ഓര്‍ക്കേണ്ടത് നങ്ങേലിയേയും താത്രിയേയും റോസിയേയും…

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ആകുലതകളോടെയാണ് ഈ വര്‍ഷം വനിതാ ദിനം കടന്നു വന്നിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവവും വികാരിയുടെ ബലാല്‍സംഗവും ഉയര്‍ത്തിയ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഇപ്പോഴും സജീവമാണ്. ഇത്രമാത്രം ആഘോഷിക്കപ്പെടാതെ പോകുന്ന സ്ത്രീപീഡനങ്ങള്‍ ഓരോ ദിവസവും ആവര്‍ത്തിക്കുന്നു. വയനാട്ടില്‍ യത്തിംഖാനയിലെ പെണ്‍കുട്ടികളെ പുറത്തുള്ളവര്‍ പീഡിപ്പിച്ചു. പാലക്കാട് സഹോദരികളായ 2 പെണ്‍കുട്ടികള്‍ സംശയാസ്പദമായി മരിച്ചു. 20 വയസ്സുകാരന്‍ പൂജാരി 70 വയസ്സുകാരിയെ പീഡിപ്പിച്ചു. സ്വന്തം വീടും ആരാധനാലയങ്ങളും വിദ്യാലയങ്ങളും പൊതുയിടങ്ങളും വാഹനങ്ങളും തൊഴിലിടങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായിരിക്കുന്നു. തികച്ചും ഭീതിദമായ […]

SS

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ആകുലതകളോടെയാണ് ഈ വര്‍ഷം വനിതാ ദിനം കടന്നു വന്നിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവവും വികാരിയുടെ ബലാല്‍സംഗവും ഉയര്‍ത്തിയ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഇപ്പോഴും സജീവമാണ്. ഇത്രമാത്രം ആഘോഷിക്കപ്പെടാതെ പോകുന്ന സ്ത്രീപീഡനങ്ങള്‍ ഓരോ ദിവസവും ആവര്‍ത്തിക്കുന്നു. വയനാട്ടില്‍ യത്തിംഖാനയിലെ പെണ്‍കുട്ടികളെ പുറത്തുള്ളവര്‍ പീഡിപ്പിച്ചു. പാലക്കാട് സഹോദരികളായ 2 പെണ്‍കുട്ടികള്‍ സംശയാസ്പദമായി മരിച്ചു. 20 വയസ്സുകാരന്‍ പൂജാരി 70 വയസ്സുകാരിയെ പീഡിപ്പിച്ചു. സ്വന്തം വീടും ആരാധനാലയങ്ങളും വിദ്യാലയങ്ങളും പൊതുയിടങ്ങളും വാഹനങ്ങളും തൊഴിലിടങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായിരിക്കുന്നു. തികച്ചും ഭീതിദമായ ഒരവസ്ഥയിലേക്ക് സ്ത്രീകള്‍ മാറിയിരിക്കുന്നു.
സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നു എന്നത് ശരിയാണ്. ഒരു വിഭാഗം സ്ത്രീകള്‍ ശക്തമായ ആത്മബോധത്തോടെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ വലിയൊരു വിഭാഗവും ഭയം കൊണ്ടും മറ്റു കാരണങ്ങളാലും നിശബ്ദരാണ് എന്നതാണ് വസ്തുത. ഈ അവസ്ഥയാണ് കേരളം ഇപ്പോള്‍ മറികടക്കേണ്ടത്. തീര്‍ച്ചയായും സ്ത്രീപോരാട്ടങ്ങളുടെ വലിയൊരു ചരിത്രം നമുക്കുണ്ട്. നിരവധി സ്ത്രീപോരാളികളും നമുക്കുണ്ടായിരുന്നു. അത്തരം ചരിത്രങ്ങളില്‍ നിന്നും ചരിത്രവനിതകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാനായിരിക്കണം ഈ വനിതാദിനത്തില്‍ സ്ത്രീകള്‍ ശ്രമിക്കേണ്ടത്.
കേരളം ഏറെ ചര്‍ച്ച ചെയ്യാത്ത, എന്നാല്‍ പുരുഷാധിപത്യത്തിനും ജാത്യധിപത്യത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തിയ പല വനിതാപോരാളികളും കേരളത്തില്‍ ജീവിച്ചിരുന്നു. അവരില്‍ പെട്ട മൂന്നു പേരെകുറിച്ചാണ് ഈ കുറിപ്പ്. നങ്ങേലി, കുറിയേടത്തു താത്രി, പി കെ റോസി. എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചു മരിച്ചവര്‍. എന്നാല്‍ അവര്‍ ജീവിതത്തില്‍ കാണിച്ച തന്റേടവും ആര്‍ജ്ജവവും ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഇപ്പോഴുമില്ല എന്നതാണ് ഖേദകരം.
1800കളുടെ തുടക്കത്തിലായിരുന്നു കേരളചരിത്രത്തില്‍ പോരാട്ടത്തിന്റെ വീരേതിഹാസം രചിച്ച് നങ്ങേലി കടന്നുപോയത്. ചേര്‍ത്തല കരപ്പുറം കാപ്പുന്തല കുടുംബത്തിലെ അംഗമായിരുന്നു അവര്‍. അക്കാലത്ത് മലയാളി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്യുന്നത് ധിക്കാരമാണെന്നു കൂടി ചിലര്‍ വ്യാഖ്യാനിച്ചിരുന്നുവെന്നാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നത്. നമ്പൂതിരിമാരുടെ ആഹ്ലാദത്തിനുവേണ്ടി നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് പരശുരാമന്‍ വിലക്കിയിരുന്നെന്ന അസംബന്ധ കഥയായിരുന്നത്രെ ഈ ദുഷിച്ച ജാത്യാചാരത്തിന്റെ കാതല്‍. മാറ് മറക്കാന്‍ പാടില്ലെന്നു മാത്രമല്ല, വലുപ്പമനുസരിച്ച് മുലക്കരം കൊടുക്കണമായിരുന്നു. നികുതി പിരിച്ചെടുക്കാന്‍ വാളും പരിചയുമായി രാജകിങ്കരന്മാരാണ് എത്തുക. കുറച്ചുനാള്‍ യൂറോപ്പില്‍ താമസിച്ച ശേഷം തിരികെ വന്ന ഒരു നായര്‍ യുവതി ആറ്റിങ്ങല്‍ റാണിയുടെ മുമ്പില്‍ മറച്ച മാറുമായി ചെന്നപ്പോള്‍ റാണി കൊടുത്ത കല്‍പന ആ മാറ് ഛേദിച്ചുകളയാനാണ് എന്ന് ‘ചില കേരള ചരിത്ര പ്രശ്‌നങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ പ്രഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള പറയുന്നു. അതേസമയം 1788ല്‍ ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ എല്ലാ സ്ത്രീകളോടും മാറ് മറച്ചു നടക്കാന്‍ കല്‍പനയുണ്ടായി. പക്ഷേ, സവര്‍ണവിഭാഗങ്ങളുടെ അക്രമത്തെ ഭയന്ന് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക് അതിന് ധൈര്യമുണ്ടായില്ല.
മുലക്കരം കൊടുക്കാനുള്ള ശേഷിയില്ലാതിരുന്ന നങ്ങേലി ചെയ്തത് ചരിത്രം കാണാത്ത രീതിയിലുള്ള പ്രതിരോധമായിരുന്നു. തന്റെ രണ്ട് മുലകളും കത്തികൊണ്ട് മുറിച്ച് ഒരു നാക്കിലയില്‍ രാജകിങ്കരന്മാര്‍ക്ക് നല്‍കുകയായിരുന്നു അവര്‍. അധികം താമസിയാതെ ബോധംകെട്ടു രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ഭര്‍ത്താവ് കണ്ടപ്പന്‍ നങ്ങേലിയെ ദഹിപ്പിച്ച ചിതയില്‍ച്ചാടി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മുലക്കരം നിരോധിച്ചു. പക്ഷെ മാറുമറക്കാനുള്ള അവകാശത്തിന് ചാന്നാര്‍ ലഹളയടക്കം പല പോരാട്ടങ്ങളും വേണ്ടിവന്നു. ഒരുപക്ഷെ നങ്ങേലിയുടെ പോരാട്ടത്തിനു സമാനമായൊരുപോരാട്ടം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യയില്‍ നടന്നത്. മണിപ്പൂരില്‍ മനോരമ എന്ന സ്ത്രീയെ ബലാസല്‍സഗം ചെയ്തു കൊന്നു കളഞ്ഞ പട്ടാളത്തിനെതിരെ സ്ത്രീകള്‍ നടത്തിയ നഗ്നസമരമാണത്.
പുരുഷാധിപത്യത്തിനും അത് സൃഷ്ടിച്ച കപട സദാചാര മൂല്യങ്ങള്‍ക്കുമെതിരായ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു കുറിയേട്തതു താത്രി നടത്തിയത്. കേരളത്തില്‍ നടന്ന സ്മാര്‍ത്തവിചാരങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നില്‍ വിചാരണ ചെയ്യപ്പെട്ട നമ്പൂതിരി യുവതി ആയിരുന്നു അവര്‍. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കല്‍പ്പകശേരി ഇല്ലത്തില്‍ ജനിച്ച താത്രിയെ പതിമൂന്നാം വയസ്സില്‍ തന്നെ ചെമ്മന്തിട്ടെ കുറിയേടത്തു മനയിലെ രാമന്‍ നമ്പൂതിരിക്ക് വിവാഹം കഴിച്ചു കൊടുത്തു. ആദ്യരാത്രിയില്‍ തന്നെ ജേഷ്ഠന്‍ നമ്പൂതിരിക്കു വഴങ്ങേണ്ടിവന്ന താത്രിയുടെ പിന്നീടുള്ള ജീവിതം ഏതൊരു സാഹിത്യസൃഷ്ടിയേയും വെല്ലുന്നതായിരുന്നു. എത്രയോ പുരുഷന്മാര്‍. അവസാനം അവര്‍തന്നെ സ്മാര്‍ത്തവിചാരണയുമായി വന്നു. ബന്ധപ്പെട്ട ഓരോ പുരുഷന്റെയും ശരീരത്തിലെ അടയളങ്ങള്‍ പറഞ്ഞായിരുന്നു താത്രി വിചരണയെ നേരിട്ടത്. കല്ലെറിയാന്‍ പാപം ചെയ്യാത്ത ആരുമില്ലാത്ത അവസ്ഥ. 5 പേരുകള്‍ അവര്‍ പറഞ്ഞതായാണ് കരുതപ്പെടുന്നത്. അവരില്‍ പലരും, അവരുടെ അച്ഛനും (കല്പകശ്ശേരി അഷ്ടമൂര്‍ത്തി നമ്പൂതിരി), അച്ഛനു മറ്റൊരു വേളിയിലുണ്ടായ സഹോദരനും (കല്പകശ്ശേരി നാരായണന്‍ നമ്പൂതിരി) ഉള്‍പ്പെടെ, അവരുടെ അടുത്ത ബന്ധുമിത്രാദികളില്‍ പെടുന്നവരായിരുന്നു.
1905 ജൂലൈ 13നു 30 നമ്പൂതിരിമാര്‍, 10 അയ്യര്‍, 13 അമ്പലവാസികള്‍, 11 നായന്മാര്‍ തുടങ്ങിയവരും താത്രിക്കൊപ്പം ഭ്രഷ്ടരായി. ഒരു വശത്ത് സ്ത്രീപീഡനങ്ങളും മറുവശത്ത് സദാചാരപോലീസും അരങ്ങുതകര്‍ക്കുമ്പോള്‍ താത്രി വീണ്ടും വീണ്ടും പ്രസക്തയാകുകയാണ്.
സിനിമാമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായി അഭിനയിച്ച പി കെ റോസിയുടെ ജീവിതവും പ്രസക്തമാകുകയാണ്. സ്ത്രീകള്‍ പൊതുരംഗത്ത് കടന്നുവരാത്ത ആ കാലത്ത്, ചലച്ചിത്രത്തില്‍ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു. എല്ലാറ്റിനേയും എതിരിട്ടായിരുന്നു ധൈര്യപൂര്‍വ്വം അവര്‍ അഭിനയിച്ചത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. പണത്തിനുവേണഅടി കൂടിയായിരുന്നു ്ഭിനയം. 1930 നവംബര്‍ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരന്‍ റിലീസ് ചെയ്തത്. സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. കൂടാതെ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചു. പിടിച്ചുനില്‍ക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാണെന്നും യഥാര്‍ത്ഥ പേര് രാജമ്മ എന്നണെന്നും രാജമ്മയുടെ ഇളയസഹോദരന്‍ ഗോവിന്ദന്‍ എന്നയാള്‍ വെളിപ്പെടുത്തുകയുണ്ടായി. നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും കുറച്ച് കൊല്ലം മുന്‍പ് രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹം പറയുന്നത്.
അതെ, കേരളത്തിലെ സ്ത്രീകള്‍ക്ക് മാതൃകയാകേണ്ടത് ഈ മൂന്നു സ്ത്രീകളുമാണ്. അവരില്‍ നിന്നു ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പോരാടാി ജീവിക്കാന്‍ ആര്‍ജ്ജവമുള്ള സ്ത്രീകളെയാണ് ഈ വനിതാദിനത്തില്‍ കേരളം ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply