കാമ്പസുകളെ സംവാദാത്മകവും ജനാധിപത്യപരവുമാക്കുക

ഹരികുമാര്‍ ഒരു കാമ്പസ് കൊല കൂടി. അതാകട്ടെ ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍. കൊല്ലപ്പെട്ടത് എസ് എഫ് ഐ പ്രവര്‍ത്തകന്‍. കൊന്നത് കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരും. പതിവുപോലെ ആരോപണ – പ്രത്യാരോപണങ്ങള്‍ സജീവമായി നടക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ എല്ലാം നാം മറക്കും. അടുത്തൊരു ദുരന്തവാര്‍ത്ത വരുന്നതുവരെ. ഇന്ത്യയില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവമധികം കൊലകള്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്. ഒരവസാനവുമില്ലാതെ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രധാനമായും രണ്ടു പ്രസ്ഥാനങ്ങളാണ് കൊലകള്‍ക്കു പുറകിലെങ്കിലും പലപ്പോഴും മറ്റു സംഘടനകളും അവരുടെ സംഭാവനകള്‍ നല്‍കുന്നു. കണ്ണൂര്‍ […]

bloodഹരികുമാര്‍

ഒരു കാമ്പസ് കൊല കൂടി. അതാകട്ടെ ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍. കൊല്ലപ്പെട്ടത് എസ് എഫ് ഐ പ്രവര്‍ത്തകന്‍. കൊന്നത് കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരും. പതിവുപോലെ ആരോപണ – പ്രത്യാരോപണങ്ങള്‍ സജീവമായി നടക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ എല്ലാം നാം മറക്കും. അടുത്തൊരു ദുരന്തവാര്‍ത്ത വരുന്നതുവരെ.
ഇന്ത്യയില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവമധികം കൊലകള്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്. ഒരവസാനവുമില്ലാതെ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രധാനമായും രണ്ടു പ്രസ്ഥാനങ്ങളാണ് കൊലകള്‍ക്കു പുറകിലെങ്കിലും പലപ്പോഴും മറ്റു സംഘടനകളും അവരുടെ സംഭാവനകള്‍ നല്‍കുന്നു. കണ്ണൂര്‍ മോഡല്‍ പലപ്പോഴും മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നു. അതിന്റെ ഒരു എക്‌സടെന്‍ഷനാണ് കലാലയങ്ങളിലും നടക്കുന്നത്. ഇന്ത്യയില്‍ കലാലയങ്ങളില്‍ ഏറ്റവുമധികം സംഘട്ടനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. അടുത്തയിടെ രാജ്യത്തെ പല കാമ്പസുകളില്‍ നിന്നും പല ശ്രദ്ധേയമായ രാഷ്ട്രീയവാര്‍ത്തകളും വരുന്നുണ്ട്. പ്രതേകിച്ച് രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനുശേഷം. എന്നാല്‍ അവിടെയാന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ല എന്നതാണ് വാസ്തവം. ജെ എന്‍യുവിലോ എച്ച് സിയുവിലോ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമായല്ലാതെ കായികമായി നേരിടുന്നുണ്ടോ? പ്രബുദ്ധമെന്ന് ഏറ്റവും അഭിമാനിക്കുന്ന കേരളത്തിലാണ് അത്തരമൊരു ജനതക്ക് യോജിക്കാത്ത രീതിയില്‍ കാമ്പസുകളില്‍പോലും ചോര കിനിയുന്നത്. കാമ്പസുകള്‍ക്കു പുറത്തുള്ള കൊലകളെ പോലെ അകത്തെ കൊലകളിലും ജീവന്‍ നഷ്ടപ്പെടുന്നവര്‍ പൊതുവില്‍ ദളിതരും ദുര്‍ബ്ബലരും പാവപ്പെട്ടവരും തന്നെ. ഇപ്പോള്‍ മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവാകട്ടെ തമിഴ് വംശജരായ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള തോട്ടം തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന യുവാവ്.
കാമ്പസിനു പുറംലോകത്തെ അനുകരിച്ച് കാമ്പസിനകത്തും നടക്കുന്ന സംഘട്ടനങ്ങളില്‍ പൊതുവില്‍ പങ്കാളികള്‍ എസ് എഫ് ഐയും എബിവിപയും തന്നെ. മുമ്പ് കെ എസ് യുവും കഴിവുള്ള സ്ഥലത്ത ഇതൊക്കെ പതിവുണ്ടെങ്കിലും ഇപ്പോള്‍ പല്ലുപോയ അവസ്ഥയാണ്. ഇവിടെ പ്രതിസ്ഥാനത്തുവന്നിരിക്കുന്നത് കാമ്പസ് ഫ്രണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയുമായി ബന്ധപ്പെട്ട സംഘടനയായാണ് ഈ സംഘടന അറിയപ്പെടുന്നത്. പൊതുവില്‍ ദളിത് – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവരാണ് അവര്‍. എന്നാലിവിടെ കൊലക്കത്തിക്കിരിയായതോ അവര്‍ മുന്നോട്ടുവെക്കുന്ന ഐക്യമുന്നണിയില്‍ വരേണ്ടിയിരുന്ന ഒരു കൗമാരക്കാരന്‍.
സമൂഹം അക്രമവല്‍ക്കരിക്കപ്പെടുന്നതിനേക്കാള്‍ ഭയാനകമാണ് കാമ്പസുകളുടെ അക്രമവല്‍ക്കരണം. അതുവഴി ഫലത്തില്‍ സംഭവിക്കുന്നത് ഭാവിസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമാണെന്നത് വേറെ കാര്യം. ആണ്‍കുട്ടികളുടെ മെയ്ക്കരുത്തിന്റെ പ്രകടനമാണ് പലയിടത്തും വിദ്യാര്‍ത്ഥി രഷ്ട്രീയം. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളേക്കാള്‍ അവര്‍ക്കു താല്‍പ്പര്യം പിതൃസംഘടനകളുടെ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ്. കോളേജുകള്‍ മിക്കവയും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടകളാണ്. മറ്റു സംഘടനകള്‍ക്ക പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കലടക്കമുള്ള ഗുണ്ടായിസവും ജനാധിപത്യവിരുദ്ധതയുമാണ് അവിടങ്ങളില്‍ നടക്കുന്നത്. ഹോസ്റ്റലുകളും യൂണിയന്‍ ഓഫീസും മറ്റുമാണ് ഇവരുടെ കേളീരംഗം. ഒരു ശക്തിക്കും അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മുമ്പ് അത്തരത്തില്‍ ആധിപത്യം കെ എസ് യുവിനായിരുന്നു. അടിയന്തരാവസ്ഥക്കുശേഷമാണ് കലാലയങ്ങളില്‍ എസ് എഫ് ഐ പ്രധാന ശക്തിയായത്. തുടര്‍ന്ന് കലാലയങ്ങളെ ചുവപ്പുകോട്ടകളാക്കാനായി അവരുടെ ശ്രമം. മഹാരാജാസിലേയും സ്ഥിതിയില്‍ വലിയ മാറ്റമില്ല. കോളേജില്‍ ചേര്‍ന്ന ദിവസം തന്നെ എസ് എഫ് ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിന്റെ പേരില്‍ തനിക്കേറ്റ മര്‍ദ്ദനത്തെ കുറിച്ച് ദളിത് എഴുത്തുകാരന്‍ കെ കെ ബാബുരാജ് പറയുന്നുണ്ട്. ഇപ്പോഴത്തെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അവിടത്തെ പഠനം നിര്‍ത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍, ജെ എന്‍ യുവില്‍ തങ്ങളുടെ സഖ്യശക്തിയായ ഐസ്‌ക്കുപോലും എസ് എഫ് ഐ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നു. ചെറുസംഘടനകള്‍ക്ക് മാത്രമല്ല, കെഎസ്‌യുവിനും എ ഐ എസ് എഫിനുമടക്കമുള്ള സംഘടനകള്‍ക്കുപോലും പലയിടത്തും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു. കൊലപാതകത്തെ അപലപിച്ചുള്ള പ്രസ്താവനയില്‍ സി പി ഐ നേതാവ് ബിനോയ് വിശ്വം പരോക്ഷമായി ഇക്കാര്യം എസ് എഫ് ഐയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ പുറത്തെ ബിജെപിക്കൊപ്പം ചെറിയതോതില്‍ വളര്‍ന്നുവന്ന എ ബി വി പി അതേ നാണയത്തില്‍ എസ് എഫ് ഐക്കു മറുപടി പറയാന്‍ തുടങ്ങി. അവരുടെ ഏറ്റുമുട്ടലുകളില്‍ പലപ്പോഴും കലാലയത്തിനു പുറത്തുള്ളവരും പങ്കാളികളായി. അപൂര്‍വ്വം കലാലയങ്ങള്‍ അവര്‍ കാവികോട്ടകളാക്കി. അടുത്ത ദിവസങ്ങളില്‍ ചെറിയതോതില്‍ കുറവുണ്ടെങ്കിലും പലപ്പോഴും അവര്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഇടക്കൊക്കെ ഉണ്ടാകുന്നുണ്ട്. അതിനിടയിലാണ് അടുത്തയിടെ കാമ്പസ് ഫ്രണ്ടും രംഗത്തു വരുന്നത്. എബിവിപിയെ പോലെ പലയിടത്തും എസ് എഫ് ഐക്ക് അവരുടെ ഭാഷയില്‍ തന്നെ ഇവരും മറുപടി നല്‍കാന്‍ തുടങ്ങി. അതാണ് ചുമരെഴുത്തിന്‍െ രൂപത്തില്‍ മഹാരാജാസില്‍ കണ്ടത്. ഒരു ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ് അവര്‍ ചെയ്തിരിക്കുന്നത്. അതാകട്ടെ കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് എഫ് ഐയുടേയോ എ ബി വി പിയുടേയോ അക്രമരാഷ്ട്രീയത്തിന്റെ പേരിലോ കാമ്പസ് ഫ്രണ്ടും അവരുടെ പിതൃസംഘടനകളും വിളിക്കുന്ന ആകര്‍ഷകമായ മുദ്രാവാക്യങ്ങളുടെ പേരിലോ ന്യായീകരിക്കാവുന്ന ഒന്നല്ല ഇത്. വൈകാരികമായി മാത്രമല്ല, രാഷ്ട്രീയമായും വലിയ തെറ്റാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും രാഷ്ട്രീയത്തോട് വിരക്തിയുള്ളവരാക്കുന്നത്. അതിന്റെ ബലത്തിലാണ് മാനേജ്മെന്റുകള്‍ കോടതി കയറുന്നതും കാമ്പസ് രാഷ്ട്രീയത്തെ നിരോധിച്ചുള്ള ഉത്തരവുകള്‍ ഇറങ്ങുന്നതും. അതുവഴി നാമെത്തുക ഏറ്റവും ഭീതിദമായ അരാഷ്ട്രീയതയിലേക്കാണെന്നെങ്കിലും നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കളെങ്കിലും മനസ്സിലാക്കണം. കാമ്പസുളെ സര്‍ഗ്ഗാത്മകവും സംവാദാത്മകവും ജനാധിപത്യപരവുമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ട്.
മറുവശത്ത് നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖല പരിപൂര്‍ണ്ണമായി കച്ചവടവല്‍ക്കരിക്കപ്പെടുന്നതിനെ ചെറുക്കാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും കഴിയുന്നുണ്ടോ? സാക്ഷരതയില്‍ മുന്നിലായ നമ്മുടെ ഉന്നതവിദ്യാഭ്യാസം എത്രയോ പുറകിലാണ്. മിടുക്കരായ കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ട അവസ്ഥയാണ്. സ്വാശ്രയമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയേയും ചെറുക്കാനാവുന്നില്ല. അതിലൊന്നും പ്രതികരിക്കാന്‍, പിതൃസംഘടനകളുടെ റിക്രൂട്ടിംഗ് ഏജന്റുമാരായി മാറിയ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു കഴിയുന്നില്ല. മറുവശത്ത് കാമ്പസുകളില്‍ ചോരപുഴയൊഴുക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അത് വരും തലമുറയോടു ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും എന്നെങ്കിലും ഓര്‍ക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply