‘കാരുണ്യ’ സഹായം : ഇനി ടാറ്റ കനിയണം

സജിത് നാരായണന്‍ നിര്‍ധനരോഗികള്‍ക്കു ചികിത്സാസഹായത്തിനായി കാരുണ്യ ഭാഗ്യക്കുറി വില്‍പനയിലൂടെ ശേഖരിക്കുന്ന ഗുണഭോക്തൃ ഫണ്ടിന്റെ നടത്തിപ്പു ടാറ്റയ്ക്കു കൈമാറുന്നു. സംസ്ഥാന ഭാഗ്യക്കുറിയിലൂടെ പിരിഞ്ഞുകിട്ടുന്ന തുക ഇനി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസി(ടി.സി.എസ്)ലൂടെയേ അര്‍ഹരായ രോഗികളിലെത്തൂ. പദ്ധതി നടത്തിപ്പിനായി 38 കോടി രൂപ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കു സംസ്ഥാനസര്‍ക്കാര്‍ കൈമാറും. ആറുമാസം മുമ്പുവരെ സുഗമമായി നടന്ന പദ്ധതി സ്വകാര്യകുത്തകയ്ക്കു കൈമാറുന്നതിന്റെ ലക്ഷ്യം വ്യക്തമല്ല. സര്‍ക്കാരിന് അധികബാധ്യത വരുത്തിവയ്ക്കുന്ന നടപടിക്കെതിരേ ഭാഗ്യക്കുറി വകുപ്പില്‍തന്നെ പ്രതിഷേധമുയര്‍ന്നു. ബാര്‍ കോഴക്കേസില്‍ കെ.എം. മാണി ധനമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനുമുമ്പാണു ഫണ്ട് […]

Karunyaസജിത് നാരായണന്‍

നിര്‍ധനരോഗികള്‍ക്കു ചികിത്സാസഹായത്തിനായി കാരുണ്യ ഭാഗ്യക്കുറി വില്‍പനയിലൂടെ ശേഖരിക്കുന്ന ഗുണഭോക്തൃ ഫണ്ടിന്റെ നടത്തിപ്പു ടാറ്റയ്ക്കു കൈമാറുന്നു. സംസ്ഥാന ഭാഗ്യക്കുറിയിലൂടെ പിരിഞ്ഞുകിട്ടുന്ന തുക ഇനി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസി(ടി.സി.എസ്)ലൂടെയേ അര്‍ഹരായ രോഗികളിലെത്തൂ. പദ്ധതി നടത്തിപ്പിനായി 38 കോടി രൂപ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കു സംസ്ഥാനസര്‍ക്കാര്‍ കൈമാറും.
ആറുമാസം മുമ്പുവരെ സുഗമമായി നടന്ന പദ്ധതി സ്വകാര്യകുത്തകയ്ക്കു കൈമാറുന്നതിന്റെ ലക്ഷ്യം വ്യക്തമല്ല. സര്‍ക്കാരിന് അധികബാധ്യത വരുത്തിവയ്ക്കുന്ന നടപടിക്കെതിരേ ഭാഗ്യക്കുറി വകുപ്പില്‍തന്നെ പ്രതിഷേധമുയര്‍ന്നു.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണി ധനമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനുമുമ്പാണു ഫണ്ട് കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങിയത്. ഭാഗ്യക്കുറി വകുപ്പിലെ ഉന്നതരും ടി.സി.എസ്. അധികൃതരുമായി ഇതു സംബന്ധിച്ച ഒന്നാംഘട്ടചര്‍ച്ച ഒക്‌ടോബര്‍ എട്ടിനു സെക്രട്ടേറിയറ്റില്‍ നടന്നതായി യോഗത്തിന്റെ മിനിട്‌സ് വ്യക്തമാക്കുന്നു. നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡബ്ല്യു.ആര്‍. റെഡ്ഡി, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ മിനി ആന്റണി, കാരുണ്യ ബെനവലന്റ് ഫണ്ട് കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. കുര്യന്‍ ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ ലേഖ, നോഡല്‍ ഓഫീസര്‍ കെ. ഓമനക്കുട്ടന്‍, മാനേജര്‍ പ്രഭാകരന്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ സുജിന്‍ ജോസ്, നികുതി വകുപ്പിലെ ഐസക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് പ്രോജക്ട് മാനേജര്‍ എന്‍. ബ്രഹ്മരാജ് റാവു, ജീവനക്കാരി രമ്യ എന്നിവര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞു രണ്ടിനു ചേര്‍ന്ന യോഗം വൈകിട്ട് 5.30 വരെ നീണ്ടു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഹൈദരാബാദ് കേന്ദ്രീരിച്ചു നടത്തുന്ന ആരോഗ്യശ്രീ പദ്ധതിയുടെ മാതൃകയില്‍ കാരുണ്യയേയും മാറ്റാനാണ് ഉദ്ദേശ്യം. നിലവില്‍ കെല്‍ട്രോണ്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വേറാണു കാരുണ്യ പദ്ധതിക്ക് ഉപയോഗിക്കുന്നത്. ഇതു മാറ്റി ആരോഗ്യശ്രീയുടെ സോഫ്റ്റ്‌വേര്‍ സ്ഥാപിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, സര്‍ക്കാര്‍
ആശുപത്രി, അംഗീകാരമുള്ള സ്വകാര്യാശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ കേസ് റിപ്പോര്‍ട്ട് പ്രകാരമാണു ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി രജിസ്റ്റര്‍ നമ്പറിട്ട്, നെറ്റ്‌വര്‍ക് മുഖേന തിരുവനന്തപുരം പട്ടത്തെ കാരുണ്യ ഹെഡ് ഓഫീസിലേക്കു ധനസഹായശിപാര്‍ശ നല്‍കുന്നത്. എന്നാല്‍ ടി.സി.എസിന്റെ പക്കല്‍ കാരുണ്യ പദ്ധതി എത്തുന്നതോടെ അവര്‍ തെരഞ്ഞെടുത്ത ആശുപത്രികളില്‍ നിയമിക്കുന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാകും തുടര്‍നടപടി. കലക്ടര്‍ പദ്ധതിയുടെ ജില്ലാത്തലവനായി തുടരുമെങ്കിലും ജില്ലാതലസമിതി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ആര്‍.എസ്.ബി.വൈ)യുടെ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനേത്തുടര്‍ന്നു ക്ലെയിം അനുവദിക്കാതിരിക്കാന്‍ പരമാവധി നീക്കം നടന്നതുപോലെ കാരുണ്യ പദ്ധതിക്കും നിയന്ത്രണങ്ങള്‍ വരാനുള്ള സാധ്യതയേറെ. മൂന്നുവര്‍ഷമായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന കാരുണ്യ പദ്ധതിയില്‍ പാളിച്ച തുടങ്ങിയത് ആറുമാസം മുമ്പാണ്. ചില ഉന്നതോദ്യോഗസ്ഥരുടെ കൈകടത്തലാണ് ഇതിനു പിന്നിലെന്നു ഭാഗ്യക്കുറി വകുപ്പ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായകപങ്കു വഹിച്ച നൂറോളം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവും നടക്കുന്നു.
ഇതിനകം 1,11,000 നിര്‍ധനരോഗികള്‍ക്ക് 800 കോടിയിലധികം രൂപ കാരുണ്യ ചികിത്സാസഹായമായി നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ പങ്കാളികളാകാന്‍ തയാറുള്ള ആശുപത്രികളുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. മുമ്പു കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാനതലയോഗത്തില്‍ ഇതുസംബന്ധിച്ചു തീര്‍പ്പുണ്ടാകുമായിരുന്നു. എന്നാല്‍ ഡയറക്ടറായി മിനി ആന്റണി ചുമതലയേറ്റശേഷം സര്‍ക്കാര്‍ അറിയാതെ ഒരു തീരുമാനവും പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ പല അടിയന്തരവിഷയങ്ങളിലും നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് ആരോപണമുണ്ട്.
കാരുണ്യ പദ്ധതിപ്രകാരം ചികിത്സാധനസഹായം നല്‍കാനും സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു വേണമെന്നാണ് അധികൃതരുടെ പിടിവാശി. ചികിത്സാച്ചെലവ് റീഫണ്ട്, റീ ഇംപേഴ്‌സ്‌മെന്റ് എന്നിവയും ആറുമാസമായി മുടങ്ങിക്കിടക്കുന്നു. ജില്ലാ ഓഫീസുകളില്‍ ലഭിക്കുന്ന ഒറ്റത്തവണ സമാശ്വാസപദ്ധതിയുടെ ധനസഹായം ചില ഉന്നതോദ്യോഗസ്ഥരുടെ അനാസ്ഥമൂലം വൈകുന്നതും പതിവായി.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply