കേരളം എങ്ങോട്ട്…?

കെ ഇ എന്‍ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളുടെ മുന്‍നിരയില്‍ എന്നും കാണുന്നത് മധ്യവര്‍ഗ്ഗങ്ങളെയാണെന്നത് അത്ഭുതകരമല്ല. മധ്യവര്‍ഗ്ഗത്തിനു മുകളിലുള്ളവര്‍ക്ക് അത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ സ്വാഭാവികമായും താല്‍പ്പര്യമില്ലല്ലോ. താഴെയുള്ളവര്‍ക്കാകട്ടെ ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനുള്ള സമയവുമില്ല. അയ്യങ്കാളി പോലും സാമ്പത്തികമായി താരതമ്യേന ഭേദപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തിലെ മധ്യവര്‍ഗ്ഗം തങ്ങളുടെ ചരിത്രപരമായ ഈ കടമ മറന്നിരിക്കുന്നു. കേരളീയ സമൂഹം നേരിടുന്ന ഒരു പ്രശ്‌നത്തിലും ഇടപെടാനോ ശക്തമായ നിലപാടെടുക്കാനോ അവര്‍ തയ്യാറല്ല. മറിച്ച് പോയകാലത്തെ കുറിച്ച് ആവേശത്തോടെ പ്രസംഗിച്ച്, അതിലൂറ്റം കൊണ്ട് കഴിയാനാണ് നമുക്ക് താല്‍പ്പര്യം. […]

imagesകെ ഇ എന്‍
കേരളത്തിലെ സാമൂഹ്യമാറ്റങ്ങളുടെ മുന്‍നിരയില്‍ എന്നും കാണുന്നത് മധ്യവര്‍ഗ്ഗങ്ങളെയാണെന്നത് അത്ഭുതകരമല്ല. മധ്യവര്‍ഗ്ഗത്തിനു മുകളിലുള്ളവര്‍ക്ക് അത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ സ്വാഭാവികമായും താല്‍പ്പര്യമില്ലല്ലോ. താഴെയുള്ളവര്‍ക്കാകട്ടെ ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനുള്ള സമയവുമില്ല. അയ്യങ്കാളി പോലും സാമ്പത്തികമായി താരതമ്യേന ഭേദപ്പെട്ട അവസ്ഥയിലായിരുന്നു.
എന്നാല്‍ ഇന്ന് കേരളത്തിലെ മധ്യവര്‍ഗ്ഗം തങ്ങളുടെ ചരിത്രപരമായ ഈ കടമ മറന്നിരിക്കുന്നു. കേരളീയ സമൂഹം നേരിടുന്ന ഒരു പ്രശ്‌നത്തിലും ഇടപെടാനോ ശക്തമായ നിലപാടെടുക്കാനോ അവര്‍ തയ്യാറല്ല. മറിച്ച് പോയകാലത്തെ കുറിച്ച് ആവേശത്തോടെ പ്രസംഗിച്ച്, അതിലൂറ്റം കൊണ്ട് കഴിയാനാണ് നമുക്ക് താല്‍പ്പര്യം. അതില്‍ നിന്ന് ഒരടി പോലും മുന്നോട്ടു പോകാന്‍ നാം തയ്യാറല്ല. ഒരു ഉദാഹരണം ചൂണ്ടികാട്ടാം. കേരളീയ നവോത്ഥാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിട്ടാണല്ലോ ക്ഷേത്രപ്രവേശന വിളംബരം വിലയിരുത്തപ്പെടുന്നത്. അധസ്ഥിത ജനവിഭാഗങ്ങളുടെ വന്‍തോതിലുള്ള മതംമാറ്റത്തെ തടയാനായിരുന്നു അത്തരമൊരു വിളംബരമുണ്ടായതെന്ന വിലയിരുത്തലില്‍ കുറെ ശരിയുണ്ട്. എങ്കില്‍ പോലും അതൊരു പ്രധാന കാല്‍വെപ്പായിരുന്നു. എന്നാല്‍ അതിനുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനൊരു തുടര്‍ച്ചയുണ്ടായോ? എല്ലാ ആരാധനാലയങ്ങളും എല്ലാവ്ര്‍ക്കുമായി തുറന്നു കൊടുക്കുക എന്ന നിലയിലേക്ക് നാം ഉയര്‍ന്നോ? ക്ഷേത്രപ്രവേശനവിളംബരത്തെ കുറിച്ച് നാം ഊറ്റം കൊള്ളുമ്പോള്‍തന്നെ അതിന്റെ തുടര്‍ച്ചക്കായി നാം രംഗത്തിറങ്ങാത്തതെന്തേ? പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്ന ഇക്കാലത്ത് എല്ലാവര്‍ക്കും ഒത്തുചേരാവുന്ന ഇടങ്ങളായി ആരാധനാലയങ്ങള്‍ മാറണം. ജനാധിപത്യത്തില്‍ തീര്‍ച്ചയായും മതങ്ങള്‍ക്കും റോളുണ്ട്. മതങ്ങളടക്കം എല്ലാം ജനാധിപത്യവല്‍ക്കരിക്കപ്പെടണം. അധികാരവും ജനാധിപത്യവല്‍ക്കരിക്കപ്പെടണം. എന്നാല്‍ അതിനുള്ള മുന്നേറ്റങ്ങളില്‍ പങ്കുചേരാതെ ഭൂതകാലത്തെ ആദര്‍ശവല്‍ക്കരിച്ച് ഒതുങ്ങി കൂടാനാണ് നമുക്കിഷ്ടം. പറച്ചില്‍ പുരോഗമനവാദികളാണ് ഇവിടെയുള്ളത്. ചെയ്യല്‍ പുരോഗമനവാദികളല്ല.
ഒരു ഉദാഹരണം കൂടി ചൂണ്ടികാട്ടാം. 1917ലെ മിശ്രഭോജനത്തെ നാമിപ്പോഴും ഉയര്‍ത്തിപിടക്കുന്നു. എന്നാല്‍ മിശ്രഭോജനം എന്തിനുവേണ്ടിയായിരുന്നു? ആ അവസ്ഥ ഔപചാരികമായല്ലാതെ, യഥാര്‍ത്ഥത്തില്‍ ഇവിടെ ഇല്ലാതായിട്ടുണ്ടോ? ഏതു മണ്ഡലത്തിലാണ് ഇന്നു ജാതിയുടെ സ്വാധീനമില്ലാത്തത്? പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു? എന്തുകൊണ്ട് പേരിനു പുറകില്‍ നമുക്ക് സ്വന്തം ബ്ലഡ് ഗ്രൂപ്പ് വെച്ചുകൂടാ…?
ഇതിന്റെ മറുവശമോ? നമെല്ലാം ഇപ്പോഴും കൊളോയണിയല്‍ ആധുനികതക്ക് കപ്പം കൊടുക്കുന്നവരാണെന്നതാണത്. അതുമായി കണക്കു തീര്‍ക്കാന്‍ ഇനിയും നമുക്കാവുന്നില്ല. അതിന്റെ ഭാഗമാണ് നമ്മുടെ മുഖ്യധാരാ സങ്കല്‍പ്പം തന്നെ. കൊളോയണിയല്‍ ആധുനികത നിര്‍വ്വചിച്ച മപഖ്യധാരയിലേക്ക് പരിവര്‍ത്തനപ്പെടുകയാണ് അപരിഷ്‌കൃതരുടേയും കറുത്തവരുടേയും ന്യനപക്ഷങ്ങളുടേയും മറ്റും കടമ എന്നായിരിക്കുന്നു. സത്യത്തില്‍ ജനാധിപത്യത്തില്‍ എവിടെയാണ് ഒരു മുഖ്യധാര? എന്താണ് സാംസ്‌കാരികമായ ഏകീകരണം? വൈവിധ്യങ്ങള്‍ക്കെല്ലാം തുല്ല്യമായ ഇടമാണ് വേണ്ടത്. എല്ലവഴികള്‍ക്കും തുല്ല്യ പ്രാധാന്യമാണുള്ളത്. എന്നാല്‍ നമ്മുടെ ഭാഷ തന്നെ നോക്കൂ. കൊളോണിയല്‍, നാടുവാഴിത്തത്തോട് കണക്കുപറഞ്ഞ ഭാഷയാണോ നമ്മുടേത്? ഉദാഹരണത്തിന് സര്‍ക്കാരിനു നല്‍കുന്ന നമ്മുടെ അപേക്ഷതന്നെ. ബഹുമാനപ്പെട്ട, താഴ്മയോടെ, അപേക്ഷിക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ജനാധിപത്യപരമാണോ? ഒരേസമയം നാടുവാഴിത്തത്തിന്റേയും കൊളോയണിയില്‍ ഇംഗ്ലീഷിന്റേയും ബാക്കിപത്രരമാണത്. 1857ല്‍ മാമ്പുറം തങ്ങളും 1929ല്‍ നമ്പൂതിരി യുവജനസംഘവും 1938ല്‍ കര്‍ഷകസംഘവും തമ്പുരാന്‍ എന്ന അഭിസംബോധനക്കെതിരെ രംഗത്തുവന്നിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ മൂന്നു സംഘടനകളും മൂന്നു വഴിയിലൂടെയാണ് ഈ നിലപാടിലെത്തിയത്. മാമ്പുറം തങ്ങള്‍ ഏക ദൈവ വിശ്വാസത്തില്‍ നിന്നും നമ്പൂതിരി യുവജനസംഘം നവോത്ഥാന ദിശയില്‍ നിന്നും കര്‍ഷകസംഘം വര്‍ഗ്ഗനിലപാടില്‍ നിന്നുമാണ് ഈ വിഷയമുന്നയിച്ചത്. എന്നാല്‍ ആ ദിശയില്‍ പിന്നീട് കാര്യമായ മുന്നേറ്റമുണ്ടായില്ല. വ്യത്യസ്ഥനിലപാടില്‍ നിന്നുള്ളവരുടെ അനിവാര്യമായ ഐക്യം കേരളത്തില്‍ ഉണ്ടായില്ല. പകരം നമ്മുടെ മധ്യവര്‍ഗ്ഗം ചിതറി ചിതറി കിടക്കുന്നു. അതേസമയത്ത് ലാറ്റിനമേരിക്കയിലും മറ്റും ഇത്തരമൊരു ഐക്യം നാം കാണുന്നു.
സത്യത്തില്‍ കേരളം ഇന്ന് ഒരു ഭ്രാന്താലയത്തേക്കാളുപരി ഭ്രാന്ത് ഉത്പ്പാദന കേന്ദ്രമായി പരിണമിച്ചിരിക്കുകയാണ്. ആദര്‍ശരഹിതമായ ജീവിതബോധം നമ്മെ ശരീര കേന്ദ്രിതമായ ജീവിതമായി വെട്ടിച്ചുരുക്കിയിരിക്കുന്നു. മൂലധനശക്തികള്‍ക്ക് എന്ത് ആദര്‍ശമാണ് ഇന്ന് ലോകത്തിനു നല്‍കാനുള്ളത്. യുദ്ധ വ്യവസായം നടത്തുന്ന അമേരിക്കയ്ക്ക് ലോകത്തിനു മുന്നില്‍ വയ്ക്കാന്‍ സമാധാനത്തിന്റെ എന്ത് സന്ദേശമാണുള്ളത്. ആത്മബോധത്തിലേക്ക് കണ്ണ് തുറക്കുന്ന ഏത് മലയാളിയെയും ഇന്നത്തെ കേരളം വേട്ടയാടുന്നു. കേരളീയ സമൂഹം സമരത്തിലൂടെയാണ് നവോത്ഥാനത്തിലേക്ക് നീങ്ങിയത്. എന്നാല്‍ ഇന്ന് അതിനെതിരായ വലിയ ആഖ്യാനം ഇവിടെ രൂപപ്പെട്ടിരിക്കുന്നു. സാമൂഹിക ഇടപെടലുകളെ പരിഹസിക്കുന്ന നിലപാടുകളാണ് മധ്യവര്‍ഗങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. ജനകീയ ഒത്തുചേരലുകളെ അവര്‍ പുഛിക്കുന്നു. നമ്മുടെ പൊതു സ്ഥലങ്ങള്‍ അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ഉള്ളടക്കം ചോര്‍ന്നിരിക്കുന്നവെന്നാണ് കാണിക്കുന്നത്.
തീര്‍ച്ചയായും കേരളത്തില്‍ ചില തുരുത്തുകള്‍ നാം കാണുന്നുണ്ട്. ബദലുകള്‍ക്കായുള്ള പല അന്വേഷണങ്ങളും പരീക്ഷണങ്ങളും കാണുന്നു. അവ നല്ലതാണ്. ആ ദിശയില്‍ പക്ഷെ ഏറെ മുന്നോട്ടുപോകണം. അതിനു കഴിയുമോ എന്നതാണ് മലയാളി ഇന്നു നേരിടുന്ന പ്രധാന ചോദ്യം……

സാഹിത്യ അക്കാദമിയില്‍ കഥാകൃത്ത് വൈശാഖനെ ആദരിച്ച സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply