കുട്ടംകുളം : ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ 29ന്

സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ദേവസ്വം കൊട്ടിയടച്ച ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രപരിസരത്തെ വഴികള്‍ തുറന്നു കൊടുക്കാനാവശ്യപ്പെട്ടുനടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 23 ന് 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെപോലെ ചരിത്ര പ്രസിദ്ധമായ കുട്ടംകുളം സമരത്തിലൂടെ സമൂഹത്തിന്‍രെ അടിത്തട്ടിലുള്ളവരടക്കം മുഴുവന്‍ ജനവിഭാഗങ്ങളും നേടിയെടുത്ത സഞ്ചാരസ്വാതന്ത്ര്യമാണ് തടയപ്പെട്ടിരിക്കുന്നത്. രണ്ടുമാസമായി നിരവധി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന ദേവസ്വത്തിന്റെ നിഷേധാത്മക നടപടി […]

road blocked

സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ദേവസ്വം കൊട്ടിയടച്ച ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രപരിസരത്തെ വഴികള്‍ തുറന്നു കൊടുക്കാനാവശ്യപ്പെട്ടുനടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 23 ന് 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെപോലെ ചരിത്ര പ്രസിദ്ധമായ കുട്ടംകുളം സമരത്തിലൂടെ സമൂഹത്തിന്‍രെ അടിത്തട്ടിലുള്ളവരടക്കം മുഴുവന്‍ ജനവിഭാഗങ്ങളും നേടിയെടുത്ത സഞ്ചാരസ്വാതന്ത്ര്യമാണ് തടയപ്പെട്ടിരിക്കുന്നത്. രണ്ടുമാസമായി നിരവധി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന ദേവസ്വത്തിന്റെ നിഷേധാത്മക നടപടി അവസാനിപ്പിക്കാനാവശ്യപ്പെട്ടാണ് കണ്‍വെന്‍ഷന്‍.
കൂടല്‍മാണിക്യക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ കുട്ടംകുളത്തില്‍ കുളിക്കാനോ അതുവഴി കടന്നുപോകാനോ കീഴാളര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂര്‍ സത്യാഗ്രഹത്തിനും തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിനും ശേഷവും അതായിരുന്നു അവസ്ഥ. തുടര്‍ന്നായിരുന്നു പുലയമഹാസഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും എസ്എന്‍ഡിപിയും പ്രജാമണ്ഡലവും മറ്റും രംഗത്തെത്തിയത്. എന്‍.പി. വേലായുധന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപത്തുകൂടി നടന്ന പുലയ യുവാക്കളുടെ സൈക്കിള്‍ റാലിക്കും ശുഭ്രവസ്ത്രധാരികളായി വളണ്ടിയര്‍ മാര്‍ച്ച് നടത്തിയ സ്ത്രീകള്‍ക്കും നേരെ ജാതിപിശാചുക്കള്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. അതേതുടര്‍ന്നായിരുന്നു 1946 ജൂലായ് ആറിന് നിരോധനം ലംഘിച്ച് ക്ഷേത്രപരിസരത്തേക്ക് പ്രകടനം നടത്താന്‍ തീരുമാനമായത്. അയ്യങ്കാവു മൈതാനത്തുനിന്നാണ് പി ഗംഗാധരന്‍, കെ വി ഉണ്ണി, പി കെ ചാത്തന്‍ മാസ്റ്റര്‍, പികെ കുമാരന്‍, കെ വി കെ വാര്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്തേക്കുള്ള പ്രകടനം ആരംഭിച്ചത്. കുട്ടംകുളത്തിനു കിഴക്കു ഭാഗത്ത വച്ച് ജാഥ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് മുമ്പോട്ട് നീങ്ങാന്‍ ശ്രമിച്ച പോരാളികള്‍ക്കുനേരെ പിന്നീട് നടന്നത് നരനായാട്ടായിരുന്നു. നിരവധി പേര്‍ അടിയേറ്റ് വീണു. ക്ഷേത്രനട ചോരക്കളമായി. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഉണ്ണിയേയും ഗംഗാധരനേയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടാണ് തല്ലിച്ചതച്ചത്. ലോക്കപ്പിലും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തെതുടര്‍ന്ന് കൊച്ചിരാജ്യം ഒന്നാകെ ഇളകിമറിഞ്ഞു. ഹര്‍ത്താലടക്കമുള്ള സമരപരിപാടികള്‍ നടന്നു. പനമ്പിള്ളി ഗോവിന്ദമേനോനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചി മന്ത്രിസഭ സ്ഥാനമേറ്റ ഉടന്‍ ക്ഷേത്രപ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു. തുടര്‍ന്ന് ക്ഷേത്രകുളത്തില്‍ നീന്താനുള്ള അവകാശവും. ഇരുപതാംനൂറ്റാണ്ടില്‍ കേരളചരിത്രം മാറ്റിയെഴുതിയ പോരാട്ടങ്ങളിലെ ഉജ്ജ്വലമായ ഒരധ്യായമായിരുന്നു കുട്ടംകുളം സമരം.
എന്നാല്‍ വീണ്ടുമൊരു കുട്ടംകുളം സമരം അനിവാര്യമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് തുറന്നു കൊടുത്ത ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡാണ് ഇപ്പോള്‍ കൊട്ടിയടച്ചിരിക്കുന്നത്. ബൈക്കില്‍ പോകുന്നവര്‍ മാലപൊട്ടിക്കുന്നത്രെ. മാലപൊട്ടിക്കുന്നതിനുള്ള പരിഹാരം സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണോ? നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ഇതുമൂലം കിലോമീറ്ററുകള്‍ വളഞ്ഞു പോകേണ്ട ഗതികേടാണ്. അവരാകട്ടെ കൂടുതലും ദളിതര്‍ തന്നെ. അമ്പലവാസികളും സവര്‍ണ്ണവിഭാഗങ്ങളും കൂടുതലായി പാര്‍ക്കുന്ന വടക്കു പടിഞ്ഞാറു ഭാഗത്തെ റോഡുകള്‍ വളച്ചു കെട്ടിയിട്ടില്ല.
നാട്ടുകാരുടെ സജീവപങ്കാളിത്തത്തോടെ നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച വഴികളാണ് ദേവസ്വം അടച്ചുകെട്ടിയിരിക്കുന്നത്. നഗരസഭയുടെ ബോര്‍ഡുകള്‍ ഇപ്പോഴുമവിടെയുണ്ട്. എന്നിട്ടും നഗരസഭ നിശബ്ദമാണ്. പ്രതിപക്ഷവും മിണ്ടുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എംഎല്‍എ തോമസ് ഉണ്ണിയാടനുമടക്കം ബന്ധപ്പെട്ടവര്‍ക്കൊക്കെ പരാതി കൊടുത്തിട്ടും ഇതുവരേയും നടപടികളൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലാതലത്തില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്താന്‍ ഐക്യദാര്‍ഢ്യസമിതി തീരുമാനിച്ചത്.
കണ്‍വെന്‍ഷന്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ വേണു, എം.എന്‍. കാരശേരി, സാറാ ജോസഫ്, പ്രിയനന്ദനന്‍, പി.സി ഉണ്ണിച്ചെക്കന്‍, വൈശാഖന്‍, ഐ. ഷണ്‍മുഖദാസ്, പി.കെ. വേണുഗോപാലന്‍, സി രാവുണ്ണി, എം.എം. സോമശേഖരന്‍, കെ.കെ. ബാബുരാജ്, ടി.എല്‍. സന്തോഷ്, വി.ബി. ജ്യോതിരാജ്, രവീന്ദ്രന്‍ ചിയ്യാരത്ത്, ടി കെ തങ്കമണി, കെ ആര്‍ തങ്കമ്മ, ഇ എ സീതാദേവി, ടി.കെ. വാസു, പി.സി. മോഹനന്‍, അഡ്വ. പി.കെ. നാരായണന്‍, ടി.ആര്‍. രമേഷ്, ഇ.എം. സതീശന്‍, വി.ഡി. പ്രേംപ്രസാദ്, ടി.വി. ബാലകൃഷ്ണന്‍, ഐ ഗോപിനാഥ്, ഇ.ഡി. ഡേവിസ്, പി.ജി. സുര്‍ജിത്, ആദിത്യന്‍, പി.എന്‍. പ്രോവിന്റ്, കെ. ശിവരാമന്‍, പ്രിയനന്ദന്‍- ചെയര്‍മാന്‍, ജില്ലാ ഐക്യദാര്‍ഢ്യസമിതി, ഇ പി കാര്‍ത്തികേയന്‍ – കണ്‍വീനര്‍, ജില്ലാ ഐക്യദാര്‍ഢ്യസമിതി, ജയാനന്ദന്‍ – സ്വതന്ത്ര പുലയ മഹാസഭ, പി എന്‍ സുരന്‍ – ഇരിങ്ങാലക്കുട കൂട്ടായ്മ, രാജേഷ് അപ്പാട്ട് – കുട്ടംകുളം സമര ഐക്യദാര്‍ഢ്യസമിതി തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്തംബര്‍ 28ന് തൃശൂരിലെത്തുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ നേരില്‍കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply