കാഞ്ച ഐലയ്യയുടെ ബഹുജന്‍ ലഫ്റ്റ് ഫ്രണ്ട് രാഷ്ട്രീയത്തെ കുറിച്ച്

ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അംബദ്കറൈറ്റുകളില്‍ പ്രമുഖനാണ് കാഞ്ച ഐലയ്യ. എന്തുകൊണ്ട് താന്‍ ഹിന്ദുവല്ല എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം സംഘപരിവാറിന് എന്നും തലവേദനയാണ്. സംഘപരിവാറിനെതിരെയാണ് സൈദ്ധാന്തികാന്വേഷണങ്ങളുടെ മുഖ്യകുന്തമുനയെങ്കിലും കമ്യൂണിസ്റ്റ് – കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങളേയും എന്നുമദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മനുവാദികള്‍ എന്നു തന്നെയാണ് ഇരുകൂട്ടരേയും അദ്ദേഹം വിമര്‍ശിച്ചിട്ടുളളത്. മറുവശത്ത് വളരെയധികം സംവാദങ്ങള്‍ക്കു കാരണമായ പ്രസ്ഥാവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ദളിതര്‍ പ്രാധാന്യം കൊടുക്കേണ്ടത് ഭൂമിക്കല്ല എന്നും ഇംഗ്ലീഷിനും ഉന്നതവിദ്യാഭ്യാസത്തിനും ഉയര്‍ന്ന തൊഴിലുകള്‍ക്കും വാണിജ്യ – വ്യവസായിക സംരംഭങ്ങള്‍ക്കുമാണെന്നും ആഗോളവല്‍ക്കരണത്തെ ദളിതര്‍ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം […]

kk

ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അംബദ്കറൈറ്റുകളില്‍ പ്രമുഖനാണ് കാഞ്ച ഐലയ്യ. എന്തുകൊണ്ട് താന്‍ ഹിന്ദുവല്ല എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം സംഘപരിവാറിന് എന്നും തലവേദനയാണ്. സംഘപരിവാറിനെതിരെയാണ് സൈദ്ധാന്തികാന്വേഷണങ്ങളുടെ മുഖ്യകുന്തമുനയെങ്കിലും കമ്യൂണിസ്റ്റ് – കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങളേയും എന്നുമദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മനുവാദികള്‍ എന്നു തന്നെയാണ് ഇരുകൂട്ടരേയും അദ്ദേഹം വിമര്‍ശിച്ചിട്ടുളളത്. മറുവശത്ത് വളരെയധികം സംവാദങ്ങള്‍ക്കു കാരണമായ പ്രസ്ഥാവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ദളിതര്‍ പ്രാധാന്യം കൊടുക്കേണ്ടത് ഭൂമിക്കല്ല എന്നും ഇംഗ്ലീഷിനും ഉന്നതവിദ്യാഭ്യാസത്തിനും ഉയര്‍ന്ന തൊഴിലുകള്‍ക്കും വാണിജ്യ – വ്യവസായിക സംരംഭങ്ങള്‍ക്കുമാണെന്നും ആഗോളവല്‍ക്കരണത്തെ ദളിതര്‍ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

സൈദ്ധാന്തികമേഖലയിലാണ് കാഞ്ച ഐലയ്യ കേന്ദ്രീകരിച്ചിരിക്കുന്നതും അടുത്തയിടെ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. പേരുസൂചിപ്പിക്കുന്നതുപോലെ ദളിതരും ഇടതുപക്ഷവും തമ്മിലുള്ള ഐക്യമാണ് ഉദ്ദേശിക്കുന്നത്. അഥവാ അംബേദ്കറൈറ്റുകളും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ഐക്യം. സിപിഎം ഹൈദരാബാദ് കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനയോഗത്തില്‍ ഐലയ്യ പങ്കെടുത്തിരുന്നു. അതിനുശേഷം ഇത്തരമൊരു രാഷ്ട്രീയ നിലപാട് കൂടുതല്‍ കരുത്തോടെ തന്നെ അദ്ദേഹം ഉന്നയിക്കുന്നു. മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുകയും പാര്‍ലമെന്റില്‍ കാര്യപ്പെട്ട സാന്നിധ്യവുമുണ്ടായിരുന്ന സി.പി.ഐ.എം ആശയതലത്തില്‍ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെങ്കില്‍ ദല്‍ഹിയില്‍ അധികാരത്തിലേക്കെത്താന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നു അദ്ദേഹം പറയുന്നു. എന്നാല്‍ അദ്ദഹം ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാന്‍ സിപിഎം തയ്യാറാകുമോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. പാര്‍ലമെന്റേതര പോരാട്ടം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് അവരുടെ ഇപ്പോഴുമുള്ള പ്രശ്‌നം. പാര്‍ലമെന്ററി മാര്‍ഗ്ഗം അടവുനയമാണെന്നും എന്നാല്‍ വിപ്ലവമാര്‍ഗ്ഗം പ്രത്യയ ശാസ്ത്രപരമായ തന്ത്രമാണെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണവര്‍, ഈയൊരു ഒഴിവിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും ദല്‍ഹി ഭരിക്കുന്നത് എന്നാണ് കാഞ്ച ഐലയ്യ പറയുന്നത്. ‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ദല്‍ഹിയില്‍ അധികാരത്തിലെത്തുകയെന്ന തരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ നിലപാട് മാറ്റുകയാണെങ്കില്‍-നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സായുധ വിപ്ലവം ഉപേക്ഷിച്ച് അധികാരത്തിലെത്തിയ പോലെ- അതു തന്നെ ജനാധിപത്യത്തെ മാറ്റത്തിനുള്ള മാര്‍ഗമായി കണ്ട അംബേദ്ക്കറുടെ ആശയത്തെ സ്വീകരിക്കലായിരിക്കും. മാര്‍ക്സിയന്‍ വെല്‍ഫെയറിസവുമായി അംബേദ്ക്കറൈറ്റ് സോഷ്യോ-ഇക്കണോമിക് പരിഷ്‌ക്കാരങ്ങള്‍ സംയോജിപ്പിച്ചാല്‍ തന്നെ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. സായുധ വിപ്ലവം ഉപേക്ഷിച്ച് സമയാധിഷ്ഠിതമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഊന്നിയ വാഗ്ദന പത്രികകള്‍ മുന്നോട്ടുവെച്ച് വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തുകയെന്നതാണ് അംബേദ്ക്കറിസത്തിന്റെ പ്രധാന ആശയങ്ങള്‍.’ അതായത് ഈ ജനാധിപത്യം ബൂര്‍ഷ്വാസിയുടെ ഭരണഘടനാരൂപമാണെന്നും അതു തകര്‍ക്കപ്പെടേണ്ടതാണെന്നും ആ ലക്ഷ്യത്തിന്റെ ഭാഗമായിതന്നെയാണ് അടവുപരമായി ഇതിലിടപെടുന്നതെന്നും പാര്‍ലിമെന്ററിയും പാര്‍ലിമെന്റേതിരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമൊക്കെയുളള പാര്‍ട്ടി നിലപാടിനെ തള്ളി, യഥാര്‍ത്ഥ ജനാധിപത്യപാര്‍ട്ടിയാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതല്ലാത്തതാണ് പാര്‍ട്ടി വളരാത്തതിനു കാരണമെന്നും ഐലയ്യ പറയുന്നു. ഈ അഭിപ്രായത്തെ എങ്ങെയാണ് സിപിഎം സ്വീകരിക്കുക എന്നത് കൗതുകകരമാണ്.

ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിലും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയിലുമാണ് കാഞ്ച ഐലയ്യ യുടെ പ്രതീക്ഷ. അദ്ദേഹം പറയുന്നു. ‘ഭാവിയുടെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റുകളും അംബേദ്ക്കറൈറ്റുകളും ചേര്‍ന്നുള്ള കൂട്ടായ്മയായ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് (ബി.എല്‍.എഫ്) ആയിരിക്കുമെന്ന് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവായ സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി പറഞ്ഞിരിക്കുകയാണ്. നിരവധി അംബേദ്ക്കറൈറ്റ്-ഫൂലൈറ്റ്- എസ്.എസി-എസ്.ടി-ഒ.ബി.സി പാര്‍ട്ടികളുമായി ചേര്‍ന്ന് തെലങ്കാന സി.പി.ഐ.എം ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സഖ്യം രൂപീകരിച്ചിരിക്കുകയാണ്. ഈ പാര്‍ട്ടികള്‍ മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ, അംബേദ്ക്കര്‍, കാറല്‍ മാര്‍ക്‌സ് എന്നിവരെ ഒന്നിച്ചൊരു ബാനറില്‍ നിരത്തിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്സിന്റെയും അംബേദ്ക്കറുടെയും ഡെമോക്രസി-വെല്‍ഫെയറിസം സിദ്ധാന്തങ്ങളുടെ പരീക്ഷണമാണ്. മാര്‍ക്സും അംബേദ്ക്കറും തമ്മിലുള്ള ആശയപര ബന്ധത്തിലേക്ക് യെച്ചൂരി കടന്നിട്ടില്ലെങ്കിലും ഈ പരീക്ഷണത്തെ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാവുന്ന പോസിറ്റീവായ തുടക്കമായാണ് പാര്‍ട്ടി കാണുന്നത്. കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയെ കാസ്റ്റ്-ക്ലാസ് സൊസൈറ്റിയെന്ന് അംംഗീകരിക്കുന്നു എന്നുകൂടി അര്‍ത്ഥം ഇതിനുണ്ട്. ക്രമേണയുള്ള ഡെമോക്രാറ്റിക് വെല്‍ഫെയറിസത്തിലൂടെ ജാതീയവും വര്‍ഗ്ഗപരവുമായ അടിച്ചമര്‍ത്തലും ചൂഷണവും അവസാനിപ്പിക്കാനാകും. പുതിയ സിദ്ധാന്തത്തിലൂടെയും പ്രയോഗത്തിലൂടെയും ജാതി ഉന്മൂലനം ചെയ്യാനും വര്‍ഗവിവേചനം അവസാനിപ്പിക്കുന്നതിനുമുള്ള സാധ്യത കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്.’ ബിഎസ്പി പരീക്ഷണത്തെ പ്രകീര്‍ത്തക്കുമ്പോഴും അതിലെ ദൗര്‍്ബല്യത്തേയും അദ്ദേഹം ചൂണ്ടികാട്ടുന്നു. ‘ഇന്ത്യയിലെ ജാതിയും ആഗോളതലത്തില്‍ ശുദ്ധസോഷ്യലിസവും വര്‍ഗവിപ്ലവവും ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍. അംബേദ്കറൈറ്റ് സിദ്ധാന്തത്തില്‍ ഉറച്ച് ജാതികേന്ദ്രീകൃതമായ വഴിയിലൂടെ യു.പിയില്‍ ബി.എസ്.പി വിജയിച്ചത് പ്രധാനമാണ്. എന്നാല്‍ പ്രാവര്‍ത്തിക തലത്തില്‍ മൗലികമായ പരീക്ഷണമല്ലാതായിത്തീരുന്നു. ആ പരീക്ഷണത്തില്‍ സൈദ്ധാന്തികമായ ഒരു കാര്‍ക്കശ്യം ഉണ്ടായിരുന്നില്ല. ക്ഷേമജനാധിപത്യം ആഗോളതലത്തിലുള്ള പരീക്ഷണമാണെന്ന് കണക്കിലെടുക്കുമ്പോള്‍ ജനാധിപത്യപരമായ പരിവര്‍ത്തനങ്ങള്‍ ശുദ്ധ അംബേദ്ക്കറിസത്തില്‍ മാത്രം അടിസ്ഥാനമാക്കി നേടിയെടുക്കാനാവില്ല. അതീവഗൗരമായി അംബേദ്ക്കറൈറ്റ് ചിന്തകളെ മനസിലാക്കുകയാണെങ്കില്‍ ആഗോളതലത്തിലും പ്രാദേശികമായും കാര്യങ്ങളെ കൂട്ടിയിണക്കാന്‍ കമ്മ്യൂണിസ്റ്റുകളാണ് കൂടുതല്‍ മെച്ചപ്പെട്ടത്. തെലങ്കാനയില്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് നിലവില്‍ വന്നത് രാഷ്ട്രീയപരവും ആശയപരവുമായ സംവാദം വഴി ഈയൊരു വലിയ ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടിയാണ്. കമ്മ്യൂണിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും ആവരണം പൊട്ടിച്ച് പുറത്തെത്തിക്കുന്നതിന് വേണ്ടിയാണ്. ക്ഷേമജനാധിപത്യത്തിന് ആഴം കൂട്ടുക എന്ന ലക്ഷ്യം വെച്ച് സാമൂഹികനീതി എന്ന അജണ്ട പരിവര്‍ത്തനം ചെയ്യാനും അധികാരം പിടിക്കുന്നതിന് വേണ്ടി മാര്‍ക്സിസ്റ്റുകളും അംബേദ്ക്കറൈറ്റുകളും സംവാദം ആരംഭിച്ചിട്ടുണ്ട്. ഇത് സ്‌കൂള്‍, കോളേജ്, സര്‍വകലാശാല വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി ചെറുപ്പത്തില്‍ മുതല്‍ വര്‍ഗ-ചൂഷക ബന്ധങ്ങളും ജാതിഉന്മൂലന സിദ്ധാന്തവും കുട്ടികളിലെത്തിക്കാനുള്ള പരിപാടിയുടെ ഭാഗമാണ്. ഇത് മതത്തിനപ്പുറത്തേക്ക് മതേതരത്വത്തെ സംബന്ധിച്ചുള്ള സംവാദം മുന്നോട്ട് കൊണ്ടു പോകുന്നതിനും ജാതി, വര്‍ഗം, മതം, വംശം, എന്നിവയെ കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ്. ജാതീയപരവും വര്‍ഗപരവും ലിംഗപരവുമായ വിവേചനങ്ങളെ കൈകാര്യം ചെയ്യുന്നതിന് മാര്‍ക്സും അംബേദ്ക്കറും നിരവധി തിയററ്റിക്കല്‍ ടൂളുകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ഒരാളെ മറ്റൊരാളുടെ വെളിച്ചത്തില്‍ വായിക്കുകയെന്നത് പ്രതിജ്ഞാബദ്ധരായ മാര്‍ക്സിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും ബി.എസ്.പി പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യമായതാണ്.’ ഇത്തരത്തിലാണ് അംബേദ്കറൈറ്റുകളും കമ്യൂണിസ്റ്റുകാരും തമ്മിലുണ്ടാവേണ്ട സഹകരണത്തെ കാഞ്ചൈ ഐലയ്യ നോക്കികാണുന്നത്.

തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ശുദ്ധജാതിവാദവും ശുദ്ധവര്‍ഗ്ഗവാദവും അപ്രസക്തം തന്നെയാണ്. അതേസമയം ഏറക്കുറെ ജാതി തന്നെയാണ് ഇന്ത്യയിലെ വര്‍ഗ്ഗം. ജാതിവ്യവസ്ഥയോടെ അംബേദകറോടും കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ച നിഷേധാത്മക രാഷ്ട്രീയത്തിന്റെ പേരില്‍ ഇപ്പോഴും ഗൗരവമായ ഒരു സ്വയം വിമര്‍ശനം സിപിഎം ഇനിയും നടത്തിയിട്ടില്ല എന്നതാണ് വസതുത. നേതാക്കളില്‍ ഒരുപക്ഷെ യെച്ചൂരി മാത്രമാണ് തിരിച്ചറിവിന്റെ സൂചന നല്‍കുന്നത്. എന്നാല്‍ പാര്‍്ട്ടിയെ കൊണ്ട് അതംഗീകരിക്കപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ? പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള കേരളത്തില്‍ അംബേദകര്‍ രാഷ്ടരീയമുന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതും സ്വത്വവാദികളെന്ന് ആക്ഷേപിക്കുന്നതും മറ്റാരുമല്ല. അതിനാല്‍ തന്നെ കാഞ്ചൈ ഐലയ്യ പറയുന്ന പോലെ ലളിതമായി ഈ വിഷയത്തെ കാണാന്‍ കേരളത്തിലെ ംബേദ്കറൈറ്റുകള#ക്കു കഴിയില്ല. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് രമേഷ് നെന്മണ്ട ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ‘അംബേദ്കറൈറ്റുകളെയും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് മനു വാദികളെയും കൂട്ടിക്കെട്ടാന്‍ സി.പി.എമ്മിനോടൊപ്പം നിന്ന് പാടുപെടുന്ന കാഞ്ചാ ഐലയ്യയുടെ നിലപാടില്‍ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ദലിത് – ബഹുജന്‍ മുന്നേറ്റത്തെയും ബി.എസ്.പി അടക്കം ഉയര്‍ത്തിക്കൊണ്ടു വന്ന ബഹുജന്‍ രാഷ്ട്രീയ മുന്നേറ്റങ്ങളെയും ഹൈജാക് ചെയ്യുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് പൂണൂല്‍ മാര്‍ക്‌സിസ്റ്റുകളുടെ ഈ തന്ത്രത്തിനു പിന്നില്‍ എന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. സി.പി.എം മനു വാദികള്‍ ഭരിച്ച പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നിവിടങ്ങളിലൊന്നും ദലിത് – ബഹുജന്‍ പ്രസ്ഥാനങ്ങളെ ശക്തമായി ഉയര്‍ന്നു വരാന്‍ സി.പി.എം കാര്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളിലെല്ലാം ദലിതര്‍ക്ക് – അംബേദ്കറൈറ്റുകള്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നത് മാര്‍ക്‌സിസത്തിന്റെ മുഖം മൂടി ധരിച്ച ഈ മാര്‍ക്‌സിസ്റ്റ് മാടമ്പിമാരോടാണ്. എത്ര പ്രത്യയശാസ്ത്ര കസര്‍ത്തുകള്‍ നടത്തിയാലും ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ദലിത് – ബഹുജന്‍ – അംബേദ്ക റൈറ്റ് മുന്നേറ്റത്തെ ഹൈജാക് ചെയ്യാന്‍ നാം അനുവദിച്ചുകൂടാ. പ്രസക്തി നഷ്ടപ്പെട്ട മനുവാദി മാര്‍ക്‌സിസത്തെ പ്രസക്തി വര്‍ദ്ദിച്ചു വരുന്ന അംബേദ്കറി സത്തോട് കൂട്ടിക്കെട്ടിയാല്‍ പ്രയാസമില്ലാതെ വിറ്റഴിക്കാം എന്നാണ് സി.പി.എം വിചാരിക്കുന്നതെങ്കില്‍ അത് നടക്കാത്ത സ്വപ്നമാണ് ദാസാ…. എന്നേ പറയാനുള്ളൂ. ഇന്ത്യയില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ന്നു വരാതിരിക്കാന്‍ വേണ്ടിയാണ് ബ്രാഹ്മണ – സവര്‍ണ്ണ വിഭാഗങ്ങള്‍ കൂട്ടത്തോടെ കമ്യൂണിസ്റ്റുകളായത്. ഇന്ത്യയില്‍ ജാതി മേധാവിത്തം കമ്യൂണിസത്തിന്റെ മറവില്‍ നിലനിര്‍ത്താം എന്ന തന്ത്രമായിരുന്നു ഇതിനു പുറകില്‍. ഗോമാംസം ഭക്ഷിച്ചിരുന്ന ബ്രാഹ്മണര്‍ ബുദ്ധിസത്തെ നശിപ്പിക്കുവാന്‍ വേണ്ടി വെജിറ്റേറിയനിസം സ്വീകരിച്ച തന്ത്രത്തെപ്പറ്റി ബാബാ സാഹെബ് നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്. മനവാദി മാര്‍ക്‌സിസ്റ്റുകള്‍ ഇനി ‘ തങ്ങള്‍ അംബേദ്‌കെറെറ്റുകളാണ് ‘ എന്ന് പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് അനുഭവം. അതിനാല്‍ സൂക്ഷിക്കുക. ആരും അംബേദ്കറിസത്തില്‍ അവസാന വാക്കൊന്നുമല്ല.’ തീര്‍ച്ചയായും കേരളത്തിലെ അംബേദ്കറൈറ്റുകളുടെ ഭീതി തള്ളിക്കളയാവുന്നതല്ല. കാഞ്ചൈ ഐലയ്യ പറയുന്ന ഐക്യത്തിനു കേരളം പോലുള്ള ഇടതുപക്ഷ കോട്ടകളില്‍ കാര്യമായ സാധ്യതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അംബേദകര്‍ രാഷ്ട്രീയം ശക്തമായ പ്രദേശങ്ങളില്‍ സാന്നിധ്യമുണ്ടാക്കാന്‍ ഇതുവഴി ഒരുപക്ഷെ സിപിഎമ്മിനു കഴിയുമായിരിക്കാം എന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply