കലകൊണ്ട് ആര്‍ക്ക് മെച്ചമെന്ന് കോടതി

ആന്റോ കെ ജി ശ്രീ. എം. പി. പോളിന്റെ ‘സാഹിത്യ വിചാരം’ എന്ന കൃതിയിലെ ‘കലയും കാലവും’ എന്ന അദ്ധ്യായത്തില്‍, കലയില്‍ കാലം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. ‘സമുദായശരീരം സോന്മേഷം പ്രവര്‍ത്തിക്കുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന പ്രസന്നഭാവമാണ് കല. നേരേമറിച്ച്, സമുദായഗാത്രം പരിക്ഷീണവും രോഗബാധിതവുമായിരിക്കുന്ന കാലങ്ങളില്‍ അതിന്റെ കലാവദനം മ്ലാനവും അസന്തുഷ്ടവുമായി കാണപ്പെടുന്നുണ്ട്’ എന്ന പ്രസ്താവനയെ അദ്ദേഹം ഉദാഹരണങ്ങളോടെ സ്ഥാപിക്കുന്നു. എന്നാല്‍ ‘കാലമാണ് കലാവാസനയെ സൃഷ്ടിക്കുന്നതെന്ന്  ഇവിടെ വിവക്ഷിക്കുന്നില്ല എന്നും പറഞ്ഞുവെക്കുന്നു. തുടര്‍ന്ന് മറ്റൊരിടത്ത്, കലയ്ക്കു സ്ഥായിയായ ചില […]

antob

ആന്റോ കെ ജി

ശ്രീ. എം. പി. പോളിന്റെ ‘സാഹിത്യ വിചാരം’ എന്ന കൃതിയിലെ ‘കലയും കാലവും’ എന്ന അദ്ധ്യായത്തില്‍, കലയില്‍ കാലം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്.
‘സമുദായശരീരം സോന്മേഷം പ്രവര്‍ത്തിക്കുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന പ്രസന്നഭാവമാണ് കല. നേരേമറിച്ച്, സമുദായഗാത്രം പരിക്ഷീണവും രോഗബാധിതവുമായിരിക്കുന്ന കാലങ്ങളില്‍ അതിന്റെ കലാവദനം മ്ലാനവും അസന്തുഷ്ടവുമായി കാണപ്പെടുന്നുണ്ട്’ എന്ന പ്രസ്താവനയെ അദ്ദേഹം ഉദാഹരണങ്ങളോടെ സ്ഥാപിക്കുന്നു. എന്നാല്‍ ‘കാലമാണ് കലാവാസനയെ സൃഷ്ടിക്കുന്നതെന്ന്  ഇവിടെ വിവക്ഷിക്കുന്നില്ല എന്നും പറഞ്ഞുവെക്കുന്നു. തുടര്‍ന്ന് മറ്റൊരിടത്ത്, കലയ്ക്കു സ്ഥായിയായ ചില ആദര്‍ശങ്ങളുണ്ടെന്നും സൗന്ദര്യത്തിന്റെ പേരില്‍ അതു സത്യത്തെ ആരായുമെന്നും അങ്ങനെ സമുദായം ആത്മവിശ്വാസത്തിലും ആദര്‍ശതല്പരതയിലും അധ:പതിച്ച്, സ്വാര്‍ത്ഥപരവും താല്ക്കാലികവുമായ വ്യാപാരങ്ങളില്‍ മുഴുകിപ്പോകുമ്പോള്‍ കലാകാരന്റെ ആഭ്യന്തരജീവിതവും സമുദായത്തിന്റെ ക്ഷുദ്രജീവിതവും തമ്മില്‍ പൊരുത്തമില്ലാത്തതായിത്തീരുമെന്നും ഈ പൊരുത്തക്കേടുകളാണ് പല പ്രസ്ഥാനങ്ങള്‍ക്കും കാരണമായിതീര്‍ന്നിട്ടുള്ളതെന്നും നിരീക്ഷിക്കുന്നു.
ഈ പ്രസ്താവനകളില്‍ അന്തര്‍ലീനമായിരിക്കുന്ന പരസ്പര വൈരുദ്ധ്യത്തെ വിലയിരുത്തുകയല്ല, മറിച്ച്, കേരളീയരുടെ ശരാശരി കലാസങ്കല്‍പ്പം, സമകാലിക കലയെ വിലയിരുത്തുകയും മൂല്യം നിര്‍ണ്ണയിക്കുകയും ചെയ്യുന്ന രീതികളെ മനസ്സിലാക്കാന്‍ അവ ഒരുപക്ഷേ ഉപയുക്തമാകും എന്ന സൂചന ലഭിക്കുന്നു. ആദര്‍ശങ്ങള്‍ സ്ഥായിയാണോ എന്നകാര്യം അവിടെ നില്ക്കട്ടെ. കലാകാരന്റെ സ്ഥായിയായ’ ആദര്‍ശപരത സമുദായത്തോട് ഏറ്റുമുട്ടുമ്പോള്‍ മാത്രമല്ല, ആശയങ്ങളും ആദര്‍ശങ്ങളും പരസ്പരമുള്ള സംഘര്‍ഷത്തില്‍നിന്നും പ്രസ്ഥാനങ്ങള്‍ ഉണ്ടാകാം. അത്തരം ചരിത്ര സന്ദര്‍ഭങ്ങളില്‍ പ്രസ്ഥാനങ്ങളുടെ ജനനമരണങ്ങളിലൂടെ കലയെ വിലയിരുത്താനുള്ള ജനാധിപത്യ വീക്ഷണങ്ങളും ഉടലെടുക്കും. അത് കലയിലെ വൈവിധ്യങ്ങളെ ഒന്നിച്ചനുഭവിക്കുന്നതിനുള്ള സാധ്യതകൂടിയാണ്. അത്തരം സാധ്യതകള്‍ പ്രസ്തുത ‘സ്ഥായിയായ’ ആദര്‍ശപരതയെ അപനിര്‍മ്മാണം ചെയ്യുന്നു. കലാപ്രയോക്താക്കളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ജനാധിപത്യവീക്ഷണത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ആയിരിക്കും അത് യാഥാര്‍ത്ഥ്യമാവുന്നത്.
പ്രത്യേക രാഷ്ട്രീയവീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുന്ന കലാപ്രസ്ഥാനങ്ങളും, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കലാസംഘങ്ങളും എങ്ങനെയാണ് അവരുടെ ആദര്‍ശധീരത സമുഹത്തില്‍ ഉപയോഗിക്കുക എന്ന് നിരീക്ഷിച്ചാല്‍ ‘സ്ഥായിയായ’ എന്ന ഊന്നല്‍ ഒന്നുകൊണ്ടുമാത്രം അതിന്റെ ഫാസിസ്റ്റു സ്വഭാവം വ്യക്തമാവും.  ഇതെല്ലാം കുറെ ചര്‍ച്ചക്കു വിധേയമായ കാര്യങ്ങളാണെങ്കിലും, ഇക്കഴിഞ്ഞ ജൂണ്‍ 8 ന് സി.പി.എം സെക്രട്ടറി ശ്രീ. പിണറായി വിജയന്‍ സമൂഹമാറ്റത്തിനു വേണ്ടി കലയെ ഉപയോഗിക്കാന്‍ കലാപ്രയോക്താക്കളോട് ആഹ്വാനം ചെയ്യുന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. സമകാലിക സംഭവങ്ങളെ കലയിലൂടെ കൈകാര്യം ചെയ്താല്‍ ജനങ്ങള്‍ക്ക് അവയുമായി ബന്ധം സ്ഥാപിക്കാനുള്ള എളുപ്പം അദ്ദേഹം നിരീക്ഷിക്കുന്നു.
കല സമൂഹമാറ്റത്തിനുപകരിക്കും എന്നത് ഒരു ക്ഷുദ്രചിന്തയായി മനസ്സിലാക്കുകയല്ല. പക്ഷെ, അത് ഒരു അടിസ്ഥാനപ്രമാണമായി സ്വീകരിക്കുന്നത്, കലയിലെ വൈവിധ്യങ്ങളെ തമസ്‌ക്കരിക്കുമെന്നും, അതിന്റെ പ്രയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും പറയാതിരിക്കാന്‍ കഴിയില്ല. ലോകത്തെ മാറ്റിമറിക്കാന്‍ കരുത്തില്ലാതെ, ലോകത്തിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട്,  “ലോകം പോയി തുലയട്ടെ, ഏതായാലും അത് നന്നാവുകയില്ല, ഞാന്‍ എന്റെ സൗന്ദര്യക്കോട്ടക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം” എന്നു തീരുമാനിച്ച്, കലാകാരന്‍ സങ്കേതങ്ങള്‍ക്കൊണ്ട് ഭിത്തികള്‍ കെട്ടി, ഭാവനകൊണ്ട് മോടി പിടിപ്പിച്ച്, സ്വപ്നാടനം ചെയ്യാന്‍ തുടങ്ങുമെന്ന് എം. പി. പോള്‍ കളിയാക്കുന്നു. അപ്പോള്‍ സ്വപ്നം കാണുന്നതും, സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതും, ഭാവനയും, പണ്ടുതന്നെ വിലക്കപ്പെട്ടതായി കണക്കാക്കിയിരുന്നോ, അതോ അതൊന്നും ഉപയോഗിക്കാതെ കലാനിര്‍മ്മാണം സാധ്യമാകുമൊ?…ഇതും ഒരു പഴയ ചോദ്യം തന്നെ.
യൂറോപ്പ്യന്‍ നവോത്ഥാന കാലത്തെ ചിത്രകാരനായ റാഫേല്‍ ലോകപ്രശസ്തമായ തന്റെ  സ്‌ക്കൂള്‍ ഓഫ് ഏദന്‍സ്’ എന്ന ചുമര്‍ചിത്രത്തില്‍ പ്ലേറ്റോ സ്വര്‍ഗ്ഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായും അരിസ്റ്റോട്ടില്‍ ഭൂമിയിലേയ്ക്ക് കൈവിരിച്ചു പിടിച്ചതായും ചിത്രീകരിച്ചിട്ടുള്ളത്, അവരുടെ കലാവീക്ഷണങ്ങളുടെ വ്യത്യസ്ഥതയായി പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ആദര്‍ശം മാത്രമാണ് സത്യം, ആദര്‍ശത്തിന്റെ പകര്‍പ്പ് യാഥാര്‍ത്ഥ്യം, യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പ് വിചാരം, വിചാരത്തിന്റെ പകര്‍പ്പ് ഭാഷ. കവികള്‍ ദേവന്മാരെപ്പറ്റി കല്പിതകഥകള്‍ (അസത്യങ്ങള്‍) പ്രചരിപ്പിക്കുന്നതുകൊണ്ട് പ്ലേറ്റോ തന്റെ മാതൃരാജ്യത്തുനിന്നും കവികളെ ബഹിഷ്‌ക്കരിക്കുന്നു. കാവ്യം അനുകരണമാണെന്ന് അരിസ്റ്റോട്ടിലും പറയുന്നു’. ഇതെല്ലാം പഴങ്കഥകളാണെന്ന് പറയാന്‍ വരട്ടെ.

സമീപകാല കൊച്ചി മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിനാലെക്ക് അനുവദിച്ച പണം തടഞ്ഞുകൊണ്ട് കോടതി ചോദിക്കുന്നു. ധാരാളം പണം മുടക്കി ബിനാലെ നടത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് എന്താണ് നേട്ടം? കലയുമായി ബന്ധപ്പട്ടു പ്രവര്‍ത്തിക്കുന്നവരെല്ലാം ജനങ്ങള്‍ തന്നെയാണല്ലൊ. മാറ്റവും പുരോഗതിയുമെല്ലാം അവരെയും ഉദ്ദേശിക്കേണ്ടതുണ്ട്. ജനങ്ങളുടെ നികുതിപ്പണം (അതാണ് സര്‍ക്കാര്‍ പണം) കലക്കും അവകാശപ്പെട്ടതാണ.് സാംസ്‌ക്കാരികമായ വികസനം എന്നതിന് വിശാല അര്‍ത്ഥങ്ങളുണ്ട്. ബഹുമുഖവും സങ്കീര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് സാധ്യമാവുന്നത്. കലയുമായി ബന്ധപ്പെട്ട നിരക്ഷരതയെ മറികടക്കുകയെന്നത് ഒരു പൊതു ഉത്തരവാദിത്വമാണ്. ബിനാലെകള്‍ അത്തരമൊരു വഴിയിലെ പ്രവര്‍ത്തനങ്ങളാണ്. അത്തരത്തില്‍  കലയുടെ ഉത്സവങ്ങളാണ് അവ. രാജ്യാന്തരതലത്തിലും നിലവാരത്തിലുമുള്ള കലാനിര്‍മ്മാണവും പ്രദര്‍ശനങ്ങളുമാണ് ബിനാലെകളില്‍ നടക്കുന്നത്. നേട്ടം എന്നതുകൊണ്ടുദ്ദേശിക്കുന്നത് പണമാണെങ്കില്‍ കച്ചവടപരമായ ഒരു മാനദണ്ഡം അത് പാലിക്കേണ്ടിവരുമല്ലൊ. കലയെ കച്ചവടവല്ക്കരിക്കുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യവുമല്ല. മറിച്ച് മേലുദ്ധരിച്ച സ്ഥായിയായ’ആദര്‍ശനിഷ്ഠയാണ് അല്ലെങ്കില്‍ സമൂഹമാറ്റത്തിനുതകുന്ന, ആശയങ്ങളാണ് നേട്ടമായി എണ്ണുന്നതെങ്കില്‍ മാറ്റം എന്താണെന്നും എങ്ങനെയാണെന്നും തുടങ്ങി നാളിതുവരെ ഉണ്ടായിട്ടുള്ള എല്ലാ സൗന്ദര്യശാസ്ത്ര പ്രശ്‌നങ്ങളിലും കോടതി തീര്‍പ്പുകല്‍പ്പിക്കേണ്ടിവരും.
കല അതിന്റെ പ്രയോഗ്താക്കളുടെ ചിന്താപദ്ധതികളുമായി ബന്ധപ്പെട്ടും അതാതു രാഷ്ട്രീയ സാമൂഹിക കാരണങ്ങള്‍ക്കൊണ്ടും, അതിസങ്കീര്‍ണ്ണമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ശില്പം, ചിത്രം, സിനിമ, നാടകം തുടങ്ങിയ അതിര്‍ വരമ്പുകള്‍ മറികടന്ന് അത് വികസിക്കുന്നു. ന്യൂ മീഡിയ എന്നു വിളിക്കപ്പെടുന്ന ഇത് നമ്മുടെ ക്രിയാത്മകമായ സാധ്യതകളെ വികസിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് അതിന്റെ പൂര്‍വ്വരൂപങ്ങളെ ഇല്ലാതാക്കുകയല്ല, മറിച്ച്, ഒരുമിച്ച് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ നീരീക്ഷണങ്ങളും, പഠനവും വികസിപ്പിച്ച് നമുക്കും നമ്മുടെ വീക്ഷണത്തില്‍ കലയെ വളര്‍ത്താവുന്നതാണ്. എം. പി. പോള്‍ പറയുന്ന രോഗഗ്രസ്ഥമായ സമൂഹത്തില്‍ മ്ലാനവും അസന്തുഷ്ടവുമായ കല’ എന്നൊന്ന് വാസ്തവത്തില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. കലാചരിത്രകാരന്മാര്‍ തെറ്റായ കലാചരിത്രം എഴുതിയുണ്ടാക്കാറുണ്ട്. പക്ഷേ കല എന്തായാലും, ഏതു മാധ്യമത്തിലായാലും ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഒരു ബിനാലെ കലയോട് പൊതുവീക്ഷണം വച്ചുപുലര്‍ത്തുന്നു. ഒരു ജനാധിപത്യസംസ്‌ക്കാരം വികസിക്കുന്ന പശ്ചാതലത്തില്‍ അത് നിര്‍ണ്ണായകവുമാണ്. വ്യത്യസ്ഥതകള്‍ ഉള്‍ചേരുന്ന പൊതുവേദികളെക്കുറിച്ചുള്ള അന്വേഷണമാണ് ബിനാലെകളുടെ ചരിത്രം സൃഷ്ടിച്ചത്. അവ ലോകം മുഴുവനുമുള്ള സാംസ്‌ക്കാരിക വൈവിധ്യങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നു.
ദൃശ്യകലാ ബോധത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ അവ ലക്ഷ്യം വയ്ക്കുന്ന മാറ്റങ്ങളെകുറിച്ചുള്ള ഒരു മുന്നറിവ് നമുക്ക് ലഭിക്കുന്നത് മറ്റ് സമൂഹങ്ങളില്‍ കലാചരിത്രത്തില്‍ അവ എങ്ങനെ ഉണ്ടായി അല്ലെങ്കില്‍ ഉണ്ടാകുന്നു എന്ന് ആഗോളവീക്ഷണത്തില്‍ നിരീക്ഷിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് ഇത്തരം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും സംവാദങ്ങള്‍ പുരോഗമിക്കേണ്ടത്. ആഗോള വീക്ഷണത്തില്‍ നോക്കിയാല്‍ രാജ്യാന്തരമായ രാഷ്ട്രീയത്തിന്റെ ധ്രുവീകരണവും, സാംസ്‌ക്കാരികമായ വിനിമയവും ഓരോ രാജ്യത്തിന്റെയും കലയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള മാര്‍ഗ്ഗം എന്ന നിലയിലും ബിനാലെകള്‍ അതാതിന്റെ പങ്ക് ചരിത്രത്തില്‍ വഹിച്ചുകൊണ്ടിരിക്കുന്നു.
ഈ വര്‍ഷത്തെ വെനീസിലെ 13-ാമത് അന്താരാഷ്ട്ര ആര്‍ക്കിടെക്ടച്ചര്‍ ബിനാലെയുടെ ഡയറക്ടറായ ഡേവീഡ് ചിപ്പര്‍ഫീല്‍ഡ് (ഉമ്ശറ ഇവശുുലൃളശലഹറ) പൊതുമണ്ഡലം (ഇീാാീി ഏൃീൗിറ) എന്ന് നാമകരണം ചെയ്ത പ്രദര്‍ശനത്തിന്റെ സങ്കല്‍പം വിശദീകരിക്കുന്നു. പങ്കെടുക്കുന്നവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരും മുഖ്യപാത്രങ്ങളായി (ുൃീമേഴീിശേെ)െ വര്‍ത്തിക്കുന്ന, വ്യത്യസ്തതകളെ ചലനാത്മകമാക്കിയ, അല്ലെങ്കില്‍ വ്യത്യസ്തതകളില്‍ നിന്നും ഉയിര്‍കൊണ്ട പൊതുമണ്ഡലത്തെകുറിച്ച് അദ്ദേഹം പറയുന്നു. കല പലപ്പോഴും സംഭവിക്കുന്നത് അത്തരത്തിലുള്ള പൊതുവേദിയിലാണ് എന്ന് തോന്നിയിട്ടുണ്ട്. വൈവിധ്യങ്ങളെ നിശ്ശബ്ദമാക്കിയ ഒരുതരം പൊതുമണ്ഡലമല്ല ഇത്. മറിച്ച്, വൈവിധ്യങ്ങളെ സംപുഷ്ടമാക്കുകയും നവീകരിക്കുകയും അവയില്‍നിന്ന് ഉരുത്തിരിയുകയും ചെയ്യുന്ന ഒന്നാണ്.
നരവംശശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ മനസിലാക്കിയാല്‍ കല മനുഷ്യജീവിയുടെ ജൈവികമായ ചോദനയാണെന്ന് കാണാവുന്നതാണ്. കലയുടെ വികാസ ചരിത്രം മനുഷ്യന്റെ കൂടി
വികാസചരിത്രമാണ്. അതായത് കല സ്വന്തം ഇണയെ വിളിക്കാനുള്ളതായിട്ടും വിശപ്പായിട്ടും ദൈവഭക്തിയായിട്ടും, രാജഭക്തിയായിട്ടും, പാരമ്പര്യമായിട്ടും, പ്രതിരോധമായിട്ടും, വിപ്ലവമായിട്ടും, പരസ്യമായിട്ടും, ബുദ്ധി പ്രകടനമായിട്ടും, ചെപ്പടിവിദ്യയായിട്ടും, വിപണിക്കുവേണ്ടിയും, വിപണിക്കെതിരായിട്ടും, നമുക്ക് അനുഭവത്തിലുണ്ട്. നമ്മള്‍ മനുഷ്യര്‍ എല്ലാ നിലവാരത്തില്‍പ്പെട്ടവരും ഈ ഭൂമിയില്‍ ഒരുമിച്ചായതുകൊണ്ട്, ഫോക്ക് കല, ക്ലാസിക്കല്‍ കല, വിപ്ലവകല, കച്ചവട കല, പണക്കാരന്റെ കല, പാവപ്പെട്ടവന്റെ കല, സ്പനാടകന്റെ കല, സവര്‍ണ്ണകല, അവര്‍ണ്ണകല തുടങ്ങി എല്ലാ കലകളും ഒരുമിച്ച് ഇവിടെ നിലനില്‍ക്കുന്നു. ഓരോന്നും പ്രത്യേക ഗണത്തില്‍ പെടുന്നതുകൊണ്ട് കലയല്ലാതാവുകയൊ ഒന്ന് മറ്റൊന്നിനെ കലയായി പ്രയോഗിച്ച് ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. അവസരങ്ങള്‍ മാത്രമാണ് പലപ്പോഴും ഇല്ലാതിരിക്കുന്നത്. രാഷട്രീയമായും സാംസ്‌ക്കാരികമായും ഇല്ലാതാക്കുന്നത് പലപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കേണ്ടത് അവിടെയാണ്.
നമുക്കറിയാം നമ്മുടെ ആശയങ്ങളും, ഭാവനയും, സ്വാതന്ത്ര്യ സങ്കല്‍പങ്ങളുമെല്ലാം  നമ്മുടെ സ്വത്വബോധനിര്‍മ്മിതികളില്‍ നിന്നും വരുന്നു. കലചെയ്യുന്നവര്‍ സ്വത്വബോധത്തെ എന്നെന്നും പുതിയതായി പുനര്‍നിര്‍മ്മിക്കുന്നവരാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. എന്നാല്‍ ചിലപ്പോഴെല്ലാം നാമതെല്ലാം നമ്മുടെ ധാരണകളുടെ അതിശക്തമായ ഉരുക്കുചട്ടക്കൂടിനുള്ളില്‍ കെട്ടിയിട്ടുവളര്‍ത്തുകയാണ്. ഈ ഉരുക്കുചട്ടക്കൂടിനെ തകര്‍ക്കാതിരിക്കുന്നിടത്തോളം പുതിയ കാലത്തിന് അവശ്യമായ നവീന മാതൃകകളൊന്നും നമുക്ക് സ്വീകരിക്കാനാവില്ല

.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply