കാടര്‍ കാടിന്റെ അവകാശികളായപ്പോള്‍

തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക്‌ വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്‌തിരിക്കുന്നു. വനാവകാശ നിയമ പ്രകാരമുള്ള അധികാരം എങ്ങനെ വിനിയോഗിക്കുന്നുവെന്നും വനസംരക്ഷണത്തിന്‌ അത്‌ എങ്ങനെ സഹായകമാകുന്നുവെന്നും വിശദമാക്കുന്നു മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറി സെന്തില്‍ / ഷഫീക്ക്‌ താമരശ്ശേരി വനാവകാശ നിയമത്തിന്റെ (2006) സാധ്യതകളെക്കുറിച്ച്‌ വ്യക്തതയില്ലാതിരുന്ന കാലം കടന്നുപോവുകയാണ്‌. തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക്‌ വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും […]

downloadതൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക്‌ വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്‌തിരിക്കുന്നു. വനാവകാശ നിയമ പ്രകാരമുള്ള അധികാരം എങ്ങനെ വിനിയോഗിക്കുന്നുവെന്നും വനസംരക്ഷണത്തിന്‌ അത്‌ എങ്ങനെ സഹായകമാകുന്നുവെന്നും വിശദമാക്കുന്നു മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറി സെന്തില്‍ / ഷഫീക്ക്‌ താമരശ്ശേരി

വനാവകാശ നിയമത്തിന്റെ (2006) സാധ്യതകളെക്കുറിച്ച്‌ വ്യക്തതയില്ലാതിരുന്ന കാലം കടന്നുപോവുകയാണ്‌. തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക്‌ വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്‌തിരിക്കുന്നു. സാമൂഹിക വനവിഭവ മേഖലയുടെ സംരക്ഷണവും പരിപാലനവും നിയമപരമായ അധികാരങ്ങളോടെ ആദിവാസികളുടെ മുന്‍കൈയില്‍ ആരംഭിച്ചിരിക്കുന്നു. വനാശ്രിത സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പങ്കാളിത്ത ഭരണപ്രക്രിയ നമ്മുടെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ വികസിതമാക്കുകയാണ്‌. വാഴച്ചാല്‍ മേഖലയിലെ മലക്കപ്പാറ ഊരുക്കൂട്ടം വനാവകാശ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കുകയാണ്‌ മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറിയായ സെന്തില്‍. വനാവകാശ നിയമത്തിന്റെ സാധ്യതകളെന്തെന്ന ആലോചനകള്‍ക്ക്‌ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായ ഉത്തരങ്ങള്‍ തരുന്നുണ്ട്‌.

വ്യക്തിപരമായ അവകാശങ്ങള്‍ക്കപ്പുറമുള്ള വനാവകാശ നിയമത്തിന്റെ സാധ്യതകളെ പൊതുസമൂഹത്തിന്‌ മുന്നില്‍ തുറന്നുകാണിക്കുന്നതിന്‌ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ്‌ വനാവകാശ നിയമവും സാമൂഹിക വനാവകാശവും സമ്പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിലേക്ക്‌ എത്തിയത്‌?
പരമ്പരാഗതമായി വലിയ തോതില്‍ കൃഷി ചെയ്യാത്ത വിഭാഗമാണ്‌ ഞങ്ങള്‍ കാടര്‍ ആദിവാസികള്‍. അതുകൊണ്ടുതന്നെ വ്യക്തിഗതമായ ഭൂമി ഞങ്ങള്‍ക്ക്‌ വളരെ കുറവാണുള്ളത്‌. പെരുമ്പാറ ഗിരിജന്‍ കോളനിയിലാണ്‌ ഞാന്‍ താമസിക്കുന്നത്‌. അവിടെ 67 കുടുംബങ്ങള്‍ക്ക്‌ ആകെ 6.3 ഹെക്‌ടര്‍ ഭൂമി മാത്രമാണ്‌ സ്വന്തം പേരിലുള്ളത്‌. എന്നാല്‍ പരമ്പരാഗതമായി തന്നെ വനമേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌ ഞങ്ങള്‍. അതുകൊണ്ട്‌ വനാവകാശ നിയമത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ത്തന്നെ വ്യക്തിപരമായ അവകാശം എന്നതിനേക്കാള്‍ വനമേഖലയുടെ മേല്‍ ഊരിന്‌ ലഭിക്കുന്ന അവകാശത്തെക്കുറിച്ച്‌ അറിയാനാണ്‌ ഞങ്ങള്‍ കൂടുതല്‍ താത്‌പര്യമെടുത്തത്‌. വനവിഭവങ്ങളെ ആശ്രയിച്ച്‌ ജീവിക്കുന്ന ആദിവാസി വിഭാഗമായതിനാല്‍ വിഭവങ്ങളുടെ മേലുള്ള അവകാശം ഞങ്ങള്‍ക്ക്‌ പ്രധാനമായിരുന്നു. കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ചും പുഴയില്‍ നിന്നും മീന്‍ പിടിച്ചുമാണ്‌ ഞങ്ങളില്‍ അധികം പേരും ഇപ്പോഴും ജീവിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ വിഭവങ്ങള്‍ യഥേഷ്‌ടം ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അധികാരം കിട്ടിയത്‌ ഞങ്ങളെ സംബന്ധിച്ച്‌ വലിയ കാര്യമാണ്‌. തലമുറകളായി ഞങ്ങള്‍ കാട്ടിനുള്ളില്‍ നിന്നും തേന്‍, തെള്ളി, ഏലം, ചീവയ്‌ക്ക, മഞ്ഞക്കൂവ എന്നിവ ശേഖരിക്കുകയും മീന്‍ പിടിക്കുകയും ചെയ്യുന്നുണ്ട്‌. വനാവകാശ നിയമം വന്നതോടെ അതിനെല്ലാം നിയമപരമായ പരിരക്ഷ കിട്ടിയിരിക്കുന്നു. ഞങ്ങളുടെ ഊരുക്കൂട്ടത്തിനാണ്‌ ഇപ്പോള്‍ ഈ വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം. പല കാരണങ്ങളാല്‍ പരമ്പരാഗതമായി താമസിച്ചിരുന്ന മേഖലകളില്‍ നിന്നും ഞങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌. കയ്യേറ്റക്കാര്‍ ഭൂമി തട്ടിയെടുത്തതും ഡാമുകള്‍ വന്നതുമെല്ലാം കാരണമായിട്ടുണ്ട്‌. ഞങ്ങളുടെ ഈ കോളനിക്കാര്‍ തന്നെ ഷോളയാര്‍ ഡാമിനടുത്തുള്ള ചണ്ടന്‍തോട്‌ എന്ന സ്ഥലത്താണ്‌ താമസിച്ചിരുന്നത്‌. ഷോളയാര്‍ അണക്കെട്ട്‌ വന്നതോടെയാണ്‌ 70 കളില്‍ ഞങ്ങളെ ഇവിടെ മലക്കപ്പാറയില്‍ പറിച്ചുനട്ടത്‌. വനാവകാശ നിയമ പ്രകാരമുള്ള രേഖകള്‍ കിട്ടിയതോടെ ഇനിയൊരിക്കലും ഞങ്ങളുടെ അനുമതിയില്ലാതെ കുടിയൊഴിപ്പിക്കല്‍ നടക്കില്ല. വനാവകാശ നിയമപ്രകാരമുള്ള എല്ലാ നടപടികളും ഞങ്ങളുടെ ഊരില്‍ പൂര്‍ത്തിയായിരിക്കുകയാണ്‌. ഊരുക്കൂട്ടത്തിന്‌ ഇപ്പോള്‍ സ്വന്തമായി സീലും, ലെറ്റര്‍പാഡും, അക്കൗണ്ടുമുണ്ട്‌.

ശേഖരിക്കുന്ന വനവിഭവങ്ങള്‍ നിങ്ങള്‍ എന്താണ്‌ ചെയ്യാറുണ്ടായിരുന്നത്‌? വിഭവങ്ങളുടെ മേല്‍ പൂര്‍ണ്ണമായ അവകാശം കിട്ടിയതോടെ എന്തെല്ലാം മാറ്റങ്ങളാണ്‌ വന്നിട്ടുള്ളത്‌?
ഞങ്ങള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ എടുക്കുന്നതിനായി പട്ടികവര്‍ഗ്ഗ സൊസൈറ്റി നിലവിലുണ്ടായിരുന്നു. ഷോളയാര്‍ പട്ടികവര്‍ഗ്ഗ സര്‍വ്വീസ്‌ സഹകരണ സംഘം എന്ന പേരിലുള്ള സൊസൈറ്റി ആദിവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ചതാണ്‌. വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെയുള്ള 13 കോളനികളുടെയും ചുമതല സൊസൈറ്റിക്കായിരുന്നു. എഴുപതുകളിലാണ്‌ സൊസൈറ്റിയും രൂപീകൃതമാകുന്നത്‌. അതിന്‌ മുമ്പ്‌ മാറ്റക്കട എന്ന സമ്പ്രദായത്തിലൂടെയായിരുന്നു ഞങ്ങള്‍ സാധനങ്ങള്‍ കൊടുത്തിരുന്നത്‌. ഞങ്ങള്‍ ശേഖരിക്കുന്ന മലഞ്ചരക്കുകള്‍ കച്ചവടക്കാര്‍ക്ക്‌ കൊടുക്കുകയും അവര്‍ അരി പോലെയുള്ള അവശ്യ സാധനങ്ങള്‍ പകരം തരുകയും ചെയ്യുന്നതായിരുന്നു മാറ്റക്കട സമ്പ്രദായം. മലഞ്ചരക്കുകളുടെ വിലയെക്കുറിച്ചൊന്നും അന്ന്‌ ഞങ്ങള്‍ക്ക്‌ ധാരണയുണ്ടായിരുന്നില്ല. സൊസൈറ്റി വന്നതോടെ മലഞ്ചരക്കുകള്‍ ഞങ്ങള്‍ അവിടെ കൊടുക്കാന്‍ തുടങ്ങി. അതോടെയാണ്‌ പണം കിട്ടിത്തുടങ്ങുന്നത്‌. പിന്നെ ബോണസും കിട്ടും. സൊസൈറ്റിയില്‍ ബോര്‍ഡ്‌ മെമ്പര്‍മാരായി ആദിവാസികളുണ്ടെങ്കിലും കൂടുതലും പുറത്ത്‌ നിന്നുള്ളവരാണുള്ളത്‌. അവരുടെ ശമ്പളവും സംവിധാനങ്ങളുമൊക്കെ സംരക്ഷിക്കുന്നതിനാണ്‌ കൂടുതല്‍ പണവും ചിലവഴിക്കുന്നത്‌. സൊസൈറ്റിയുടെ സെക്രട്ടറിയാണ്‌ കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്‌ സെക്രട്ടറി. ആദിവാസികളോട്‌ പരിഗണനയുള്ളവര്‍ സെക്രട്ടറി സ്ഥാനത്ത്‌ വന്നാല്‍ എന്തെങ്കിലും ഗുണമുണ്ടാകും. അല്ലെങ്കില്‍ സൊസൈറ്റികൊണ്ടും ആദിവാസികള്‍ക്ക്‌ ഗുണമുണ്ടാകില്ല. ബോര്‍ഡിലുള്ള ട്രൈബല്‍ മെമ്പര്‍ നന്നായി കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മുതലെടുക്കാറുണ്ട്‌. വനസംരക്ഷണ സമിതി വന്നതോടെയാണ്‌ കുറച്ച്‌ മാറ്റമുണ്ടായത്‌. നേരിട്ട്‌ തേന്‍ ഫോറസ്റ്റ്‌ ഡവലപ്‌മെന്റ്‌ ഏജന്‍സിക്ക്‌ കൊടുത്തുതുടങ്ങിയതോടെയാണ്‌ ഇതിന്റെ യഥാര്‍ത്ഥ വില ഞങ്ങള്‍ക്ക്‌ കിട്ടിത്തുടങ്ങിയത്‌. സൊസൈറ്റി പലപ്പോഴും ശരിയായ തുകയല്ല തന്നിരുന്നതെന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. വനാവകാശ നിയമം വന്നതോടെ സൊസൈറ്റിയുടെ ആവശ്യമില്ല. ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ വനവിഭവങ്ങള്‍ നേരിട്ട്‌ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനുള്ള അവകാശമുണ്ട്‌. ഇടനിലക്കാരുടെ ചൂഷണം അങ്ങനെ ഒഴിവാക്കാം. എന്തെങ്കിലും തരത്തിലുള്ള സംവിധാനങ്ങള്‍ അതിന്‌ ആവശ്യമാണെങ്കില്‍ ഊരുക്കൂട്ടത്തിന്‌ തീരുമാനമെടുത്ത്‌ അത്‌ നടപ്പിലാക്കാം.
മീനിന്റെ കാര്യത്തില്‍ ഞങ്ങള്‍ അത്‌ ചെയ്‌ത്‌ തുടങ്ങിയിട്ടുണ്ട്‌. വാഴച്ചാല്‍ മേഖലയിലുള്ള എല്ലാ ആദിവാസികളും പിടിച്ച മീന്‍ വില്‍ക്കുന്നതിനായി മലക്കപ്പാറയില്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരു മുറിയുണ്ടാക്കിയിട്ടുണ്ട്‌. രാവിലെ എല്ലാ മീനും ഇവിടെയെത്തും. ഞങ്ങള്‍ തന്നെ നേരിട്ട്‌ ഇവിടെ വച്ച്‌ വില്‍പ്പന നടത്തും. ഇക്കാര്യങ്ങള്‍ നോക്കിനടത്തുന്നതിനായി ഊരുക്കൂട്ടം തന്നെ ഒരു കമ്മറ്റിയുണ്ടാക്കിയിട്ടുണ്ട്‌. ബില്ലുമുണ്ട്‌. വനസംരക്ഷണ സമതിയുടെയും (വി.എസ്‌.എസ്‌) സഹായം ഇക്കാര്യത്തില്‍ തേടാം. അത്തരം ചിലകാര്യങ്ങള്‍ ഇനിയും മുന്നോട്ട്‌ പോകേണ്ടതുണ്ട്‌. അതെല്ലാം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഊരുക്കൂട്ടത്തെ ശക്തിപ്പെടുത്തുന്നതിനാണ്‌ ഇപ്പോള്‍ ഞങ്ങള്‍ ശ്രമിക്കുന്നത്‌. വനാവകാശ നിയമം വന്നതോടെ പഞ്ചായത്തിനെ പോലെതന്നെ ഭരണപരമായ അധികാരമുള്ള ഒന്നായി ഊരുക്കൂട്ടം മാറിയിരിക്കുകയാണ്‌. ആ അധികാരം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം.

സാമൂഹിക വനാവകാശ പ്രകാരം നിങ്ങള്‍ക്ക്‌ എത്രത്തോളം സ്ഥലത്ത്‌ അവകാശം ലഭിച്ചിട്ടുണ്ട്‌? ഊരിന്റെ പൊതുഭൂമികള്‍ എവിടെയെല്ലാമാണ്‌?
സാമൂഹിക വനാവകാശം ലഭിക്കണമെങ്കില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന സാമൂഹിക വനവിഭവ മേഖലയുടെ ഭൂപടം തയ്യാറാക്കണം. ഊരുക്കൂട്ടമാണ്‌ ഭൂപടം തയ്യാറാക്കുന്നതിനുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്‌. അവര്‍ തയ്യാറാക്കുന്ന ഭൂപടം ഊരുക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും വേണം. ശേഖരിക്കുന്ന വനവിഭവങ്ങളും അവ അതിനായി ഉപയോഗിക്കുന്ന മേഖലകളും ചേരുന്നതാണ്‌ സാമൂഹിക വനവിഭവ മേഖല. ഞങ്ങള്‍ക്ക്‌ ആ പ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിഞ്ഞു. ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായവും ഭൂപടം തയ്യാറാക്കുന്നതില്‍ ലഭിച്ചു. ജി.പി.എസ്‌ ഉള്‍പ്പെടെയുള്ള സംവിധാനത്തിന്റെ സഹായത്തോടെയാണ്‌ ഭൂപടം തയ്യാറാക്കിയത്‌. കൂടാതെ ഞങ്ങളുടെ ആളുകളുടെ പരമ്പരാഗത അറിവുകള്‍ക്കനുസരിച്ചും സ്ഥലങ്ങള്‍ അടയാളപ്പെടുത്തി. പരമ്പരാഗതമായി അവര്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന സ്ഥലങ്ങളും മീന്‍ പിടിക്കാന്‍ പോകുന്ന സ്ഥലങ്ങളും സാമൂഹിക വനവിഭവ മേഖലയില്‍ ഉള്‍പ്പെടുത്തി. അങ്ങനെ തയ്യാറാക്കിയ ഭൂപടം ജില്ലാതല മോണിറ്ററിംഗ്‌ കമ്മിറ്റി അംഗീകരിച്ച്‌ ഞങ്ങള്‍ക്ക്‌ സാമൂഹിക വനാവകാശം ലഭിച്ചിട്ടുണ്ട്‌.
വാഴച്ചാല്‍ ഫോറസ്റ്റ്‌ ഡിവിഷനില്‍ വരുന്ന മലക്കപ്പാറ ചെക്‌പോസ്റ്റ്‌ മുതല്‍ അതിരപ്പിള്ളിക്ക്‌ താഴെ കണ്ണന്‍കുഴി തോട്‌ വരെ വരുന്ന മേഖല ഞങ്ങള്‍ ഒമ്പത്‌ ഊരുകളുടെ സാമൂഹിക വനവിഭവ മേഖലയായി മാറി. കാടര്‍ ആദിവാസി ഊരുകളായ വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍ക്കുത്ത്‌, മുക്കംപുഴ, വാച്ചുമരം, ആനക്കയം, ഷോളയാര്‍, പെരുമ്പാറ തുടങ്ങിയവയും മലയ ആദിവാസി ഊരുകളായ വാച്ചുമരം (കനാലിന്‌ അക്കരെ), തവളക്കുഴിപ്പാറ എന്നിവയുടെയും പൊതു വനവിഭവ മേഖലായാണിത്‌. ഞങ്ങള്‍ കാടര്‍ ആദിവാസി സെറ്റില്‍മെന്റുകളെല്ലാം ഒരുമിച്ച്‌ ചേര്‍ന്ന്‌ തീരുമാനമെടുത്ത്‌ അംഗീകരിച്ച ശേഷമാണ്‌ സാമൂഹിക വനവിഭവ മേഖലയുടെ ഭൂപടം അന്തിമമായി തീരുമാനിച്ചത്‌. ഓരോ ഊരിന്റെ പൊതുഭൂമിക്കും അവരുടേതായ അതിരുകളുണ്ട്‌. ഞങ്ങള്‍ പെരുമ്പാറ കാടര്‍ കോളനിക്കാരുടെ ഊര്‌ഭൂമി വടക്ക്‌ തോട്ടപ്പുര മുതല്‍ തെക്ക്‌ ഇടമലയാര്‍ റിസര്‍വ്വ്‌ വരെയും കിഴക്ക്‌ മലക്കപ്പാറ മുതല്‍ പടിഞ്ഞാറ്‌ കരിമലഗോപുരം വരെയും വരും. ആ മേഖലയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അവകാശം ഇപ്പോള്‍ ഞങ്ങളുടെ ഊരിനാണ്‌. കാടും വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള അവകാശമാണിത്‌. വന്യജീവികളെ വേട്ടയാടുന്നതിനൊന്നും നിയമം അനുവദിക്കുന്നില്ല. ഇനി സാമൂഹിക വനവിഭ മേഖലയില്‍ എന്ത്‌ പദ്ധതി വരണമെങ്കിലും ഞങ്ങളുടെ ഊരുക്കൂട്ടത്തിന്റെ അനുമതി വേണ്ടിവരും.

വനംവകുപ്പിന്റെ ഭരണത്തില്‍ മാത്രമായിരുന്നല്ലോ ഇത്രയും കാലവും ഈ പ്രദേശങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഊരുകള്‍ക്ക്‌ കൂടി ഈ മേഖലയില്‍ അധികാരം ലഭിച്ചിരിക്കുന്നു. ആദിവാസി ഊരുകള്‍ക്ക്‌ അവരുടെ പരമ്പരാഗത വനമേഖലയില്‍ ലഭിച്ചിരിക്കുന്ന ഈ അവകാശത്തെ വനം വകുപ്പ്‌ എങ്ങനെയാണ്‌ കാണുന്നത്‌?
വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ പരമ്പരാഗതമായി അധിവസിക്കുന്ന വനമേഖലയില്‍ ഞങ്ങള്‍ക്കും ഭരണപരമായ മേല്‍നോട്ടം ലഭിച്ചിരിക്കുകയാണ്‌. വനം വകുപ്പിന്റെ അധികാരങ്ങള്‍ നഷ്‌ടമായി എന്നല്ല അതിനര്‍ത്ഥം. വനനിയമങ്ങളെല്ലാം ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്‌. ആ നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം വനം വകുപ്പിനാണ്‌. വനം സംരക്ഷിക്കുന്നതിന്‌ വനം വകുപ്പിനുള്ള അതേ അധികാരം ഊരുക്കൂട്ടങ്ങള്‍ക്കും ഇപ്പോളുണ്ട്‌. വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശങ്ങള്‍ ലഭിച്ച മേഖലയില്‍ ഞങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഭരണം നടത്തുന്നതിനാണ്‌ വനം വകുപ്പ്‌ ശ്രമിക്കേണ്ടത്‌. എന്നാല്‍ വനംവകുപ്പ്‌ ഇപ്പോഴും ഞങ്ങള്‍ക്കും അവകാശമുണ്ട്‌ എന്നത്‌ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പല ഉദ്യോഗസ്ഥര്‍ക്കും വനാവകാശ നിയമത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ല. വനം വകുപ്പിനും ട്രൈബല്‍ വകുപ്പിനും വനാവകാശ നിയമം നടപ്പിലാക്കുന്നതില്‍ തുല്യ ഉത്തരവാദിത്തമാണുള്ളത്‌. പക്ഷെ വനം വകുപ്പ്‌ ആ ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു. പിന്നെങ്ങനെയാണ്‌ ഞങ്ങളുടെ ഊരുകളുടെ പങ്കാളിത്തത്തോട്‌ കൂടി ഭരണം നടത്താന്‍ അവര്‍ തയ്യാറാകുന്നത്‌. വനാവകാശ നിയമവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നം അതാണ്‌. ഞങ്ങളുടെ സാമൂഹിക വനവിഭവ മേഖലയില്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ഊരുക്കൂട്ടത്തിന്റെ അനുമതി വേണമെന്നാണ്‌ നിയമം പറയുന്നത്‌. അത്രയ്‌ക്കും സുപ്രധാനമായ അധികാരമാണ്‌ ഊരുക്കൂട്ടത്തിനുള്ളത്‌. ഊരുകള്‍ക്ക്‌ അനുവദിച്ചുകിട്ടിയ സാമൂഹിക വനവിഭവ മേഖലയുടെ സംരക്ഷണം എങ്ങനെ വേണമെന്നുള്ള ഒരു പ്ലാന്‍ ഊരുക്കൂട്ടം തെരഞ്ഞെടുക്കുന്ന കമ്മിറ്റി തയ്യാറാക്കുകയും അത്‌ വനം വകുപ്പിന്റെ പ്രവര്‍ത്തന പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കുകയും വേണമെന്ന്‌ നിയമം പറയുന്നുണ്ട്‌. ഞങ്ങളുടെ ഊരുക്കൂട്ടം ഒരു സാമൂഹിക വനവിഭവ മേഖല കമ്മിറ്റിയുണ്ടാക്കി അത്തരത്തിലുള്ള ഒരു പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. വനം വകുപ്പിന്റെ സഹായം ലഭിക്കേണ്ട ഒരു ഘട്ടമാണിത്‌. എന്നിട്ടുപോലും അത്‌ കിട്ടുന്നില്ല. ആദിവാസികള്‍ സ്വയം പഠിച്ച്‌ നിയമം നടപ്പിലാക്കേണ്ട സ്ഥിതിയാണുള്ളത്‌. നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളൊന്നും അതിന്‌ ശ്രമിക്കുന്നതേയില്ല. വനാവകാശ നിയമം നടപ്പിലാക്കുന്നത്‌ വനം വകുപ്പിനും വലിയ ഉപകാരമാണ്‌. വന സംരക്ഷണ പ്രവര്‍ത്തനത്തിന്‌ ആദിവാസി ഊരുകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അതുവഴി സാധിക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടത്ര സ്റ്റാഫില്ല എന്ന്‌ വനം വകുപ്പ്‌ പരാതി പറയാറുണ്ട്‌. എന്നിട്ടും ഞങ്ങളുടെ സഹായം തേടാന്‍ അവര്‍ തയ്യാറല്ല.

വനാവകാശ നിയമം വന്നതിന്‌ ശേഷം നിങ്ങള്‍ക്ക്‌ ലഭിച്ച അവകാശങ്ങള്‍ അനുഭവിക്കുന്നത്‌ എന്തെങ്കിലും തടസ്സം നേരിട്ടിരുന്നോ?
വനം വകുപ്പ്‌ ഇനിയും നിയമം മനസ്സിലാക്കാത്തതിന്റെ പ്രശ്‌നങ്ങളുണ്ട്‌. സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിലെ ഏലം ഇപ്പോള്‍ ഞങ്ങളുടെ ഊരിന്റെ പൊതുഭൂമിയിലാണ്‌. അവിടെ നിന്നുള്ള ഏലം ഞങ്ങളാണ്‌ ഇപ്പോള്‍ എടുത്ത്‌ വില്‍ക്കുന്നത്‌. ഏലം ഉണക്കുന്നതിനായി തീ കൂട്ടുന്നതിനുള്ള ഉണങ്ങിയ വിറക്‌ ഞങ്ങള്‍ വനത്തിനുള്ളില്‍ നിന്നാണ്‌ ശേഖരിച്ചിരുന്നത്‌. എന്നാല്‍ വനത്തില്‍ നിന്നും വിറകെടുക്കാനുള്ള അനുമതി വനം വകുപ്പ്‌ ഒരിക്കല്‍ നിഷേധിച്ചു. വനാവകാശ നിയമപ്രകാരം അനുവദിച്ചുകിട്ടിയ പൊതുവനവിഭവ മേഖലയില്‍ നിന്നും വിറക്‌ ശേഖരിക്കുന്നതിനുള്ള അവകാശമുണ്ടെന്ന്‌ ഞങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്തിയ ശേഷമാണ്‌ അവര്‍ പിന്നീട്‌ അനുമതി നല്‍കിയത്‌. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ നിയമത്തെക്കുറിച്ച്‌ വനം വകുപ്പ്‌ ഇനിയും പഠിക്കാന്‍ ശ്രമിക്കണം. ഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള പരിപാടിയായി അവര്‍ ഇപ്പോഴും നിയമത്തെ കാണുന്നു എന്നത്‌ ദുഃഖകരമാണ്‌. ട്രൈബല്‍ വകുപ്പിനും അറിവില്ലായ്‌മയുണ്ട്‌. വ്യക്തിഗത അവകാശങ്ങളും സാമൂഹിക അവകാശങ്ങളും നിര്‍ണ്ണയിക്കുന്നതിനുള്ള കമ്മിറ്റികളെ ഊരുക്കൂട്ടം തെരഞ്ഞെടുക്കണമെന്നാണ്‌ നിയമം പറയുന്നത്‌. എന്നാല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഊരില്‍ നിന്നും കുറച്ചുപേരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കുകയായിരുന്നു. അത്‌ ശരിയായ രീതിയല്ല. നിയമപ്രകാരം ഗ്രാമസഭയ്‌ക്ക്‌ ലഭിച്ച അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയായിരുന്നു അത്‌. നിയമത്തെക്കുറിച്ച്‌ മനസ്സിലാക്കിയ ഉടന്‍ ഞങ്ങള്‍ അത്തരം കമ്മിറ്റികള്‍ പിരിച്ചുവിടുകയും ഊരുക്കൂട്ടം വിളിച്ചുചേര്‍ത്ത്‌ ജനാധിപത്യപരമായി കമ്മിറ്റി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥര്‍ ഗ്രാമസഭയുടെ മേല്‍ ഭരണം നടത്തരുത്‌ എന്നതാണ്‌ വനാവകാശ നിയമം പ്രധാനമായും പറയുന്ന കാര്യം. അതുപോലും ലംഘിക്കപ്പെടുന്നു.

സാമൂഹിക വനാവകാശം ലഭിച്ചതോടെ എന്തെല്ലാം അധികാരങ്ങള്‍ കിട്ടിയതായാണ്‌ നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നത്‌?
ഊരുക്കൂട്ടത്തിന്റെ അനുമതിയില്ലാതെ ഊരിന്റെ അവകാശ പരിധിയില്‍ വരുന്ന ഭൂമി സര്‍ക്കാറിന്‌ ഏറ്റെടുക്കാന്‍ കഴിയില്ല എന്നതുതന്നെയാണ്‌ പ്രധാന അധികാരം. മലഞ്ചരക്കുകള്‍ നേരിട്ട്‌ വില്‍ക്കുന്നതിനുള്ള അധികാരം ലഭിച്ചതും ഗുണമായി. മുമ്പ്‌ ട്രൈബല്‍ സൊസൈറ്റിക്കാണ്‌ മലഞ്ചരക്കുകള്‍ കൊടുത്തിരുന്നത്‌. സൊസൈറ്റിക്ക്‌ കൊടുക്കുമ്പോള്‍ ശരിയായ തുക ഞങ്ങള്‍ക്ക്‌ കിട്ടാറില്ല. വനാവകാശ നിയമം വന്നതോടെ സൊസൈറ്റി മലഞ്ചരക്കുകള്‍ ശേഖരിക്കുന്ന രീതി നിന്നു. എന്നാലും സൊസൈറ്റി പോലെയുള്ള ഒരു സംവിധാനം ഊരുക്കൂട്ടത്തിന്റെ മുന്‍കൈയില്‍ നിലനിര്‍ത്തണമെന്നുണ്ട്‌. അതിരപ്പിള്ളി പദ്ധതി ഇനി വരണമെങ്കില്‍ ഞങ്ങളുടെ ഊരുക്കൂട്ടത്തിന്റെ അനുമതി വേണമെന്നത്‌ പ്രധാനകാര്യമാണ്‌. ആദിവാസി സമൂഹത്തെ കുടിയിറക്കുന്ന അത്തരം പദ്ധതികളെയെല്ലാം തടയാന്‍ കഴിയും. ഷോളയാര്‍ ഡാമില്‍ നിന്നും ഇടമലയാര്‍ ഡാമിലേക്ക്‌ കെ.എസ്‌.ഇ.ബി ഒരു കനാല്‍ നിര്‍മ്മിക്കുന്നുണ്ട്‌. വനാവകാശ നിയമം വരുന്നതിന്‌ മുമ്പ്‌ അതിന്‌ അനുമതി കിട്ടിയിരുന്നു. വേഴാമ്പല്‍ കൂടുകൂട്ടുന്ന മരങ്ങളുള്ള പ്രദേശമാണത്‌. സമ്പന്നമായ മഴക്കാടായിരുന്നിട്ടും മരം മുറിച്ച്‌ കനാല്‍ നിര്‍മ്മിക്കുന്നതിന്‌ വനം വകുപ്പ്‌ അനുമതിയും കൊടുത്തു. വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശം കിട്ടിയ ഊരുഭൂമിയിലാണ്‌ ഇപ്പോള്‍ ആ പ്രദേശം. വനാവകാശ നിയമ പ്രകാരമുള്ള അധികാരം ഉപയോഗിച്ച്‌ പദ്ധതി തടയുമെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. ഷോളയാര്‍ കോളനിയിലുള്ള ആദിവാസികളെ പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കാന്‍ നീക്കമുണ്ട്‌. അത്‌ ഞങ്ങള്‍ അനുവദിക്കില്ല. അവിടെ നിന്നും ഒഴിയേണ്ടതില്ലെന്ന്‌ ഷോളയാര്‍ ഊരുക്കൂട്ടം തീരുമാനമെടുത്തിട്ടുണ്ട്‌. അതുപ്രകാരം ഉദ്യോഗസ്ഥര്‍ക്ക്‌ പരാതിയും നല്‍കിയിട്ടുണ്ട്‌.

ഊരുക്കൂട്ടത്തിന്റെ അധികാരം വിനിയോഗിക്കാന്‍ കഴിഞ്ഞതിന്റെ എന്തെങ്കിലും ഉദാഹരണങ്ങള്‍ പങ്കുവയ്‌ക്കാമോ?
പറയാം. മത്സ്യബന്ധന മേഖലയിലാണ്‌ ഫലപ്രദമായ ഒരു ഇടപെടല്‍ ഞങ്ങള്‍ക്ക്‌ നടത്താന്‍ കഴിഞ്ഞത്‌. നേരത്തെ പറഞ്ഞല്ലോ, മീന്‍പിടുത്തമാണ്‌ കാടരുടെ പരമ്പരാഗതമായ ഒരു ഉപജീവനമാര്‍ഗ്ഗം. ചാലക്കുടിപ്പുഴയുടെ തീരങ്ങളിലാണ്‌ വര്‍ഷങ്ങളായി ഞങ്ങള്‍ ജീവിക്കുന്നത്‌. ഈ പുഴയില്‍ മീന്‍ ധാരളം ലഭിക്കുന്നതുകൊണ്ട്‌ ഒരു പഞ്ഞവുമുണ്ടായിട്ടില്ല. അങ്ങനെയിരിക്കെ ഒരു പത്ത്‌ വര്‍ഷം മുമ്പ്‌ മീനിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായി. പുറത്ത്‌ നിന്നുള്ളവര്‍ ഇവിടെ വന്ന്‌ തോട്ടപൊട്ടിച്ച്‌ വലിയ തോതില്‍ മീന്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണ്‌ മീന്‍ കുറഞ്ഞത്‌. പൂവാലിപരല്‍ പോലുള്ള പല മീനുകളെയും കാണാതായി. രാത്രിയില്‍ തോട്ടപൊട്ടുന്ന ഒച്ച ഞങ്ങള്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ പലതവണ പരാതിപറഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. വനസംരക്ഷണ സമിതി വഴി പുറത്ത്‌ നിന്നുള്ളവര്‍ പുഴയില്‍ വച്ചിരുന്ന വലിയ വലകളൊക്കെ ഞങ്ങള്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ വനാവകാശ നിയമപ്രകാരം അധികാരം കിട്ടിയതോടെയാണ്‌ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞത്‌.
പുറത്ത്‌ നിന്നുള്ളവര്‍ ഞങ്ങളുടെ സ്ഥലത്ത്‌ ഒരു രീതിയിലും മീന്‍ പിടിക്കാന്‍ പാടില്ല എന്ന ഒരു പ്രമേയം ഊരുക്കൂട്ടം പാസാക്കി. അത്‌ പോലീസ്‌ സ്റ്റേഷനില്‍ കൊടുക്കുകയും ഊരുക്കൂട്ടത്തിന്റെ തീരുമാനത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പിടിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. നിയമപരമായ അധികാരത്തോടെ തന്നെ ആവശ്യപ്പെട്ടപ്പോള്‍ പോലീസ്‌ സഹകരിക്കുകയും ചെയ്‌തു. തോട്ടപൊട്ടിക്കലും വലയിടലുമെല്ലാം ഇപ്പോള്‍ നിന്നു. മീനിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടുമുണ്ട്‌. മത്സ്യസമ്പത്ത്‌ സംരക്ഷിക്കുന്നതിനായി മറ്റൊരു തീരുമാനവും ഊരുക്കൂട്ടം കൂടി ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്‌. ട്രോളിംഗ്‌ നിരോധനം പോലെ മത്സ്യങ്ങള്‍ പ്രജനനം നടത്തുന്ന ജൂണ്‍ മാസത്തില്‍ ഞങ്ങളുടെ ഊരിന്റെ സാമൂഹിക വനമേഖലയില്‍ ഞങ്ങള്‍ മീന്‍ പിടുത്തം നിരോധിച്ചു. തീരുമാനം ഊരിന്റെ മിനുട്ട്‌സില്‍ രേഖപ്പെടുത്തി. ഞങ്ങളുടെ ആളുകളുടെ നല്ല സഹകരണമുണ്ടായി. മീന്‍ കുറഞ്ഞാലുണ്ടാകുന്ന ദോഷം അവര്‍ക്ക്‌ നന്നായറിയാം. എന്നാലും കുറച്ചുപേര്‍ മീന്‍ പിടിക്കാന്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞ്‌ ഡി.എഫ്‌.ഒയ്‌ക്ക്‌ പരാതി നല്‍കുകയുണ്ടായി. നിങ്ങളുടെ ഊരുക്കൂട്ടത്തിന്റെ തീരുമാനമാണത്‌, എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവിടെ തന്നെ പരിഹരിക്കപ്പെടണം എന്നാണ്‌ ഡി.എഫ്‌.ഒ മറുപടി നല്‍കിയത്‌. ഊരുക്കൂട്ടത്തിന്റെ അധികാരത്തിന്‌ ലഭിച്ച ഒരു അംഗീകാരമായിരുന്നു അത്‌. ഇത്തവണ മണ്‍സൂണ്‍ കഴിഞ്ഞപ്പോള്‍ പുഴയില്‍ നിറയെ മീനുണ്ടായിരുന്നു.
ആദിവാസികള്‍ക്ക്‌ വനാവകാശം നല്‍കിയാല്‍ അവര്‍ കാട്‌ വെട്ടിനശിപ്പിക്കുമെന്ന്‌ പറയുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി കാണേണ്ടതുണ്ട്‌. കാടും പുഴയുമെല്ലാം നിലനില്‍ക്കണമെന്ന ബോധം ഞങ്ങള്‍ക്കിടയില്‍ കൂടിക്കൂടി വരുന്നുണ്ട്‌. പണ്ട്‌ പലരും കാട്‌ നശിപ്പിക്കുന്ന തരത്തിലുള്ള പല പരിപാടികള്‍ക്കും ഞങ്ങളെ ഉപയോഗിച്ചിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കേ തടിവെട്ടാനും വേട്ടയാടാനുമെല്ലാം കാടരെ കൂടെക്കൂട്ടിയിട്ടുണ്ട്‌. ഇന്ന്‌ ഊരുകളിലുള്ളവര്‍ അത്തരം ഇടപാടുകള്‍ക്കൊന്നും കൂട്ടുനില്‍ക്കുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.

അമിത മദ്യപാനത്തിന്റെ പ്രശ്‌നം ഇവിടെ രൂക്ഷമായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. അത്‌ കുറയ്‌ക്കാന്‍ കഴിയുന്നതരത്തിലുള്ള ഇടപെടലുകള്‍ ഊരുക്കൂട്ടത്തിന്‌ നടത്താന്‍ കഴിയില്ലേ?
മദ്യപാനം ഞങ്ങളുടെ ആളുകളെ ഒരുപാട്‌ നശിപ്പിച്ചിട്ടുണ്ട്‌. പല പ്രവര്‍ത്തനങ്ങളിലൂടെയും മദ്യപാനം പരമാവധി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. തമിഴ്‌നാടിന്റെ ബിവറേജസ്‌ ഔട്ട്‌ലെറ്റ്‌ ഏഴ്‌ കിലോമീറ്റര്‍ അപ്പുറമുണ്ട്‌. അവിടെ നിന്നാണ്‌ മദ്യം കോളനികളിലേക്ക്‌ വരുന്നത്‌. വ്യാജാരിഷ്‌ടം എന്നൊരു പരിപാടി നേരത്തെ മലക്കപ്പാറയിലുണ്ടായിരുന്നു. കോട കലക്കി അതില്‍ പൊകല പിഴിഞ്ഞൊഴിക്കും. എന്നിട്ട്‌ ഹരിതാരിഷ്‌ടം എന്ന പേരില്‍ വില്‍ക്കും. ഒരുപാട്‌ പേരെ രോഗികളാക്കിയ സാധനമാണത്‌. അത്‌ പൂര്‍ണ്ണമായും നിര്‍ത്താന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞു. ഊരുക്കൂട്ടത്തിന്റെ തീരുമാനത്തോടെ വനാവകാശ നിയമപ്രകാരം മദ്യത്തിന്റെ കാര്യത്തിലും നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ഞങ്ങള്‍.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ (എ.കെ.എസ്‌) പ്രവര്‍ത്തകന്‍ കൂടിയാണല്ലോ താങ്കള്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആദിവാസി സംഘടനകള്‍, പ്രത്യേകിച്ച്‌ എ.കെ.എസ്‌ വനാവകാശ നിയമത്തിന്റെ കാര്യത്തില്‍ നിലപാടെടുത്തിട്ടുണ്ടോ?
ഞാന്‍ എ.കെ.എസ്സിന്റെ ചാലക്കുടി ഏരിയ പ്രസിഡന്റാണ്‌. എ.കെ.എസ്സിന്‌ വനാവകാശ നിയമത്തിന്റെ കാര്യത്തില്‍ നിലപാടില്ല എന്നതാണ്‌ ദുഃഖകരം. എ.കെ.എസ്സിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനം കാസര്‍ഗോഡ്‌ വച്ച്‌ നടന്നപ്പോള്‍ ഞാനും പോയിരുന്നു. ആ സമ്മേളനത്തില്‍ സാമൂഹിക വനാവകാശ നിയമം ഒരു ചര്‍ച്ചയായി വന്നതേയില്ല. പ്രത്യേകിച്ച്‌ ഊരുക്കൂട്ടങ്ങള്‍ക്ക്‌ ലഭിക്കുന്ന സാമൂഹിക അവകാശത്തെക്കുറിച്ച്‌ അവിടെ ആരും സംസാരിച്ചില്ല. വ്യക്തിഗതമായി ഭൂമി പതിച്ചുകിട്ടുന്നതിനുള്ള ഒരു നിയമമായി മാത്രമാണ്‌ എ.കെ.എസ്സും വനാവകാശ നിയമത്തെ കാണുന്നത്‌. അതുപ്രകാരം അവര്‍ പല സ്ഥലത്തും വനഭൂമിയില്‍ അവകാശം ഉന്നയിക്കുകയും നിരവധി പേര്‍ക്ക്‌ ഭൂമി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. വയനാട്ടിലെല്ലാം എ.കെ.എസ്സ്‌ ആ രീതിയിലാണ്‌ സമരം ചെയ്യുന്നത്‌. അതില്‍ തെറ്റുപറയാന്‍ പറ്റില്ല. വ്യക്തിഗതമായ അവകാശം ലഭിക്കുക എന്നത്‌ പല സ്ഥലത്തും ആദിവാസികളെ സംബന്ധിച്ച്‌ പ്രധാനമാണ്‌. എന്നാല്‍ ഊരുക്കൂട്ടത്തിനുള്ള സാമൂഹിക അവകാശങ്ങള്‍ ലഭിക്കുന്നതിനായി ശ്രമിക്കാവുന്ന ഒരുപാട്‌ മേഖലകളുണ്ട്‌. ഊരുക്കൂട്ടത്തിന്‌ അതിന്റെ പരമ്പരാഗത ഭൂമിയില്‍ സാമൂഹിക അവകാശം ലഭിച്ചിരുന്നെങ്കില്‍ കാറ്റാടി കമ്പനിയൊന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കില്ലായിരുന്നു. എ.കെ.എസ്സിന്റെ ഉള്ളില്‍ അത്തരം ചര്‍ച്ചകള്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്‌.

കേരളീയം 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply