കലക്ടര്‍ പ്രശാന്ത് നായരുടെ സ്ഥാനത്ത് സിപിഎം നേതാവ് അഡ്വക്കറ്റ് മുഹമ്മദ് റിയാസിനെ സങ്കല്‍പ്പിക്കുക

സനീഷ് ഇളയാടത്ത് (ഫേസ് ബുക്ക് പോസ്റ്റ്) മാപ്പ് , ബുള്‍സൈ ഏര്‍പ്പാടുകള്‍ക്ക് കാരണമായത് എംകെ രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണല്ലോ. എംപിക്ക് അദ്ദേഹത്തിന്റെ ന്യായീകരണങ്ങള്‍ ഉണ്ട്. ജില്ലയിലെ മറ്റ് എംപിമാരോടില്ലാത്ത ശത്രുതാപരമായ നിലപാട് കലക്ടര്‍ സ്വീകരിക്കുന്നുവെന്ന്. തന്റെ പദ്ധതികള്‍ക്ക് മാത്രം വീണ്ടും വീണ്ടും വെരിഫിക്കേഷന്‍ നടത്തുന്നുവെന്ന്. ഇങ്ങനെ വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ എംപിയെ അറിയിക്കണം എന്ന ചട്ടം പാലിക്കുന്നില്ല എന്ന്. ശരി, എംപിയുടെ ഈ വാദങ്ങളെ പൂര്‍ണമായി വിശ്വസിക്കേണ്ട എന്ന് തന്നെ വെക്കുക.ഈ എംപിയെ മാത്രമായി […]

kkk

സനീഷ് ഇളയാടത്ത് (ഫേസ് ബുക്ക് പോസ്റ്റ്)

മാപ്പ് , ബുള്‍സൈ ഏര്‍പ്പാടുകള്‍ക്ക് കാരണമായത് എംകെ രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണല്ലോ. എംപിക്ക് അദ്ദേഹത്തിന്റെ ന്യായീകരണങ്ങള്‍ ഉണ്ട്. ജില്ലയിലെ മറ്റ് എംപിമാരോടില്ലാത്ത ശത്രുതാപരമായ നിലപാട് കലക്ടര്‍ സ്വീകരിക്കുന്നുവെന്ന്. തന്റെ പദ്ധതികള്‍ക്ക് മാത്രം വീണ്ടും വീണ്ടും വെരിഫിക്കേഷന്‍ നടത്തുന്നുവെന്ന്. ഇങ്ങനെ വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ എംപിയെ അറിയിക്കണം എന്ന ചട്ടം പാലിക്കുന്നില്ല എന്ന്. ശരി, എംപിയുടെ ഈ വാദങ്ങളെ പൂര്‍ണമായി വിശ്വസിക്കേണ്ട എന്ന് തന്നെ വെക്കുക.ഈ എംപിയെ മാത്രമായി തടസ്സപ്പെടുത്താന്‍ ബലം നല്‍കുന്ന പേപ്പറുകള്‍ കലക്ടര്‍ക്ക് മുന്നിലുണ്ടാകും എന്നും വിചാരിക്കുക.മാത്രമല്ല സിപിഎമ്മും വന്നിട്ടുണ്ടല്ലോ, ഫണ്ട് വിനിയോഗത്തിലെ വീഴ്ച മറക്കാനുള്ള കളിയാണ് എംപി കളിക്കുന്നത് എന്ന് ആരോപിച്ച് കൊണ്ട്. അത് കൊണ്ട് ആ വിഷയത്തില്‍ നമ്മള്‍ സിപിഎമ്മിനും കലക്ടര്‍ക്കുമൊപ്പം നില്‍ക്കുന്നു, എംപിയെ സംശയിക്കുന്നു എന്ന് തന്നെ വെക്കുക.എന്നാലോ,
അഡ്വക്കറ്റ് മുഹമ്മദ് റിയാസും പ്രശാന്ത് നായരെപോലെ ചെറുപ്പക്കാരനാണ്.പില്‍ക്കാലത്ത് കലക്ടറാകാന്‍വേണ്ടിയുള്ള പഠനം പ്രശാന്ത് നായര്‍ പഠിക്കുന്ന കാലത്ത് മുഹമ്മദ് റിയാസ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുകയും ഇന്ന് വരെയും നടത്തുകയും ചെയ്യുന്നുണ്ട്. അപ്പോ പ്രശ്‌നത്തില്‍ അവരവരുടെ നിലയ്ക്ക് ഇടപെടാനുള്ള മൂലധനം ഇരുവര്‍ക്കും സമാസമമാണ്. ഈ ഫണ്ട് വിനിയോഗപ്രശ്‌നത്തില്‍ പ്രശാന്ത് നായര്‍ നടത്തിയത് പോലുള്ള പരിഹാസം മുഹമ്മദ് റിയാസ് നടത്തിയെന്ന് വിചാരിക്കുക. ഇന്നിപ്പോള്‍ നിരുപാധികമായി പ്രശാന്ത് നായര്‍ക്ക് കിട്ടുന്ന പിന്തുണ അദ്ദേഹത്തിന് കിട്ടുമോ. നിങ്ങ തകര്‍ക്ക് ബ്രോ എന്ന് ഈ ഫെയ്‌സ്ബുക്കിലടക്കമുള്ളവര്‍ റിയാസിനോട് പറയുമോ . നാളെ എംപിയുടെ വീട്ടിന് മുന്നില്‍ ഈ ശരിയായ വിഷയമുന്നയിച്ച് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തിയാല്‍ പിന്തുണ കിട്ടുമോ. എംപിയെ പരസ്യമായി പരിഹസിച്ചാല്‍ നിങ്ങള്‍ റിയാസിനൊപ്പം നില്‍ക്കുമോ, ആരാധകബ്രോസ്. ഇല്ലെന്നാണ് ചരിത്രം . പ്രശാന്ത് നായര്‍ക്ക് കിട്ടിയ പിന്തുണയുടെ മൂന്നിലൊന്ന് കിട്ടില്ല റിയാസിന് എന്ന് എനിക്കുറപ്പുണ്ട്. നമ്മളതിനെ കോഴിക്കോട്ടെ രണ്ട് രാഷ്ട്രീയപക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലൊന്നായി മനസ്സിലാക്കും. റിയാസ് റിയാസിന്റെ പണിയെടുക്കുന്നു എന്ന് നിസ്സംഗമായി വിചാരിക്കും, അത്ര തന്നെ.അപ്പോ എന്ത് കൊണ്ടാണ് ഒരേ വിഷയത്തില്‍ ഒരേ നിലപാടുമായി ഇടപെടുന്ന രണ്ടാള്‍ക്ക് രണ്ട് തരത്തിലുള്ള പ്രതികരണങ്ങള്‍ കിട്ടുന്നത്.
പ്രശാന്ത് നായര്‍ എന്ന വ്യക്തി കലക്ടര്‍ എന്ന പദവിയിലാണ് ഇരിക്കുന്നത് എന്നതിനാലാണ് അത്. അദ്ദേഹം ആ പദവിയുപയോഗിച്ച് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് നമുക്കറിയാം. ഞാനതിനെ അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം നല്ല കാര്യങ്ങള്‍ അദ്ദേഹം മാത്രമാണ് ഈ നാട്ടില്‍ ചെയ്യുന്നത് എന്ന് വിചാരിക്കരുത്. എത്രയെത്രയോ പേര്‍ എന്തെന്തൊക്കെയോ ചെയ്യുന്നുണ്ട് ഇത്ര തന്നെ മഹത്തരമായത് ഇന്നാട്ടില്‍. അവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ കയ്യടി ഇദ്ദേഹത്തിന് മാത്രമായി കിട്ടുന്നുണ്ടെങ്കില്‍ അത് ഇന്നാട്ടില്‍ നിലനില്‍ക്കുന്ന സംവിധാനത്തിന്റെ പ്രത്യേകത കൊണ്ടാണ്.കലക്ടര്‍ക്ക് കലക്ടറുടെ ഇടവും രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയക്കാര്‍ക്ക് ഉള്ള ഇടവും നിശ്ചയിച്ച് വെക്കപ്പെട്ടിട്ടുള്ള ഒരു സംവിധാനം ഉള്ളത് കൊണ്ടാണ്.ആ സംവിധാനത്തില്‍ കാലങ്ങള്‍ കൊണ്ട് ബഹുമാന്യമായി വന്ന കലക്ടറുടെ പദവിയിലിരുന്ന് ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നുന്നത്. അങ്ങനെ വലുപ്പമുണ്ടാക്കുന്ന ആ സംവിധാനമുണ്ടല്ലോ, ആ സംവിധാനം ഉണ്ടാക്കിയത് ഇന്നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരാണ് എന്നത് മറക്കരുത്. മുദ്രാവാക്യം വിളി മുതല്‍ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ വരെ ഉപയോഗപ്പെടുത്തി ഇങ്ങനെ സുഘടിതമായൊരു സംവിധാനം ഉണ്ടാക്കിയെടുത്തവരുടെ പിന്‍മുറക്കാരനാണ് എംകെ രാഘവന്‍ എന്നത് മറക്കരുത്.അദ്ദേഹത്തെ പരിഹസിക്കുന്നത് കയ്യടിച്ച് കൊടുക്കേണ്ട കാര്യമാണ് എന്ന് വിചാരിക്കാനാവുന്നേയില്ല. സംവിധാനത്തെ അപ്പാടെ തന്നെയും അദ്ദേഹം പരിഹസിക്കുന്നുവെന്ന് തന്നെയാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്. എംപി അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ സംവിധാനത്തിന്റെ ആയുധങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാവുന്നതേയുള്ളൂ.അത് ചെയ്തിട്ടുണ്ടല്ലോ കലക്ടര്‍. അവിടം വെച്ച് നിര്‍ത്തേണ്ടത് തന്നെയാണ്.
പക്ഷെ പരിഹസിക്കുമ്പോള്‍ കളി മാറുന്നുണ്ട്. ഈ പരിഹാസം ആരെയാണ് ഊര്‍ജ്ജസ്വലരാക്കുന്നത്. ഈ സംവിധാനത്തോട് പുച്ഛമുള്ളവരെ. ഏത് ഊളയ്ക്കും ജനപ്രതിനിധിയാകാന്‍ പറ്റും, എന്നാല്‍ സിവില്‍ സര്‍വ്വീസ് അങ്ങനെയല്ല എന്നാണല്ലോ ഫാന്‍സ് പ്രതികരണങ്ങളുടെ ഒരു പൊതു ടോണ്‍. മേല്‍ പറഞ്ഞ സംവിധാനത്തെ പരിഹസിക്കാനും പുച്ഛിക്കാനുമുള്ള ഒരു അവസരം ഉണ്ടാക്കി കലക്ടര്‍ എന്ന് തന്നെയാണ് അതിനര്‍ത്ഥം. താന്‍കൂടെ ഭാഗഭാക്കായ, താന്‍ കൂടെയും നിലനിര്‍ത്തേണ്ട സംവിധാനം ഇമ്മട്ടില്‍ പരിഹസിക്കപ്പെടുമ്പോഴെങ്കിലും ഈ ചങ്ങാതി അപകടം മനസ്സിലാക്കി സ്വയം പിന്നോട്ട് പോകും എന്നാണല്ലോ നമ്മള്‍ കരുതുക. എന്നാലങ്ങനെയല്ല ഉണ്ടായത്. (സംവിധാനം വിമര്‍ശാതീതമാണ് എന്ന അഭിപ്രായത്തെയല്ല ഈ എഴുതുന്നത്. സംവിധാനത്തിനകത്ത് നിന്ന് തന്നെയും വിമര്‍ശം നടത്തുന്നതിലും തെറ്റൊന്നുമില്ല. നിങ്ങള്‍ ഒരു സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നു , എന്നിട്ട് അതിനെ അപ്പാടെ തന്നെയും ഇല്ലാതാക്കുന്ന വിധത്തില്‍ ഇടപെടുകയും ചെയ്യുന്നത് ശരിയല്ല എന്നാണ്.വിമര്‍ശവും പൂര്‍വ്വനിശ്ചിത വഴികളിലൂടെയുള്ള തിരുത്തല്‍ നടപടികളും കാര്യങ്ങളെ ശക്തിപ്പെടുത്തും . പരിഹാസം സംവിധാനത്തെ തകര്‍ക്കും.) ഫെയ്‌സ്ബുക്കില്‍ ചെറുപ്പക്കാരായ ഫോളവേഴ്‌സ് ധാരാളമുള്ള കലട്കര്‍ ബ്രോ നാട്ടിലെ രാഷ്ട്രീയസംവിധാനത്തോട് ബഹുമാനമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന ചിന്തയുള്ളത് കൊണ്ട് കൂടെയാണ് ഞാനീ വിഷയത്തില്‍ കലക്ടറെ അതിനിശിതമായി വിമര്‍ശിക്കണമെന്ന് വിചാരിക്കുന്നത്.
ചെയ്യേണ്ട പണി ചെയ്തില്ലെന്ന് പറഞ്ഞ് കലക്ടറും അദ്ദേഹത്തിന്റെ ആരാധകരും എംപിയെ പരിഹസിക്കുന്നു. ഒരു എംപി എന്ത് ചെയ്യണമെന്ന് നാട്ടുകാര്‍ക്ക് ചില സങ്കല്‍പ്പങ്ങള്‍ ഉള്ളത് കൊണ്ടാണല്ലോ ഇങ്ങനെ അക്കൗണ്ട് ചെയ്യപ്പെടുന്നത്. അത് കൊണ്ടാണല്ലോ ഇങ്ങനെ എംപിയെ വിമര്‍ശിക്കാനാവുന്നത്.തിരിച്ചൊന്ന് ആലോചിക്കുക ഒരു കലക്ടറുടെ പണിയെന്താണ് എന്നത് പൊതുജനത്തിന് അറിയുമോ, ഈ ബ്രോ അദ്ദേഹം ചെയ്യേണ്ട പണി നേരാംവണ്ണം ചെയ്യുന്നുണ്ടാവുമോ. ഇദ്ദേഹം മുമ്പുണ്ടായിരുന്ന കലക്ടര്‍മാര്‍ ചെയ്ത പോലെ നന്നായല്ല പ്രവര്‍ത്തിക്കുന്നത്, അത് കൊണ്ടാണ് എനിക്ക് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാതെ പോയത് എന്ന് രാഘവന്‍ എംപിക്ക് പരാതിയുണ്ട് എന്നത് മറക്കരുത്.താന്‍ മുന്‍കാലത്ത് 100 ശതമാനം ഫണ്ട് വിനിയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.എംപി രാഷ്ട്രീയക്കാരനായത് കൊണ്ട് ഫാന്‍സ് അദ്ദേഹത്തെ വിശ്വസിക്കുന്നില്ല( മേല്‍ റിയാസിനെ ഉദാഹരിച്ച് പറഞ്ഞ പോലെ) എന്നാല്‍ കലക്ടറെ വിശ്വാസാണ്. മുന്‍നിശ്ചിത ഇമേജുകള്‍ക്ക് മേലുള്ള ബ്ലാംബിക്കലുകള്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ല എന്ന ബഹുമാന്യരായ കലക്ടറനുകൂല നിലപാടുള്ള സുഹൃത്തുക്കളോട് അഭ്യര്‍ത്ഥനയുണ്ട്.
ഞാന്‍ പുറ്റിങ്ങല്‍ അപകടസ്ഥലത്തെ കലക്ടര്‍ ഷൈനമോളെ ഓര്‍ക്കുന്നു. നാല് ഭാഗത്ത് നിന്നും ചീത്തവിളികള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ അവരുടെ പണിയെടുത്തു. അവര്‍ ആരെയും പരിഹസിക്കാന്‍ പോയില്ല. മാധ്യമമൈക്കുകള്‍ക്ക് മുന്നില്‍ പറയേണ്ടത് മാത്രം പറഞ്ഞു .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply