കരിം മാത്രമല്ല, മുഴുവന്‍ മലയാളികളും കുറ്റവാളികള്‍

ഭിന്നശേഷിക്കാരെ അപമാനിക്കുന്ന വിധത്തില്‍ ഇളമരം കരിം സംസാരിച്ചതില്‍ അത്ഭുതമെന്ത്? മുഖ്യധാര എന്നു സ്വയം വിശേഷിക്കപ്പെടുന്നവരില്‍ നിന്ന് ഭിന്നരായവരൊടെല്ലാം മലയാളികളുടെ പൊതുവിലുള്ള മനോഭാവമാണ് കരിമിന്റെ വാക്കുകളില്‍ കേട്ടത്. പിന്നെ ഒരു ഉന്നതനായ നേതാവായതിനാല്‍ കരിം പറയാന്‍ പാടില്ലെന്ന വാദവും തെറ്റാണ്. കാരണം ഉന്നതശീര്‍ഷരായ നേതാക്കളൊന്നും കേരളത്തിലില്ല. മാത്രമല്ല, നേതാക്കള്‍ മാത്രം പാലിക്കേണ്ട വിഷയവുമല്ല ഇത്. ‘ഒരുത്തന്‍ കണ്ണ് പൊട്ടന്, മറ്റവന്‍ ചെവി കേള്‍ക്കാത്തവന്,  അടുത്ത മന്ത്രി കാല്‌മൊടന്തന്, മൂന്നാമത്തെ മന്ത്രി എല്‍.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക്, നാലാമത്തെ മ്ത്രി യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക്’…….  […]

karimഭിന്നശേഷിക്കാരെ അപമാനിക്കുന്ന വിധത്തില്‍ ഇളമരം കരിം സംസാരിച്ചതില്‍ അത്ഭുതമെന്ത്? മുഖ്യധാര എന്നു സ്വയം വിശേഷിക്കപ്പെടുന്നവരില്‍ നിന്ന് ഭിന്നരായവരൊടെല്ലാം മലയാളികളുടെ പൊതുവിലുള്ള മനോഭാവമാണ് കരിമിന്റെ വാക്കുകളില്‍ കേട്ടത്. പിന്നെ ഒരു ഉന്നതനായ നേതാവായതിനാല്‍ കരിം പറയാന്‍ പാടില്ലെന്ന വാദവും തെറ്റാണ്. കാരണം ഉന്നതശീര്‍ഷരായ നേതാക്കളൊന്നും കേരളത്തിലില്ല. മാത്രമല്ല, നേതാക്കള്‍ മാത്രം പാലിക്കേണ്ട വിഷയവുമല്ല ഇത്.
‘ഒരുത്തന്‍ കണ്ണ് പൊട്ടന്, മറ്റവന്‍ ചെവി കേള്‍ക്കാത്തവന്,  അടുത്ത മന്ത്രി കാല്‌മൊടന്തന്, മൂന്നാമത്തെ മന്ത്രി എല്‍.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക്, നാലാമത്തെ മ്ത്രി യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക്’…….  എന്നിങ്ങനെ ആനുകൂല്യങ്ങള്‍ കൊടുത്തതുകൊണ്ടാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലായതെന്നാണല്ലോ കരിം പറഞ്ഞത്. ‘കെ എസ് ആര്‍ ടി സിയുടെ നഷ്ടത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ  ഭിന്നശേഷിയുള്ള സഹോദരങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ വന്നത് ബോധപൂര്‍വമല്ല. എങ്കിലും അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ആ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍, നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.’ എന്ന് പിന്നീട് കരിം വിശദീകരിച്ചു. സത്യത്തില്‍ ഈ വിശദീകരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ബോധപൂര്‍വ്വമല്ല ഈ പരാമര്‍ശങ്ങള്‍ എന്നതു തന്നെയാണ് സത്യം. മേല്‍സൂചിപ്പിച്ച വിഭാഗങ്ങളോട് മലയാളികളില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മനോഭാവം തന്നെയാണ് ‘ബോധപൂര്‍വ്വമല്ലാത്ത’ വാക്കുകളിലൂടെ പുറത്തുവരുന്നത്. നേരത്തെ സൂചിപ്പിച്ച പോലെ ‘മുഖ്യധാര’യില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നവരോടെല്ലാം മലയാളികളുടെ പൊതുസമീപനം ഇതുതന്നെ. ഭിന്നലൈംഗികതയുള്ളവരോട് ഇത് കുറെക്കൂടി പ്രകടമാണ്. ദളിതര്‍, ആദിവാസികള്‍, കറുത്തവര്‍, അന്യസംസ്ഥാനതൊഴിലാളികള്‍.. എന്തിനേറെ സ്ത്രീകളെ കുറിച്ചും നാം ബോധപൂര്‍വ്വമല്ലാതെ പറയുന്ന കാര്യങ്ങള്‍ അതിനുദാഹരണമാണ്.
ഭിന്നശേഷിയുള്ളവരെ ഇപ്പോഴും വികലാംഗരെന്നാണ് കേരളീയ സമൂഹം വിശേഷിപ്പിക്കുന്നത്. അവരുടെ സംഘടനക്കുപോലും ആ പേരാണ്. തങ്ങള്‍ വികലാംഗരല്ല എന്നും വിഭിന്നശേഷിയുള്ളവരാണെന്ന് അവരിലെ ആത്മാഭിമാനമുള്ളവര്‍ എത്രയോ തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാലും നാമവരെ വിളിക്കുക വികലാംഗര്‍ എന്ന്. രണ്ടുപദങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. പണ്ട് തങ്ങളെ ഹരിജനങ്ങള്‍ എന്നു വിളിക്കരുതെന്ന് ദളിതര്‍ പറഞ്ഞതുപോലെ തന്നയാണിതും.
ലോകത്ത് നൂറു കോടി ജനങ്ങള്‍, അതായത് ലോകജനസംഖ്യയുടെ 15 ശതമാനം പേര്‍ ഭിന്ന ശേഷിയുള്ളവരാണ്. അതിന്റെ പേരില്‍ ഭൗതികവും സാമൂഹ്യപരവും സാമ്പത്തികപരമായ വിവേചനങ്ങള്‍ ഇവര്‍ നേരിടുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാനപരമായുള്ള അവകാശങ്ങളില്‍ നിന്നും ഈ വിവേചനം അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, മുഖ്യധാര വികസന അജണ്ടയിലും അതിന്റെ പ്രക്രിയകളിലും ഇവരെ പൊതുസമൂഹം കണ്ടില്ലെന്ന് നടിക്കുന്നു. അത്തരമൊരവസ്ഥയയാണ് അടിയന്തിരമായി മാറ്റേണ്ടത്.
പൊതുസേവന സംവിധാനങ്ങളെല്ലാം ആരോഗ്യപരമായി സ്വയംപര്യാപ്തരായവരെ മാത്രമാണ് അഭിസംബോധനചെയ്യുന്നത്. പൊതുയാത്രാ സംവിധാനങ്ങളും നിരത്തുകളും സേവനസംവിധാനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുക്കണം. ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രമാണ് വിഭിന്നശേഷിയുള്ളവര്‍ക്ക് യാത്രാസൗജന്യമുള്ളത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യുന്നവരുടെ എണ്ണം വിരളമാണ്. പ്രാദേശികതലത്തില്‍ ലോക്കല്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണം.
പൊതുയിടങ്ങളെല്ലാം വിഭിന്ന ശേഷിയുള്ളവര്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം രൂപപ്പെടുത്തേണ്ടത്. അത് ഔദാര്യമാകരുത്, അവകാശമാകണം. ഹോട്ടലുകളിലും തിയറ്റുകളിലും റോഡുകളിലും വാഹനങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഫുട്പാത്തുകളിലും എന്തിന് വീടുനിര്‍മ്മിക്കുമ്പോഴും എവിടേയും വിഭിന്ന ഗുണമുള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്.  ഔദാര്യങ്ങളല്ല, അംഗീകാരമാണ് ഇവര്‍ക്കാവശ്യം.
പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളം ഇക്കാര്യത്തില്‍ ഏറെ പുറകിലാണഅ. തമിഴ് നാടുപോലുള്ള സംസ്ഥാനങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അവിടെ ഇവര്‍ക്കായി മന്ത്രിയുണ്ട്, നിരവധി പദ്ധതികളുണ്ട്. എന്നാല്‍ പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളത്തില്‍ വിഭിന്നകഴിവുള്ളവരുടെ അവസ്ഥ വളരെ ദയനീയമാണ്. അതിന്റെ പ്രതിഫലനമാണ് കരിമിന്റെ വാക്കുകള്‍.
ഭിന്നലിംഗക്കാരുടെ കാര്യം നോക്കൂ. അവരുടെ അവകാശസംരക്ഷണത്തിനായുള്ള സ്വകാര്യബില്‍ രാജ്യസഭ പാസാക്കിയിട്ടുണ്ട്. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, വൈദഗ്ധ്യ പരിശീലനം, സാമൂഹിക സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, ന്യായമായ താമസസൗകര്യം, നിയമസഹായം, അക്രമവും ചൂഷണവും തടയല്‍, പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. ദേശീയ, സംസ്ഥാന തലങ്ങളില്‍ ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണത്തിനായി കമ്മീഷനുകളും ഭിന്നലിംഗ കോടതിയും രൂപവത്കരിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ഇവരുടെ അവകാശങ്ങള്‍ ഒരു പരിധി വരെയെങ്കിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അപേക്ഷാഫോമുകളില്‍ ആണ്/പെണ്ണ്/മറ്റുള്ളവര്‍ എന്ന കോളമുണ്ട്. അതുവഴി ഇവരുടെ അസ്തിത്വം അംഗീകരിക്കപ്പെടുകയാണ്. എന്നാല്‍ കേരളത്തിലോ? ഒറ്റ ഉദാഹരണം മാത്രം പറയാം. അഖിലേന്ത്യാ പ്രവേശനപരീക്ഷക്കുള്ള അപേക്ഷയില്‍ ഈ ചോയ്‌സ് ഉള്ളപ്പോള്‍ കേരളത്തിലെ പ്രവേശനപരീക്ഷയില്‍ അതില്ല. ഇതുപോലെയാണ് എല്ലാ മേഖലയിലും. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധഭാഷകളില്‍ എത്രയോ സിനിമകള്‍ പോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളി ആഘോഷിക്കുന്നത് ചാന്തുപൊട്ടാണ്. ശത്രുക്കളെ രാഷ്ട്രീയ ശിഖണ്ടി, നപുംസകം എന്നെല്ലാം ‘ബോധപൂര്‍വ്വമല്ലാതെ’ ആക്ഷേപിക്കാത്ത നേതാക്കള്‍ കുറവല്ലേ? കേരളത്തിലെ ഭിന്നലിംഗക്കാരില്‍ ബഹുഭൂരിപക്ഷവും കേരളത്തില്‍ നിന്ന് ഓടിപോകുന്നു, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു, അല്ലെങ്കില്‍ ഭിക്ഷക്കാരാകുന്നു. ലൈംഗികത്തൊഴിലാളികളാകുന്നു. ലൈംഗികതയിലെ വൈവിധ്യം അംഗീകരിക്കാത്ത കേരളീയ സമൂഹത്തിനുമുന്നില്‍ ജീവിക്കാന്‍ പോരടിച്ച്് പരാജയപ്പെട്ട് ആത്മഹത്യ ചെയ്തവരും കൊലചെയ്യപ്പെട്ടവരും ഒളിവില്‍ ജീവിക്കുന്നവരും നിരവധിയാണ്.
മുകളില്‍ സൂചിപ്പിച്ച പോലെ മറ്റനവധി വിഭാഗങ്ങളോടും നമ്മുടെ സമീപനം ഇതുതന്നെ. മുളയന്‍ കളക്ടറായാല്‍ എന്ന ചൊല്ലുനോക്കുക. അട്ടപ്പാടിയില്‍ നിന്നുള്ളവരെ കുറിച്ച് അടുത്തയിടെ മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗ് വിവാദമയല്ലോ. കഴിഞ്ഞ ദിവസം വിവാദമായ കല്ല്യാണിന്റെ പരസ്യം എന്തിന്റെ സൂചനയാണ്?  വിവാഹാലോചനവേളകളില്‍ കറുത്തവരെ കുറിച്ച് എന്താണ് നാം പറയാറുള്ളത്? അന്യസംസ്ഥാനത്തൊഴിലാളികളെ എങ്ങനെയാണ് ശരാശരി മലയാളി നോക്കികാണുന്നത് എന്ന് പ്രത്യകിച്ച് പറയാനില്ലല്ലോ. തമിഴരെ നാം പാണ്ടികളെന്നു വിളിക്കുന്നു. സ്ത്രീകളെ കുറിച്ചുപോലും എന്തെല്ലാ്ം നാം പറയുന്നു. അല്‍പ്പം തന്റേടം കാണിച്ചാല്‍ പിടക്കോഴി കൂവലായി. പെണ്ണൊരുമ്പെട്ടാല്‍ എന്ന വാക്കിന് സത്യത്തില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? എ്ന്നാലും അതു നാം നിരന്തരം പറയുന്നു. വിധവകളെ കുറിച്ചും അവിവാഹിതകളെ കുറിച്ചും നാം എന്തെല്ലാം പറയുന്നു….
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. അല്‍പ്പം ഭിന്നമായതിനോടെല്ലാം മലയാളികളുടെ പൊതുമനോഭാവമാണ് കരിമിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. അതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതിലര്‍ത്ഥമില്ല. വേണ്ടത് പൊതുവായ ഒരു ആത്മപരിശോധനമാണ്. അപ്പോള്‍ നാമെല്ലാം തന്നെ പ്രതിക്കൂട്ടിലാണെന്നു കാണാന്‍ കഴിയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply