കൂടംകുളം സമരത്തെ പിന്തുണച്ച് കേരളത്തിലും സമരം : ജൂലായ് 5നു ഉപരോധം

കെ. സഹദേവന്‍ കൂടംകുളം ആണവ വിരുദ്ധ സമരത്തോട് ഐക്യപ്പെട്ട് കേരളത്തിലെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ സമരരംഗത്തിറങ്ങുന്നു.. ജൂലൈ 5നു തൃശൂരിലെ ഏജീസ് ഓഫീസ് ഉപരോധിച്ചുകൊണ്ട്  പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കൂടങ്കുളം ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി തീരുമാനിച്ചു. സമരത്തിനുമുന്നോടിയായി സംസ്ഥാനത്തുനിന്നും ആണവവിരുദ്ധ പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ ആഴ്ച ഇടന്തകര സന്ദര്‍ശിച്ചു. കൂടങ്കുളം പ്രക്ഷോഭത്തിലെ സ്ത്രീ പ്രാതിനിധ്യത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്താന്‍ കഴിഞ്ഞുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും അതിലെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടം സന്ദര്‍ശിച്ച കേരളത്തിലെ […]

koodamkulam

കെ. സഹദേവന്‍

കൂടംകുളം ആണവ വിരുദ്ധ സമരത്തോട് ഐക്യപ്പെട്ട് കേരളത്തിലെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ സമരരംഗത്തിറങ്ങുന്നു.. ജൂലൈ 5നു തൃശൂരിലെ ഏജീസ് ഓഫീസ് ഉപരോധിച്ചുകൊണ്ട്  പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കൂടങ്കുളം ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി തീരുമാനിച്ചു. സമരത്തിനുമുന്നോടിയായി സംസ്ഥാനത്തുനിന്നും ആണവവിരുദ്ധ പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ ആഴ്ച ഇടന്തകര സന്ദര്‍ശിച്ചു.

കൂടങ്കുളം പ്രക്ഷോഭത്തിലെ സ്ത്രീ പ്രാതിനിധ്യത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്താന്‍ കഴിഞ്ഞുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും അതിലെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടം സന്ദര്‍ശിച്ച കേരളത്തിലെ ആണവവിരുദ്ധ പ്രവര്‍ത്തകരിലും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കൂടുതലായിരുന്നു. 125ഓളം വരുന്ന സംഘം ഇടിന്തകരൈ സന്ദര്‍ശിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നു. ‘കൂടങ്കുളം സമരത്തിന് സ്ത്രീകളുടെയും കുട്ടികളുടെയും ഐക്യദാര്‍ഢ്യം’ എന്ന ബാനറില്‍ ഇടിന്തകരയിലെത്തിയ സമരപ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു ലഭിച്ചത്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും അന്വേഷി-സംഘടിത എന്നിവയുടെ സംഘാടകയുമായ കെ.അജിത, തിരുടപ്പെട്ട ജനനായകത്തിന്റെ സംവിധായകരില്‍ ഒരാളായ യാമിനി പരമേശ്വരന്‍, സ്ത്രീവിമോചന പ്രവര്‍ത്തകയായ എം.സുള്‍ഫിത്ത്, ഡോ.ഹേമ ജോസഫ്, ആശ, അനിത ഇ.എ, കവിത, റംസീന സമദ്, സുനതി, ദിവ്യ ദിവാകര്‍, ജെന്നി എസ് എന്നിവരെക്കൂടാതെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അവിടുത്തെ അമ്മമാരും കുട്ടികളും, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ പാഠശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപികമാരും, വയനാടിലെ കനവിലെ വിദ്യാര്‍ത്ഥികളും ഒക്കെ ഐക്യദാര്‍ഢ്യ യാത്രയില്‍ പങ്കെടുത്തു.

കൂടങ്കുളം സമരം ഇന്ത്യയിലെ വര്‍ത്തമാനകാല ജനകീയ പ്രതിരോധ സമരങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് അതിലെ സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ടാണ്. രണ്ടര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇടിന്തകരൈ സത്യാഗ്രഹം. 2011 സെപ്തംമ്പര്‍ മാസത്തില്‍ ആരംഭിച്ച സത്യാഗ്രഹം 650 ദിവസങ്ങള്‍ പിന്നിട്ടു കഴിയുമ്പോഴും സമരരംഗത്തെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നു എന്നത് അങ്ങേയറ്റം ആശാവഹമായ കാര്യമാണ്. പ്രക്ഷോഭങ്ങളുടെ തീവ്രത ചോരാതെ നിലനിര്‍ത്തുന്നതില്‍ ഈയൊരു ഘടകം വളരെ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. ആധുനിക വികസന പ്രവര്‍ത്തനങ്ങളില്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന തിരിച്ചറിവ് ഈ വിഭാഗങ്ങളെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കുന്നുണ്ട്. ഹിരോഷിമയിലും ചെര്‍ണ്ണോബിലിലും ഒക്കെ അംഗവൈകല്യമുള്ള കുട്ടികളെ പ്രസവിക്കേണ്ടി വരുന്ന അമ്മമാരുടെ ഗതികേട് കൂടങ്കുളത്തെ അമ്മമാരെ എന്തുവിലകൊടുത്തും ആണവനിലയം അടച്ചുപൂട്ടിക്കും എന്ന നിലപാടിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.

കേരളത്തില്‍ നിന്നെത്തിയ ഐക്യദാര്‍ഢ്യ സംഘാംഗങ്ങളെ സ്വീകരിച്ചുകൊണ്ട് മെല്‍റിറ്റ്, സേവ്യറമ്മാള്‍, ചെല്ലമ്മ, മേരി തുടങ്ങിയ വനിതാ നേതാക്കളോടൊപ്പം ഡോ.എസ്.പി.ഉദയകുമാര്‍, പുഷ്പരായന്‍, മുഹിലന്‍ തുടങ്ങിയവരും തങ്ങളുടെ സമരാനുഭവങ്ങള്‍ പങ്കിട്ടു.

പ്രക്ഷോഭത്തിന്റെ ഭാവി

രണ്ട് വര്‍ഷം പൂര്‍ത്തിയാന്‍ പോകുന്ന ഇടിന്തകരൈ സത്യാഗ്രഹം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞിരുന്നു. സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി ഹീനമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും അവയ്‌ക്കൊന്നിനും സമരത്തിന്റെ ഊര്‍ജ്ജം കെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതേസമയം അടുത്ത കാലത്തുണ്ടായ സുപ്രീം കോടതി വിധി കോടതിയുടെ നിക്ഷ്പക്ഷത സംബന്ധിച്ച് ജനങ്ങളില്‍ ശങ്കയുളവാക്കുന്നുണ്ട്.

സ്വന്തം ജീവിതം തന്നെ പ്രക്ഷോഭത്തിനായി സമര്‍പ്പിച്ച ആയിരങ്ങളെ കൂടങ്കുളത്തു കാണാം. തൊഴിലും കുടുംബജീവിതവും എല്ലാം ഉപേക്ഷിച്ച് സമരം ശക്തിപ്പെടുത്താനായി ഇറങ്ങിപ്പുറപ്പെട്ടവര്‍. നിരാഹാരമടക്കമുള്ള സമരമുറകള്‍ പ്രയോഗിച്ചിട്ടും അവയ്‌ക്കൊന്നിനും ചെവികൊടുക്കാതെ നിലയപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന അധികൃതരുടെ നിലപാടുകള്‍ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീവ്രതരമാക്കേണ്ടതുണ്ടെന്ന തീരുമാനങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. സത്യാഗ്രഹം പോലുള്ള അഹിംസാ സമരമാര്‍ഗ്ഗങ്ങള്‍ തുടരുന്നത് പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ എന്ന വാദങ്ങള്‍ പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. അഹിംസാത്മക സമരമാര്‍ഗ്ഗങ്ങള്‍ കൊണ്ട് അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ കഴിയില്ലെന്നുള്ള വാദങ്ങള്‍ ചരിത്രത്തെ നിഷേധിക്കലാണെന്ന് പക്ഷേ ഇടിന്തകരൈ സത്യാഗ്രഹികള്‍ക്ക് നന്നായറിയാം.

ഐതിഹാസികമായ ബലിയപാല്‍ സമരം കൂടങ്കുളം ജനതയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. അഞ്ച് വര്‍ഷത്തിലധികം നീണ്ടുനിന്ന അഹിംസാത്മക സമരത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ വകുപ്പിനെ തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് തുരത്തിയ ബലിയപാല്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കൂടങ്കുളം ജനതയെ നയിക്കുന്നത്. ഏതൊരു സാഹചര്യത്തിലും അക്രമ മാര്‍ഗ്ഗത്തിലേക്ക് തങ്ങളില്ലെന്ന് അവരെക്കൊണ്ടു പറയിപ്പിക്കുന്നതും ഇതുതന്നെയാണ്. പ്രക്ഷോഭത്തെ കൂടങ്കുളത്തിന് പുറത്തേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനാണ് സമര സമിതി നിശ്ചയിച്ചിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കൂടംകുളം സമരത്തെ പിന്തുണച്ച് കേരളത്തിലും സമരം : ജൂലായ് 5നു ഉപരോധം

  1. Avatar for Critic Editor

    Abdussalam Vizaag

    ഈ സമരത്തോട് നാം ഐക്യപ്പെടുക തന്നെ വേണം . നാനാ തുറകളിൽ നിന്നും support ഉണ്ടാവണം.ഒരു ജനത മുഴുവനായി സമാധാനത്തിന്റെ മാർഗ്ഗത്തിൽ പ്രതിഷേധിച്ചുകൊണ്ടേ യിരിക്കുൻപോൾ ,ഭരണ ക്കൂടവും മറ്റും കാര്യങ്ങളെ നിസ്സാരവൽക്കരിക്കുംപോൾ, നമുക്കെങ്ങനെ മാറി നില്ക്കാനാവും.ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചു കൊണ്ടുള്ള വികസനം വേണോ എന്ന് ഉറക്കെ ചിന്തിക്കേണ്ട അവസാന അവസരങ്ങളാണ് ഇത്, അത് എവിടെയായാലും എന്ത് വികസനമായാലും ….

Leave a Reply