കെഇഎനും ചെരുവിലുമറിയാന്‍

ഹരികുമാര്‍ കേരളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരാണ് കെ ഇ എന്‍ കുഞ്ഞഹമ്മദും അശോകന്‍ ചെരുവിലും. ഇരുവരും സാംസ്‌കാരിക വിമര്‍ശകരാണ്. കെഇഎന്‍ ആ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മലയാളത്തിലെ എണ്ണപ്പെട്ട കഥാകൃത്താണ് അശോകന്‍. ഇരുവരും ഇടതുപക്ഷ, പ്രത്യേകിച്ച് സിപിഎം സഹയാത്രികരുമാണ്. സമീപകാലത്ത് ഇവരുടേതായി വായിച്ച രണ്ടു ലേഖനങ്ങളാണ് ഈ കുറിപ്പിനാധാരം. സാഹിത്യ അക്കാദമിയില്‍ കഥാകൃത്ത് വൈശാഖനെ ആദരിച്ച സമ്മേളനത്തില്‍ കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ കെഇഎന്‍ നടത്തിയ പ്രഭാഷണവും മംഗളം പത്രത്തിലെ പരിചിതഗന്ധങ്ങള്‍ എന്ന തന്റെ കോളത്തില്‍ ചെരുവില്‍ […]

xxഹരികുമാര്‍
കേരളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരാണ് കെ ഇ എന്‍ കുഞ്ഞഹമ്മദും അശോകന്‍ ചെരുവിലും. ഇരുവരും സാംസ്‌കാരിക വിമര്‍ശകരാണ്. കെഇഎന്‍ ആ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മലയാളത്തിലെ എണ്ണപ്പെട്ട കഥാകൃത്താണ് അശോകന്‍. ഇരുവരും ഇടതുപക്ഷ, പ്രത്യേകിച്ച് സിപിഎം സഹയാത്രികരുമാണ്.
സമീപകാലത്ത് ഇവരുടേതായി വായിച്ച രണ്ടു ലേഖനങ്ങളാണ് ഈ കുറിപ്പിനാധാരം. സാഹിത്യ അക്കാദമിയില്‍ കഥാകൃത്ത് വൈശാഖനെ ആദരിച്ച സമ്മേളനത്തില്‍ കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ കെഇഎന്‍ നടത്തിയ പ്രഭാഷണവും മംഗളം പത്രത്തിലെ പരിചിതഗന്ധങ്ങള്‍ എന്ന തന്റെ കോളത്തില്‍ ചെരുവില്‍ എഴുതിയ വാദ്യകലയും തന്ത്രിയുടെ അവസാനവാക്കും എന്ന ലേഖനവുമാണ് ഉദ്ദേശിക്കുന്നത്. ഗുരുവായൂരില്‍ അവര്‍ണ്ണനായ കലാകാരനെ പഞ്ചവാദ്യത്തില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ചാണ് അശോകന്റെ ലേഖനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നവോത്ഥാനത്തിന്റെ വീഥിയിലൂടെ കുതിച്ച കേരളം പിന്നീട് മുരടിക്കുകയും പിന്നോട്ടടിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ഇരുവരും പരാമര്‍ശിക്കുന്നത്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, വിഷയത്തെ കുറിച്ച് വാചാലമാകുമ്പോഴും എന്തുകൊണ്ടിത് എന്ന വിഷയത്തിലേക്ക് കാര്യമായി കടക്കാന്‍ ഇരുവരും തയ്യാറല്ല. എങ്കില്‍ തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനവും പ്രതിക്കൂട്ടിലാകുമെന്ന ഭയമായിരിക്കും അവരെയതില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നവോത്ഥാനകാലഘട്ടത്തെ കുറിച്ച് ഇപ്പോഴും ഊറ്റം കൊള്ളുകയല്ലാതെ അതിന്റെ തുടര്‍ച്ചക്കായി പോരാടാന്‍ മലയാളി തയ്യാറല്ല എന്ന് കെ ഇ എന്‍ പറയുന്നു. ചില ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടികാട്ടുന്നു. ക്ഷേത്രപ്രവേശന വിളംബരം തന്നെ ഒരു ഉദാഹരണം. അതിന് പിന്നീട് ഒരു തുടര്‍ച്ചയുണ്ടായില്ല. എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുക എന്ന ആവശ്യമുന്നയിച്ച് പോരാടാന്‍ നാം തയ്യാറാകാത്തതെന്താണെന്ന പ്രസക്തമായ ചോദ്യം അദ്ദേഹം ചോദിക്കുന്നു. 1917ലെ മിശ്രഭോജനത്തെ നാമിപ്പോഴും ഉയര്‍ത്തിപിടക്കുന്നു. എന്നാല്‍ അന്നത്തെ അവസ്ഥ ഔപചാരികമായല്ലാതെ, യഥാര്‍ത്ഥത്തില്‍ ഇവിടെ ഇല്ലാതായിട്ടുണ്ടോ, ഏതു മണ്ഡലത്തിലാണ് ഇന്നു ജാതിയുടെ സ്വാധീനമില്ലാത്തത്, പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു, എന്തുകൊണ്ട് പേരിനു പുറകില്‍ നമുക്ക് സ്വന്തം ബ്ലഡ് ഗ്രൂപ്പ് വെച്ചുകൂടാ…തുടങ്ങിയ ചോദ്യങ്ങളും കെഇഎന്‍ ചോദിക്കുന്നു.
ദശകങ്ങള്‍ക്കുമുമ്പ് ഗുരുവായൂരില്‍ ക്ഷേത്രപ്രവേശനത്തിനായി ശബ്ദമുയര്‍ത്തിയ എകെ ഗോപാലനെ മര്‍ദ്ദിച്ചവരുടെ പിന്‍ഗാമികള്‍ തന്നെയാണ് ഇപ്പോള്‍ കല്ലൂര്‍ ബാബുവെന്ന കലാകാരനെ പഞ്ചവാദ്യത്തില്‍ നിന്ന് പുറത്താക്കിയതെന്ന് അശോകന്‍ ചെരുവില്‍ പറയുന്നു. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിക്കുന്നു. എന്നാല്‍ പൗരോഹിത്യ വാഴ്ച്ചയുടെ സംരക്ഷകശക്തിയായ ആ അവസാന വാക്ക് അധഃസ്ഥിതന്റെ ക്ഷേത്രപ്രവേശനത്തിന് തീര്‍ത്തും എതിരുമായിരുന്നുവെന്നും ആ അവസാന വാക്കിനെ പഴയൊരു ചാക്കു പോലെ വലിച്ചെറിയാന്‍ ഉണര്‍ന്നു മുന്നേറുന്ന കേരള ജനതക്ക് അന്ന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ന് ക്ഷേത്രാചാരങ്ങളുടെ അവസാന വാക്ക് തന്ത്രിയുടേതാണ് എന്ന പ്രസ്താവനക്കു മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന ഒരു കേരളത്തെയാണ് കാണുന്നത്. നവോത്ഥാനത്തിന്റെ ഭാഗമായി ഉണര്‍ന്ന ഒരു ജനതയുടെ മഹത്തായ മുന്നേറ്റം എവിടെയോവെച്ച് തടസപ്പെട്ടിട്ടുണ്ടെന്നാണ് കല്ലൂര്‍ ബാബുവിന്റെ കണ്ണുനീര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്നും ചെരുവില്‍ പറയുന്നു. അവര്‍ണ്ണരുടെ കുടുംബ ക്ഷേത്രങ്ങളില്‍ പോലും സവര്‍ണ വാദ്യക്കാരാണ് ഇന്നു കൊട്ടുന്നതെന്നും. ബ്രാഹ്മണര്‍ തന്നെ വന്നു പൂജിക്കണമെന്നും സവര്‍ണര്‍ കൊട്ടിപ്പാടി സേവ നടത്തണമെന്നും അഷ്ടമംഗല്യപ്രശ്‌നത്തിലൂടെ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുകൂടി അദ്ദേഹം പറയുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.
തീര്‍ച്ചയായും ഗുരുവായൂര്‍ സംഭവം ഒറ്റപ്പെട്ടതല്ല. അടുത്തയിടെയാണ് കണ്ണൂരില്‍ ബ്രാഹ്മണനല്ലാത്തതിനാല്‍ ക്ഷേത്ര പൂജാരിയെ ഒരുസംഘം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയത്. തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെയാണ് നാട്ടുകാര്‍ എന്ന പേരില്‍, സവര്‍ണ്ണര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഈ നാട്ടുകാര്‍ ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തുകയും ചെയ്തു.. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ, അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പ് വന്നിരുന്നു. ഞെരളത്ത് ഹരിഗോവിന്ദനു മറുപടി നല്‍കാന്‍ ഇനിയും നമുക്കാവുന്നില്ലല്ലോ. ലോകപ്രശസ്തമായ തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടികാട്ടി വെള്ളാപ്പിള്ളി രംഗത്തു വന്നതും അടുത്തയിടെ.
കെഇഎനും ചെരുവിലും പറയുന്നതെല്ലാം ശരി. എന്നാല്‍ എന്താണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നീട് പറ്റിയതെന്ന് ഉവര്‍ പരിശോധിക്കുന്നുണ്ടോ? അതെന്താ ഇവരത് പരിശോധിക്കാത്തത്? ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ വിടിയുടെ നവോത്ഥാനകേരളത്തെ ഇഎംസിന്റെ രാഷ്ട്രീയ കേരളം ഹൈജാക് ചെയ്തതല്ലേ പ്രശ്‌നം? നവോത്ഥാനത്തിലൂട ഉണ്ടായ ഉണര്‍വ്വായിരുന്നു സത്യത്തില്‍ ദേശീയപ്രസ്ഥാനത്തിന്റേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും മൂലധനം. പിന്നീടതിനെ വര്‍ഗ്ഗസമരമെന്ന് വിശേഷിപ്പിച്ച രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടുകയല്ലേ ഉണ്ടായത്? ദളിതന് കേരളത്തില്‍ 4 സെന്റാണെങ്കിലും ഭൂമികിട്ടിയില്ലേ, മറ്റുപലയിടത്തും അതുണ്ടോ എന്ന അവകാശവാദമൊക്കെ ഉന്നയിക്കപ്പെടുന്നത് അങ്ങനെയല്ലേ? മറുവശത്ത് ദളിതരുടേയും പിന്നോക്കക്കാരുടേയും മറ്റും സ്വത്വബോധം തെറ്റാണെന്നും വേണ്ടത് വര്‍ഗ്ഗരാഷ്ട്രീയമാണെന്നുമുള്ള നിലപാടാണ് ശക്തിപ്പെട്ടത്. ആ നിലപാടിന്റെ പതിറ്റാണ്ടുകളിലൂടെയുള്ള രാഷ്ട്രീയപ്രയോഗത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ അവസ്ഥ. കേരളത്തേക്കാള്‍ എത്രയോ പുറകിലെന്നു നാം പുച്ഛിക്കുന്ന പല സംസ്ഥാനങ്ങളിലും രാഷ്ട്രീയാധികാരത്തിലൂടേയേ അധസ്ഥിതനു മോചനമുള്ളു എന്ന അംബേദ്കര്‍ രാഷ്ട്രീയം ശക്തിപ്പെടുമ്പോഴാണ് കേരളത്തില്‍ ഈ പുറകോട്ടുപോക്കുണ്ടാകുന്നത്. സ്വത്വരാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ നിലപാടെടുക്കുകയും എന്നാല്‍ പിന്നീട് പുറകോട്ടുപോകുകയും ചെയ്ത കെഇഎനോ മലയാളി തന്ത്രപൂര്‍വ്വം മറച്ചുവെക്കുന്ന ജാതി പ്രശ്‌നത്തെ ഇടക്കിടെ ഉന്നയിക്കുന്ന ചെരുവിലിനോ ഇതറിയാത്തതാണെന്നു തോന്നുന്നില്ല. എന്നാല്‍ അവരുടെ കക്ഷിരാഷ്ട്രീയ വിധേയത്വമാണ് കൂടുതല്‍ പറയുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.
ഈ തെറ്റ് ജാതി വിഷയത്തില്‍ മാത്രമല്ല, ആദിവാസി വിഷയത്തിലും ന്യൂനപക്ഷവിഷയത്തിലും സ്ത്രീവിഷയത്തിലുമെല്ലാം മലയാളി പൊതുവില്‍ പിന്തുടരുന്നു. ഈ വിഷയങ്ങളേയും കക്ഷിരാഷ്ട്രീയ ചട്ടക്കൂടിലൊതുക്കാനാണ് ശ്രമം. അതാതുമേഖലകളില്‍ തനതുപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ നമ്മുടെ പാര്‍ട്ടികള്‍ പോഷകസംഘടനകള്‍ ഉണ്ടാക്കി അവയെ തകര്‍ക്കുന്നു. അപ്പോഴും അതേകുറിച്ച് മിണ്ടാതെ, ചെരുവിലുമാരും കെഇഎന്നുമാരും കണ്ണീരൊഴുക്കും…. അല്ലാതെന്ത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കെഇഎനും ചെരുവിലുമറിയാന്‍

  1. പൊതു സമൂഹത്തിലെ നവോധാനത്തിൻ ഫലമായി പുരോഗമന പാളയങ്ങളിൽ കൂലി എഴുത്തുകാരും പാർട്ട്‌ ടൈം ചിന്തകരും രൂപം കൊണ്ടു. വല്യേട്ടന്റെ വിസിലടികൾക്ക് ഒപ്പിച്ചു അവർ ചിന്ത്ക്കുകയും എഴുതുകയും സാമൂഹ്യ തിന്മാകലെക്കുരിച്ചു രോഷം കൊള്ളുകയും ചെയ്തു. വിഖ്നം കൂടാതെ അവർ അത് ഇപ്പോഴും തുടർന്ന് വരുന്നു.

Leave a Reply