കീഴാറ്റൂരിലേത് പരിസ്ഥിതി സംരക്ഷണ സമരം.

മഹേഷ് കക്കത്ത് (എഐവൈഎഫ് സംസ്ഥാന സെക്രട്ടറി) കേരള നിയമസഭ 2008ല്‍ പാസാക്കിയ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ചര്‍ച്ചചെയ്യുന്ന സമയത്ത് ആദരണീയനായ സുകുമാര്‍ അഴീക്കോട് പറഞ്ഞത്,ഒരു പത്തുവര്‍ഷം മുമ്പെങ്കിലും ഈ നിയമം നിലവില്‍ വരേണ്ടതായിരുന്നു എന്നാണ്. പ്രസ്തുത നിയമത്തിന്റെ പ്രസക്തികൊണ്ട് മാത്രമല്ല ഏറ്റവും വേഗത്തില്‍ നെല്‍വയലുകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായ ഒരു പതിറ്റാണ്ടിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അഴീക്കോട് മാഷ് ഇത് പറഞ്ഞത്. 1970 കളില്‍ എട്ടുലക്ഷം ഹെക്ടറില്‍ കൂടുതലുണ്ടായിരുന്ന സംസ്ഥാനത്തെ നെല്‍വയലുകള്‍ രണ്ടായിരമാണ്ടായതോടെ രണ്ട് ലക്ഷം ഹെക്ടറായി […]

kkkമഹേഷ് കക്കത്ത് (എഐവൈഎഫ് സംസ്ഥാന സെക്രട്ടറി)

കേരള നിയമസഭ 2008ല്‍ പാസാക്കിയ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ചര്‍ച്ചചെയ്യുന്ന സമയത്ത് ആദരണീയനായ സുകുമാര്‍ അഴീക്കോട് പറഞ്ഞത്,ഒരു പത്തുവര്‍ഷം മുമ്പെങ്കിലും ഈ നിയമം നിലവില്‍ വരേണ്ടതായിരുന്നു എന്നാണ്. പ്രസ്തുത നിയമത്തിന്റെ പ്രസക്തികൊണ്ട് മാത്രമല്ല ഏറ്റവും വേഗത്തില്‍ നെല്‍വയലുകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായ ഒരു പതിറ്റാണ്ടിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അഴീക്കോട് മാഷ് ഇത് പറഞ്ഞത്. 1970 കളില്‍ എട്ടുലക്ഷം ഹെക്ടറില്‍ കൂടുതലുണ്ടായിരുന്ന സംസ്ഥാനത്തെ നെല്‍വയലുകള്‍ രണ്ടായിരമാണ്ടായതോടെ രണ്ട് ലക്ഷം ഹെക്ടറായി കുത്തനെ കുറഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ വയലുകള്‍ നികത്തപ്പെട്ടത് തൊണ്ണൂറുകള്‍ക്ക് ശേഷമായിരുന്നു. ഈ അപകടം തിരിച്ചറിഞ്ഞാണ് 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ നിയമത്തിന്റെ പീഠികയില്‍ പറയുന്നത് സംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതെന്നാണ്. നിയമം പാസാക്കിക്കൊണ്ട് കേരളം ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തത് ഇനി അവശേഷിക്കുന്ന രണ്ട് ലക്ഷം ഹെക്ടറില്‍ താഴെയുള്ള നെല്‍വയലുകള്‍ സംരക്ഷിക്കും എന്നായിരുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് എല്ലാ പരിശോധനയും പൂര്‍ത്തീകരിച്ച് വീടുവയ്ക്കുന്നതിനായി പഞ്ചായത്തില്‍ പത്ത് സെന്റും മുന്‍സിപ്പല്‍ / കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ അഞ്ച് സെന്റും നികുത്തുന്നതിനൊഴിച്ച് വയലുകള്‍ക്കെല്ലാം സംരക്ഷണവലയമൊരുക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മറ്റൊരു മാതൃക സമ്മാനിക്കുകയായിരുന്നു.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നിട്ട് പത്തുവര്‍ഷം പിന്നിടുമ്പോഴും വയലുകളും നീര്‍ത്തടങ്ങളും വലിയ ഭീഷണി നേരിടുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. സംസ്ഥാനത്ത് അവശേഷിക്കുന്ന നെല്‍വയല്‍ 1,97,000 ഹെക്ടറാണ്. തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി 1,27,930 ഹെക്ടറും. ഇതില്‍ 34,200 ഹെക്ടര്‍ പ്രദേശം ഉള്‍നാടന്‍ നീര്‍ത്തടവും 93,730 ഹെക്ടര്‍ സമുദ്രതീര നീര്‍ത്തടങ്ങളുമാണ്. 1971ല്‍ ഇറാനിലെ റാംസാര്‍ പട്ടണത്തില്‍ വച്ച് 169 രാജ്യങ്ങളുടെ സഹകരണത്തോടെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമായി നിലവില്‍വന്ന അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായിട്ടുകൂടിയാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കാന്‍ കേരളം തയ്യാറായത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും ഏറ്റെടുത്തിട്ടുള്ളത്.

പരിസ്ഥിതിയെ സംരക്ഷിച്ചുള്ള വികസനം എന്ന കാഴ്ചപ്പാടില്‍ ഊന്നി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രികയാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാരിന്റെ വഴികാട്ടി. നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍, അരുവികള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍, കായലുകള്‍, കനാലുകള്‍, കിണറുകള്‍, തോടുകള്‍, കുന്നുകള്‍ ഇവയെല്ലാം സംരക്ഷിക്കാനുള്ള അതിവിപുലമായ പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു കുളം പോലും ഭൂഗര്‍ഭജല സംരക്ഷണ കേന്ദ്രമാണെന്നും ഭൂഗര്‍ഭ ജലനിരപ്പിലുണ്ടാവുന്ന കുറവ് രൂക്ഷമായ വരള്‍ച്ചയിലേയ്ക്കും കുടിവെള്ളക്ഷാമത്തിലേയ്ക്കും എത്തിക്കുമെന്നുള്ള ബോധ്യമാണ് ഇത്തരം ചെറുതും വലുതുമായ ജലാശയങ്ങളുടെ സംരക്ഷണ പദ്ധതികളുടെയും ബോധവല്‍ക്കരണ ക്യാമ്പയിനുകളുടെയും പ്രസക്തി.

ഓരോ തുള്ളിയും അമൂല്യം ജലം ജീവനാണ്, ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന്റെ ലോക ജലദിനത്തില്‍ സംസ്ഥാന ജലവിഭവവകുപ്പ് പ്രസിദ്ധീകരിച്ച പരസ്യത്തിലെ വാചകമാണ് മുകളില്‍ ചേര്‍ത്തത്. അന്നത്തെ ദിവസം വന്ന മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു; ”ജലഞെരുക്കത്തില്‍ കേരളം ഒന്നാമത്,” ഏറ്റവും കൂടുതല്‍ ജലഞെരുക്കം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതാണെന്നും. വെള്ളത്തിന്റെ വര്‍ധിച്ചുവരുന്ന ഉപഭോഗത്തിനനുസരിച്ച് ജലം ലഭ്യമാകാത്ത സാഹചര്യമാണ് ജലഞെരുക്കം എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന, 44 നദികള്‍ ഒഴുകുന്ന കേരളത്തില്‍ ജലത്തിനുവേണ്ടി ജനം അലയേണ്ടിവരുന്ന സാഹചര്യമാണെന്ന് ദേശീയതലത്തില്‍ ജലവിഭവ മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നു. കേരളത്തിലെ അഞ്ചില്‍ ഒന്ന് കുടുംബങ്ങള്‍ വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമം നേരിടുന്നതായി പ്രസ്തുത പഠനം വ്യക്തമാക്കുന്നു. നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സ് എന്നുപറയുന്നത് കിണറുകളാണ്. 70 ശതമാനം ജനങ്ങളും ഭൂഗര്‍ഭജലം ഉപയോഗിച്ചാണ് കുടിവെള്ള ആവശ്യം നിര്‍വഹിക്കുന്നത്. ഇതൊക്കെ മലയാളിയെ ഓര്‍മ്മപ്പെടുത്തുന്നത് ഭൂഗര്‍ഭ ജലവിതരണം കുറയാതെ നോക്കണമെന്നത് വലിയ ഉത്തരവാദിത്തമാണെന്നാണ്. അതിനായി കിണര്‍ റീചാര്‍ജിങും മഴക്കുഴികളും മാത്രം പോര. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിച്ചുകൊണ്ടേ നമുക്കിത് സാധ്യമാവൂ. ഇന്നലെകളില്‍ ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചിട്ട് ഇനിയും വയലുകളും നീര്‍ത്തടങ്ങളും മണ്ണിട്ട് മൂടുന്നതിന് മൂകസാക്ഷിയാവാനോ ന്യായീകരിക്കാനോ നമുക്ക് കഴിയില്ല.

കീഴാറ്റൂരിലെ ‘വയല്‍ക്കിളി’ കര്‍ഷക കൂട്ടായ്മ കേരളത്തോട് പറയുന്നതും ഇത്തരമൊരു കാര്യമാണ്. ഞങ്ങളുടെ കുടിവെള്ള സ്രോതസ് (തളിപ്പറമ്പ് നഗരസഭയിലെ ഏഴു വാര്‍ഡുകളിലെ കുടിവെള്ള വിതരണം ഈ വയലിനെ ആശ്രയിച്ചാണ്) ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത ബൈപ്പാസ് വേണ്ട എന്നാണ്. ബദല്‍വഴികള്‍ ഉണ്ടെങ്കില്‍ ആ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് വയല്‍ക്കിളികളുടെ ആവശ്യം. ഈ രണ്ട് മുദ്രാവാക്യങ്ങളും തെറ്റാണെന്ന് എങ്ങനെയാണ് ഭരണകൂടത്തിന് പറയാന്‍ കഴിയുക. സമരത്തിന് നേതൃത്വം കൊടുക്കുന്നവരുടെയോ പിന്തുണ നല്‍കുന്നവരുടെയോ പൂര്‍വകാല ചരിത്രവും രാഷ്ട്രീയവും നോക്കിക്കൊണ്ട് വയല്‍ക്കിളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ മെരിറ്റിനെ തള്ളിപ്പറയാന്‍ കഴിയുമോ?

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ വിജ്ഞാപനം ചെയ്ത തളിപ്പറമ്പ് ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ല. തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാത 45 മീറ്ററായി വീതി കൂട്ടുമ്പോള്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് കീഴാറ്റൂര്‍ വഴി പോകുന്ന കുറ്റിക്കോല്‍ കൂവോട് കീഴാറ്റൂര്‍ കുപ്പം ബൈപ്പാസ് നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റ് നിശ്ചയിച്ചത്. നിലവില്‍ 25 30 മീറ്റര്‍ വീതിയുള്ള തളിപ്പറമ്പ് നഗരത്തില്‍ ചിറവക്ക് മുതല്‍ ഏഴാംമൈല്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ 15 മീറ്റര്‍ വീതിയില്‍ ഫ്ളൈ ഓവര്‍ നിര്‍മ്മിച്ചാല്‍ നഗരത്തിലെ കടകള്‍ക്ക് നാശമില്ലാതെ ദേശീയപാത വികസനം സാധ്യമാണ്. 30 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലേയ്ക്കുമായി രണ്ടുവരി റോഡും നടുക്ക് കോണ്‍ക്രീറ്റ് തൂണില്‍ രണ്ട് വരിയില്‍ ഫ്ളൈഓവറും സാധ്യമാക്കാം എന്ന ബദല്‍ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച വിദഗ്ധസംഘം നടത്തിയ വിശദമായ പഠനം ഈ ബദല്‍ സാധ്യതയെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് ബൈപ്പാസിന് ബദലുണ്ട് എന്ന മുദ്രാവാക്യം എഐവൈഎഫ് മുന്നോട്ടുവച്ചത്. നെല്‍വയലുകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് കടകള്‍ പൊളിക്കാതെ തളിപ്പറമ്പ് നഗരത്തില്‍ ഫ്ളൈഓവര്‍ (ആകാശപാത) നിര്‍മ്മിച്ച് പ്രശ്നപരിഹാരം സാധ്യമാക്കാന്‍ കഴിയും എന്ന ബദല്‍ നിര്‍ദേശം ഉയരുമ്പോള്‍ അതിനോട് മുഖംതിരിഞ്ഞുനില്‍ക്കേണ്ട കാര്യമില്ല.

ഫ്‌ലൈഓവറിന് വേണ്ടിവരുന്ന വലിയ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് ഫ്‌ലൈഓവര്‍ സാധ്യമല്ല എന്ന പ്രഖ്യാപനമല്ല മറിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വസ്തുതകള്‍ അവതരിപ്പിച്ച് ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ഇച്ഛാശക്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കേണ്ടത്. അങ്ങനെ മാത്രമേ കീഴാറ്റൂര്‍ സമരത്തിന് പരിഹാരം കാണാന്‍ കഴിയൂ. വയല്‍ നികത്തിയുള്ള ബൈപ്പാസിന് പകരം നഗരത്തിലൂടെയുള്ള ഫ്ളൈഓവര്‍ യഥാര്‍ത്ഥ്യമായാല്‍ ജയിക്കുന്നത് വയല്‍ക്കിളികള്‍ മാത്രമായിരിക്കില്ല, കേരളമാകെയാകും. അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന വലിയ സന്ദേശമാവും അതിലൂടെ നല്‍കുന്നത്. ഈ അര്‍ഥത്തിലാണ് കീഴാറ്റൂരിലെ സമരം പരിസ്ഥിതി സംരക്ഷണ പോരാട്ടമാണെന്ന് എഐവൈഎഫ് പ്രഖ്യാപിച്ചതും പിന്തുണ നല്‍കിയതും.

കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് ദേശീയപാത വികസനം 45 മീറ്ററില്‍ പരിമിതപ്പെടുത്തണമെന്ന് സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. ആ കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ് രാജ്യത്താകെ 60 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന നാഷണല്‍ ഹൈവേ കേരളത്തില്‍ 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറായത്. ഇത്തരമൊരു തീരുമാനം എടുപ്പിക്കാന്‍ കഴിഞ്ഞ കേരളത്തിന് ഫ്ളൈഓവര്‍ നേടിയെടുക്കാനും കഴിയും. സംസ്ഥാനത്തെ 600 കിലോമീറ്ററില്‍ അധികം വരുന്ന ദേശീയപാത 60 മീറ്ററില്‍ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പാലങ്ങള്‍ നിര്‍മ്മിക്കാനും റോഡുണ്ടാക്കാനും ചെലവ് വരുമായിരുന്ന ആയിരക്കണക്കിന് കോടി രൂപയില്‍ വലിയ കുറവാണ് 45 മീറ്ററില്‍ ദേശീയപാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞത്. ഫ്ളൈഓവറിന്റെ അധികബാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ ഈ വസ്തുതകൂടി ചൂണ്ടിക്കാണിക്കാന്‍ കേരളത്തിന് കഴിയണം.

പ്രകൃതിയെ സ്നേഹിക്കാന്‍ മലയാളിയെ പഠിപ്പിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജോണ്‍സി ജേക്കബ് പറഞ്ഞ ഒരു കഥയുണ്ടായിരുന്നു. ഗണപതിയുടെയും പൂച്ചയുടെയും കഥ. ഗണപതിയുടെ ബാല്യകാലത്ത് അവരുടെ വീട്ടില്‍ ഒരു പൂച്ച ഉണ്ടായിരുന്നു. കുട്ടിഗണപതി അതുമായി കളിക്കാന്‍ തുടങ്ങി. കളിമൂത്ത് ഗണപതി ‘വീട്ടിലെ പൂച്ച’യെ വേദനിപ്പിക്കുകയും ചളിയിലിട്ട് ഉരുട്ടുകയും ചെയ്തു. അപ്പോഴാണ് അമ്മ പാര്‍വതി അവനെ മുലയൂട്ടാന്‍ വിളിക്കുന്നത്. ഗണപതി ഓടി അമ്മയുടെ അടുത്തെത്തി. പാര്‍വതിയുടെ ദേഹം മുഴുവന്‍ മുറിഞ്ഞിരിക്കുന്നു. ശരീരത്തിലാകെ ചളിപുരണ്ടിരിക്കുന്നു. ഗണപതിക്ക് സങ്കടമായി, അവന്‍ ചോദിച്ചു; ”അമ്മയെക്കെന്തുപറ്റി”യെന്ന്, പാര്‍വതി പറഞ്ഞു; ”മോനെ നീ വരുത്തിവച്ചതാണിത്. ആ പൂച്ചയെ ദ്രോഹിച്ചത് മുഴുവന്‍ നീ എന്നെ ദ്രോഹിക്കുകയായിരുന്നു” ഗണപതിക്ക് കാര്യം മനസിലായി. വീട്ടിലെ പൂച്ച അമ്മയായിരുന്നുവെന്ന്. അന്നുമുതല്‍ സര്‍വജീവികളെയും സ്വന്തം അമ്മയായി കാണാനും അവയെ സ്നേഹിക്കാനും ബഹുമാനിക്കാനും ഗണപതിക്ക് കഴിഞ്ഞു. അങ്ങനെയാണ് ഗണപതി സര്‍വജീവികളുടെയും സംരക്ഷകനായി മാറിയതെന്നാണ് കഥയുടെ ചുരുക്കം.

സൈലന്റ്വാലി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തവരോട് സിംഹവാലന്‍ കുരങ്ങിനുവേണ്ടിയുള്ള സമരമെന്നുപറഞ്ഞ് പരിഹസിച്ചവര്‍ ഉണ്ടായിരുന്നു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സമരം ചെയ്ത എഐവൈഎഫ് പ്രവര്‍ത്തകരെ ചൂണ്ടി വികസന വിരോധികളെന്ന് ആക്രോശിച്ചവരുണ്ടായിരുന്നു. ഇപ്പോള്‍ വയല്‍ക്കിളികള്‍ കഴുകന്മാരെന്നും എരണ്ടകളെന്നും സമരത്തിന് പിന്തുണ കൊടുക്കുന്നവരെ പൂച്ചകളെന്നും ചെന്നായ്ക്കളെന്നും വിളിക്കുന്നവര്‍ മറന്നുപോകുന്നത് സര്‍വചരാചരങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന പ്രാഥമികമായ പാഠമാണ്. സൂക്ഷ്മജീവികളും എരണ്ടകളും കഴുകന്മാരും കിളികളും സിംഹവാലന്‍ കുരങ്ങും പൂച്ചയും പൂമ്പാറ്റയും ചെന്നായ്ക്കളും മനുഷ്യനും പുല്ലും ചെടികളും മരങ്ങളും എല്ലാം ചേരുന്നതാണ് ഭൂമിയിലെ ആവാസവ്യവസ്ഥ.

കവി ചോദിച്ചതുപോലെ ഇനി വരുന്നതലമുറയ്ക്ക് ഇവിടെ വാസം സാധ്യമാണെങ്കില്‍ അവശേഷിക്കുന്ന പച്ചപ്പും കുടിനീരും സംരക്ഷിച്ചേ തീരൂ. അല്ലാതെ വൃത്തിയാക്കിയ കുളങ്ങളുടെയും വെട്ടിയുണ്ടാക്കിയ മഴക്കുഴികളുടെയും കണക്ക് പറഞ്ഞിട്ട് അതേ ശ്വാസത്തില്‍തന്നെ ഹെക്ടര്‍ കണക്കിന് നെല്‍വയലുകള്‍ കുന്നിടിച്ച മണ്ണുകൊണ്ട് മൂടുന്നതിനെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടത്. നൂറ് തെരുവുകുട്ടികളുടെ ജീവന്‍ രക്ഷിച്ച അനാഥാലയ നടത്തിപ്പുകാരന് അതിന്റെ പേരില്‍ ഒരു കുഞ്ഞിന്റെ പോലും ജീവനെടുക്കാന്‍ അവകാശം ഇല്ലെന്ന് മാത്രമാണ് അത്തരക്കാരെ ഓര്‍മ്മപ്പെടുത്താനുള്ളത്

ജനയുഗം മാര്‍ച്ച് 27.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply