കുടിയേറ്റങ്ങളും തളരുമ്പോള്‍…. കേരളം എങ്ങോട്ട്

ഐ.ഗോപിനാഥ് കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. സത്യമെന്തായാലും അതിനുഷശേഷമുണ്ടായ നവോത്ഥാനമുന്നേറ്റങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനങ്ങളും മിഷണറിമാരും ചേര്‍ന്ന് കേരളത്തിന്റെ മുഖം മാറ്റി മറിച്ചു എന്നതില്‍ തര്‍ക്കമില്ല. തീര്‍ച്ചയായും ഈ മാറ്റിമറിക്കലില്‍ എത്രത്തോളം എന്ന കാര്യത്തില്‍ ദളിത് – ആദിവാസി – സ്ത്രീപക്ഷങ്ങളില്‍ നിന്ന് അഭിപ്രായഭിന്നതയുണ്ട്. എന്തായാലും അതിനുശേഷമുള്ള കേരള ചരിത്രം വേലിയിറക്കങ്ങളുടേതാണ്. ഇപ്പോഴും തുടരുന്ന വേലിയിറക്കം. എന്നാല്‍ ഈ വേലിയിറക്കത്തിലും കേരളം പിടിച്ചുനിന്നത് കുടിയേറ്റങ്ങളിലൂടെയായിരുന്നു. ഒന്നോ രണ്ടോ അല്ല, മൂന്ന് കുടിയേറ്റങ്ങളാണ് കേരളത്തെ […]

migrant
ഐ.ഗോപിനാഥ്
കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. സത്യമെന്തായാലും അതിനുഷശേഷമുണ്ടായ നവോത്ഥാനമുന്നേറ്റങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനങ്ങളും മിഷണറിമാരും ചേര്‍ന്ന് കേരളത്തിന്റെ മുഖം മാറ്റി മറിച്ചു എന്നതില്‍ തര്‍ക്കമില്ല. തീര്‍ച്ചയായും ഈ മാറ്റിമറിക്കലില്‍ എത്രത്തോളം എന്ന കാര്യത്തില്‍ ദളിത് – ആദിവാസി – സ്ത്രീപക്ഷങ്ങളില്‍ നിന്ന് അഭിപ്രായഭിന്നതയുണ്ട്. എന്തായാലും അതിനുശേഷമുള്ള കേരള ചരിത്രം വേലിയിറക്കങ്ങളുടേതാണ്. ഇപ്പോഴും തുടരുന്ന വേലിയിറക്കം. എന്നാല്‍ ഈ വേലിയിറക്കത്തിലും കേരളം പിടിച്ചുനിന്നത് കുടിയേറ്റങ്ങളിലൂടെയായിരുന്നു. ഒന്നോ രണ്ടോ അല്ല, മൂന്ന് കുടിയേറ്റങ്ങളാണ് കേരളത്തെ പിടിച്ചുനിര്‍ത്തിയത്.  എന്നാല്‍ ഈ കുടിയേറ്റങ്ങളെല്ലാം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ശക്തമാകുകയാണ്.
കേരളത്തിനകത്തു നടന്ന കുടിയേറ്റവും പുറത്തേക്കു നടന്ന കുടിയേറ്റവും പുറത്തുനിന്നുണ്ടായ കുടിയേറ്റവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. തെക്കുനിന്നുള്ള അദ്ധ്വാനികളായ കൃസ്ത്യന്‍ കര്‍ഷകര്‍ അങ്ങേ അറ്റത്ത് കാസര്‍ഗോഡുവരെയുള്ള മലയോരമേഖലകളില്‍ നടത്തിയ കുടിയേറ്റമാണ് ഒന്ന്. കാട് വെട്ടിത്തെളിയിച്ച് പൊന്നുവിളയിച്ച ഇവരുടെ അധ്വാനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. നിരവധി സാഹിത്യകൃതികളും നാടകങ്ങളും സിനിമകളുമൊക്കെ ഇതുമായി ബന്ധപ്പെട്ട് രൂപം കൊണ്ടു. മലകളും കാടുകളുമൊക്കെ തോട്ടങ്ങളായി മാറി. ഇതുമായി ബന്ധപ്പെട്ട് ശക്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രൂപം കൊണ്ടു. ദശകങ്ങള്‍ക്കുശേഷം കാടിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസി ജനവിഭാഗങ്ങളുടെ ഭൂസമരവുമായി ബന്ധപ്പെട്ടാണ് ഈ കുടിയേറ്റം അത്ര മഹത്തരമായിരുന്നില്ല എന്ന് മലയാളികളില്‍ ഒരു വിഭാഗമെങ്കിലും തിരിച്ചറിയുന്നത്.
കേരളത്തില്‍ നിന്നു പുറത്തേക്കുള്ള കുടിയേറ്റം ആരംഭിച്ച് ഒരുപാട് ദശകങ്ങളായി. സിലോണ്‍, സിംഗപ്പൂര്‍, കറാച്ചി, ചെന്നൈ, ബോംബൈ, മദിരാശി തുടങ്ങി എത്രയോ മേഖലകളിലേക്ക് നാം കുടിയേറി. എന്നാല്‍ കേരളത്തിന്റെ മുഖഛായ മാറ്റിയ കുടിയേറ്റം ഗള്‍ഫിലേക്കുതന്നെയായിരുന്നു. തീര്‍ച്ചയായും ഉല്പാദനമേഖലകളെല്ലാം തകര്‍ന്നു കഴിഞ്ഞിരുന്ന കേരളത്തെ പിടിച്ചുനിര്‍ത്തിയത് ഈ കുടിയേറ്റം തന്നെയായിരുന്നു. എന്നാല്‍ മറുവശത്ത് നിരവധി സാമൂഹ്യ, സംസ്‌കാരിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും അതുകാരണമായി. വന്‍കിട സൗധങ്ങളും റിയല്‍ എസ്റ്റേറ്റ് വ്യവസായവും വളര്‍ന്നുവെന്നല്ലാതെ നാടിന്റെ വികസനത്തിന് അനിവാര്യമായ നിക്ഷേപകത്വമൊന്നുമുണ്ടായില്ല. പുറത്തുനിന്നൊഴുകിയ പണം കേരളത്തിന്റെ മണ്ണും വനവും പുഴയും വയലുമെല്ലാം നശിപ്പിക്കുന്നതില്‍ അറിഞ്ഞോ അറിയാതേയോ പങ്കുവഹിച്ചു. ഇപ്പോഴിതാ സൗദിയില്‍ മാത്രമല്ല, മറ്റു ഗള്‍ഫ് രാജ്യങ്ങളും സ്വദേശിവല്‍ക്കരണത്തിന്റെ ദിശയില്‍ നീങ്ങുന്നു. സ്വാഭാവികമായും ഏറ്റവും ഭീഷണി നമുക്കുതന്നെ.
അദ്ധ്വാനത്തെ ഏറ്റവും മഹത്വവല്‍ക്കരിക്കുന്ന കാറല്‍ മാക്‌സിന് ഏറ്റവമധികം അനുയായികളുള്ള കേരളത്തില്‍ അദ്ധ്വാനിക്കാന്‍ ആളെ കിട്ടാതെയാണ് മൂന്നാമത്തെ കുടിയേറ്റം ആരംഭിച്ചത്. ആദ്യം തമിഴ്‌നാട്ടില്‍ നിന്നും പിന്നീട് കമ്യൂണിസ്റ്റ് ബംഗാള്‍, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും. കാര്‍ഷികമേഖലയിലെ ആസൂത്രിത പദ്ധതികളുടേയും ഡിഎംകെ, എഡിഎംകെ പാര്‍ട്ടികളുടെ മത്സരിച്ചുള്ള സൗജന്യ പദ്ധതികളുടേയും ഫലമായി തമിഴര്‍ ഭൂരിഭാഗവും തിരിച്ചുപോയി. ഇപ്പോള്‍ 25 ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. അവരെല്ലാം ചെയ്യുന്നത് ശാരീരികമായ അധ്വാനങ്ങള്‍ മാത്രം. പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍.  വര്‍ഷം തോറും 20000 കോടിക്കടുത്തു രൂപ അവര്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്നു. അവരെ നമുക്കു പുച്ഛമാണ്. മനുഷ്യരായിപോലും നാമവരെ പരിഗണിക്കുന്നില്ല. പക്ഷെ അവരില്ലാതെ ഇന്നു കേരളം ഒരു ദിവസം പോലും മുന്നോട്ടുപോകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ ഈ മേഖലയും ഇന്നു പ്രതിസന്ധിയിലാണ്. കേരളത്തിലെ നിര്‍മ്മാണമേഖല പതുക്കെ പതുക്കെ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ത്‌നനെയാണ് അതിനു പ്രധാന കാരണം. ജനകീയ സമരങ്ങളെ തുടര്‍ന്ന് ക്വാറികള്‍ അടച്ചുപൂട്ടപ്പെടുന്നു. കളിമണ്‍ ഖനനവുമായി ബന്ധപ്പെട്ട് ഇഷ്ടിക നിര്‍മ്മാണവും നദികളില്‍ നിന്ന് പരമാവധി ഊറ്റിയെടുത്തതിനെ തുടര്‍ന്ന് മണല്‍ ലഭ്യതയും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മലയിടിച്ച് മണ്ണെടുക്കുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നാം മനസ്സിലാക്കികൊണ്ടിരിക്കുന്നു. പാഴ് മരങ്ങള്‍ ലഭ്യമാകാത്തതിനാലും പുറത്തുനിന്ന് ചെറിയ വിലക്ക് ഫര്‍ണീച്ചറുകള്‍ ലഭ്യമായതിനാലും  മറുനാടന്‍ തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായവും പ്രതിസന്ധിയില്‍ തന്നെ. ഗള്‍ഫിലെ പ്രതിസന്ധിയും നിര്‍മ്മാണ മേഖലയെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍തന്നെ കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വീടുകളും ഫ്‌ളാറ്റുകളും പൂട്ടികിടക്കുന്നുണ്ട്. ഈ പ്രവണത ഇനിയും അധികം തുടരാനിടയില്ല.
ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചുവരവ് സ്വാഭാവികമായും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കും. അതേകുറിച്ച് ചര്‍ച്ച ചെയ്യുന്ന നാം പക്ഷെ ഇവിടത്തെ പ്രവാസികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതേയില്ല. ബംഗാളിലേയും ഒറീസ്സയിലേയും ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് കൊച്ചിയിലും കേരളത്തിലെ മറ്റു പട്ടണങ്ങളിലും ജീവിക്കുന്നവര്‍ക്ക് ഇനിയൊരു തിരിച്ചുപോക്ക് എളുപ്പമാകില്ല. ഇന്നും ഫ്യൂഡലിസം കൊടികുത്തി വാഴുന്ന സ്വന്തം നാട്ടില്‍നിന്ന് ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ഒളിച്ചോട്ടമാണ് അവര്‍ നടത്തിയിരുന്നത്. ഇവിടെ നേരിടുന്ന വിവേചനങ്ങള്‍പോലും അവര്‍ കണക്കിലെടുക്കാത്തത് അതുകൊണ്ടുതന്നെ. സ്വാഭാവികമായും ഇവിടെ തൊഴില്‍ നഷ്ടപ്പടുന്നത് ഉണ്ടാക്കുന്ന സാമൂഹ്യസംഘര്‍ഷങ്ങള്‍ നിസ്സാരമാകില്ല. ഇപ്പോള്‍തന്നെ മറുനാടന്‍ തൊഴിലാളികളില്‍ കുറ്റവാസനകള്‍ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ അതുണ്ടായിരുന്നില്ല. കുടുംബജീവിതം ഇല്ലാത്തതിനാല്‍ ലൈംഗിക കുറ്റങ്ങളും വര്‍ദ്ധിക്കാനിടയുള്ളതായി ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെ ചൂണ്ടികാട്ടുന്നുണ്ട്. വരാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ആര്‍ജ്ജവം തീരെയില്ലാത്ത നമ്മുടെ ഭരണാധികാരികളുടേയോ നേതൃത്വങ്ങളുടേയോ അജണ്ടയിലേക്ക് ഇതൊന്നും പക്ഷെ കടന്നു വരുന്നതേയില്ല. മറിച്ച് ഇവരോട് നാമിന്നും ചെയ്തുകൊണ്ടിരിക്കുന്നത് കടുത്ത അനീതിയല്ലാതെ മറ്റെന്ത്? തൊഴില്‍ നിയമങ്ങളോ സുരക്ഷയോ ക്ഷേമനിധിയോ മിനിമം വേതനമോ സംഘടനാശക്തിയോ ഒന്നും നാമിവര്‍ക്കും നല്‍കുന്നില്ല. കഴിഞ്ഞ വാരം അരൂരില്‍ പള്ളി തകര്‍ന്നപ്പോള്‍ കെട്ടിടത്തിനുള്ളില്‍ എത്ര തൊഴിലാളികള്‍ പെട്ടിട്ടുണ്ടെന്നു പറയാന്‍ പള്ളി അധികൃതര്‍ക്കോ കോണ്‍ട്രാക്ടര്‍ക്കോ കഴിഞ്ഞില്ല എന്നതില്‍ നിന്നുതന്നെ അരക്ഷിതമായ ഇവരുടെ അവസ്ഥ മനസ്സിലാക്കന്‍ ബുദ്ധിമുട്ടില്ല.
മുരടിച്ചുപോകുമായിരുന്ന നാടിനെ മുന്നോട്ടുനയിച്ച കുടിയേറ്റങ്ങളും പ്രതിസന്ധി നേരിടുന്ന സന്നിഗ്ധമായ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. പക്ഷെ, ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്ന കടമയില്‍നിന്ന് നാം വിദഗ്ധമായി ഒളിച്ചോടുന്നു. പക്ഷെ, എങ്ങോട്ട്, എത്രത്തോളം ഒളിച്ചോടും എന്ന ചോദ്യം അവശേഷിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കുടിയേറ്റങ്ങളും തളരുമ്പോള്‍…. കേരളം എങ്ങോട്ട്

  1. ‘പ്രയാസം’വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍….
    ലേഖനം നന്നായിരിക്കുന്നു ഐജി
    ആശംസകള്‍

Leave a Reply