കനയ്യ സ്വതന്ത്രന്‍, ഖാലിദും ഭട്ടാചാര്യയുമോ?

അജാസ് അഷ്‌റഫ് പ്രതിഷേധകരെ ഭയപ്പെടുത്തി ഓടിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പോള്‍, അത് രണ്ടാമത്തെ അടവെടുത്തു. നീണ്ടുനില്‍ക്കുന്ന കോടതി യുദ്ധങ്ങളിലൂടെയും നീക്കുപോക്കുകളിലൂടെയും തങ്ങളുടെ എതിരാളികളെ തടയാനാണ് പിന്നീടത് തുനിഞ്ഞത്. പ്രതിഷേധകരെ പൂര്‍ണ്ണമായും തളര്‍ത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ പ്രതിഷേധകര്‍ക്കിടയില്‍ ഒരു ആപ്പടിച്ചു കയറ്റാന്‍ കഴിയുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്. പ്രതിഷേധകരെ വില്ലന്‍മാരായി ചിത്രീകരിക്കുകയും തങ്ങളുടെ നടപടിയാണ് ധാര്‍മികമായി ശരിയായത് എന്ന് സമര്‍ത്ഥിക്കുകയുമാണ് അവരിപ്പോള്‍ ചെയ്യുന്നത്. ഇതാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ വൃന്ദാവനില്‍ വെച്ച് ബി.ജെ.പിയുടെ യുവജനസംഘടനയായ ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ […]

uuuuഅജാസ് അഷ്‌റഫ്

പ്രതിഷേധകരെ ഭയപ്പെടുത്തി ഓടിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പോള്‍, അത് രണ്ടാമത്തെ അടവെടുത്തു. നീണ്ടുനില്‍ക്കുന്ന കോടതി യുദ്ധങ്ങളിലൂടെയും നീക്കുപോക്കുകളിലൂടെയും തങ്ങളുടെ എതിരാളികളെ തടയാനാണ് പിന്നീടത് തുനിഞ്ഞത്. പ്രതിഷേധകരെ പൂര്‍ണ്ണമായും തളര്‍ത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ പ്രതിഷേധകര്‍ക്കിടയില്‍ ഒരു ആപ്പടിച്ചു കയറ്റാന്‍ കഴിയുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്. പ്രതിഷേധകരെ വില്ലന്‍മാരായി ചിത്രീകരിക്കുകയും തങ്ങളുടെ നടപടിയാണ് ധാര്‍മികമായി ശരിയായത് എന്ന് സമര്‍ത്ഥിക്കുകയുമാണ് അവരിപ്പോള്‍ ചെയ്യുന്നത്. ഇതാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ വൃന്ദാവനില്‍ വെച്ച് ബി.ജെ.പിയുടെ യുവജനസംഘടനയായ ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ദേശീയ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രഭാഷണത്തില്‍ സാമ്പത്തികകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചെയ്യാന്‍ ശ്രമിച്ചത്. ‘അത് നമ്മുടെ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. കാരണം ഇന്ത്യയെ വിഭജിക്കാന്‍ വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് ജയിലില്‍ അടക്കപ്പെട്ട ഒരു വ്യക്തിക്ക് (കനയ്യ കുമാര്‍), പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിനിടെ ‘ജയ് ഹിന്ദ്’ എന്ന് പറയേണ്ടതായും, മൂവര്‍ണ്ണക്കൊടി വീശേണ്ടതായും വന്നിരിക്കുകയാണ്. ഇത് നമ്മുടെ പ്രത്യയശാസ്ത്രപരമായ വിജയം തന്നെയാണ്.’ അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ രണ്ട് സഹപാഠികള്‍ ഇപ്പോഴും അഴികള്‍ക്കുള്ളില്‍ തന്നെയാണ്. ഇതെന്തു കൊണ്ടെന്നാല്‍, ബട്ടാചാര്യയും ഉമര്‍ ഖാലിദും എന്തെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളിലെ അംഗങ്ങളല്ല. അവരെ നിങ്ങള്‍ക്ക് രാഷ്ട്രീയ അനാഥര്‍ എന്ന് വിളിക്കാം.
തത്വത്തില്‍, ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യ കുമാറിന് ഉള്ളത് പോലെ ഇടത് ദേശീയ നേതാക്കളുടെ സംരക്ഷണം അവര്‍ക്കില്ല. മോദി സര്‍ക്കാറിന്റെ തിരിച്ചടിയില്‍ നിന്നും തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു വ്യക്തിക്ക് സംരക്ഷണം നല്‍കാന്‍ അവര്‍ ഇപ്പോഴും സമ്പത്ത് ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സമ്പത്ത് ചെലവഴിച്ച് വേണമെങ്കിലും വിദഗ്ദരുടെ നിയമസഹായം ലഭ്യമാക്കാനും, ദേശവ്യാപകമായി പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനും അവര്‍ക്ക് സാധിക്കും.
ബട്ടാചാര്യക്കും ഖാലിദിനും അത്തരത്തിലുള്ള സൗകര്യങ്ങളൊന്നുമില്ല. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന പിന്തുണയയെയും, പൊതുമനസ്സില്‍ അവരെ കുറിച്ചുള്ള സ്മരണ നിലനില്‍ക്കുന്നതിനെയും ആശ്രയിച്ചാണ് അവരുടെ വിധി തീരുമാനിക്കപ്പെടുക. ഫെബ്രുവരി 24ന് ഡല്‍ഹി പോലിസിന് മുമ്പാകെ ബട്ടാചാര്യയും ഖാലിദും കീഴടങ്ങിയതോടെ മാധ്യമങ്ങളുടെ ഫ്രണ്ട് പേജില്‍ നിന്നും ഉള്‍പ്പേജിലേക്ക് അവര്‍ തരംതാഴ്ത്തപ്പെട്ടു. കനയ്യ കുമാറിന്റെ മോചനത്തിനും, വൈകിയെത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തിനും ഇതില്‍ ഭാഗികമായ പങ്കുണ്ടെന്നത് തള്ളികളയാന്‍ കഴിയില്ല. അതോടെ അവര്‍ രണ്ടുപേരും അവരെ പിന്തുണക്കുന്നവരും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവരെ പോലെയായി തീരുകയാണ് ഉണ്ടായത്.
പക്ഷെ നമ്മുടെ പൊതുജീവിതവുമായി ബന്ധപ്പെട്ട് തള്ളിക്കളയാന്‍ കഴിയാത്ത ഒരു വശം കൂടി ഇവിടെയുണ്ട് ജെ.എന്‍.യുവുമായി ബന്ധപ്പെട്ട പ്രതിസന്ധി സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുന്ന കാലത്തോളം, ബട്ടാചാര്യയെയും ഉമര്‍ ഖാലിദിനെയും പൊതുജനം മറക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പൊതുജന മനസ്സില്‍ അവരെ എന്നെന്നും നിലനിര്‍ത്താനുള്ള ക്രിയാത്മക വഴികള്‍ ജെ.എന്‍.യു കണ്ടെത്തേണ്ടതുണ്ട്.
അവര്‍ രാഷ്ട്രീയമായി അനാഥരായത് കൊണ്ട് മാത്രമല്ല ഭരണകൂടം അവരെ ലക്ഷ്യംവെക്കുന്നത്, മറിച്ച് തങ്ങളുടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ട് പോകാന്‍ സംഘ് പരിവാര്‍ തേടികൊണ്ടിരുന്ന ബലിയാടാണ് ഉമര്‍ ഖാലിദ് എന്നതും ഭയം ജനിപ്പിക്കുന്നതാണ്. ഉമര്‍ ഖാലിദിന്റെ മതസ്വത്വത്തെ പോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും ഇതില്‍ കൂടുതലായി ഒരു പങ്കും വഹിക്കാനില്ല.
താനൊരു നിരീശ്വരവാദിയാണ് എന്ന ഉമറിന്റെ പരസ്യപ്രസ്താവന മാറ്റിവെച്ചാല്‍ ഉമര്‍ ഒരു മുസ്‌ലിമാണ്. അദ്ദേഹത്തിന്റെ പിതാവ്, സയ്യിദ് ഖാസിം റസൂല്‍ ഇല്ല്യാസ്, 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമി നിരോധിക്കപ്പെടുന്നതിന് മുമ്പ് അതില്‍ പ്രവര്‍ത്തിച്ചിരുന്നു. കാമ്പസില്‍ കാശ്മീരുമായി ബന്ധപ്പെട്ട ഫെബ്രുവരി 9 പരിപാടി സംഘടിപ്പിച്ച പത്തുപേരില്‍ ഒരാളാണ് ഖാലിദ്. ഈ പരിപാടിയില്‍ വെച്ചാണ് ഇന്ത്യയെ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുളള മുദ്രാവാക്യങ്ങള്‍ വിളിക്കപ്പെട്ടു എന്ന് പറയപ്പെടുന്നത്.
വിവാദപരമായ മുദ്രാവാക്യങ്ങള്‍ ഉമര്‍ മുഴക്കിയതായി തെളിവുകളായി കണക്കാക്കപ്പെടുന്ന വീഡിയോകളില്‍ ഒന്നില്‍ പോലും കാണാന്‍ സാധിക്കില്ല. ഈ വീഡിയോകളില്‍ മൂന്നും വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. മുഖം മറച്ചു കൊണ്ട് പുറത്ത് നിന്നും എത്തിയവരാണ് പ്രസ്തുത മുദ്രാവാക്യങ്ങള്‍ മുഴക്കിയത് എന്ന വസ്തുത ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അവരെ കണ്ടെത്താനുള്ള യാതൊരു ശ്രമവും പിന്നീട് നടന്നില്ല. ചിലപ്പോള്‍ മനപ്പൂര്‍വ്വം അതിന് വേണ്ടി ശ്രമം നടത്താത്തതായിരിക്കാനും സാധ്യതയുണ്ട്.
പക്ഷെ ഇനിയാണ് ഭരണകൂടം അവരുടെ കളി കല്‍ക്കാന്‍ പോകുന്നത്. അടുത്തുതന്നെ ഖാലിദും ബട്ടാചാര്യയും ജാമ്യാപേക്ഷ സമര്‍പ്പിക്കും, പ്രോസിക്ക്യൂഷന്‍ എതിര്‍വാദമുന്നയിച്ച് കൊണ്ട് രംഗത്ത് വരുമെന്ന കാര്യം ഉറപ്പാണ്, അവര്‍ ദേശവിരുദ്ധരാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് എന്നായിരിക്കും അവരുടെ പ്രധാന വാദം. പാര്‍ലമെന്റ് ആക്രമണകേസില്‍ വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ്മദിനം കൊണ്ടാടിയതിന് പിന്നിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ അവരെ കസ്റ്റഡിയില്‍ തന്നെ വെക്കണമെന്ന് പ്രോസിക്ക്യൂഷന്‍ ശക്തമായി വാദിക്കും.
നമ്മുടെ നിയമവ്യവസ്ഥയില്‍, കുറ്റം തെളിയുന്നത് വരേക്കും കുറ്റാരോപിത/ന്‍ നിരപരാധിയായി കണക്കാക്കപ്പെടണം എന്നാണ് വ്യവസ്ഥ. പക്ഷെ ഭൂരിപക്ഷ സമൂഹത്തെയും, മാധ്യമ ഉപഭോക്താക്കളെയും സംബന്ധിച്ചിടത്തോളം ബട്ടാചാര്യയും ഖാലിദും തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നത് വരേക്കും കുറ്റവാളികള്‍ തന്നെയാണ്.
ബട്ടാചാര്യയേക്കാള്‍ കൂടുതല്‍ ഖാലിദ് ദേശവിരുദ്ധനായി മുദ്രകുത്തപ്പെടുന്നത് ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമോഫോബിയയുടെയും, കഴിഞ്ഞ 21 മാസക്കാലമായി മതന്യൂനപക്ഷങ്ങളെ യാതൊരു സങ്കോചവും കൂടാതെ വേട്ടയാടുന്ന ബി.ജെ.പിയുടെയും ഈ കാലഘട്ടത്തില്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസ് സ്വീകരിച്ച നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാറിന് ഉമര്‍ ഖാലിദ് കുറ്റക്കാരനാവേണ്ടത് അനിവാര്യമാണ്.
ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി.എസ് ബാസി ഒരു മരമണ്ടനാണെന്നാണ് സംഘ് പരിവാറിനുള്ളിലെ ഇപ്പോഴത്തെ സംസാരം. കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് ഉമര്‍ ഖാലിദിനെയായിരുന്നത്രെ. അത് പ്രചാരണയുദ്ധത്തിലെ ബി.ജെ.പിയുടെ വിജയം അനായാസമാക്കി തീര്‍ക്കുകയും, അടുത്ത വര്‍ഷം വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിയെ സഹായിക്കുകയും ചെയ്യുമായിരുന്നു.
ആളുമാറിയാണ് കനയ്യ കുമാറിനെ പിടിച്ചു കൊണ്ടുപോയത്. ദരിദ്രനാണെങ്കിലും, മേല്‍ജാതിയായ ബൂമിഹാര്‍ ജാതിയില്‍ പെട്ടയാളാണ് കനയ്യ കുമാര്‍. എന്നുവെച്ചാല്‍ ബി.ജെ.പി സ്‌നേഹം പിടിച്ചു പറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. കൂടാതെ ഹിന്ദി സംസാരിക്കുന്ന ആളാണ് കനയ്യ, ഹിന്ദുഹിന്ദി പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്, അതിനെ അദ്ദേഹം നിരാകരിക്കുന്നുണ്ടെങ്കിലും ശരി. ഹിന്ദുത്വ വാദങ്ങള്‍ക്കെതിരെ വളരെ ശക്തമായി രംഗത്തുള്ളയാളാണ് കനയ്യ.
പക്ഷെ ബട്ടാചാര്യക്കും ഖാലിദിനും ഈ ആനുകൂല്യങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സെന്റ് സ്റ്റീഫന്‍സ് കോളേജിലാണ് ബട്ടാചാര്യ പഠിച്ചിരുന്നത്. ലിബറല്‍ കലകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഉന്നത സ്ഥാപനങ്ങളില്‍ ഒന്നാണത്. കിറോറി മാല്‍ കോളേജിലാണ് ഉമര്‍ ഖാലിദ് പഠിച്ചിരുന്നത്. വിദ്യാര്‍ത്ഥികളില്‍ പാശ്ചാത്യ തത്വങ്ങളും ആശയങ്ങളും കുത്തിവെക്കുന്നുവെന്ന് ഹിന്ദുത്വര്‍ ആരോപിക്കുന്ന കോളേജുകളാണ് അവയൊക്കെ.
പാശ്ചാത്യ വിദ്യാഭ്യാസം മുഖേന ഇന്ത്യയുടെ ശത്രുക്കളായി മാറിയ വേരറ്റ ഇന്ത്യക്കാരായി വേണമെങ്കില്‍ ബട്ടാചാര്യയെയും ഖാലിദിനെയും ഉയര്‍ത്തികാട്ടാം. തന്റെ മുസ്‌ലിം സ്വത്വം കാരണം ഖാലിദിന് ഇരട്ടിഭാരം ചുമക്കേണ്ടതായി വരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദുത്വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എല്ലാ ഘടകങ്ങളും ഉമര്‍ ഖാലിദില്‍ ഒത്തുവന്നിട്ടുണ്ട്. മോദി സര്‍ക്കാറാണ് ഇപ്പോള്‍ ആടിയുലഞ്ഞ് കൊണ്ടിരിക്കുന്നത് ഖാലിദ് അതിന് വില നല്‍കേണ്ടിയും വരും.

(ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനാണ് അജാസ് അഷ്‌റഫ്.)
വിവ: ഇര്‍ഷാദ് കാളാച്ചാല്‍
കടപ്പാട് : ഇസ്ലാം ഓണ്‍ലൈന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply