കടല്‍ത്തിരപോലെ ഒടുങ്ങിയ ജീവിതം

സി.കെ ഹസന്‍കോയ കലാകാരന്മാര്‍ക്ക് ചാനലുകളുടേയും മാധ്യമ വിപണന തന്ത്രങ്ങളുടേയും പിന്തുണയില്ലാതിരുന്ന ഒരു കാലത്ത് കേരളത്തിന്റെ ഗസല്‍ ശബ്ദമായിരുന്നു നജ്മല്‍ബാബു. ഇന്ന് മാധ്യമങ്ങളുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും ഗായകര്‍ പിടിച്ചു നില്‍ക്കാന്‍ ക്‌ളേശിക്കുമ്പോള്‍ തീര്‍ത്തും സ്വാഭാവികമായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ശബ്ദമായിരുന്നു ഈ ഗായകന്റേത്. വൃക്കകള്‍ രണ്ടും പ്രവര്‍ത്തനരഹിതമായപ്പോള്‍ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും ചേര്‍ന്നാണ് ഏതാനും വര്‍ഷം മുമ്പ് ജീവിതത്തിലേക്ക് അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്നത്. ശസ്ത്രക്രിയക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ശ്രമിക്കുമ്പോഴാണ് മാധ്യമങ്ങളുടെ രക്തദാഹത്തിനിരയായി ഈ വലിയ കലാകാരന്റെ ജീവിതം തകിടം […]

ghazal

സി.കെ ഹസന്‍കോയ

കലാകാരന്മാര്‍ക്ക് ചാനലുകളുടേയും മാധ്യമ വിപണന തന്ത്രങ്ങളുടേയും പിന്തുണയില്ലാതിരുന്ന ഒരു കാലത്ത് കേരളത്തിന്റെ ഗസല്‍ ശബ്ദമായിരുന്നു നജ്മല്‍ബാബു. ഇന്ന് മാധ്യമങ്ങളുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും ഗായകര്‍ പിടിച്ചു നില്‍ക്കാന്‍ ക്‌ളേശിക്കുമ്പോള്‍ തീര്‍ത്തും സ്വാഭാവികമായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ശബ്ദമായിരുന്നു ഈ ഗായകന്റേത്. വൃക്കകള്‍ രണ്ടും പ്രവര്‍ത്തനരഹിതമായപ്പോള്‍ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും ചേര്‍ന്നാണ് ഏതാനും വര്‍ഷം മുമ്പ് ജീവിതത്തിലേക്ക് അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്നത്. ശസ്ത്രക്രിയക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ശ്രമിക്കുമ്പോഴാണ് മാധ്യമങ്ങളുടെ രക്തദാഹത്തിനിരയായി ഈ വലിയ കലാകാരന്റെ ജീവിതം തകിടം മറിഞ്ഞത്. അപ്രതീക്ഷിതമായി ഉണ്ടായ പക്ഷാഘാതത്തില്‍നിന്ന് അടിയന്തര ചികിത്സയിലൂടെ മോചനം ലഭിച്ചെങ്കിലും നഷ്ടമായ ശബ്ദം വീണ്ടു കിട്ടിയില്ല.
ഇന്റര്‍നെറ്റും യൂ ട്യൂബും ഇല്ലാതിരുന്ന കാലത്ത് മെഹ്ദി ഹസന്‍ ഗസല്‍ ചക്രവര്‍ത്തിയായത്് എങ്ങിനെയെന്ന് കേരളത്തിലെ ഗസല്‍ പ്രേമികള്‍ മനസിലാക്കിയത് നജ്മല്‍ ബാബുവിന്റെ ആലാപനത്തിലൂടെയാണ്. കോഴിക്കോട് കമ്മത്ത് ലൈനിലെ ഹോട്ടല്‍ പാരിബാസിന്റെ മട്ടുപ്പാവില്‍ പതിവായി വാരാന്ത്യ ഗസല്‍ മെഹ്ഫിലുകള്‍ അരങ്ങേറിയിരുന്നു. മലബാറിന്റെ നാനാഭാഗത്തു നിന്നും എത്തിയ സംഗീതപ്രേമികള്‍ ആ ഗസലുകള്‍ക്കായി കാതോര്‍ത്തു. ചെറിയ ചെറിയ മെഹ്ഫിലുകളില്‍ പാടി സ്വരൂപിച്ച പണം ഉപയോഗിച്ചാണ് 2002ല്‍ അദ്ദേഹം ഹജ് കര്‍മ്മം നിര്‍വഹിച്ചത്.
സാരംഗാ തെരി യാദ് മേ.. എന്ന പഴയ ഗാനമായാലും അബ്ദുല്‍ഖാദര്‍ പാടിയ പരിതാപമിതേ ഹാ ജീവിതമേ…ആയാലും ഒരേ സമര്‍പ്പണത്തോടെ ഭാവം ചോര്‍ന്നുപോകാതെ പാടാനാണ് ഗായകന്‍ എന്ന നിലയില്‍ നജ്മല്‍ ബാബു ഏറെ ശ്രദ്ധ പുലര്‍ത്തിയത്. ബേഷക് മന്ദിര്‍ മസ്ജിദും അകേലേ ഹെ ചലേ ആവോയും പൂഛോന കൈസേയും പാടിയിരുന്ന ഗാനമേള കാലത്തിന്റെ അനിവാര്യമായ തുടര്‍ച്ച ആയിരുന്നു അദ്ദേഹത്തിന് ഗസല്‍ കാലവും. പതിനാലോ പതിനഞ്ചോ വയസുള്ളപ്പോള്‍ ഒരിക്കല്‍ പാടിയ അത്ര പൂര്‍ണതയോടെ ചൗദവീ ക ചാന്ദ് ഹോ ..പിന്നീടൊരിക്കലും പാടാന്‍ കഴിഞ്ഞിട്ടില്ല എന്നേറ്റു പറയുന്ന ഉന്നതമായ സംഗീതബോധമായിരുന്നു അദ്ദേഹത്തിന്റേത്. കോഴിക്കോട് അബ്ദുല്‍ഖാദര്‍ എന്ന പിതൃ വിഗ്രഹത്തിന്റെ നിഴലില്‍ നിന്നു പുറത്തു കടക്കാന്‍ ചെറുപ്പം മുതലേ കഠിന ശ്രമം വേണ്ടി വന്നിട്ടുണ്ട് ബാബുവിന്. ശ്രോതാവിന്റെ മനസില്‍ നിറഞ്ഞു പരക്കുന്ന അബ്ദുല്‍ ഖാദറിന്റെ ഖനഗംഭീരമായ സ്വരം ഇന്നും ഏതൊരു ഗായകനും വെല്ലുവിളിയാണ്. താരകമിരുള്‍ മായുകയോ, എന്തിനു കവിളില്‍ ബാഷ്പധാര ചിന്തി നീ നീലരാവേ, താണൂ പാടേ കണ്ണു നീരോടേ, എങ്ങിനെ നീ മറക്കും കുയിലേ, പാടാനോര്‍ത്തൊരു മധുരിത ഗാനം… തുടങ്ങിയ പാട്ടുകള്‍ അതേ ഭാവപ്പൊലിമയോടെ പാടാന്‍ കഴിവുള്ള ഗായകര്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു.
നജ്മലിന്റെ സംഗീത പഠനം പ്രധാനമായും കേള്‍വിയെ ആശ്രയിച്ചായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ഗായകരും വാദ്യ വിദ്വാന്‍മാരും ചുറ്റും ജീവിച്ചിരുന്ന ഒരു കാലത്തിലൂടെയാണ് അദ്ദേഹത്തിന്റെ ബാല്യം കടന്നുപോയത്. ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവായിരുന്നു മലയാളികള്‍ക്കൊരിക്കലും മറക്കാന്‍ കഴിയാത്ത സംഗീത പ്രതിഭ എം.എസ് ബാബുരാജ്. അമ്മാവന്‍ കുഞ്ഞമ്മദ്ക്കയുടെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേയും നളന്ദ ഹോട്ടലിനടുത്തെ പഴയ ലൈന്‍മുറിയിലേയും താമസക്കാലത്ത് ഉഛ്വാസ വായുവില്‍ പോലും സംഗീതമുണ്ടായിരുന്നു. ആര്‍ച്ചി ഹട്ടനും ബിച്ചമ്മു ഉസ്താദും ബങ്കിച്ചനും ഹസന്‍ഭായിയും ഉസ്മാന്‍ക്കയുമെല്ലാം ചുറ്റുവട്ടത്തുണ്ടായിരുന്ന മനോഹരമായ കാലം. പാട്ടുകാരന് കൈയടി മാത്രം സമ്മാനമായി ലഭിച്ചിരുന്ന അക്കാലം അബ്ദുല്‍ഖാദറും കുടുംബവും അതിജീവിച്ചത് കലാജീവിതത്തിനായി സര്‍വ്വവും സമര്‍പ്പിച്ചുകൊണ്ടാണ്.
കോഴിക്കോടു കടപ്പുറത്തു ചേര്‍ന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹാ സമ്മേളനത്തില്‍ പാടിയ ശേഷം കോഴിക്കോട് അബ്ദുല്‍ ഖാദര്‍ വെളുത്തു കൊലുന്നനെയുള്ള കുട്ടിയെ മുന്നോട്ടു നീക്കി നിര്‍ത്തി പറഞ്ഞു-എന്റെ കാലം കഴിയാറായി. നിങ്ങള്‍ക്കായി ഇനി ഇവന്‍ പാടും. ആള്‍ക്കൂട്ടം ആരവങ്ങളോടെ അവനെ ഏറ്റെടുത്തുവെങ്കിലും പാര്‍ട്ടി വേദികളില്‍ പാടാനുള്ള നിയോഗമായിരുന്നില്ല അവന്റേത്. പടപ്പാട്ടുകളേയും വിപ്‌ളവഗാനങ്ങളേയും മറികടന്ന് ഹൃദയത്തിന്റെ പാട്ടുകാരനായി അവന്‍ വളര്‍ന്നു. ബാപ്പയുടേതുള്‍പ്പെടെ മലയാള ഗാനങ്ങള്‍ പാടിക്കൊണ്ടുതന്നെയായിരുന്നു തുടക്കം. അക്കാലത്തെ ഏറ്റവും നല്ല ട്രൂപ്പായിരുന്ന ഹട്ടന്‍സ് ഓര്‍ക്കസ്ട്ര പ്രധാന ഇടത്താവളമായി. ഹിന്ദി, ഉര്‍ദു ഗാനങ്ങളിലുള്ള കമ്പം മറച്ചുവെക്കാതിരുന്നതിനാല്‍ പാട്ടിന്റെ കുറേക്കൂടി വിശാലമായ ലോകത്തേക്കു വളരാനും കഴിഞ്ഞു. ചെറുപ്പത്തില്‍ ബാപ്പയോടൊപ്പം നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് നജ്മല്‍. കുട്ടിയുടെ ഭാവ സാന്ദ്രതയുള്ള ശബ്ദം അന്നേ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
1970 കളില്‍ അബുദാബിയിലെ ഒരു വീട്ടില്‍ വെച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് റിക്കാര്‍ഡു ചെയ്ത് പുറത്തിറക്കിയ മുസ്‌ലിംഭക്തി ഗാനങ്ങളുടെ ഒരു കാസറ്റും എഛ്.എം.വിയുടെ ഭക്തിഗാനവും മാത്രമാണ് ബാബുവിന്റെ പേരില്‍ ഇറങ്ങിയത്. ഇവയൊന്നും ഇപ്പോള്‍ അധികമാരുടേയും കൈയിലില്ല. കാസറ്റില്‍ പരേതനായ സുഹൃത്ത് കുഞ്ഞിബാവ തുവ്വക്കാടിന്റെ വരികള്‍ക്ക് അസീസ് ബാവയാണ് സംഗീതം നല്‍കിയത്. പിന്നീട് ശ്രദ്ധമുഴുവന്‍ ലൈവ് പരിപാടികളിലേക്കു തിരിഞ്ഞതോടെ പാടാനോ റിക്കാര്‍ഡ് ചെയ്യാനോ ഗായകനോ സുഹൃത്തുക്കളോ മുന്‍കൈയെടുത്തില്ല. ചരിത്രത്താളുകളില്‍ ഇടം പിടിക്കേണ്ട ഒരു നാമം അങ്ങിനെ വിസ്മൃതിയിലേക്കു തള്ളപ്പെടുകയും ചെയ്തു.
ഡാഡയെന്നു വിളിക്കുന്ന പിതാവിനെക്കുറിച്ചുപറയുമ്പോള്‍ നൂറു നാവായിരുന്നു നജ്മലിന്. ഉമ്മയുമായുള്ള ബന്ധവും വളരെ ശക്തമായിരുന്നു. ഉമ്മയുടെ കട്ടിലില്‍ രാവേറെച്ചെല്ലുവോളം വര്‍ത്തമാനം പറഞ്ഞു കിടക്കുന്ന ശീലം ഉമ്മ മരിക്കുവോളം നില നിന്നു.
ജീവിതത്തില്‍ ഒരു ഘട്ടത്തിലും മാധ്യമ പരിലാളന ലഭിക്കാതെപോയ കലാകാരനാണ് നജ്മല്‍ ബാബു. ചെട്ടിമിടുക്ക് കൂടിയ ആളുകള്‍ അവനവനെത്തന്നെ അശ്‌ളീലമാംവിധം മുന്നോട്ടു തള്ളി പത്രത്താളുകളിലും ചാനല്‍ വേദികളിലും നിരങ്ങുമ്പോള്‍ നല്ല കാലത്തുപോലും അദ്ദേഹത്തെക്കുറിച്ച് ആരും ഒന്നും എഴുതിയില്ല. എഴുതിക്കാനോ വാഴ്ത്തിപ്പാടാനോ ആരെയെങ്കിലും പ്രേരിപ്പിക്കുന്നത് മഹാപാപമായി കരുതിയതുകൊണ്ടു കൂടിയാവാം ഇങ്ങിനെ സംഭവിച്ചത്. ബാബുവിനെ സംബന്ധിച്ചേടത്തോളം ഗുരുദത്ത് ചിത്രത്തിലെ യെ ദുനിയാ അഗര്‍ മില്‍ഭി ജായേ തൊ ക്യാഹേ ..എന്ന ആ പഴയ ഗാനമായിരുന്നു ജീവിത പ്രമാണം. ജയില്‍ എന്ന ചിത്രത്തില്‍ എ.എം രാജ പാടിയ കാറ്ററിയില്ല, കടലറിയില്ല അലയും തിരയുടെ വേദന… എന്ന ഗാനം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിത്തീരുന്നത് സ്വാനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാവണം. കരുണയില്ലാത്തൊരീ ലോകത്തിലാരും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല എന്ന അറിവ് ചെറുപ്പം തൊട്ടേ അദ്ദേഹത്തിനുണ്ടായിരുന്നു. ചുറ്റും കണ്ട ജീവിതാനുഭവങ്ങളാണ് ഈ ബോധ്യം അദ്ദേഹത്തിന്റെ മനസില്‍ നിറച്ചത്. അസ്വാഭാവിക മരണങ്ങളുടെ ഒരു ഘോഷയാത്രയാണ് ആ ജീവിതത്തിലൂടെ കടന്നുപോയത്. സഹോദരന്റെ മരണം, അര്‍ധ സഹോദരനും നല്ല ഗായകനുമായിരുന്ന സത്യജിത്തിന്റെ മരണം, അതിയായ സംഗീതാഭിരുചിയുണ്ടായിരുന്ന മകള്‍ സുനൈനയുടെ ആത്മഹത്യ..ഒന്നിനുപുറകേ ഒന്നായി വന്ന ദുരന്തങ്ങള്‍ അദ്ദേഹത്തെ അടിമുടി തകര്‍ത്തുകളഞ്ഞു. പുറമേക്കൊന്നും കാണാന്‍ കഴിയാത്തവിധം തപിക്കുകയായിരുന്ന ആ മനസ് സ്വകാര്യ നിമിഷങ്ങളില്‍ കോയീ..സാഗര്‍ ദില്‍കൊ ബഹ് ലാതാ നഹീ…, കഭി ഖുദ്‌പെ കഭി ഹാലാത് പെ രോനാ ആയാ..തുടങ്ങിയ വരികളിലാണ് ആശ്രയം കണ്ടെത്തിയത്.
പതിനേഴാം വയസില്‍ മകളുടെ മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ആരുടേയും സമനില തെറ്റിക്കാന്‍ പോന്നതു തന്നെ. വിവാദങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും കാരണമായിത്തീര്‍ന്ന ഈ മരണം കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയാണ് പ്രതിഭാധനനായ ഈ ഗായകന്റെ ജീവിതത്തില്‍ ഇരുള്‍ പരത്തിയത്. ടി.ആര്‍.പി റേറ്റിംഗ് കൂട്ടാന്‍ രാഷ്ട്രീയ പകപോക്കലുകള്‍ക്കിടയിലേക്ക് നിസ്സഹായനായ ഒരു മനുഷ്യനെ നിഷ്‌ക്കരുണം വലിച്ചിഴക്കുകയായിരുന്നു. ഒളിക്യാമറയുമായി മകളുടെ മരണകാരണം ചികയാന്‍ ചെന്ന ചാനല്‍ സംഘം നല്‍കിയ വാര്‍ത്തയും ദൃശ്യങ്ങളുമാണ് ഈ പാവം പിതാവിനെ തകര്‍ത്തുകളഞ്ഞത്. വാര്‍ത്തയുടെയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടേയും ഫലമായി മസ്തിഷ്‌കാഘാതമുണ്ടായി. ഒരുവശം തളര്‍ന്നു. ശബ്ദം നഷ്ടപ്പെട്ടു. സഹോദരീ ഭര്‍ത്താവും ഹോട്ടല്‍ വ്യവസായിയുമായ നിസ്താറും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ കൈകാലുകളുടെ ശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞു. ശബ്ദമാകട്ടെ എന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു.
ഭാര്യ സുബൈദക്ക് വേങ്ങരയില്‍ കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് നിര്‍മ്മിച്ച വീട്ടില്‍ ഏകാന്തജീവിതം നയിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പ്രമേഹം മൂര്‍ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ആസ്പത്രിയില്‍ നിന്ന് പുറത്തിറങ്ങി ഇന്നലെ വീട്ടില്‍ തിരിച്ചെത്തി. ഭക്ഷണത്തിനിരിക്കുമ്പോള്‍ കുഴഞ്ഞുവീണതോടെ ആ ജീവിത നാടകത്തിന് അന്ത്യമാവുകയും ചെയ്തു. സുഹൃത്തുക്കളുടേയും സംഗീത പ്രേമികളുടേയും മനസില്‍ തീരാദുഃഖം തീര്‍ത്തുകൊണ്ട് ആ ഘന സാന്ദ്ര ശബ്ദം അന്തരീക്ഷത്തില്‍ അവശേഷിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: memory | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply