കേരളം : ഇന്ത്യാ ടുഡേയുടേത് അര്‍ത്ഥരഹിതമായ പുരസ്‌കാരം

വിദ്യാഭ്യാസം, സൂക്ഷ്മ സമ്പദ്വ്യവസ്ഥ, കൃഷി, ഉപഭോക്തൃവിപണി, നിക്ഷേപം എന്നീ മേഖലകളില്‍ കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി തെരഞ്ഞെടുത്ത ഇന്ത്യ ടു ഡേ സര്‍വ്വേയുടെ പേരില്‍ നാം അഭിമാനപൂരിതരായിരിക്കുകയാണല്ലോ. ഇരുമുന്നണികളും തങ്ങളുടെ നേട്ടമാണിതെന്നും കൊട്ടിഘോഷിക്കുന്നു. എന്നാല്‍ ഇത്രമാത്രം ആഘോഷിക്കേണ്ട ഒന്നാണോ ഈ പുരസ്‌കാരം? വൈവിധ്യമാര്‍ന്ന രീതിയില്‍ വളരുകയും മുന്നോട്ടുപോകുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യം തന്നെ അര്‍ത്ഥരഹിതമല്ലേ? വാസ്തവത്തില്‍ വേണ്ടത് മറ്റൊന്നാണ്. പരസ്പരമുള്ള വിലയിരുത്തലിനു പകരം വര്‍ഷാവര്‍ഷം ഓരോ സംസ്ഥാനത്തിന്റേയും വളര്‍ച്ചയെ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കേണ്ടത്. അതായത് കഴിഞ്ഞ […]

kkk

വിദ്യാഭ്യാസം, സൂക്ഷ്മ സമ്പദ്വ്യവസ്ഥ, കൃഷി, ഉപഭോക്തൃവിപണി, നിക്ഷേപം എന്നീ മേഖലകളില്‍ കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി തെരഞ്ഞെടുത്ത ഇന്ത്യ ടു ഡേ സര്‍വ്വേയുടെ പേരില്‍ നാം അഭിമാനപൂരിതരായിരിക്കുകയാണല്ലോ. ഇരുമുന്നണികളും തങ്ങളുടെ നേട്ടമാണിതെന്നും കൊട്ടിഘോഷിക്കുന്നു. എന്നാല്‍ ഇത്രമാത്രം ആഘോഷിക്കേണ്ട ഒന്നാണോ ഈ പുരസ്‌കാരം? വൈവിധ്യമാര്‍ന്ന രീതിയില്‍ വളരുകയും മുന്നോട്ടുപോകുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യം തന്നെ അര്‍ത്ഥരഹിതമല്ലേ?
വാസ്തവത്തില്‍ വേണ്ടത് മറ്റൊന്നാണ്. പരസ്പരമുള്ള വിലയിരുത്തലിനു പകരം വര്‍ഷാവര്‍ഷം ഓരോ സംസ്ഥാനത്തിന്റേയും വളര്‍ച്ചയെ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കേണ്ടത്. അതായത് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മു്‌നനോട്ടുപോയോ, ഗുജറാത്ത് മുന്നോട്ടുപോയോ., പോയെങ്കില്‍ എത്ര ശതമാനം എന്നിങ്ങനെയാണ് പരിശോധിക്കേണ്ടത്. എന്നാല്‍ യാതൊരുതരത്തിലും താരതമ്യമില്ലാത്തവര്‍ തമ്മില്‍, ഉദാഹരണണായി ആമയും മുയലും പോലുള്ള മത്സരമാണ് ഇന്ത്യ ടുഡെ നടത്തിയിരിക്കുന്നത്. അത് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു നുരക്കുന്നതല്ല. ഇന്നത്തെ അവസ്ഥയില്‍ കേരളം പുറകോട്ടും ബീഹാര്‍ മുന്നോട്ടുമാണ് പോകുന്നതെങ്കിലും താരതമ്യത്തില്‍ കേരളമാകും മു്ന്നില്‍. ഉന്നതവിദ്യാഭ്യാസത്തില്‍ ഇതു പ്രകടമാണല്ലോ. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല പുറകോട്ടുപോകുകയാണെന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍ മുന്‍കാലനേട്ടങ്ങളുടെ ഫലമായി മുന്നോട്ടുപോകുന്ന മിക്കസംസ്ഥാനങ്ങള്‍ക്കും മുന്നിലായിരിക്കുമല്ലോ നാം. അധ്യാപക വിദ്യാര്‍ഥി അനുപാതം ദേശീയതലത്തില്‍ നൂറ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നിടത്ത് 25 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലാണത്രെ കേരളത്തില്‍. ചിലയിടത്ത് പൂജ്യം വിദ്യാര്‍ത്ഥിക്കും അധ്യാപകരുണ്ടല്ലോ. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ് അതിനു കാരണമെന്ന് സര്‍വ്വേ നടത്തിയവര്‍ മനസ്സിലാക്കുന്നുണ്ടോ.?
മറ്റൊരു ഉദാഹരണം കൂടി. ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായതാണത്രെ (ദേശീയ തലത്തില്‍ 15 ശതമാനം) എടുത്തുപറയത്തക്ക മാറ്റങ്ങളില്‍ ഒന്ന്. അതും നേട്ടമാണോ? അതുവഴി ആഗോളതാപനത്തില്‍ നമ്മുടെ സംഭാവന വര്‍ദ്ധിക്കുകയല്ലേ? സ്വകാര്യവാഹനങ്ങളുടെ വര്‍ദ്ധനയുടെ ഫലമായി റോഡുവീതി കൂട്ടാന്‍ എത്രയോ കുടുംബങ്ങളെ കുടിയിറക്കുന്നു. അപകടങ്ങളാല്‍ നമ്മുടെ റോഡുകളിലെല്ലാം ചോരപുഴകള്‍ ഒഴുകുന്നു. സാമൂഹ്യരോഗ്യത്തിന്റെ പ്രതീകമായ പൊതുഗതാഗതം തകരുന്നു. ഇതെല്ലാം പുരോഗതിയാണോ?
മറ്റൊന്നു കൃഷി. കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരാതിരിക്കുന്നതെങ്ങിനെ? വര്‍ഷങ്ങള്‍ക്കുമുമ്പ് ഭക്ഷ്യകാര്യത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തമായിരുന്നു നമ്മുടെ ഇന്നത്തെ അവസ്ഥയെന്താണ്? കൃഷിയിടങ്ങളുടെ അവസ്ഥയെന്താണ്? വിഷപച്ചക്കറികളും ഇറച്ചിയും കഴിക്കുന്നതാണ് മലയാളികളുടെ വര്‍ദ്ധിച്ചുവരുന്ന ജീവിതചര്യരോഗങ്ങളുടെ പ്രധാന കാരണമെന്നു അംഗീകരിക്കപ്പെടുമ്പോഴാണ് കൃഷിയുടെ പേരിലും നമുക്കു പുരസ്‌കാരം !!! ഉപഭോക്തൃവിപണിയുടെ കാര്യവും പറയുന്നു. ശരിയാണ്, ഏറ്റവും വലിയ ഉപഭോക്തൃവിപണി നമ്മുടേതാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടാത്ത വസ്തുക്കളാണ് ഈ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്. കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നതില്‍ നാം തന്നെയാണ് മു്‌നനില്‍. അനാവശ്യമായ മരുന്നുകള്‍ വാരിവലിച്ചുകഴിക്കുന്നതില്‍പോലും ഒന്നാം സ്ഥാനത്ത് നമ്മളാണ്. ഇതെല്ലാം ഒരു ജനതയുടെ വികസനമായി കാണാന്‍ അപാരമായ തൊലിക്കട്ടിവേണം. മോദിയുടെ ഗുജറാത്തിനേക്കാള്‍ മുന്നിലാണ് നാമെന്നു സമര്‍ത്ഥിക്കാനാണ് ഈ ആഘോഷമെന്നതാണ് ഏറ്റവും വലിയ തമാശ. വൈവിധ്യമാര്‍ന്ന രീതിയില്‍ വളര്‍ന്ന ഈ സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യം തന്നെ മണ്ടത്തരമല്ലേ?
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ആദിവാസികളുടെ ജീവിതത്തെ പരാമര്‍ശിച്ച് നരേന്ദ്രമോദി തുടങ്ങിവെച്ച സോമാലിയ വിവാദത്തോടെയാണ് നമ്മള്‍ ഒന്നാം സ്ഥാനത്താണെന്നു സമര്‍ത്ഥിക്കാനുള്ള മലയാളികളുടെ പ്രവണത കൂടുതല്‍ ശക്തമാണ്. നേരത്തെ തന്നെ ഈ അഹങ്കാരം നമുക്കുണ്ടായിരുന്നു. മോദി എന്തുലക്ഷ്യത്തില്‍ പറഞ്ഞാലും ആദിവാസിവിഭാഗങ്ങളിലെ ശിശുമരണനിരക്കിനെ പരാമര്‍ശിച്ച് മോദി പറഞ്ഞതില്‍ ശരിയുണ്ടോ എന്നു പരിശോധിക്കാതെ ഗുജറാത്തുമായി താരതമ്യം ചെയ്ത് നമ്മെ സ്വയം ന്യായീകരിക്കുകയാണ് എല്ലാവരും ചെയ്തത്. ഏതാനും സൂചികകള്‍ കാട്ടി കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മുകളിലാണെന്നു സ്ഥാപിച്ച് കൈ കഴുകുന്ന തെറ്റായ സമീപനമാണ് ഉത്തരവാദപ്പെട്ടവര്‍ പോലും സ്വീകരിച്ചത്. നാടിനേക്കാള്‍ വലുത് നമുക്ക് കക്ഷിരാഷ്ട്രീയമാണല്ലോ. ഇവരില്‍ പലരും നേരത്തെ സോമാലിയ എന്ന പേരുപറയാതെ ആദിവാസി വിഷയം ഉന്നയിച്ചിട്ടുള്ളവര്‍ ത്‌ന്നെയായിരുന്നുതാനും.
സത്യത്തില്‍ എന്താണ് കുറെ സൂചികകള്‍ കാട്ടി കേരളമോഡലിനെ പ്രശംസിച്ച് നാം ചെയ്യുന്നത്? കൊട്ടിഘോഷിക്കുന്ന കേരള മോഡലിന്റെ അവസ്ഥ യഥാര്‍ത്ഥത്തില്‍ എന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന രണ്ടുമേഖലകള്‍ മാത്രമെടുക്കുക. ആരോഗ്യവും വിദ്യാഭ്യാസവും. ഉല്‍പ്പാദനമേഖല വികസിക്കാതെ പോലും ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്ന് കേരളത്തിലെ ഈ രണ്ടു മേഖലകള്‍ ചൂണ്ടികാട്ടി ലോകമാസകലം പ്രചരണം നടന്നല്ലോ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തിയതിന്റെ ഗുണകള്‍ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും മേഖലകളില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും എത്തിയെന്നത് ശരിയാണ്. അവിടെതീര്‍ന്നുഈ മുന്നേറ്റം. പിന്നീട് രണ്ടുമേഖലകളിലും സംഭവിച്ചതെന്താണ്? യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യവല്‍ക്കരണം. ഫലമോ? ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലകളായി ഇവ മാറി. നേടിയ നേട്ടങ്ങളെല്ലാ നഷ്ടപ്പെടുകയും ചെയ്തു. ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ രോഗങ്ങള്‍. അവയുടെ ചികിത്സയുടെപേരില്‍ തീവെട്ടിക്കൊള്ള. വിദ്യാഭ്യാസത്തിലോ? ഉന്നതവിദ്യാഭ്യാസത്തില്‍ നാം ബീഹാറിനു പുറകില്‍. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു പുറത്തുപോയി പഠിക്കേണ്ട ഗതികേട്. സ്വകാര്യമേഖലയുടെ കൊള്ള അനസ്യൂതം തുടരുന്നു.
കേരളത്തിന് അഭിമാനമെന്നു പറയുന്ന മിക്കവാറും മേഖലകളിലെയെല്ലാം അവസ്ഥ ഇതുതന്നെ. ഭൂപരിഷ്‌കരണത്തെ കുറിച്ചു ഊറ്റം കൊള്ളുമ്പോള്‍, അതിനൊരു തുടര്‍ച്ചയില്ലാതിരുന്നതിനാല്‍ ആദിവാസി – ദളിത് വിഭാഗങ്ങള്‍ ഭൂമിയില്ലാതെ തുടരുന്നു. അവരുടെ ജീവിതാവസ്ഥ എത്രയോ പരിതാപകരമെന്ന് അവസാനം ജിഷ സംഭവം തന്നെ തെളിയിച്ചു. ഭൂമിക്കായും മനുഷ്യരായി ജീവിക്കാനും അവര്‍ നടത്തുന്ന പോരാട്ടങ്ങളോട് നാം മുഖംതിരിക്കുന്നു. പല സംസ്ഥാനങ്ങളും നടപ്പാക്കിയ ആദിവാസി സ്വയംഭരണാവകാശം ഇനിയും നടപ്പാക്കാന്‍ നാം തയ്യാറല്ല.
സ്ത്രീസാക്ഷരത കൂടുതലെന്നു പറയുമ്പോഴും സന്ധ്യയായാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലേക്ക് അവര്‍ മാറി. പൊതുയിടങ്ങള്‍ മാത്രമല്ല, വാഹനങ്ങളും കാര്യാലയങ്ങളും സ്വന്തം വീടുകള്‍ പോലും അവര്‍ക്ക് സുരക്ഷിതമല്ലാതായിരിക്കുന്നു. ഇക്കാര്യത്തില്‍ തൊട്ടയല്‍പക്കമായ തമിഴ് നാടിനേക്കാല്‍ എത്രയോ പുറകിലാണു നാം. ലൈംഗികതയോടുള്ള അടഞ്ഞ സമീപനവും ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാകുന്നതായി നാം മനസ്സിലാക്കുന്നില്ല. മാനവരാശി മുഴുവന്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പരിസ്ഥിതി വിഷയത്തോടുള്ള നമ്മുടെ സമീപനമെന്താണെന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന ക്വാറിയുടമകളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. മറുവശത്ത് ഇത്രയധികം മഴ ലഭിച്ചിട്ടും ജലസാക്ഷരതയില്ലാത്തതിനാല്‍ വേനലില്‍ കടുത്ത വരള്‍ച്ച നേരിടുന്നു. ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. അതൊന്നും പഠിക്കാതേയും പരിഗണിക്കാതേയുമാണ് യാതൊരു സാമാന്യബോധവുമില്ലാതെ മറ്റു സംസ്ഥാനങ്ങളുമായുള്ള യാന്ത്രീകമായ താരതമ്യത്തില്‍ ഈന്ത്യ ടു ഡേ കേരളത്തെ പ്രകീര്‍ത്തിക്കുന്നത്. അതേറ്റു പിടിച്ച് രോമാഞ്ചമണിയാന്‍ നമ്മളും. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.. ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply