കല്ലുമാലസമരത്തെ ഓര്‍ക്കുമ്പോള്‍

1915 ഡിസംബര്‍ 19 ന് കൊല്ലത്തെ പീരങ്കി മൈതാനത്ത് വച്ച് നടന്ന ഐതിഹാസികമായ കല്ലമാല സമരത്തിന്റെ ഓര്‍മ്മ ദിനമായിരുന്നു കടന്നുപോയത്. മറയ്ക്കാന്‍ അവകാശം നിഷേധിക്കപ്പെട്ടിരുന്ന തന്റെ കൂടപ്പിറപ്പുകളായ കീഴാള സ്ത്രീകള്‍ അടിമ അടയാളങ്ങളായി കനം കൂടിയ കല്ലുകളും തുത്തനാകം പോലെയുള്ള ലോഹങ്ങളും കൊണ്ട് തീര്‍ത്ത കല്ലമാല എന്നറിയപ്പെട്ട അടിമചിഹ്നങ്ങള്‍ മാടുകളെപ്പോലെ ചുമന്നു നടക്കേണ്ടി വന്നത് കണ്ട് വേദനിച്ച ഗോപാല ദാസന്‍ എന്ന പുലയ നേതാവ് വളരെ നാളത്തെ തന്റെ അദ്ധ്വാനത്തിലൂടെ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ് മാറുമറച്ച് സ്വതന്ത്രരായി […]

k

1915 ഡിസംബര്‍ 19 ന് കൊല്ലത്തെ പീരങ്കി മൈതാനത്ത് വച്ച് നടന്ന ഐതിഹാസികമായ കല്ലമാല സമരത്തിന്റെ ഓര്‍മ്മ ദിനമായിരുന്നു കടന്നുപോയത്. മറയ്ക്കാന്‍ അവകാശം നിഷേധിക്കപ്പെട്ടിരുന്ന തന്റെ കൂടപ്പിറപ്പുകളായ കീഴാള സ്ത്രീകള്‍ അടിമ അടയാളങ്ങളായി കനം കൂടിയ കല്ലുകളും തുത്തനാകം പോലെയുള്ള ലോഹങ്ങളും കൊണ്ട് തീര്‍ത്ത കല്ലമാല എന്നറിയപ്പെട്ട അടിമചിഹ്നങ്ങള്‍ മാടുകളെപ്പോലെ ചുമന്നു നടക്കേണ്ടി വന്നത് കണ്ട് വേദനിച്ച ഗോപാല ദാസന്‍ എന്ന പുലയ നേതാവ് വളരെ നാളത്തെ തന്റെ അദ്ധ്വാനത്തിലൂടെ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ് മാറുമറച്ച് സ്വതന്ത്രരായി മാറാന്‍ തന്റെ ജനത്തെ തയ്യാറാക്കി. അതിനായി അദ്ദേഹം1915 ഒക്ടോബര്‍ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥല/ത്ത് ഒരു പൊതുസമ്മേളനം വിളിച്ചു ചേര്‍ത്തു. ദലിത് സ്ത്രീകള്‍ അടിമ ചിഹ്നങ്ങള്‍ അറുത്തെറിയുന്നത് ആചാരലംഘനമാണ് അതിലൂടെ തങ്ങളെ വെല്ലുവിളിക്കയാണ് എന്ന് പറഞ്ഞു സവര്‍ണ്ണര്‍ എന്തു ചെയ്തും സമ്മേളനം തടയാന്‍ ഉള്ള നീക്കം തുടങ്ങി. ഇത് തിരിച്ചറിഞ്ഞ ഗോപാല ദാസന്‍ സ്ത്രീകളോട് പറഞ്ഞത് നമ്മള്‍ ആക്രമിക്കപ്പെടും, നമ്മുടെ കുടിലുകള്‍ തീവയ്ക്കപ്പെടും നിങ്ങള്‍ നിങ്ങളുടെ ആയുധമായ അരിവാളുകളെടുക്കുക, നിങ്ങളുടെ കുഞ്ഞുങ്ങളോടും കുടുംബത്തോടുമൊപ്പം സമ്മേളന സ്ഥലത്തെത്തുക എന്നായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ ആയിരക്കണക്കിന് സ്ത്രീകള്‍, അവരുടെ കുഞ്ഞുങ്ങളോടും കുടുംബത്തോടും ഒപ്പം അരിവാളുകളുമേന്തി യോഗത്തിനെത്തി. ഗോപാലദാസന്റെ അദ്ധ്യക്ഷതയില്‍ സമ്മേളനം ആരംഭിച്ചു. വിശാഖം തേവന്‍ എന്ന പുലയ നേതാവ് സംസാരിക്കാനായി എഴുന്നേറ്റതും കൂരി നായര്‍ എന്നയാള്‍ വേദിയിലേക്ക് ഓടിക്കയറി കയ്യില്‍ കരുതിയിരുന്ന ഉലക്ക കൊണ്ട് വിശാഖം തേവനെ തലയ്ക്കടിച്ച് വീഴ്ത്തി, ഗോപാല ദാസന് നേരേ കുതിച്ചു. എന്നാല്‍ അതിനു മുമ്പേ ഇരച്ചു കയറിയ ദലിത് സ്ത്രീകള്‍ തങ്ങളുടെ അരിവാളുകള്‍ കൊണ്ട് കൂരി നായരെ തുണ്ടം തുണ്ടമാക്കി. അതു കണ്ട് ഭയന്ന്, ആക്രമിക്കാനായി ഇരുട്ടില്‍ മറഞ്ഞിരുന്ന നായര്‍ പട ഇറങ്ങിയോടി..
പക്ഷേ അവര്‍ നാടാകെ അക്രമം അഴിച്ചുവിട്ടു. ദലിതരുടെ കൂരകള്‍ക്ക് തീയിട്ടു. വളര്‍ത്തുമൃഗങ്ങളെ പോലും അരുംകൊല ചെയ്തു. ഗോപാല ദാസനും സുഹൃത്തായ കുഞ്ഞോലും വെങ്ങാനൂരെത്തി മഹാത്മാ അയ്യന്‍കാളിയെക്കണ്ട് തങ്ങളുടെ ദുരവസ്ഥ അറിയിച്ചു. മഹാത്മാ അയ്യന്‍കാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വര പിള്ളയുടെയും കൂട്ടായ ശ്രമത്തിലൂടെ സര്‍ക്കാര്‍ മുഖാന്തിരം തന്നെ ജന്മികളുടെയും സവര്‍ണ്ണ മാടമ്പിമാരുടെയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചു. അത് അവരെ കൂടുതല്‍ രോഷാകുലരാക്കി. പിന്നീടാരും ഗോപാല ദാസനെയും കുഞ്ഞോലിനെയും കണ്ടിട്ടില്ല. സവര്‍ണ്ണര്‍ ജീവനോടെ ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊന്നുകളഞ്ഞു എന്ന വാര്‍ത്തയാണ് പിന്നീട് അവരെപ്പറ്റി കേട്ടത്. അതറിഞ്ഞ് എത്തിയ മഹാത്മാ അയ്യന്‍കാളി, ഗോപാല ദാസന്റെ ലക്ഷ്യം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മുടങ്ങിപ്പോയ യോഗം വീണ്ടും വിളിച്ചു കൂട്ടി കല്ലമാലകള്‍ പൊട്ടിച്ചെറിയുക തന്നെ വേണം എന്നും തന്റെ ജനത്തോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്ന ജനം മഹാത്മാ അയ്യന്‍കാളിയെ വിശ്വസിച്ച് തിരിച്ചു വന്നു.
തങ്ങള്‍ക്ക് യോഗം കൂടാന്‍ ഒരു സ്ഥലം അന്വേഷിച്ച് മഹാത്മാ നാടാകെ അലഞ്ഞു. ആരും സ്ഥലം അനുവദിക്കരുതെന്നായിരുന്നു സവര്‍ണ്ണരുടെ ഉത്തരവ്. പക്ഷേ, അന്ന് കൊല്ലം പീരങ്കി മൈതാനത്ത് സര്‍ക്കസ് കമ്പനി നടത്തിയിരുന്ന തലശ്ശേരിക്കാരിയായ രമാഭായി എന്ന ദലിത് സ്ത്രീ തന്റെ സര്‍ക്കസ് കൂടാരം യോഗത്തിന് വിട്ടുനല്‍കാന്‍ തയ്യാറായി. മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ യോഗം വെള്ളിക്കര ചോതി, കറുമ്പന്‍ ദൈവത്താന്‍ ഗവ: സെക്രട്ടറി വിയറ സായിപ്പ്, രാമന്‍ തമ്പി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആ മഹാസമ്മേളനം, ആരംഭിച്ചു. തങ്ങളുടെ അടിമ അടയാളങ്ങള്‍ അറുത്തെറിഞ്ഞു. അവര്‍ അറുത്തിട്ട കല്ലയും മാലയും ചെറു കുന്നോളമുണ്ടായിരുന്നത്രേ. മേല്‍വസ്ത്രം ധരിച്ച് ജീവിതത്തിലാദ്യമായി സ്വതന്ത്രരായി അവര്‍ തലയുയര്‍ത്തി നിവര്‍ന്നു നിന്നു.
കല്ലമാല സമരം വിജയകരമായി അവസാനിച്ചുവെങ്കിലും കൂരി നായരെ കൊന്നതിന്റെ പേരില്‍ ദലിത് സ്ത്രീകളുടെ പേരില്‍ പോലീസ് കേസ് എടുത്തിരുന്നു.മഹാത്മാ അയ്യന്‍കാളി പല വക്കീല്‍മാരേയും സമീപിച്ചു. ആരും കേസ് എടുക്കാന്‍ തയ്യാറായില്ല.ഒടുവില്‍ അഡ്വ.ഇലഞ്ഞിയില്‍ ടി എം.വര്‍ഗ്ഗീസ് ജോണ്‍ എന്നൊരാള്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറായി. പക്ഷേ ഒരുപാധി ഉണ്ടായിരുന്നു. വക്കീലിന് ഫീസ് വേണ്ടാ പകരം അര ഏക്കറില്‍ വിസ്തൃതമായ ഒരു കുളം കൂലിയില്ലാതെ വെട്ടിക്കൊടുക്കണം. മഹാത്മ അത് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു.മാസങ്ങളോളം അദ്ദേഹവും പൊരിവെയിലത്ത് വിയര്‍ത്ത് തന്റെ ജനത്തോടൊപ്പം നിന്ന് ആ പെരുംകുളം വെട്ടി.അതാണ് ഇന്നത്തെ കമ്മാന്‍കുളം. പെരിനാട് ലഹളയും കല്ലമാലക്കലാപവും കൊല്ലവര്‍ഷം 1090 ആണ് നടന്നതെന്നതിനാല്‍ മാത്രം ആ ഐതിഹാസിക സമര ചരിത്രത്തെ തൊണ്ണൂറാമാണ്ടു ലഹളയെന്ന് ഒറ്റവാക്കിലൊതുക്കിയ ചരിത്ര രചയിതാക്കളുടെ സവര്‍ണ്ണബോധം ചരിത്രസ്മാരകമാക്കേണ്ടിയിരുന്ന കമ്മാന്‍കുളത്തെ പകുതിയിലേറെ മണ്ണിട്ടു നികത്തി അവിടെ സര്‍ക്കാര്‍ കെട്ടിടം പണിതു. ഇന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടം നില്‍ക്കുന്നത് പാതി നികത്തിയ കമ്മാന്‍ കുളത്തിനു മേലാണ്.

കടപ്പാട്

കല്ലുമാല സമരം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply