കട്ജുവും പിണറായിയും മറയ്ക്കാന്‍ ശ്രമിക്കുന്നത്….

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മലയാളികളെ വാനോളം പുകഴ്ത്തിയിരിക്കുകയാണല്ലോ. കട്ജുവിന്റെ വാക്കുകള്‍ക്ക് മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയത്ു. എന്നാല്‍ പരസ്പരമുള്ള ഈ നല്ല വാക്കുകളില്‍ കേരളം നേരിടുന്ന പല പ്രധാന പ്രശ്‌നങ്ങളും വിസ്മരിക്കുകയാണെന്നതാണ് വസ്തുത. മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരെന്നാണ് കട്ജു പ്രധാനമായും പറയുന്നത്. യഥാര്‍ത്ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണെന്നും എന്തിനേയും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് മടിയില്ലെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. […]

kkk

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മലയാളികളെ വാനോളം പുകഴ്ത്തിയിരിക്കുകയാണല്ലോ. കട്ജുവിന്റെ വാക്കുകള്‍ക്ക് മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയത്ു. എന്നാല്‍ പരസ്പരമുള്ള ഈ നല്ല വാക്കുകളില്‍ കേരളം നേരിടുന്ന പല പ്രധാന പ്രശ്‌നങ്ങളും വിസ്മരിക്കുകയാണെന്നതാണ് വസ്തുത.
മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരെന്നാണ് കട്ജു പ്രധാനമായും പറയുന്നത്. യഥാര്‍ത്ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണെന്നും എന്തിനേയും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് മടിയില്ലെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. എന്തിനെയും സ്വീകരിക്കാനുള്ള മനസാണ് മലയാളികളുടെ സവിശേഷത. ദ്രാവിഡരോ ആര്യന്‍മാരോ റോമന്‍സോ അറബികളോ ബ്രിട്ടീഷുകാരോ ഹിന്ദുക്കളോ മുസ്‌ലിങ്ങളോ െ്രെകസ്തവരോ മാര്‍ക്‌സിസ്റ്റുകരോ ആരെയും അവര്‍ സ്വീകരിക്കും. എന്തും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ പ്രത്യേകതയെന്നും ഇത്തരത്തില് ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കാണെന്നും കട്ജു കുറിക്കുന്നു. മലയാളികളെ കണ്ടുപഠിക്കാനും അവരില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളാനും കഴിയണമെന്നും കട്ജു മറ്റുള്ളവരോട് പറയുന്നു.
നാനത്വത്തില്‍ ഏകത്വമെന്നാണ് ഇന്ത്യയുടെ പ്രത്യേകത. ഇന്ത്യയിലെ 95 ശതമാനത്തിനു വിദേശ വേരുള്ള പൂര്‍വ്വികരാണുള്ളത്. ഇന്ത്യക്കാര്‍ എന്നു പറയപ്പെടാവുന്നത് ന്യൂനപക്ഷത്തില്‍പ്പെടുന്ന ചിലര്‍ മാത്രമാണ്. അതുകൊണ്ട് മതസാഹോദര്യത്തോടെ ജീവിക്കണമെങ്കില്‍ കൂടെയുള്ളവരെ അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കണം. തന്റെ അഭിപ്രായത്തില്‍ മറ്റുള്ളവരെ അംഗീകരിക്കുക, ഉള്‍ക്കൊളളുക ഇതൊക്കെ കൃത്യമായി പാലിക്കുന്നത് മലയാളികള്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നും അതുകൊണ്ടു തന്നെ പ്രതീകാത്മകമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്നും കട്ജു കൂട്ടിചേര്‍ക്കുന്നു.
മലയാളികള്‍ പ്രാഥമികമായി ഇന്ത്യക്കാരാണെന്നും രണ്ടാമതായേ കേരളീയര്‍ ആകുന്നുള്ളു എന്നുമാണ് കട്ജു പ്രധാനമായും പറയുന്നത്. മറ്റു സംസ്ഥാനക്കാര്‍ മിക്കവരും തിരിച്ചാണെന്നും. വാസ്തവത്തില്‍ ആ നിലപാടുതന്നെയാണ് നമ്മുടെ പ്രശ്‌നം. ഇന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലെ ജനങ്ങളും പ്രസ്ഥാനങ്ങളും പ്രാഥമികമായി അതാതു സംസ്ഥാനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരും രണ്ടാമതായി ഇന്ത്യാക്കാരുമാണ്. സത്യത്തില്‍ അതാണ് നാനാത്വത്തില്‍ ഏകത്വം. അത്തരമൊരു സമീപനമില്ലാത്തതാണ് കേരളത്തിന്റെ ശാപം. നമ്മുടെ ഉല്‍പ്പാദന മേഖലകളെല്ലാം തകര്‍ന്നു തരിപ്പണമായതിനു മറ്റു പല കാരണങ്ങള്‍ക്കൊപ്പം ഈ സമീപനവും പ്രധാനമാണ്. ഗള്‍ഫിലേക്കും മറ്റു രാഷ്ട്രങ്ങളിലേക്കുമുള്ള കുടിയേറ്റം മാത്രമാണ് നമ്മെ രക്ഷപ്പെടുത്തിയത്. എല്ലാവര്‍ക്കുമറിയാവുന്നപോലെ ലോകത്തെവിടെ എന്തു സംഭവിച്ചാലും അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന വിഭാഗമാണല്ലോ നാമിന്ന്. നമ്മുടേത് ആശ്രിത സമ്പദ് വ്യവസ്ഥയാണ്. ഉപഭോഗസംസ്‌കാരം മുഖമുദ്രയും.
ആരേയും സ്വീകരിക്കുന്നവരാണ് മലയാളികള്‍ എന്നു പറയുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് നമുക്കു ലഭിക്കുന്ന സ്വീകരണത്തേക്കാള്‍ എത്രയോ മോശമാണ് ഇവിടെയെത്തുന്ന ഇതരസംസ്ഥാനക്കാരോടുള്ള നമ്മുടെ സമീപനമെന്ന് കട്ജുവിനറിയില്ല എന്നു തോന്നുന്നു. കഴിഞ്ഞില്ല. ബുദ്ധിമാന്‍മാരും കഠിനാധ്വാനികളും വിനയവും മര്യാദയും പുരോഗമനവാദികളും മതേതരചിന്തയുമുള്ളവരും വിശാലഹൃദയവുമുള്ളവരാണ് മലയാളികള്‍ എന്നും കട്ജു പറയുന്നു. ആണോ? അധ്വാനത്തെ ഏറ്റവുമധികം പ്രകീര്‍ത്തിക്കുന്ന കാറല്‍ മാര്‍ക്‌സിനു ഏറ്റവുമധികം അനുയായികളുള്ള കേരളത്തില്‍ അധ്വാനമാവശ്യമുള്ള ജോലികളെല്ലാം ചെയ്യാന്‍ പുറമെനിന്നുള്ളവര്‍ വേണമെന്ന് അദ്ദേഹത്തിനറിയില്ല എന്നു തോന്നുന്നു. പിന്നെ നമ്മുടെ പുരോഗമനവും മതേതരതത്വവുമൊക്കെ എത്രയോ പൊള്ളയാണ്. പീഡിപ്പിക്കുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ, സ്ത്രീ, ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ പോരാട്ടങ്ങലോടുള്ള നിലപാടാണ് ഇക്കാലത്ത് ഒരു ജനത പുരോഗമനപരമാണോ എന്നതിന്റെ മാനദണ്ഡമെന്നു വിശ്വസിക്കുന്നവര്‍ക്ക് അതംഗീകരിക്കാനാവില്ല. ഹൈന്ദവരാഷ്ട്രീയത്തിന്റെ പടിപടിയായ വളര്‍ച്ച പ്രകടമാകുന്ന ഒരു പ്രദേശം മതേതരമാകുന്നതെങ്ങിനെ?
എന്തായാലും മുഖ്യന്ത്രി ഹാപ്പിയാണ്. കേരളത്തെക്കുറിച്ച് താങ്കള്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് അദ്ദേഹവും ഒരു കുറിപ്പെഴുതി. ഒരു മലയാളിയെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളില്‍ നിന്നും, മതവിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ഒരു കാര്യം കൃത്യമായി കട്ജുവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്. എന്നാല്‍ ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റില്‍ കാണുകയുണ്ടായി. ചരിത്രപരമായി അത് തെറ്റാണെന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടേതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങള്‍ക്കെതിരെയും, ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്‌ക്കെതിരെയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന ഒരു കേരളം കെട്ടിപ്പടുക്കാന്‍ സാധിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണ്.
ഭൂവുടമകള്‍ക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പുന്നപ്രവയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, മൊറാഴ, ഒഞ്ചിയം സമരങ്ങളുടെ സ്മരണകള്‍ ആവേശമുണര്‍ത്താത്ത മലയാളികള്‍ കുറവാണ്. ജാതിവിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സ് കേരളത്തില്‍ രൂപപ്പെട്ടുവരുന്നതില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ അനേകം നവോത്ഥാനനായകരുടെയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും ഇടപെടലുകള്‍ നമ്മള്‍ കാണാതിരുന്നൂടാ. അധഃസ്ഥിതരുടെ ആരാധനസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്രത്തിനുമായി നടത്തപ്പെട്ട വൈക്കം സത്യാഗ്രഹവും, ഗുരുവായൂര്‍ സത്യാഗ്രഹവും, പാലിയം സമരവും ഒക്കെ കേരളചരിത്രത്തിലെ ഉജ്ജ്വലധ്യായങ്ങളാണ്. ഈ സമരങ്ങള്‍ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസത്തിന് കേരളസമൂഹം നല്‍കുന്ന പ്രാധാന്യം. സാമൂഹികോന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് കേരളത്തിലെ നവോത്ഥാനനായകരും കൃസ്ത്യന്‍മിഷനറിമാരും നടത്തിയ ഇടപെടലുകള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പുത്തനുണര്‍വിനു കാരണമായി. ‘തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്തു പണിയെടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല’ എന്നു പറഞ്ഞുകൊണ്ട് പണിമുടക്കിയ കണ്ടലയിലെ കര്‍ഷകത്തൊഴിലാളികളും, മാറുമറയ്ക്കാനുള്ള അവകാശത്തിനായി സമരം നടത്തിയ ചാന്നാര്‍ സ്ത്രീകളും കേരളത്തിന്റെ പുരോഗമനമനസ്സിന്റെ ശില്പികള്‍ തന്നെയാണ്.
പിണറായി ഇപ്പറഞ്ഞതെല്ലാം ഏറെക്കുരെ ശരിയാണ്. അപ്പോഴും തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്തു പണിയെടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല’ എന്നു പറഞ്ഞുകൊണ്ട് പണിമുടക്കിയ കണ്ടലയിലെ കര്‍ഷകത്തൊഴിലാളികള്‍ എന്നൊക്കെ പറയുന്നതില്‍ ചില പിശകുകളുണ്ട്. പ്രശ്‌നം കര്‍ഷകത്തൊഴിലാളി എന്നതായിരുന്നില്ല, ദളിതര്‍ എന്നതായിരുന്നു. വര്‍ഗ്ഗരാഷ്ട്രീയക്കാര്‍ എപ്പോഴും വിഷയങ്ങളെ അതിന്റെ ചട്ടക്കൂട്ടിലേക്കുകൊണ്ടുവരുമല്ലോ.
അതുപോട്ടെ എന്നുവെച്ചാലും പിന്നീടദ്ദേഹം പറയുന്നതു നോക്കൂ… ഇത്തരത്തില്‍ നവോത്ഥാനദേശീയപ്രസ്ഥാനങ്ങളും, കര്‍ഷകതൊഴിലാളി സമരങ്ങളും തുടര്‍ന്നുയര്‍ന്നുവന്ന ഇടതുപക്ഷവും ഉഴുതുമറിച്ചിട്ട നിലത്തെ പരുവപ്പെടുത്തിയെടുക്കുക എന്ന ചുമതലയാണ് ആദ്യ സര്‍ക്കാര്‍ മുതല്‍ കേരളത്തില്‍ സ്വീകരിച്ചുവന്നത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും, വിദ്യാഭ്യാസ ബില്ലിലൂടെയും, അധികാര വികേന്ദ്രീകരണത്തിലൂടെയും, സാമൂഹ്യസേവനമേഖലകളുടെ പൊതുവല്‍ക്കരണത്തിലൂടെയും നവകേരളത്തിന് ഒരു പുതിയ ദിശ പകരുകയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും ജന്മിത്വവ്യവസ്ഥയ്‌ക്കേറ്റ കനത്ത ആഘാതമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയതെന്നു പറയാന്‍ ആഗ്രഹിക്കുന്നു.
ആദ്യകാല നവോത്ഥാനമുന്നേറ്റത്തെ തുടര്‍ന്ന് ഇ എം എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടത്തെ ജാതി വ്യവസ്ഥ ഇല്ലാതായി എന്നാണദ്ദേഹം സമര്‍ത്ഥിക്കുന്നത്. അതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അടുത്തയിടെ പ്രശസ്ത കഥാകൃത്ത് എന്‍ എസ് മാധവന്‍ ചൂണ്ടികാട്ടിയ പോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവിടെ ജാതിപ്രശ്‌നത്തെ അദൃശ്യവല്‍ക്കരിക്കുകയാണ് ചെയ്തത്. മലായാളികള്‍ ജാതിയൊക്കെ മറികടന്നു എന്ന രാഷ്ട്രീയമിത്താണ് രൂപം കൊണ്ടത്. അതാണ് നാമിന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും. ദൃശ്യമായതിനെ എതിര്‍ക്കാനും നേരിടാനും എളുപ്പമാണ്. അതാണ് പല സംസ്ഥാനങ്ങലിലും നാം കാണുന്നത്. അദൃശ്യമായതിനാലാണ് കേരളത്തില്‍ അത്തരം പോരാട്ടങ്ങള്‍ നടക്കാത്തത്. അത് സാമൂഹ്യനീതി നടപ്പിലാക്കിയതിനാലല്ലോ. അതോടൊപ്പം മറ്റൊന്നു കൂടി. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഭൂമിക്കും സാമൂഹ്യനീതിക്കും വിവേചനങ്ങള്‍ക്കെതിരേയും ചെറിയ തോതിലെങ്കിലും രംഗത്തുവരുന്ന വിഭാഗങ്ങളോട് മുഖ്യധാരാ കേരളത്തിന്റെ നിലപാടെന്താണെന്ന് എത്രയോ സംഭവങ്ങള്‍ പ്രകടമാക്കി കഴിഞ്ഞു. ഇവിടെ നടപ്പാക്കിയ ഭൂപരിഷ്‌കരണം എത്രയോ പൊള്ളയാണെന്നും വ്യക്തമായി കഴിഞ്ഞു. എന്നാല്‍ കട്ജുവിന്റെ വാക്കുകളുടെ പശ്ചാത്തലത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരി്ച്ചവരാണ് മലയാളികള്‍ എന്നു സമര്‍ത്ഥിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അതദ്ദേഹത്തിന്റെ രാഷ്ട്രീയമാകാം. പക്ഷെ യാഥാര്‍ത്ഥ്യമല്ല.
അതേസമയം ആരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന ചോദ്യത്തിന് പിണറായി ഭംഗിയായി മറുപടി പറയുന്നുണ്ട്. ഇന്ത്യ എന്നത് ഏകതാനമായ ഒരു ആശയമല്ല, പ്രത്യേകിച്ച് ജമ്മുകാശ്മീരിനെയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രസക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേള്‍ക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, കുട്ടികളും, ലൈഗിംക ന്യൂനപക്ഷങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടാവുകയുള്ളൂ. അപ്പോള്‍ മാത്രമാണ് ശരിയായ ഇന്ത്യ രൂപപ്പെടുക. ഇതു ശരിയായി പറയുമ്പോള്‍ പ്രായോഗികമായി പിണറായിയുടേതടക്കം ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷങ്ങള്‍ ഈ വിഷയങ്ങളോടെടുക്കുന്ന നിലപാടെന്താണ്? തൊഴിലാളിവര്‍ഗ്ഗതിതന്റഎ പേരു പറഞ്ഞ് അഖണ്ഡതയുടെ രാഷ്ട്രീയമാണ് അവരുടേത് എന്നതല്ലേ സത്യം? പ്രത്യയശാസ്ത്രത്തിന്റെ തടവറയില്‍ നിന്നു മോചനം നേടി യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചു എങ്കില്‍ ഇന്ന് ഇടതുപക്ഷത്തിന്റെ ഇന്ത്യയിലെ അവസ്ഥ ഇതാകുമംായിരുന്നില്ല. പക്ഷെ പിണറായിയുടെ തന്ത്രം നോക്കുക. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഭാരതമൊന്നാകെ പടര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമെ ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂ എന്നാണദ്ദേഹം പറയുന്നത്. പച്ചയായി പറഞ്ഞാല്‍ തങ്ങള്‍ ഭരിക്കണെമന്ന്. അപ്പോള്‍ സംഭവിക്കുക നാനാത്വങ്ങളെ ഇല്ലാതാക്കി ഏകത്വം ശക്തമാകുമെന്നതുതന്നെയാണ്. ഹൈന്ദവരാഷ്ട്രീയത്തിന്റെ മറുപുറം. അതല്ല ഇന്നു നമുക്കാവശ്യം. അത് സാമൂഹ്യനീതിയും ബഹുസ്വരതയുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply