കണ്ണാടിക്കല്‍ നിന്ന് ആല്‍പ്‌സ് നിരകളിലേക്ക്

സി.കെ ഹസന്‍കോയ യാത്രാവിവരണങ്ങള്‍ ഉപരിപഌമായ അറിവുകളും വ്യക്തി നിഷ്ഠമായ വിവരണങ്ങളും മാത്രമായിരുന്ന കാലത്താണ് രവീന്ദ്രന്റെ കുറിപ്പുകള്‍ വായനക്കാരെ തേടിയെത്താന്‍ തുടങ്ങിയത്. അകലങ്ങളിലെ മനുഷ്യരും സ്വിസ് സ്‌കെച്ചുകളും ദിഗാരുവിലെ ആനകളുമെല്ലാം സഞ്ചാരത്തിന്റെ അനന്ത വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ തുറന്നു കാട്ടി. ഭാഷയുടെ ശക്തിയും സൗന്ദര്യവും ഒരുപോലെ നിറഞ്ഞു നിന്ന ആഖ്യാനങ്ങളായിരുന്നു അവയെല്ലാം. ഭൂമിശാസ്ത്ര വിവരണങ്ങള്‍ക്കപ്പുറം ജനജീവിതം അപഗ്രഥിക്കുന്ന സാമൂഹ്യമായ ഉള്‍ക്കാഴ്ചകളും നരവംശ ശാസ്ത്രപരമായ നിരീക്ഷണങ്ങളും കലാപാരമ്പര്യവും അനുഷ്ഠാനങ്ങളുമെല്ലാം പിന്തുടരുന്ന രവീന്ദ്രന്റെ യാത്രാവിവരണങ്ങള്‍ ഓരൊന്നും വ്യത്യസ്തമായ വായനാനുഭവങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നെങ്കിലും പാര്‍ട്ടികള്‍ക്കും […]

CCസി.കെ ഹസന്‍കോയ

യാത്രാവിവരണങ്ങള്‍ ഉപരിപഌമായ അറിവുകളും വ്യക്തി നിഷ്ഠമായ വിവരണങ്ങളും മാത്രമായിരുന്ന കാലത്താണ് രവീന്ദ്രന്റെ കുറിപ്പുകള്‍ വായനക്കാരെ തേടിയെത്താന്‍ തുടങ്ങിയത്. അകലങ്ങളിലെ മനുഷ്യരും സ്വിസ് സ്‌കെച്ചുകളും ദിഗാരുവിലെ ആനകളുമെല്ലാം സഞ്ചാരത്തിന്റെ അനന്ത വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ തുറന്നു കാട്ടി. ഭാഷയുടെ ശക്തിയും സൗന്ദര്യവും ഒരുപോലെ നിറഞ്ഞു നിന്ന ആഖ്യാനങ്ങളായിരുന്നു അവയെല്ലാം. ഭൂമിശാസ്ത്ര വിവരണങ്ങള്‍ക്കപ്പുറം ജനജീവിതം അപഗ്രഥിക്കുന്ന സാമൂഹ്യമായ ഉള്‍ക്കാഴ്ചകളും നരവംശ ശാസ്ത്രപരമായ നിരീക്ഷണങ്ങളും കലാപാരമ്പര്യവും അനുഷ്ഠാനങ്ങളുമെല്ലാം പിന്തുടരുന്ന രവീന്ദ്രന്റെ യാത്രാവിവരണങ്ങള്‍ ഓരൊന്നും വ്യത്യസ്തമായ വായനാനുഭവങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നെങ്കിലും പാര്‍ട്ടികള്‍ക്കും മതപരമായ അതിര്‍ത്തികള്‍ക്കുമപ്പുറം ഉന്നതമായ വ്യക്തിബന്ധങ്ങളാണ് കാത്തു സൂക്ഷിച്ചിരുന്നത്. കീശയില്‍ ചില്ലിക്കാശില്ലാതെ ഇന്ത്യയുടെ ഏതു മുക്കിലും മൂലയിലും ചെന്നിറങ്ങാനും ജീവിക്കാനും കഴിഞ്ഞിരുന്നത് ഇക്കാരണം കൊണ്ടാണ്.
എഴുത്തുകാരന്‍,പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ചലചിത്ര സൈദ്ധാന്തികന്‍, സംവിധായകന്‍, സഞ്ചാരി, സുഹൃത്ത് എന്നിങ്ങനെ നീളുന്നു ചിന്തരവി എന്നറിയപ്പെട്ടിരുന്ന രവീന്ദ്രന്റെ വഴികള്‍. കോഴിക്കോട് കണ്ണാടിക്കല്‍ നിന്ന് ആല്പ്‌സ് പര്‍വത നിരകളോളം വ്യാപ്തിയുണ്ടായിരുന്നു അതിന്. പത്രപ്രവര്‍ത്തനത്തിലെ പ്രതിബദ്ധത എന്താണെന്ന് ഞങ്ങളുടെ തലമുറയിലുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ രവീന്ദ്രന്റെ കാഴ്ചപ്പാടുകളും രചനയും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ചിലെ അലങ്കാര്‍ ലോഡ്ജ് കേന്ദ്രീകരിച്ചു ചെലവൂര്‍ വേണുവിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളാണ് പല മേഖലയിലും മലയാളത്തില്‍ തുടക്കം കുറിച്ചത്. ഇവയുടെ അണിയറ ശില്‍പികളില്‍ പ്രധാനിയായിരുന്നു രവീന്ദ്രനും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായിത്തീര്‍ന്ന ചന്ദ്രികയും(ദേവകി നിലയങ്ങോടിന്റെ മകള്‍).മലയാളത്തിലെ ആദ്യത്തെ മനശാസ്ത്ര മാസികയായിരുന്ന സൈക്കോ, ആദ്യത്തെ സിനിമാ പ്രസിദ്ധീകരണമായ രൂപകല, ആദ്യത്തെ സ്‌പോട്‌സ് മാസികയായ സ്‌റ്റേഡിയം എന്നിവയെല്ലാം ഇവിടെ നിന്നു പുറത്തിറങ്ങിയെങ്കിലും കാലത്തിന്റെ വെല്ലുവിളികള്‍ അതിജീവിക്കാനാവാതെ ക്രമേണ സമാധിയായി.
മലയാളത്തിലെ ആദ്യത്തെ ബുദ്ധീജീവി സിനിമയെന്നു നിരീക്ഷിക്കപ്പെട്ട ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ രവീന്ദ്രന്റെ സൃഷ്ടിയായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക്‌ന ശശികുമാര്‍, പിന്നീട് ദൂര്‍ദര്‍ശന്‍ ഡയറക്ടറായി ഉയര്‍ന്ന കെ.കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിന്റെ സാക്ഷാത്കാരവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ കോഴിക്കോട്ടെ കലാസ്‌നേഹികള്‍ അനുസ്മരിക്കാറുണ്ട്. പവിത്രന്‍ മുതല്‍ ജോണ്‍ എബ്രഹാം വരെയുള്ള സംഘത്തിന്റെ കൗതുക ദൃശ്യങ്ങള്‍ നാട്ടുകാരുടെ സായാഹ്നങ്ങളെ സമ്പന്നമാക്കി. ഇവരുടെയെല്ലാം ബൊഹീമിയന്‍ ജീവിതങ്ങള്‍ക്കിടയിലൂടെ രവീന്ദ്രന്‍ തനിക്കു പറയാനുള്ളത് സ്പഷ്ടമായി വരച്ചിടുകയാണു ചെയ്തത്. തെലുങ്കില്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ഹരിജന്‍ എന്ന ചിത്രമാണ് മികച്ച ചലചിത്രാനുഭവമായി പരിഗണിക്കപ്പെടുന്നത്. ~ടോം ആള്‍ട്ടറും മറ്റും അഭിനയിച്ച ഒരേ തൂവല്‍ പക്ഷികള്‍ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായി. ആന്ധ്ര സംസ്ഥാനത്തിന്റെ ഉള്‍ത്തടങ്ങളിലൂടെയും ഉത്തര പൂര്‍വ സംസ്ഥാനങ്ങളിലൂടെയും പലവട്ടം നടത്തിയ യാത്രകളാണ് രവീന്ദന്റെ അതിമനോഹരമായ പല രചനകള്‍ക്കും നിമിത്തമായത്. കാഞ്ചനസീതയിലെ രാമ ലക്ഷ്മണന്‍മാരേയും സീതയേയും കണ്ടെത്താന്‍ രവീന്ദ്രനോടൊപ്പം ഗോദാവരി തടങ്ങളില്‍ അലഞ്ഞു നടന്ന അനുഭവങ്ങള്‍ അരവിന്ദന്‍ കുറിച്ചിട്ടുണ്ട്. ദൂരദര്‍ശനുവേണ്ടി ഡോക്യുമെന്ററിക്കായും പഴയ സൗഹൃദങ്ങള്‍ പുതുക്കാനുമായി പലവട്ടം അദ്ദേഹം ഇതുവഴി സഞ്ചരിച്ചു. അകലങ്ങളില്‍ നിന്നുള്ള വിളി കേള്‍ക്കാന്‍ കഴിയാതായിപ്പോയ അവസാന നാളുകള്‍ രവീന്ദ്രനെ മൗനിയും ദുഖിതനുമാക്കിത്തീര്‍ത്തിരുന്നു. അനേകം രോഗങ്ങളോട് ഒരുമിച്ചു മല്ലിടേണ്ടി വന്നപ്പോള്‍ സുഹൃത്തുക്കളുടെ വലിയ സംഘങ്ങളൊന്നും ഇല്ലായിരുന്നു.
ചിന്ത വാരികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്ന കാലം രവീന്ദ്രന്റെ പത്രപ്രവര്‍ത്തനത്തിലെ സുപ്രധാന ഘട്ടമായിരുന്നു. ഇ.എം.എസിനെപ്പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു ചെവികൊടുക്കുമായിരുന്നു. പിന്നീട് ജനം പാര്‍ട്ടിയെ കൈയൊഴിയുന്നതിനു മുമ്പു തന്നെ രവീന്ദ്രനെപ്പോലുള്ളവര്‍ വ്യക്തമായ അകലം പാലിക്കുന്നതും കണ്ടു.
പത്രപ്രവര്‍ത്തനത്തിന്റെ പരിമിത വൃത്തത്തെ ഉല്ലംഘിക്കുന്ന വ്യക്തി ബന്ധങ്ങളാണ് എന്നും അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നത്. കലാപ്രവര്‍ത്തനത്തിന്റെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാന്‍ ഈ ബന്ധങ്ങള്‍ ആത്മവിശ്വാസം പകര്‍ന്നു. ഏഷ്യാനെറ്റിന്റെ തുടക്ക കാലത്ത് അതിന്റെ അണിയറ പ്രവര്‍ത്തനത്തിലും സക്കറിയയോടും ശശികുമാറിനോടുമൊപ്പം സുപ്രധാന പങ്കു വഹിച്ചിരുന്നു. ജീവിതത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പുറമേക്കു തോന്നുമെങ്കിലും അസാധാരണമായ ഉള്‍ക്കാഴ്ചയോടെയുള്ള ജീവിത നിരീക്ഷണങ്ങള്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യമാണ് വെളിപ്പെടുത്തിയിരുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഫിലിം എഡിറ്റര്‍ രവി മരണമടഞ്ഞപ്പോള്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ചത് ചിന്തരവിയുടെ പടമായിരുന്നു. കോഴിക്കോട്ട് ആ പത്രത്തിന്റെ ആസ്ഥാനത്തു നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു രവീന്ദ്രന്റെ തറവാട്. അന്ന് യാത്രയിലായിരുന്ന അദ്ദേഹത്തോട് ഇതേക്കുറിച്ചന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ കാരണമുള്ള ബുദ്ധിമുട്ടു തീര്‍ന്നെന്ന് കുറേപ്പേരെങ്കിലും വിചാരിക്കട്ടെടാ…എന്നായിരുന്നു.
ഏഷ്യാനെറ്റിനുവേണ്ടി രവീന്ദ്രന്‍ തയാറാക്കിയിരുന്ന എന്റെ കേരളം പരമ്പര നൂറ് എപ്പിസോഡു പിന്നിട്ടപ്പോള്‍ എറണാകുളത്തു വെച്ചുനടന്ന ഒത്തു ചേരലില്‍ പവിത്രന്റെ കണ്ടാണിശേരി ഫലിതങ്ങള്‍ക്ക് തലതല്ലി ചിരിച്ച രവീന്ദ്രന്റെ മുഖം സുഹൃത്തുക്കളുടെ മനസില്‍ നിന്നും അത്രവേഗം മാഞ്ഞു പോകില്ല. അകലങ്ങളിലെ മനുഷ്യരും സ്വിസ് സ്‌കെച്ചുകളും ഇംഗഌഷിലാക്കാന്‍ പലപ്പോഴു പ്രേരിപ്പിച്ചെങ്കിലും അദ്ദേഹമതിനു മിനക്കെടുകയുണ്ടായില്ല. ഉത്തര പൂര്‍വ ഇന്ത്യയുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റവും സത്യസന്ധമായി ഒപ്പിയെടുത്ത അകലങ്ങളിലെ മനുഷ്യര്‍ തീര്‍ച്ചയായും ലോകമെങ്ങുമുള്ള വായനക്കാരുടെ കൈകളിലെത്തേണ്ടതായിരുന്നു എന്ന തോന്നല്‍ സങ്കടമായി ഇപ്പോഴും ബാക്കി നില്‍ക്കുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിരുദ പഠനത്തിന് പാഠ പുസ്തകമായിരുന്ന ഈ ഗ്രന്ഥം യുവാക്കള്‍ക്ക് രവീന്ദ്രന്റെ രചനാലോകത്തിലേക്കുള്ള ഒരു വഴികാട്ടിയായിത്തീര്‍ന്നു.

മലയാളം ന്യൂസ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply