കൂപ്പുകൈയുമായി വെള്ളാപ്പള്ളി വരുമ്പോള്‍

അഹങ്കാരത്തിന്റെ ഭാഷയില്‍ മാത്രം സംസാരിക്കാറുള്ള വെള്ളാപ്പള്ളി ഇതാ കൂപ്പുകൈകളുമായി കേരള രാഷ്ട്രീയത്തിലിറങ്ങിയി രിക്കുന്നു. മരണത്തില്‍ പോലും ജാതിയും മതവും തേടിയ ജാഥയുടെ അന്ത്യത്തിലാണ് ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്.) എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പതാകയാട്ടെ മെറൂണിലും വെള്ളയിലും. ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ച ജാഥക്കുശേഷം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഒപ്പം മുഖ്യധാരാ പാര്‍ട്ടികളുടെ മതേതരവാദം കള്ളനാണയമാണെന്നും അവര്‍ അവസരവാദികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിഎസും സുധീരനുമാണ് അദ്ദേഹത്തിന്റെ അക്രമത്തിനിരിയായ നേതാക്കള്‍. ഇരുമുന്നണികളുമായി ഐക്യപ്പെടില്ല […]

vvv

അഹങ്കാരത്തിന്റെ ഭാഷയില്‍ മാത്രം സംസാരിക്കാറുള്ള വെള്ളാപ്പള്ളി ഇതാ കൂപ്പുകൈകളുമായി കേരള രാഷ്ട്രീയത്തിലിറങ്ങിയി രിക്കുന്നു. മരണത്തില്‍ പോലും ജാതിയും മതവും തേടിയ ജാഥയുടെ അന്ത്യത്തിലാണ് ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്.) എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പതാകയാട്ടെ മെറൂണിലും വെള്ളയിലും.
ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ച ജാഥക്കുശേഷം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഒപ്പം മുഖ്യധാരാ പാര്‍ട്ടികളുടെ മതേതരവാദം കള്ളനാണയമാണെന്നും അവര്‍ അവസരവാദികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിഎസും സുധീരനുമാണ് അദ്ദേഹത്തിന്റെ അക്രമത്തിനിരിയായ നേതാക്കള്‍. ഇരുമുന്നണികളുമായി ഐക്യപ്പെടില്ല എന്നും മൂന്നാം മുന്നണി രൂപീകരിക്കുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. തന്റെ രക്തം ആഗ്രഹിക്കുന്നവരാണ് വി.എസും വി.എം. സുധീരനുമെന്നും സമുദായത്തിലെ കുലംകുത്തികളാണ് അവരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളിക്കാകട്ടെ പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
നിലനില്‍ക്കുന്ന സംവിധാനത്തില്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ മറ്റാരേയും പോലെ വെള്ളാപ്പള്ളിക്കും അവകാശമുണ്ട്. ഇവിടെ സാമുദായികാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ക്കും വിലക്കില്ലല്ലോ. ബിജെപിയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്നു പറയാത്ത സാഹചര്യത്തില്‍ വെള്ളാപ്പള്ളി അ തുപറയാത്തതില്‍ അത്ഭുതമില്ല. എന്നാല്‍ പാര്‍ട്ടിയുടെ സ്വഭാവം എന്താണെന്നു വ്യക്തം. പക്ഷെ കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ള പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ പോലും രാഷ്ട്രീയമായല്ല വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നതെന്നു പറയാനാകില്ല. .അര്‍ഹിക്കുന്നതിനേക്കാള്‍ അമിതമായ പ്രചരണമാണ് ഇവര്‍ വെള്ളാപ്പള്ളിക്ക് നല്‍കുന്നത്. സത്യത്തില്‍ വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതും അതാണ്. അതുവഴി വാര്‍ത്തകളില്‍ നിറയാന്‍ മാത്രമല്ല, അതും പാര്‍ട്ടിയുടെ മൂലധനമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. സ്വാഭാവികമായും ഇവര്‍ക്കുള്ള മറുപടിയെന്ന നിലയില്‍ വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അതാണ് അദ്ദേഹത്തിന്റെ ആവശ്യവും.
വളച്ചൊടിച്ച കണക്കുകളാണ് വെള്ളാപ്പള്ളി ഉദ്ധരിക്കുന്നത്. തങ്ങള്‍ പരാധീനതകളുമായി മുന്നോട്ടുവരുമ്പോള്‍ അത് ജാതി രാഷ്ട്രീയമായി അവഹേളിക്കുകയും മറ്റുള്ളവര്‍ രംഗത്തത്തെുമ്പോള്‍ അത് നീതി രാഷ്ട്രീയവുമായി കാണുന്നത് ശരിയല്ല എന്നു പറയുന്ന അദ്ദേഹം ഭൂരിപക്ഷ സമുദായത്തിലെ 52 ശതമാനം പേരും ഇന്നും ദാരിദ്ര്യരേഖക്ക് താഴെയാണെന്നും മുസ്ലിംകള്‍ 12 ശതമാനവും ക്രിസ്ത്യാനികളില്‍ ഒമ്പത് ശതമാനം മാത്രമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളു എന്നും പറയുന്നു. എന്നാല്‍ ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ ആരാണെന്ന് അദ്ദേഹം പറയുന്നില്ല. ജാതീയമായി വിഭജിച്ചിട്ടുള്ള ഹിന്ദുസമൂഹത്തില്‍ ഏറ്റവും അടിത്തട്ടിലുള്ളവരാണ് ദാരിദ്ര്യരേഖക്കും താഴെയെന്നും നായാടി മുതല്‍ നമ്പൂരിവരെ എന്നത് വെറും മുദ്രാവാക്യം മാത്രമാകുമെന്നും അവരെയൊന്നും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാകില്ല വെള്ളാപ്പിള്ളിയുടേതെന്നും പകല്‍ പോലെ വ്യക്തം. വെള്ളാപ്പള്ളിയുടെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ല എന്നു ആദ്യം പറഞ്ഞത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണെന്നതാണ് തമാശ. അതിനുകാരണം സംവരണം എന്ന വിഷയത്തിലെ ഭിന്നതയാണെന്നത് വ്യക്തം. നായാടി മുതല്‍ നമ്പൂതിരിവരെ എന്ന ലക്ഷ്യത്തില്‍ തന്നെയാണല്ലോ ബി ജെ പി പ്രവര്‍ത്തിക്കുന്നത്. എന്നിട്ടതിനു കഴിഞ്ഞോ? ബീഹാറിലും യുപിയിലും പോലും ഈ മുദ്രാവാക്യം തിരിച്ചടി നേരിടുകയല്ലേ? സഹസ്രാബ്ദങ്ങളായി അധികാരത്തിനു പുറത്തുനിര്‍ത്തിയ വിഭാഗങ്ങളെ അവിടേക്കു കൊണ്ടുവരാനാവിഷ്‌കരിച്ച് സംവരണം എന്ന ഒറ്റ വിഷയം തന്നെ ഈ മുദ്രാവാക്യത്തെ തകര്‍ക്കും. പണ്ട് പറഞ്ഞിരുന്ന പിന്നോക്ക – ദളിത് – ന്യൂനപക്ഷ പാര്‍ട്ടിയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെങ്കില്‍ അതിന് പ്രസക്തിയുണ്ടാകുമായിരുന്നു. വെള്ളാപ്പള്ളിയും എസ് എന്‍ ഡി പിയും ഉപേക്ഷിച്ച ആ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചാണ് എസ് എന്‍ ഡി പി – ബി ജെ പി സഖ്യത്തെ ചെറുക്കേണ്ടത്.
ഒരുകാലത്തും സെമിറ്റിക് മതമല്ലാത്ത ഹിന്ദുമതത്തിന്റെ ഭീകരമായ യാഥാര്‍ത്ഥ്യമാണ് ജാതിവ്യവസ്ഥ. ഒരിക്കലും ഹിന്ദുമതത്തിലുള്‍പ്പെടുത്താതിരുന്ന അധസ്ഥിത ജാതിവിഭാഗങ്ങളില്‍ ഹിന്ദുക്കളാണെന്ന ബോധം വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ നൂറ്റാണ്ടുകളായി അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെ അങ്ങോട്ടെത്തിക്കാനായി അംബേദ്കര്‍ രൂപം കൊടുത്ത സംവരണത്തെ അംഗീകരിക്കാന്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ ഒരിക്കലും തയ്യാറായിട്ടില്ല. സംവരണത്തിനെതിരായ നീക്കങ്ങള്‍ ഇപ്പോള്‍ ശക്തമായിട്ടുമുണ്ട്. സംവരണവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ പോലും അഭിപ്രായ ഭിന്നതയുണ്ട്. ബിജെപിയും ആര്‍ എസ് എസും തമ്മിലും. പിന്നെ ഈ പാര്‍ട്ടിക്ക് എന്തു പ്രസക്തി?
മുസ്ലിംലീഗൊഴികെ ഒരു സാമുദായികപാര്‍്ട്ടിക്കും കേരളത്തില്‍ വേരുകളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്രസത്യം.. പിന്നെ മധ്യതിരുവിതാംകൂറില്‍ ഒരു പരിധി വരെ കേരള കോണ്‍ഗ്രസ്സിനും. കേരളകോണ്‍ഗ്രസ്സാകട്ടെ രൂപപ്പെട്ടത് സാമുദായികപാര്‍്ടിയായല്ലതാനും. എന്‍ഡിപിയും എസ്ആര്‍പിയുമടക്കം എല്ലാ സാമുദായിക പാര്‍ട്ടികളും പരാജയപ്പെടുകയാണുണ്ടായത്. എന്തിനേറെ, വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ് ഡി പി ഐക്കും വേരുകളുണ്ടാക്കാന്‍ കഴിയുന്നില്ല. അല്‍പ്പം മെച്ചപ്പെട്ട സ്ഥിതിയിലെത്തിയത് പിഡിപി മാത്രമായിരുന്നു. അതാകട്ടെ മുകളില്‍ പറഞ്ഞ അധസ്ഥിത – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ മുദ്രാവാക്യത്തിലൂടെയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ശക്തികള്‍ ആ മുന്നേറ്റത്തെ തകര്‍ത്തതും കേരളം കണ്ടു.
എന്തു കണ്ടിട്ടാണെന്നറിയില്ല, കെ പി എം എസ് ബാബു വിഭാഗം വെള്ളാപ്പള്ളിക്കൊപ്പം കൂടിയിട്ടുണ്ട്. ഹൈന്ദവജനതയുടെ മോശം അവസ്ഥ ചിത്രീകരിക്കാനുള്ള കണക്കിനുവേണ്ടിയാണ് വെള്ളാപ്പള്ളി അവരെ കൂടെ കൂട്ടിയിരിക്കുന്നതെന്ന് വ്യക്തം. കേരളത്തിലെ അധസ്ഥിത ചരിത്രമറിയുമായിരുന്നെങ്കില്‍ അവര്‍ ബിജെപിയുടെ പോഷകസംഘടനയാകാനിടയുള്ള ഈ പാര്‍ട്ടിയുടെ ഭാഗമാകുമായിരുന്നില്ല. അതേസമയം ബിജെപിയും പുതിയ പാര്‍ട്ടിയും യോജിച്ചുപോകുമെന്ന് കരുതാനും ബുദ്ധിമുട്ടുണ്ട്. അവര്‍ തമ്മിലുള്ള ഭിന്നതകള്‍ വരാനിരിക്കുന്നതേയുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply