കാതുള്ളവരേ കരളുള്ളവരേ കാതിക്കുടം വിളിക്കുന്നു

കുരീപ്പുഴ ശ്രീകുമാര്‍ ചാലക്കുടിപ്പുഴയെ അപമാനിക്കാനും നശിപ്പിക്കാനും പുഴയോരത്തെ പാവപ്പെട്ട ജനതയെ രോഗബാധിതരാക്കി ഉന്മൂലനം ചെയ്യാനും കഠിനപ്രയത്‌നങ്ങളാണ് കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. പല അണക്കെട്ടുകള്‍ നിര്‍മിച്ച് ജലമൂറ്റിയതുപോരാഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മരണവിധിയെഴുതാനും ശ്രമിച്ചു. ശ്രീശക്തി പേപ്പര്‍ മില്ലിന്റെയും പരിയാരം മാംസസംസ്‌ക്കരണ കേന്ദ്രത്തിന്റെയും മാലിന്യക്കുഴലുകളുടെ രൂപത്തിലും പുഴശത്രുത വാസ്തവമായും ഭാവനയായും വന്നു. ഈ ജനവിരോധത്തിന്റെ മൂര്‍ത്തരൂപമാണ് കാതിക്കുടത്ത് കേരളം കാണുന്നത്. ജനപക്ഷവും ശത്രുപക്ഷവും ഏറ്റുമുട്ടുകയാണ്. പൊലീസിനെ ആയുധമണിയിച്ച് ഭരണകൂടം ജനപക്ഷത്തിനെതിരെ നിലകൊള്ളുന്നു. എന്‍ഡോസള്‍ഫാന്‍ ഭീകരത ആദ്യം തിരിച്ചറിഞ്ഞത് രാസപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുവാന്‍ […]

KATHIKUDAM

കുരീപ്പുഴ ശ്രീകുമാര്‍

ചാലക്കുടിപ്പുഴയെ അപമാനിക്കാനും നശിപ്പിക്കാനും പുഴയോരത്തെ പാവപ്പെട്ട ജനതയെ രോഗബാധിതരാക്കി ഉന്മൂലനം ചെയ്യാനും കഠിനപ്രയത്‌നങ്ങളാണ് കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. പല അണക്കെട്ടുകള്‍ നിര്‍മിച്ച് ജലമൂറ്റിയതുപോരാഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മരണവിധിയെഴുതാനും ശ്രമിച്ചു. ശ്രീശക്തി പേപ്പര്‍ മില്ലിന്റെയും പരിയാരം മാംസസംസ്‌ക്കരണ കേന്ദ്രത്തിന്റെയും മാലിന്യക്കുഴലുകളുടെ രൂപത്തിലും പുഴശത്രുത വാസ്തവമായും ഭാവനയായും വന്നു.
ഈ ജനവിരോധത്തിന്റെ മൂര്‍ത്തരൂപമാണ് കാതിക്കുടത്ത് കേരളം കാണുന്നത്. ജനപക്ഷവും ശത്രുപക്ഷവും ഏറ്റുമുട്ടുകയാണ്. പൊലീസിനെ ആയുധമണിയിച്ച് ഭരണകൂടം ജനപക്ഷത്തിനെതിരെ നിലകൊള്ളുന്നു.
എന്‍ഡോസള്‍ഫാന്‍ ഭീകരത ആദ്യം തിരിച്ചറിഞ്ഞത് രാസപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ലീലാകുമാരി അമ്മ ആയിരുന്നല്ലൊ. അതുപോലെ നിറ്റാജലാറ്റിന്‍ കമ്പനിയുടെ മാലിന്യക്കുഴലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്‍നിരയിലെത്തിയത് അവിടെത്തന്നെ ജോലിചെയ്തിരുന്ന കെ എം അനില്‍കുമാറാണ്.
കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ്, ഒരു ചാനലില്‍ കാതിക്കുടം സമരം സംബന്ധിച്ച് ഒരു പരിപാടിയുണ്ടായിരുന്നു. സമരസമിതി നേതാവു മാത്രമല്ല, കമ്പനിയുടെ പ്രതിനിധിയും പഞ്ചായത്ത് അധ്യക്ഷയും അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. ചാലക്കുടിപ്പുഴയില്‍ നിന്നെടുക്കുന്ന ശുദ്ധജലം ഫാക്ടറി ആവശ്യത്തിനുപയോഗിച്ചശേഷം രാസപ്രക്രിയയ്ക്ക് വിധേയമാക്കി പരിശുദ്ധ ജലമാക്കിയിട്ട്.
പുഴക്കു തിരിച്ചുകൊടുക്കുന്നു എന്നായിരുന്നു കമ്പനി പ്രതിനിധിയുടെ വാദം. കണ്ടിരുന്നവര്‍ക്ക്, സബര്‍മതി നദിയില്‍ നിന്നും ഒരു ചെറുപാത്രത്തില്‍ വെള്ളമെടുത്തിട്ട് ആവശ്യം കഴിഞ്ഞുള്ള വെള്ളം നദിയിലേയ്ക്കു തിരിച്ചൊഴിച്ച ഗാന്ധിയെയും മറ്റും ഓര്‍മ്മവരുമായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ എഴുന്നേറ്റ്, ശുദ്ധീകരിക്കപ്പെട്ട ജലം ഒരു ഗ്ലാസ് താങ്കള്‍ക്കു കുടിക്കാമോ എന്നു ചോദിച്ചു. കമ്പനി പ്രതിനിധിയുടെ പ്രതികരണം രസാവഹമായിരുന്നു. പുഴവെള്ളവും കമ്പനി, പുഴയിലൊഴുക്കുന്ന പരിശുദ്ധവെള്ളവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞു, അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ചര്‍ച്ച അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം വിജയിക്കുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.
ചാനലിലെ അലങ്കോല ശ്രമം പൊലീസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത്. പൊലീസ് വീടുകള്‍ കയറി ജനങ്ങളെ ആക്രമിച്ചു. സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും യുവകവിയുമായ കുഴൂര്‍ വിത്സനെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു. അതിജീവനത്തിനുവേണ്ടി നടത്തുന്ന സമരം അന്ത്യഘട്ടത്തിലെത്തുകയും ജനാധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്ത ദിവസമാണ് പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തല്‍ ഉണ്ടായത്. മര്‍ദ്ദനാനന്തരം സമരക്കാരെ പിടികൂടി തുറുങ്കിലടക്കുകയും ചെയ്തു.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത കേരളത്തിലെ കണ്ണും കാതും കരളുമുള്ളവരോട് സ്‌നേഹശ്രദ്ധ അഭ്യര്‍ഥിക്കുകയാണ്. നിരവധിപേര്‍ അര്‍ബുദം ബാധിച്ച് മരണത്തിലേയ്ക്കു സഞ്ചരിക്കുകയാണ് ചാലക്കുടിപ്പുഴയുടെ അവകാശികളായ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. ജനവിരുദ്ധ സ്ഥാപനത്തിനു കുടപിടിക്കുന്നതിനുപകരം ജനജീവിതത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുവാന്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്.
മോതിരക്കണ്ണിയിലെ ഒരു ലൈബ്രറി ഉദ്ഘാടനവേദിയില്‍വച്ച് ആദരണീയനായ നിയമസഭാംഗം ബി ഡി ദേവസ്സിയുടെ സാന്നിദ്ധ്യത്തില്‍, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, കാതിക്കുടം പ്രശ്‌നം ഉന്നയിച്ചതാണ്. ഗ്യാസ് പ്ലാന്റ് തകര്‍ന്ന് ജനങ്ങള്‍ക്ക് പരുക്കേല്‍ക്കുക വഴി നിറ്റാ ജലാറ്റിന്‍ കമ്പനിയുയര്‍ത്തുന്ന വലിയ അപകടങ്ങളെക്കുറിച്ച് സൂചന കിട്ടിയിരുന്നതുമാണ്.
ഒരു വ്യവസായശാലയും ജനജീവിതത്തിനു ഭീഷണിയാകരുത്. പുഴകള്‍ നമ്മളുണ്ടാക്കിയതല്ല. രക്തധമനിപോലെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് നല്‍കാനുള്ളതാണ്. ഈ ബോധമാണ് കേരളത്തിലെ അധികാരിവര്‍ഗത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. മനുഷ്യരാശി നേരിടുന്ന വലിയ അപായ സൂചനയാണ് കാതിക്കുടം തരുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കാതുള്ളവരേ കരളുള്ളവരേ കാതിക്കുടം വിളിക്കുന്നു

  1. സമുദ്രാതിര്‍ത്തിയിലും സുനാമിക്ക് ശേഷം പല ഗോസിപ്പുകളും പരത്തി കൊണ്ട് ചില ദുശക്തികള്‍(സര്‍ക്കാരത്തിന്റെ അനുമതിയോടെയാവാം)തീരങ്ങളില്‍ നിന്ന് പാവം ജനതയെ വര്‍ഗീയതയിലൂടെയും, ആട്ടിയോടിക്കലിലൂടെയും, ഒഴിഞ്ഞു പോകാനുള്ള ഉത്തരവിലൂടെയും പല വിധ അടവ് നയങ്ങളും നടത്തി വന്‍ ഫാക്ടറികളും,റിസോര്‍ട്ടുകളും ഉയര്‍ത്തി കൊണ്ടിരിക്കുന്നു.”മനുഷ്യന്‍ കടലിലേക്കും കടല്‍ കരയിലേക്കും”ലോകത്തിന്റെ അവസാനം നാം തന്നെ അടുപ്പിക്കുന്നു.

Leave a Reply