കാതിക്കുടം വിളിക്കുന്നു പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

ഇത് ഞങ്ങളുടെ അവസാന ഘട്ട സമരമാണ്. കാതിക്കുടം വിളിക്കുന്നു; അവസാനമായി. കേരളജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ചു പറയണം:- ഒരു നാടും ജനതയും പുഴയും വംശനാശത്തിന്റെ വക്കിലാണ്. മറ്റൊരു വഴി ഞങ്ങള്‍ക്കുമുന്നിലില്ല. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. കഴിഞ്ഞ അഞ്ചര വര്‍ഷമായി തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തില്‍ ജന/പ്രകൃതി ദ്രോഹമായി പ്രവര്‍ത്തിച്ചു വരുന്ന നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ തദ്ദേശവാസികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിരന്തര സമരത്തിലായിരുന്നു. കാടുകുറ്റി പഞ്ചായത്ത് കഴിഞ്ഞ 3 വര്‍ഷമായി കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് […]

Nitta Jaltin India limite Company(NGIL0 at kathikodam,koratty@ajilal
ഇത് ഞങ്ങളുടെ അവസാന ഘട്ട സമരമാണ്. കാതിക്കുടം വിളിക്കുന്നു; അവസാനമായി. കേരളജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ചു പറയണം:- ഒരു നാടും ജനതയും പുഴയും വംശനാശത്തിന്റെ വക്കിലാണ്. മറ്റൊരു വഴി ഞങ്ങള്‍ക്കുമുന്നിലില്ല. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
കഴിഞ്ഞ അഞ്ചര വര്‍ഷമായി തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തില്‍ ജന/പ്രകൃതി ദ്രോഹമായി പ്രവര്‍ത്തിച്ചു വരുന്ന നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ തദ്ദേശവാസികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിരന്തര സമരത്തിലായിരുന്നു. കാടുകുറ്റി പഞ്ചായത്ത് കഴിഞ്ഞ 3 വര്‍ഷമായി കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പരിരക്ഷയിലാണ് കമ്പനിയുടെ ജനദ്രോഹം നിര്‍ബാധം തുടരുന്നത്. (wpc8793/2011,wpc7322/2012) ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂണ്‍ 30ന് തീരുമെന്നറിയുന്നു.
സര്‍ക്കാര്‍ ഭൂമിയിലൂടെയും സ്വകാര്യഭൂമിയിലൂടെയും ഒന്നര കി.മീ. നീളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ കോണ്‍ക്രീറ്റ് കുഴലിലൂടെയാണ് കമ്പനി രാസവിഷ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് തള്ളുന്നത്. ഈ വിഷം കലക്കിയ വെള്ളമാണ് ഏഴു പുഴയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്നത്. ഔട്ട് ലെറ്റിന് സമീപം അര കി.മീ. ചുറ്റളവില്‍ മീന്‍ പിടുത്തക്കാര്‍ക്ക് എന്നും ചാകരയാണ്. കാതിക്കുടത്തിന്റെ ആകാശം ശ്വാസം മുട്ടിപ്പിക്കുന്നതും ദുര്‍ഗന്ധം നിറഞ്ഞതുമാണ്. ക്യാന്‍സര്‍ രോഗികളുടേയും ആസ്മ രോഗികളുടേയും കമ്മ്യൂണായി മാറിയിരിക്കുന്നു കാതിക്കുടവും സമീപ പ്രദേശങ്ങളും.
കമ്പനിയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ 30-40% പേര്‍ ഈ രോഗങ്ങളുടെ പിടിയിലാണ്. അവരുടെ ദുരിതങ്ങളിലും ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. എന്തുകൊണ്ടെന്നാല്‍ അവര്‍ ഞങ്ങളുടെ കൂടപ്പിറപ്പുകളാണ്.
കമ്പനി ഒരു ദിവസം, ഒരലക്ഷത്തി നാല്പ്പതിനായിരം ലിറ്റര്‍ ഹൈഡ്രോക്ലോറിക്ക് ആസിഡ്, 150 ടണ്‍ മൃഗ എല്ലുകള്‍, 2 കോടിലിറ്റര്‍ ജലം അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. ഏതാണ്ട് 160 പേര്‍ ജോലി ചെയ്യുന്നു.
ഇത്തരമൊരു അന്തരീക്ഷത്തിലാണ് 29.05.2013ല്‍ കമ്പനിയുടെ വിഷക്കുഴലിന്റെ ഔട്ട്‌ലെറ്റ് ഭാഗമായ ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ ചത്ത് പൊന്തിയത്. 30,31 ജൂണ്‍ 1 ആയപ്പോഴേക്കും കമ്പനിയുടെ താഴ് ഭാഗങ്ങളായ അന്നമനട, പൂവ്വത്തുശ്ശേരി, പാറക്കടവ്, മൂഴിക്കുളം, അയിരൂര്‍, കണക്കന്‍കടവ്, മാഞ്ഞാലി, പുത്തന്‍വേലിക്കര പ്രദേശങ്ങളിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്താന്‍ തുടങ്ങി. കണക്കന്‍ കടവിലെ ഷട്ടര്‍ കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതിരിയാണ്. ലക്ഷക്കണക്കിന് മീനുകളാണ് 4 ദിവസം കൊണ്ട് ചത്ത് പൊന്തിയത്. കേരളം കണ്ട ഏറ്റവും വലിയ മത്സ്യക്കുരുതി. തദ്ദേശവാസികള്‍ കണ്ടു ഞെട്ടി. കുടിവെള്ളം മുട്ടി. കുളിക്കാന്‍ പോലും പുഴയില്‍ ആരുമിറങ്ങാതെയായി.
കമ്പനിയും ജില്ലാ ഭരണകൂടങ്ങളും കൈകഴുകിനിന്നു. ജനംസമരരംഗത്തായി. ഒരു ഭരണകൂടവും കൂട്ടുനില്ക്കാതെ വന്നപ്പോള്‍ ഒരു നാടും ജനതയും അവസാനഘട്ട സമരത്തിനൊരുങ്ങുകയാണ്.
ഞങ്ങളുടെ ആവശ്യം ഇത്രമാത്രം.
1) ചാലക്കുടിപ്പുഴയിലേക്ക് പുറമ്പോക്കിലൂടെ സ്ഥാപിച്ച രാസവിഷ മാലിന്യക്കുഴല്‍ എടുത്തു മാറ്റുക.
2) ശ്വാസം മുട്ടിപ്പിക്കുന്ന ദുര്‍ഗന്ധം ഇല്ലാതാക്കി കാതിക്കുടത്തിന്റെ ആകാശം ശുദ്ധമാക്കുക.
3) മത്സ്യക്കുരുതിക്കെതിരെ, കുടിവെള്ളം മുട്ടിച്ചതിനെതിരെ കമ്പനിയുടെ മേല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുക.
4) പരിസ്ഥിതി ആഘാതം തിട്ടപ്പെടുത്തി കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുക.
5) ഒരു ജനതയുടെ ആരോഗ്യം വീണ്ടെടുക്കുക
അവസാനഘട്ടം സമരം ഇങ്ങനെ
അവസാനഘട്ട സമരത്തിന് നാലു ഘട്ടങ്ങളുണ്ട്.
1) ജൂണ്‍ 7 മുതല്‍ 14 വരെ അന്തിമ സമരത്തിനായി അന്തരീക്ഷമൊരുക്കുക
പത്ര സമ്മേളനങ്ങള്‍, ഗ്രാമങ്ങളെ കരിങ്കൊടി കെട്ടിയ ഗ്രാമങ്ങളാക്കി മാറ്റല്‍, വ്യത്യസ്ത മാധ്യമങ്ങളുടെ ഉപയോഗം, കത്തുകള്‍, ഇ മെയിലുകള്‍, പ്രാദേശിക സമിതികളുടെ രൂപീകരണം, ചാലക്കുടിയില്‍ സംസ്ഥാന തല സാംസ്‌ക്കാരിക ഐക്യദാര്‍ഢ്യ സമ്മേളനം. ‘കാതിക്കുടം വിളിക്കുന്നു’ ക്യാമ്പയിന്‍ നിയമസഭയില്‍ അടിയന്തിര പ്രമേയം, തിരുവനന്തപുരത്തേക്കൊരു സെലിഗേഷന്‍…
2) ജൂണ്‍ 15 മുതല്‍ 30 വരെ അനിശ്ചിതകാല നിരാഹാര സമരം ആയിരിക്കും
സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക-പാരിസ്ഥിതിക നായകരുടെ സാന്നിദ്ധ്യം, സര്‍ഗ്ഗാത്മക പരിപാടികള്‍, കാതിക്കുടം ബ്രാന്റ് തുണി സഞ്ചികള്‍, പേപ്പര്‍ ഭാഗുകള്‍,കൊട്ടകള്‍, സോപ്പ് ഉല്പന്നങ്ങള്‍, വിത്തുകള്‍, ഫലവൃക്ഷതൈകള്‍ എന്നിവയുടെ വിതരണം.
3.) ജൂണ്‍ 30 ഞായര്‍
അടുക്കള അടച്ചുപൂട്ടി വീട്ടിലിരിപ്പു സമരം. രാത്രി നിരാഹാര സമരം നിരുപാധികം പിന്‍വലിക്കുന്നു.
4) ജൂലൈ 1. തിങ്കള്‍
ജനങ്ങള്‍ ജനങ്ങളുടെ അധികാരം നടപ്പിലാക്കുന്നു. കമ്പനിയുടെ രാസ-വിഷ മാലിന്യക്കുഴല്‍ നീക്കം ചെയ്യുന്നു.
ജൂണ്‍ 30നുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. ആര്‍ക്കും ഇതില്‍ ഇടപെടാം. കേരള ജനത ഞങ്ങള്‍ക്കൊപ്പം നില്ക്കണം; മാധ്യമങ്ങളും. പക്ഷേ ഒന്നുണ്ട്;
ചര്‍ച്ചകള്‍ മോണിറ്ററിംഗ് കമ്മിറ്റി, വിദഗ്ദ്ധസമിതി, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണങ്ങള്‍, ഒത്തുതീര്‍പ്പുകരാറുകള്‍, തുടങ്ങിയവയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല.
എന്തുകൊണ്ടെന്നാല്‍, ഞങ്ങള്‍ എല്ലാവരാലും വഞ്ചിക്കപ്പെട്ട ജനതയാണ്. ഇനി വേണ്ടത് പ്രവര്‍ത്തി മാത്രം. അല്ലെങ്കില്‍ മരണം.
കെ.എം. അനില്‍കുമാര്‍, NGK Action Council, കാതിക്കൂടം, തൃശൂര്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply