കാപട്യമേ നിന്റെ പേരോ മലയാളി

കാപട്യമേ നിന്റെ പേരോ മലയാളി എന്ന ചോദ്യം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുകയാണ്. പ്രബുദ്ധരാണ് മലയാളി എന്നാണല്ലോ വെപ്പ്. പ്രബുദ്ധരെന്ന വിശേഷണത്തില്‍ സാധാരണഗതിയില്‍ നാം ആരൊക്കെയാണോ ഉദ്ദേശിക്കുന്നത് ആ വിഭാഗങ്ങള്‍ തന്നെയാണ് ഏറ്റവുമധികം കാപട്യവും ഇരട്ടത്താപ്പുമായി തങ്ങളുടെ യഥാര്‍ത്ഥ മുഖം പ്രകടമാക്കുന്നതെന്നതാണ് വസ്തുത. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഒരു മലയാളപത്രത്തില്‍ വന്ന ഈ പരസ്യം തന്നെ നോക്കു. intercaste marriage എന്ന തലകെട്ടിനു താഴത്തെ പരസ്യം നോക്കൂ. sc/st excuse….!!! […]

caste

കാപട്യമേ നിന്റെ പേരോ മലയാളി എന്ന ചോദ്യം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുകയാണ്. പ്രബുദ്ധരാണ് മലയാളി എന്നാണല്ലോ വെപ്പ്. പ്രബുദ്ധരെന്ന വിശേഷണത്തില്‍ സാധാരണഗതിയില്‍ നാം ആരൊക്കെയാണോ ഉദ്ദേശിക്കുന്നത് ആ വിഭാഗങ്ങള്‍ തന്നെയാണ് ഏറ്റവുമധികം കാപട്യവും ഇരട്ടത്താപ്പുമായി തങ്ങളുടെ യഥാര്‍ത്ഥ മുഖം പ്രകടമാക്കുന്നതെന്നതാണ് വസ്തുത. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ഒരു മലയാളപത്രത്തില്‍ വന്ന ഈ പരസ്യം തന്നെ നോക്കു. intercaste marriage എന്ന തലകെട്ടിനു താഴത്തെ പരസ്യം നോക്കൂ. sc/st excuse….!!! ഇനി ഈ പരസ്യം നല്‍കിയവരുടെ യോഗ്യതകളും അവരാഗ്രഹിക്കുന്ന യോഗ്യതകളും നോക്കൂ. ബാങ്ക് ഓഫീസര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീനക്കാര്‍, അധ്യാപകര്‍…..!!! ഇവരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമൊക്കെയല്ലേ പ്രബുദ്ധരെന്നു വിശേഷിക്കപ്പെടുന്നവര്‍?
വാസ്തവമെന്താണ്? ഒന്നു പറയുകയും മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും മറുവശത്ത് അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരല്ലേ കേരളത്തിലെ പ്രബുദ്ധരെന്നു വിശേഷിക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും? അതിന്റെ പ്രകടമായ ഉദാഹരണല്ലേ ഇത്? ജാതിയില്ല, ജാതിയില്‍ വിശ്വാസമില്ല, മിശ്രവിവാഹം കഴിക്കണമെന്ന് പറയുക, മറുവശത്ത് ദളിത്, ആദിവാസി വിഭാഗങ്ങള്‍ ക്ഷമിക്കണമെന്നും. ഈ പരസ്യത്തിന്റെ പുറകിലെ യഥാര്‍ത്ഥ താല്‍പ്പര്യമെന്താണ്? ‘ഉയര്‍ന്ന’ ജാതിക്കാരെ കിട്ടുമെങ്കില്‍ മിശ്രവിവാഹമാകാമെന്നതുതന്നെ.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും കാപട്യത്തിന്റെ കൂടപ്പിറപ്പാണ് മലയാളി എങ്കിലും അതേറ്റവും പ്രകടമാകുന്നത് ജാതിയില്‍ തന്നെയാണ്. അതിന്റെ ഏറ്റവും പ്രകടിതരൂപമാണ് മേല്‍സൂചിപ്പിച്ച പരസ്യം. എന്നാല്‍ ഇത്രത്തോളം പ്രകടിതമല്ലെങ്കിലും മിക്കവാറും പേരുടെ ഉള്ളിലെല്ലാം സമാനമായ ചിന്തകളുണ്ട്. തങ്ങള്‍ക്ക് ജാതിയില്ല എന്നാണല്ലോ പ്രബുദ്ധരെന്നഹങ്കരിക്കുന്ന മലയാളികള്‍ സ്ഥിരം പറയുന്നത്. ജാതിയില്‍ വിശ്വാസമില്ല എന്ന് ഇന്നത്തെ കാലഘട്ടത്തില്‍ തെളിയിക്കുക എങ്ങനെയാണ്? അത് മറ്റു ജാതിക്കാരോടൊപ്പം ഹോട്ടലിലിരുന്ന് ചായകുടിച്ചോ സിനിമ കണ്ടോ അല്ലെങ്കില്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചോ ആണോ? അല്ല. വിവാഹം കഴിച്ചാണ്. തലമുറകളിലൂടെ ജാതി നിലനില്‍ക്കാനുള്ള പ്രധാന കാരണം സ്വജാതീയ വിവാഹമാണല്ലോ. സ്വാഭാവികമായും ജാതിയില്‍ വിശ്വാസമില്ലാത്തവര്‍ ആദ്യം ചെയ്യേണ്ടത് മറ്റെന്താണ്? എന്നാല്‍ എത്ര പേര്‍ അതിനു തയ്യാറാകുന്നു? (പ്രണയവിവാഹങ്ങളൊഴികെ..) ബഹുഭൂരിപക്ഷം പേരിലും ഈ കാപട്യം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരസ്യം വരുന്നതില്‍ അത്ഭുതമെന്ത്? പ്രബുദ്ധരെന്നഹങ്കരിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ അത്തരം പരസ്യങ്ങള്‍ കൊടുക്കുന്നതിലും കമ്യൂണിറ്റി മാട്രിമോണിയലുകള്‍ പനപോലെ വളരുന്നതിലും അസ്വാഭാവികമായി എന്തുണ്ട്?
വിവാഹത്തില്‍ മാത്രമല്ല, ജീവിതത്തിലെ സമസ്തമേഖലകളിലും ജാതി സജീവമാണെന്നതല്ലേ സത്യം? ആരാധാനാലയങ്ങളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലും സാഹിത്യത്തിലുമെല്ലാം അതിപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നു. എവിടേയും തങ്ങള്‍ ജാതീയമായ അവഹേളനങ്ങള്‍ നേരിടുന്നതായി ദളിത് വിഭാഗങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഈ സവര്‍ണ്ണ പ്രബുദ്ധ വിഭാഗങ്ങള്‍ പറയുക, തങ്ങള്‍ക്ക് എവിടേയും ജാതി ഫീല്‍ ചെയ്യാറില്ല എന്നാണ്…
പറഞ്ഞുവന്നത് പ്രബുദ്ധ മലയാളിയുടെ കാപട്യത്തെ കുറിച്ചാണ്. ജാതി മാത്രമല്ല, മറ്റെത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കാം.. സ്ത്രീകളോടുള്ള സമീപനം തന്നെ നോക്കൂ.. വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ വളരെ മുന്നിലാണെന്നാണല്ലോ വെപ്പ്. എന്നാല്‍ അടിമത്തത്തെ മറികടക്കാന്‍ ഈ വിദ്യാഭ്യാസം കൊണ്ട് കഴിയുന്നുണ്ടോ..? മറിച്ച് അടിമത്തത്തെ സന്തോഷത്തോടെ ആന്തരവല്‍ക്കരിച്ചിരിക്കുന്ന അവസ്ഥയിലല്ലേ ഭൂരിഭാഗം സ്ത്രീകളും. കുതറാന്‍ ശ്രമിക്കുന്നവരാകട്ടെ സദാചാരമില്ലാത്തവരും. സ്ത്രീക്കും പുരുഷനും സ്വതന്ത്രമായി ഇടപെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് എവിടേയും നിലനില്‍ക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കാകട്ടെ ഒട്ടും തന്നെ സുരക്ഷിതമല്ലാത്ത സംസ്ഥാനവും നമ്മുടേതുതന്നെ. ആദിവാസികളെകുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും അവരുടെ ഭൂമിക്കുപോലും സുരക്ഷയില്ലാത്ത, ഭരണഘടന അംഗീകരിക്കുന്ന സ്വയംഭരണാവകാശം പോലും അംഗീകരിക്കപ്പെടാത്ത പ്രദേശവും കേരളം തന്നെ. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് പിന്നോക്കമെന്ന് നാം കളിയാക്കുന്ന സംസ്ഥാനങ്ങലില്‍ ദളിതരും സ്ത്രീകളും ആദിവാസികളും ലൈംഗികന്യൂനപക്ഷങ്ങളും മറ്റും അധികാരത്തില്‍ പ്രധാനപങ്കുവഹിക്കുമ്പോള്‍ ഇവിടെ അതൊന്നും നടക്കാത്തത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന സ്ഥാനങ്ങളില്‍ എത്തുന്നതല്ലാതെ മറ്റെന്താണ് പ്രബുദ്ധത.
ഫാസിസത്തെ കുറിച്ച് നാം ഘോരഘോരം സംസാരിക്കും. എല്ലാവരും ഫാസിസ്റ്റ് വിരുദ്ധര്‍. എന്നാല്‍ നാവടക്കൂ, പണിയെടുക്കു എന്നാജ്ഞാപിച്ച അടിയന്തരാവസ്ഥയെ അനുകൂലിച്ച് വോട്ടുചെയ്ത സംസ്ഥാനം ഏതാണ്? സ്വാതന്ത്ര്യാനനതരകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്ന മണ്ഡല്‍ കമ്മീഷനോടുള്ള കേരളത്തിന്റെ പൊതു നിലപാടും മറക്കാറായിട്ടില്ല. അധ്വാനത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസത്തിന് ഏറ്റവും വേരുള്ള മണ്ണില്‍ കായികാധ്വാനത്തിനു പുറമെ നിന്നുള്ളവര്‍ വേണം. തൊഴിലാളി വര്‍ഗ്ഗത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുമ്പോള്‍ നമ്മുടെ തൊഴിലാളി വര്‍ഗ്ഗം ഏതാണ്? ബാങ്ക് ജീവനക്കാരും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും സംഘടിത വ്യവസായമേഖലയിലെ വന്‍കിട തൊഴിലാളികളും അസിസ്റ്റന്റമാരെ വെച്ച് പണിയെടുപ്പിക്കുകയും നോക്കൂകൂലി വാങ്ങുകയും ചെയ്യുന്ന ചുമട്ടുതൊഴിലാളികളും മുതല്‍ ഡോക്ടര്‍മാര്‍വരെ. അസംഘടിത മേഖലകളില്‍ തുച്ഛം വേതനത്തിനു ജോലിചെയ്യുന്ന ലക്ഷങ്ങള്‍ ആ നിര്‍വ്വചനത്തില്‍ വരില്ല. സാര്‍വ്വദേശീയ തൊഴിലാളിവര്‍ഗ്ഗത്തെ കുറിച്ചു പറയുമ്പോള്‍ ഇതരസംസ്ഥാനതൊഴിലാളികളെ മറക്കുന്നു. കേരളത്തിലെ പരിസ്ഥിതി സമരങ്ങളെയെല്ലാം എതിര്‍ക്കുന്നത്, തങ്ങളുടെ വിമോചനം മൊത്തം സമൂഹത്തിന്റേയും മോചനമാണെന്നവകാശപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗമാണ്. സംഘടിത സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പൊതുജനത്തിനു ലഭിക്കുന്നതെന്താണെന്നും എല്ലാവര്‍ക്കുമറിയാം. മറുവശത്താകട്ടെ സാമ്രാജ്യത്വത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോഴും കഴിയുമെങ്കില്‍ മക്കളെയെങ്കിലും അവിടെയെത്തിക്കുന്നവരാണ് പ്രമുഖനേതാക്കളടക്കമുള്ളവര്‍. മനുഷ്യാവകാശത്തിന്റെ പറുദീസയിലാണ് മദനിയുടെ അനുഭവം എന്നതും പ്രസക്തം. മതേതരത്വം പോലും നമുക്ക് ഹൈന്ദവതയാണ്.
സ്വകാര്യമേഖലയോടും പൊതുമേഖലയോടുമുള്ള സമീപനം നോക്കൂ. ഈ പ്രബുദ്ധവിഭാഗങ്ങളെല്ലാം പൊതുമേഖലക്കുവേണ്ടി വാദിക്കുന്നവരാണ്. പുരോഗമവാദികളും പാര്‍ട്ടിക്കാരല്ലെങ്കില്‍ കൂടി ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുമാണ്. എന്നാല്‍ സ്വന്തം ജീവിതത്തിലോ? സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ചും മലയാളം മീഡിയത്തെ കുറിച്ചുമെല്ലാം ഘോരഘോരം പറയും. എന്നാല്‍ സ്വന്തം കാര്യത്തില്‍ എന്താണു ചെയ്യുക എന്നത് പറഞ്ഞു പറഞ്ഞു ക്ലീഷേ ആയ വിഷയമാണല്ലോ. അതേസമയം വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നിലാണെന്നവകാശപ്പെടുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ അവസ്ഥ എന്താണ്? ചികിത്സക്കാകട്ടെ അത്യാധുനിക സ്വകാര്യ ആശുപത്രി തന്നെ വേണം. ഏതു മേഖലയിലും അതുതന്നെ അവസ്ഥ. സ്വകാര്യബസിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് വാങ്ങിയിട്ടും കെ എസ് ആര്‍ ടി സി എന്തുകൊണ്ട് നഷ്ടത്തിലാകുന്നു എന്നതോ എന്തുകൊണ്ട് സഹകരണബാങ്കുകള്‍ ന്യൂ ജെന്‍ ബാങ്കുകളെ പോലെ പലിശവാങ്ങുന്നു എന്നോ എന്തുകൊണ്ട് പരിസ്ഥിതി നശിപ്പിക്കുന്ന ഫാക്ട് പോലുള്ള സ്ഥാപനങ്ങള്‍ വര്‍,ം തോറും കോടികള്‍ നല്‍കി നിലനിര്‍ത്തണമെന്നോ നാം ചിന്തിക്കില്ല.
ലളിതജീവിതത്തെ കുറിച്ച് പ്രസംഗിക്കാനും ഒരു മടിയുമില്ല. എന്നാല്‍ ഒരു വിവാഹമോ വീട് നിര്‍മ്മാണമോ വന്നാല്‍ കാണാം ലളിതജീവിതത്തിന്റെ യാഥാര്‍ത്ഥ്യം.. ലാറിബേക്കറുടെ ഗൃഹനിര്‍മ്മാണശൈലിപോലും നമ്മളെവിടെ എത്തിച്ചു !!! കുറെ കൂടി പ്രബുദ്ധരാണെങ്കില്‍ പരിസ്ഥിതിയെ കുറിച്ചും ഘോരഘോരം പ്രസംഗിക്കും. എന്നാല്‍ വാങ്ങികൂട്ടുന്ന വാഹനങ്ങള്‍ കണ്ടാല്‍ ആ കാപട്യവും വെളിവാകും. ജീവിതത്തിലൊരിക്കലും ബസില്‍ യാത്രചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും ഈ വിഭാഗങ്ങള്‍ക്കാവില്ല. സോളാര്‍ എന്നാല്‍ നമുക്ക് സരിതയാണ്. സരിതയുടെ പുറകിലുള്ള നമ്മുടെ പായല്‍ എത്രമാത്രം അപമാനകരമാണ്.
ഏതാനും പേര്‍ക്ക് തൊഴില്‍ കൊടുക്കുകയെങ്കിലും ചെയ്യുന്ന ചെറുകിട സംരംഭകരും വ്യാപാരികളും മറ്റും ഇവര്‍ക്ക് വന്‍കിട ബൂര്‍ഷ്വാസികളാണ്. കാര്‍ഷികപരിഷ്‌കരണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ അരിക്കും പച്ചക്കറിക്കും വേണ്ടി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് മറക്കുന്നു. കര്‍ഷകരെ കുറിച്ചുള്ള ഡയലോഗുകളും വെറുതെ.
ഇത്തരമൊരു പരിശോധന നടത്തിയാല്‍ ഈ കുറിപ്പ് നീണ്ടുപോകും. പറയാനുദ്ദേശിച്ചത് പ്രബുദ്ധകേരളത്തിലെ ക്രീം ലെയര്‍ എന്നവകാശപ്പെടുന്ന വിഭാഗങ്ങളുടെ പൊതുജീവിതത്തിലേയും സ്വകാര്യജീവിതത്തിലേയും കാപട്യത്തെയും ഇരട്ടത്താപ്പിനേയും കുറിച്ചാണ്. അതവസാനിപ്പിക്കാതെ നമുക്ക് യഥാര്‍ത്ഥ പ്രബുദ്ധതയിലേക്ക് ഉയരാനാകില്ല എന്നും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply