച് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി ലോലം എന്ന് വിലയിരുത്തിയ മുതലമട എന്ന പാലക്കാടന്‍ കാര്‍ഷിക ഗ്രാമം അനിയന്ത്രിത പാറഖനനങ്ങളാല്‍ മരുപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തെ ഹരിതാഭമായ ഈ ഗ്രാമത്തിന്റെ അടിത്തറയിളക്കുന്ന […]

muthalamada 2 - Copyമഹാരാഷ്ട്ര മുതല്‍ കന്യാകുമാരി വരെ നീളുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരേയൊരു വിടവായ പാലക്കാടന്‍ ചുരം ഒരു അതുല്യ പാരിസ്ഥിതിക പ്രതിഭാസമാണ്. അനേകം അറിവുകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും കേരളത്തിലേക്ക് വഴിതുറന്നുകൊടുത്ത ഈ ചുരത്തിന്റെ കിഴക്കന്‍ അതിരിലെ പശ്ചിമഘട്ട താഴ്‌വരകള്‍ അതീവഗുരുതരമായ ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. പ്രത്യേകിച്ച് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി ലോലം എന്ന് വിലയിരുത്തിയ മുതലമട എന്ന പാലക്കാടന്‍ കാര്‍ഷിക ഗ്രാമം അനിയന്ത്രിത പാറഖനനങ്ങളാല്‍ മരുപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തെ ഹരിതാഭമായ ഈ ഗ്രാമത്തിന്റെ അടിത്തറയിളക്കുന്ന തരത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സഹ്യാദ്രിയുടെ ചരിവുകളിലെ പാറക്കുന്നുകളെല്ലാം പാതാളത്തോളം താഴ്ന്നുകഴിഞ്ഞിരിക്കുന്നു. ഏക്കറുകണക്കിന് വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന പാറമടകള്‍ കുടിവെള്ളം മുട്ടിക്കുകയും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും കാര്‍ഷികവൃത്തിക്ക് തടസ്സമുണ്ടാവുകയും ടിപ്പര്‍ലോറികളുടെ മരണപ്പാച്ചിലില്‍ റോഡ് ഒരു കൊലക്കളമായി മാറുകയും ചെയ്തതോടെയാണ് ഗത്യന്തരമില്ലാതെ മുതലമടയിലെ ജനങ്ങള്‍ പാറമടകള്‍ക്കെതിരെ സമരരംഗത്തിറങ്ങിയത്. മുതലമടയിലെ മൂച്ചംകുണ്ട് നിവാസികളുടെ ജനകീയ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിബന്ധനകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വലിയ ക്വാറിയായ ഫൈവ്സ്റ്റാര്‍ മെറ്റല്‍സിന് ഖനനാനുമതി നിഷേധിക്കപ്പെട്ടു. എ-വണ്‍ സാന്‍ഡ്‌സ് എന്ന മറ്റൊരു വലിയ ക്വാറിക്ക് നേരത്തെ പൊട്ടിച്ച പാറ ക്രഷ് ചെയ്ത് കൊണ്ടുപോകുന്നതിനുള്ള അനുമതി മാത്രമാണ് ഇപ്പോഴുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ മാത്രം പ്രവര്‍ത്തനം തുടരുന്ന മറ്റൊരു വലിയ ക്വാറിയായ തോംസണ്‍ ഗ്രൂപ്പിന്റെ പാറമടയ്‌ക്കെതിരെയും നിയമപോരാട്ടം തുടരുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിലെ ഉന്നതരുടെയും പ്രാദേശിക പോലീസ്-റവന്യൂ-ജിയോളജി ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ ക്വാറികളുടെ പ്രവര്‍ത്തനം തുടരുന്നതിനുള്ള കുറുക്കുവഴികള്‍ തേടുകയാണ് ഈ വന്‍കിടക്കാര്‍.
നിലവിലുള്ള നിയന്ത്രണങ്ങള്‍ പ്രകാരം വൈകീട്ട് ആറ് മണിക്ക് ശേഷം ക്രഷര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ ടിപ്പറില്‍ കല്ല് കയറ്റിക്കൊണ്ട് പോകുന്നതിനോ അനുമതിയില്ല എന്നിരിക്കെ അതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് 2015 മാര്‍ച്ച് 25ന് മുതലമടയില്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം ആക്രമണമുണ്ടാകുന്നത്. മൂച്ചംകുണ്ട് നിന്നും അനുവദിക്കപ്പെട്ട സമയവും കഴിഞ്ഞ് വന്ന ഒരു ടിപ്പര്‍ ലോറി അറുമുഖന്‍ പത്തിച്ചറ, രാജന്‍ മാഷ് തുടങ്ങിയ സമരപ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയും വിശദീകരണം ആരായുകയും ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി-യുവമോര്‍ച്ച-ക്വാറി മാഫിയ ഗുണ്ടകള്‍ സ്ഥലത്തെത്തി അവരെ തടുക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പത്ത് കിലോമീറ്ററോളം ദൂരം ഗുണ്ടകള്‍ പിന്തുടരുകയും കാറിന് നേരെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തു. അവര്‍ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതിനെ തുടര്‍ന്നാണ് ഗുണ്ടകള്‍ പിന്മാറിയത്. കൊല്ലങ്കോട് പോലീസാണ് അവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്തദിവസം (മാര്‍ച്ച് 26ന്) മുതലമട സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാട്ടുകാര്‍ക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ക്കും നേരെ ബി.ജെ.പി-യുവമോര്‍ച്ച സംഘം വീണ്ടും അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷ സാധ്യത നിലനിന്നിരുന്ന സ്ഥലമായിരുന്നിട്ടും നാല് പോലീസുകാര്‍ മാത്രമാണ് അവിടെ നിയോഗിക്കപ്പെട്ടിരുന്നത്. അക്രമം തടയുന്നതില്‍ ഇവര്‍ പുലര്‍ത്തിയ നിസ്സംഗതയും ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കി. പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ശക്തിവേല്‍, മുരുകേശന്‍, ആദിവാസി സംരക്ഷണ സംഘം നേതാവും ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകനുമായ നീലിപ്പാറ മാരിയപ്പന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി നേതാവ് വിജയന്‍ അമ്പലക്കാടന്‍, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ കെ.വി. ബിജു, ആം ആദ്മി പാര്‍ട്ടി നേതാവ് പത്മനാഭന്‍, യൂത്ത്ഡയലോഗ് പ്രവര്‍ത്തകരായ സന്തോഷ്, റംസീന, റിയാസ് തുടങ്ങി പ്രകടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ക്കും നാട്ടുകാരായ സ്ത്രീകള്‍ അടക്കമുള്ള അനേകം സമരപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.
ഫൈവ്സ്റ്റാര്‍ മെറ്റല്‍സ് ക്വാറി ഉടമകളുടെ വാടക ഗുണ്ടകളായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മാറുന്നതിന്റെ ദയനീയ ചിത്രമാണ് നാം മുതലമടയില്‍ കണ്ടത്. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് രാജ്യം തന്നെ തീറെഴുതികൊടുത്തുകൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകക്ഷി, കേരളത്തിലും മുതലാളിത്ത ശക്തികളുമായി പരസ്യമായി കൈകോര്‍ക്കുന്നതിന്റെ ചിത്രം മുതലമട സംഭവം വെളിപ്പെടുത്തുന്നു. ഒട്ടേറെ പരിസ്ഥിതി-ജനകീയ സമരങ്ങളില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കന്മാര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിസ്ഥിതി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും മുതലമടയിലെ ക്വാറിമാഫിയാ ബന്ധത്തിനെതിരെയും ഒന്നും ഉരിയാടാന്‍ തയ്യാറായിട്ടില്ല. പരിസ്ഥിതി-ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന വര്‍ഗീയ സംഘടനകള്‍ ജാതി-മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. മുതലമടയിലും ഒരു ഹിന്ദുവിന്റെ ക്വാറിക്കെതിരെ സമരം ചെയ്യുന്നു എന്നതാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നത്. പരിമിതമായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് സമ്പന്നവര്‍ഗ്ഗങ്ങള്‍ വരും തലമുറകളുടെ കൂടി ജീവിതം ദുരിതപൂര്‍ണ്ണമാക്കുമ്പോള്‍, വിഭാഗീയതകളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്തി കോര്‍പ്പറേറ്റ് വിഭവചൂഷണം നിര്‍ബാധം തുടരുന്നതിനുള്ള അവസരമാണ് ഇക്കൂട്ടര്‍ ഒരുക്കുന്നത്. പ്രകൃതിക്കും മനുഷ്യനും നേരെ നടക്കുന്ന ഇത്തരം ഹിംസാത്മകതകളെ അഹിംസാത്മക മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ചെറുത്തുതോല്‍പ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് മുതലമടയടക്കമുള്ള ക്വാറിവിരുദ്ധ സമരങ്ങള്‍ മുന്നോട്ട് പോകുന്നത്. മറിച്ചുള്ള ഏതു നീക്കവും ജനകീയ സമരങ്ങളെ ഏതുവിധേനെയും അടിച്ചമര്‍ത്താന്‍ സജ്ജമായി നില്‍ക്കുന്ന ഭരണകൂടത്തിന് സഹായകമായിത്തീരുമെന്ന് മുതലമടക്കാരും തിരിച്ചറിയുന്നുണ്ട്.
കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളും ഇടനാടന്‍ കുന്നുകളുമെല്ലാം നിയമലംഘനങ്ങളിലൂടെ നിര്‍ബാധം കാര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് വന്‍കിട ക്വാറികള്‍. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബിനാമികളാണ് പല പാറമടകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതും ഇവര്‍ നടത്തുന്ന നിയമവിരുദ്ധ ഖനനത്തിന് സഹായകമായിത്തീരുന്നു. ഏറ്റവും സാധാരണക്കാരായ ജനവിഭാഗങ്ങളാണ് അനധികൃത ക്വാറികള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ക്ക് കേരളത്തിലെമ്പാടും ഇരകളായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഖനന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ട ഭരണസംവിധാനങ്ങളും ജുഡീഷ്യറിയും വരെ വരേണ്യതാത്പര്യങ്ങള്‍ക്ക് അനുസൃതമായി നിലകൊള്ളുന്നതിനാല്‍ ഖനനത്തിന്റെ ദുരിതങ്ങള്‍ നേരിടുന്നവര്‍ക്ക് എവിടെ നിന്നും നീതി ലഭിക്കാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ജനങ്ങളുടെ താത്പര്യത്തിനൊപ്പം നില്‍ക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തികാണിക്കാത്ത തദ്ദേശഭരണ സംവിധാനങ്ങളും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും വരെ ക്വാറി മാഫിയകളുടെ സംരക്ഷകരായി മാറിയിരിക്കുകയാണ്. ഖനനത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന നിയമങ്ങളും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളും (1969) ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ അപര്യാപ്തമായിരിക്കുകയാണ്. ഇവ കാലോചിതമായി പരിഷ്‌കരിക്കുന്നതിന് പകരം പാറമട ലോബിക്ക് ഗുണകരമാകുന്ന തരത്തില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിക്കുപുറമേ എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, ബ്ലാസ്റ്റ്മാന്‍ ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കുന്ന ഡി ആന്‍ഡ് ഒ ലൈസന്‍സ് എന്നിവയെല്ലാം ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായിരിക്കെ ഇതിനെയെല്ലാം അഴിമതിയിലൂടെ മറികടക്കാന്‍ വന്‍കിട പാറമട മുതലാളിമാര്‍ക്ക് കഴിയുന്നുണ്ട് എന്നതും ഒരു ഭീഷണിയായി തുടരുന്നുണ്ട്. ജില്ലാ അധികാരികള്‍ മുതലുള്ള പോലീസ് ഉദ്യോഗസ്ഥ സംവിധാനവും ക്വാറി മുതലാളിമാര്‍ക്കൊപ്പം നില്‍ക്കാന്‍ തുടങ്ങിയതോടെ പല സ്ഥലത്തും പ്രതിരോധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കേരളത്തിലെമ്പാടും ഒട്ടേറെ ജനകീയ സമരങ്ങള്‍ വന്‍കിട പാറഖനനത്തിനും ക്രഷര്‍ യൂണിറ്റുകള്‍ക്കുമെതിരെ അനുദിനം ഉയര്‍ന്നുവരുന്നുണ്ട്.
ഇക്കാരണങ്ങളാലെല്ലാം നിസ്സഹായരായ ഈ മനുഷ്യര്‍ക്കൊപ്പം നില്‍ക്കേണ്ടത് സവിശേഷമായ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയമായി കേരളം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അവലംബിച്ച നിയമലംഘനം അടക്കമുള്ള ത്യാഗോജ്ജ്വല സമരമാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ ക്വാറി മാഫിയകള്‍ രൂപപ്പെടുത്തിയിരിക്കുന്ന അവിശുദ്ധ സഖ്യങ്ങളെ പിഴുതെറിഞ്ഞ് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. സമരം ചെയ്യുന്നതിനുള്ള സാഹചര്യം പോലും ഫാസിസ്റ്റ് ബലപ്രയോഗത്താല്‍ നിഷേധിക്കപ്പെട്ടിരിക്കുന്ന മുതലമടയിലെ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് കേരളത്തെ കാര്‍ന്നുതിന്നുന്ന അനധികൃത ഖനനങ്ങള്‍ക്കെതിരെ സംഘടിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു സമരത്തിന് ശക്തിപകരുന്നതിനായി കേരളം മുതലമടയിലേക്ക് എത്തുകയാണ്. ഏപ്രില്‍ 19, ഞായറാഴ്ച രാവിലെ മുതല്‍ മുതലമടയില്‍ നടക്കുന്ന ജനകീയ പ്രതിരോധ സംഗമത്തിന്റെ  ലക്ഷ്യം അത്തരമൊരു ജനകീയപിന്തുണ പടുത്തുയര്‍ത്തലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply