കവിതകളുമായി ഒളിപ്പോര്‌

മലയാളസിനിമയില്‍ കവിതകളുടെ ഗാനരൂപം പലവട്ടം ഉപയോഗിച്ചിട്ടുണ്ട്. രാമുകാര്യാട്ടിന്റെ അഭയം എന്ന ചിത്രത്തില്‍ മഹാകവി ജിയുടേയും സുഗതകുമാരിയുടേയും കവിതകളും അരവിന്ദന്റെ ഉത്തരായണത്തില്‍ ജി കുമാരപിള്ളയുടെ കവിതയും പോക്കുവെയിലില്‍ ചുള്ളി്കാടിന്റെ കവിതയും ലെനിന്‍ രാജേന്ദ്രന്റെ വേനലില്‍ അയ്യപ്പപണിക്കരുടെ കവിതയും ഗാനരൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. അടുത്തിറങ്ങിയ ജോയ് മാത്യുവിന്റെ ഷട്ടറില്‍ നെരൂദയുടെ കവിതയുമുണ്ട്. ഈ നിരയിലേക്കാണ് റൗണ്ട് അപ് സിനിമയുടെ ബാനറില്‍ നവാഗതനായ എ വി ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒളിപ്പോര് എന്ന ഫഹദ് ഫാസില്‍ ചിത്രം കടന്നു വരുന്നത്. ഒളിപ്പോരാളി എന്ന […]

x

മലയാളസിനിമയില്‍ കവിതകളുടെ ഗാനരൂപം പലവട്ടം ഉപയോഗിച്ചിട്ടുണ്ട്. രാമുകാര്യാട്ടിന്റെ അഭയം എന്ന ചിത്രത്തില്‍ മഹാകവി ജിയുടേയും സുഗതകുമാരിയുടേയും കവിതകളും അരവിന്ദന്റെ ഉത്തരായണത്തില്‍ ജി കുമാരപിള്ളയുടെ കവിതയും പോക്കുവെയിലില്‍ ചുള്ളി്കാടിന്റെ കവിതയും ലെനിന്‍ രാജേന്ദ്രന്റെ വേനലില്‍ അയ്യപ്പപണിക്കരുടെ കവിതയും ഗാനരൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. അടുത്തിറങ്ങിയ ജോയ് മാത്യുവിന്റെ ഷട്ടറില്‍ നെരൂദയുടെ കവിതയുമുണ്ട്.
ഈ നിരയിലേക്കാണ് റൗണ്ട് അപ് സിനിമയുടെ ബാനറില്‍ നവാഗതനായ എ വി ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒളിപ്പോര് എന്ന ഫഹദ് ഫാസില്‍ ചിത്രം കടന്നു വരുന്നത്. ഒളിപ്പോരാളി എന്ന പേരില്‍ ബ്ലോഗെഴുതി സൈബര്‍ ലോകത്ത് പ്രശസ്തനായ സാമൂഹ്യ പ്രതിബദ്ധതയുള്ള യുവകവിയുടെ വേഷമാണ് ഈ ചിത്രത്തില്‍ ഫഹദ് ഫാസിലിന്റേത്. ഒരു നൂറ്റാണ്ടിന്റെ കേരള സാംസ്‌കാരിക ചരിത്രത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റേത്. അതേസമയം കവിതയാണ് ചിത്രത്തിന്റെ അന്തര്‍ധാര. ടാഗോര്‍, നാരായണഗുരു, പാബ്ലോ നെരൂദ, കെ ജി ശങ്കരപ്പിള്ള എന്നിവരുടെ കവിതകള്‍ക്കൊപ്പം ചിത്രത്തിനു തിരകഥ രചിച്ച യുവകവി പി എന്‍ ഗോപീകൃഷ്ണന്റെ മൂന്നു കവിതകളും ചിത്രത്തെ കവിതാസാന്ദ്രമാക്കുന്നു.
ബ്ലോഗിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ കുറെ ചെറുപ്പക്കാര്‍ ബാംഗ്ലൂരില്‍ സവിശേഷമായൊരു ഷോ സംഘടിപ്പിക്കാനൊരുങ്ങുന്നതാണ് ചിത്രത്തിന്റെ പരിസരം. ഷോയുടെ മുഖ്യസംഘാടകന്‍ ഒളിപ്പോരാളിയായിരുന്നു. എന്നാല്‍ അവസാന റിഹേഴ്‌സലിനായി പുറപ്പെട്ട ഒളിപ്പോരാളി ക്യമ്പിലെത്തുന്നില്ല. അപ്പോഴാണ് ഇയാളെ കുറിച്ച് തങ്ങള്‍ക്ക് കാര്യമായൊന്നുമറിയില്ലെന്ന് മറ്റു സംഘാടകര്‍ മനസ്സിലാക്കുന്നത്.
നവോത്ഥാനത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട കേരളവും അതിനു തുടര്‍ച്ചയായി ഇടതുപക്ഷം ശക്തമായ കേരളവും ആധുനിക വിഹ്വലതകളുടെ കേരളവും സിനിമയില്‍ ഒളിപ്പോരാളിയിലൂടെ സിനിമയിലെത്തുന്നു. അങ്ങനെയാണ് പല തലമുറകളെ പ്രതിനിധീകരിക്കുന്ന കവിതകള്‍ കടന്നുവരുന്നത്. ഒപ്പം സംഗീതവും.
ബാംഗ്ലൂരില്‍ ജീവിച്ചാണ് ഇയാള്‍ കേരളത്തെ തേടുന്നത്. ഭദ്രമാണെന്ന് മലയാളി വിശ്വസിച്ച സാമൂഹ്യപ്രക്രിയകളില്‍ ആരൊക്കെയായിരുന്നു പുറത്തായത്് എന്നാണ് ഒളിപ്പോരാളി അന്വേഷിക്കുന്നത്. ഓരങ്ങളിലേക്ക് പായിക്കപ്പെട്ടവരെ കുറിച്ചുള്ള അന്വേഷണമായതിനാല്‍ ചിത്രത്തിലെ കവിതകള്‍ക്ക് നല്‍കിയിരിക്കുന്നത് മാര്‍ജിനല്‍ സംഗീതമാണ്. പരമ്പരാഗത സംഗീതത്തിനു പുറത്തുള്ള കറുത്ത സംഗീതമാണത്. പൊട്ടിക്കരച്ചിലുകളും അലറലുകളുമെല്ലാം ഇതിലെ കവിതകളില്‍ കടന്നു വരുന്നു. സംഗീതേതര പദങ്ങളും ധാരാളമായി കടന്നു വരുന്നു. പരമ്പരാഗത രാഷ്ട്രീയത്തില്‍ നിന്നു തെന്നിമാറിയുള്ള രാഷ്ട്രീയ കവിതകളാണവ. ഭൂതകാല കവിതകളെയാകട്ടെ അത് പുതിയ രീതിയില്‍ വായിക്കുന്നു. കവിയുടെ അസ്തിത്വത്തിന്റെ അന്വേഷണത്തില്‍ കൂടിയാണ് ഈ ചിത്രം രാഷ്ട്രീയമാകുന്നത്. ആ അന്വേഷണമാകട്ടെ ഇന്റര്‍നെറ്റടക്കമുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് താനും. അല്ലെങ്കില്‍ ചെറുപ്പക്കാരനായ കവി കേരളീയ സമൂഹത്തോട് നടത്തുന്ന ഡയലോഗ് ആണീ സിനിമയും ഇതിലെ സംഗീതവും. ആ ഡയലോഗില്‍ തീര്‍പ്പുകളില്ല. ഉള്ളത് സന്നിഗ്ധതകള്‍ മാത്രം. ഗാനചിത്രീകരണങ്ങളാകട്ടെ ലോകത്തെങ്ങുമുള്ള കറുത്തവരുടെ സ്വതാവിഷ്‌കാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയുമാണ്.
വേറിട്ട വഴിയിലൂടെയുള്ള സംഗീതാവിഷ്‌കാരത്താല്‍ ഏറെ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒളിപ്പോരിന്റെ സംഗീത നിര്‍വ്വഹണം ജോണ്‍ പി വര്‍ക്കിയാണ്. പുതിയ ലോകത്തിന്റേയും കാലത്തിന്റേയും സംഗീതമാണ് താന്‍ കണ്ടെത്താന് ശ്രമിക്കുന്നതെന്ന് ജോണ്‍ പറയുന്നു. യന്ത്രങ്ങളുടെ ലോകത്തില്‍ അവ ഉപയോഗിക്കാനറിയാത്ത ഒരാളുടെ മാനസികാവസ്ഥ വെളിവാക്കുന്ന മണ്ടന്‍ എന്ന കവിതയുടെ ആവിഷ്‌കാരത്തില്‍ സംഗതോപകരണങ്ങള്‍ക്കുപകരം യന്ത്രശബ്ദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ഗാനങ്ങളാകട്ടെ കഥാഗതിയിലെ പ്രധാന ഘടകങ്ങളുമാണ്. ഫഹദ് ഫാസില്‍ ഒരു കവിതാശകലം പാടുന്നുണ്ട്.
അഭിനേത്രി, ജലത്തില്‍ മത്സ്യം പോലെ തുടങ്ങിയ ചെറുസിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകനായ എ വി ശശിധരന്‍. ഈ മാസം അവസാനം ചിത്രം തിയറ്ററുകളിലെത്തും. സുഭിക്ഷ, സറീനാ വഹാബ്, കലാഭവന്‍ മണി, സുനില്‍ സുഖത, ജോയ് മാത്യു, തലൈവാസല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply