ഒരു മദ്യവിചാരം

മൈത്രേയന്‍ മദ്യം ഇന്നു കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ. ഈ സാഹചര്യത്തില്‍ അതേകുറിച്ച് വ്യത്യസ്ഥമായ നിലപാടാണ് മൈത്രേയന്‍ അവതരിപ്പിക്കുന്നത്. നാം കാണുന്ന മരുന്നുകള്‍ എല്ലാം തന്നെ, പ്രാണികളുടെയും ജന്തുക്കളുടെയും ആഹാരത്തിനിരയാകാതിരിക്കാന്‍, ചെടികള്‍ അവരുടെ ചെറുത്തു നില്‍പ്പുകള്‍ക്കായി വികസിപ്പിച്ചെടുത്തതാണ്. പരിണാമപരമായി, കാറ്റിനെതിരെ ഭൂമിയില്‍ വേരുറപ്പിച്ച് നിലനിന്ന് വളര്‍ന്നു വികസിക്കാനാണ് അവയെല്ലാം ശ്രമിച്ചത്. വളരാന്‍ അനുയോജ്യമായ ഇടങ്ങളില്‍ നിന്ന് അവരെ അടിച്ചോടിക്കാന്‍ ആദ്യം കാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ചെറുപ്രാണികള്‍തൊട്ട് വന്‍മൃഗങ്ങള്‍വരെ രൂപപ്പെട്ടത്. തിന്നാന്‍ വരുമ്പോള്‍ ഓടിപ്പോകാന്‍ കഴിയാതിരുന്നാല്‍ […]

mmmm

മൈത്രേയന്‍

മദ്യം ഇന്നു കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ. ഈ സാഹചര്യത്തില്‍ അതേകുറിച്ച് വ്യത്യസ്ഥമായ നിലപാടാണ് മൈത്രേയന്‍ അവതരിപ്പിക്കുന്നത്.

നാം കാണുന്ന മരുന്നുകള്‍ എല്ലാം തന്നെ, പ്രാണികളുടെയും ജന്തുക്കളുടെയും ആഹാരത്തിനിരയാകാതിരിക്കാന്‍, ചെടികള്‍ അവരുടെ ചെറുത്തു നില്‍പ്പുകള്‍ക്കായി വികസിപ്പിച്ചെടുത്തതാണ്. പരിണാമപരമായി, കാറ്റിനെതിരെ ഭൂമിയില്‍ വേരുറപ്പിച്ച് നിലനിന്ന് വളര്‍ന്നു വികസിക്കാനാണ് അവയെല്ലാം ശ്രമിച്ചത്. വളരാന്‍ അനുയോജ്യമായ ഇടങ്ങളില്‍ നിന്ന് അവരെ അടിച്ചോടിക്കാന്‍ ആദ്യം കാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ചെറുപ്രാണികള്‍തൊട്ട് വന്‍മൃഗങ്ങള്‍വരെ രൂപപ്പെട്ടത്. തിന്നാന്‍ വരുമ്പോള്‍ ഓടിപ്പോകാന്‍ കഴിയാതിരുന്നാല്‍ ചെറുത്തു നില്‍പ്പുകള്‍ക്ക് മുള്ളുകള്‍ തൊട്ട് അരുചിയുളവാക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന, മനം പിരട്ടും ഛര്‍ദ്ദിയുമുളവാക്കുന്ന, മതിഭ്രമമുളവാക്കുന്ന, പേശികള്‍ അയഞ്ഞു പോകുന്ന, മരണമുളവാക്കുന്ന വിവിധതരത്തിലുള്ള രാസവസ്തുക്കള്‍ അവയുടെ ഇലകളിലും തണ്ടുകളിലും തൊലിയിലും പഴങ്ങളിലുമെല്ലാം വികസിപ്പിച്ച് ശേഖരിച്ചു വയ്ക്കുകയാണുണ്ടായത്.
ഇങ്ങനെ ചെടികള്‍ വികസിപ്പിച്ച ഈ രാസവസ്തുക്കളാണ് ഇന്ന് മരുന്നായും മാനസികോല്ലാസദായകമായും നാം ഉപയോഗിക്കുന്നത്. ഇതേ പ്രാണികളെയും ജന്തുക്കളെയും പ്രജനനപ്രക്രിയയ്ക്ക് ഉപയോഗിക്കാന്‍ ചെടികളും മരങ്ങളും തുനിയുന്നതുവഴിയാണ് പൂവിലെ തേനും സുഗന്ധവും പഴങ്ങളും അവയിലെ മാധുര്യവുമെല്ലാം ഉണ്ടായത്. മണംപിടിച്ച് തേന്‍കുടിക്കാന്‍ വണ്ടും ഈച്ചയും പൂമ്പാറ്റയും എല്ലാം വന്നപ്പോള്‍ പരാഗണം നടന്നു. അതേപോലെ പഴം തിന്ന് വിത്ത് വലിച്ചെറിഞ്ഞപ്പോള്‍ ഒരു ദിക്കില്‍നിന്നും മറ്റൊരു ദിക്കിലേക്ക് മക്കളെ മാറ്റിപാര്‍പ്പിക്കാനും കഴിഞ്ഞു. ഇങ്ങനെ കോടിക്കണക്കിന് വര്‍ഷത്തെ പരസ്പരസഹകരണത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കഥയാണ് സങ്കീര്‍ണ്ണ ജീവികളുടെ ഉടയിലെ പരിണാമം.
ഈ കൂട്ടത്തില്‍ ചെടികളും കൂണുകളും വികസിപ്പിച്ചെടുത്ത രാസഘടനകളാണ് ജീവികളുടെ പേശികള്‍ അയഞ്ഞ് ദുര്‍ബ്ബലപ്പെടുത്തുന്നതും മനസ്സിന്റെ താളം തെറ്റിക്കുന്നതുമായ ചില രാസവസ്തുക്കള്‍. ആഫ്രിക്കയിലെ ഒരു മരത്തിന്റെ കനികള്‍ തിന്നുന്ന എല്ലാ മൃഗങ്ങളും മദോന്മത്തരാകും. ഈ മദോന്മത്തത ആ മരത്തിന്റെ കുരുക്കള്‍ എല്ലായിടവും വിതറുന്നതിനിട വരുത്തും എന്നും നമ്മള്‍ക്ക് കാണാം. അതിനാല്‍ മരത്തിന് അനുകൂലവും. മറിച്ച്, മൃഗങ്ങളെ ചെറുക്കാന്‍ വികസിപ്പിച്ചതാണെങ്കിലും ചെടികളിലെ രാസവസ്തുക്കള്‍ക്കെല്ലാം തന്നെ ഇന്ന് മരുന്നിന്റെ പങ്കാണ് മനുഷ്യരുടെ ഇടയില്‍ ഉള്ളത്. വിഷവസ്തുക്കളുടെ അനുപാതം മാറ്റി അവ നേര്‍പ്പിച്ചും കുറുക്കിയും ഇടകലര്‍ത്തി ഉപയോഗിക്കുന്നതുവഴി അപകടകാരിയായ വിഷവസ്തുക്കള്‍ നമ്മള്‍ക്ക് ‘മരുന്നാ‘ക്കി മാറ്റാന്‍ കഴിയുമെന്ന് മനുഷ്യര്‍ കണ്ടെത്തി. ഈ കണ്ടെത്തലിന് സമാനമായ ഒന്നാണ് മദ്യത്തിനും മയക്കുമരുന്നിനുമുള്ളത്.
ലോകത്തെവിടെയുമുള്ള ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ നോക്കിയാലും മതിഭ്രമമുളവാക്കുന്ന വസ്തുക്കള്‍ ആചാരപൂര്‍വ്വം അവര്‍ ഭുജിക്കുന്നതുകാണാം. മിക്കവാറും എല്ലാ ആത്മബോധാന്വേഷണങ്ങളുടെ അടിയിലും ഇത്തരം വസ്തുക്കളുടെ അനുഷ്ഠാനഭുജനമുണ്ടാകാറുണ്ട്. ബോധത്തിന്റെ ഒളിസ്ഥലങ്ങളുടെ കണ്ടെത്തലുകളും അതീന്ദ്രിയാവയവങ്ങളുടെ മൂര്‍ച്ചകളുമെല്ലാം അനുഷ്ഠാനങ്ങളുടെ അവസാനത്തെ ഈ പാനപീയൂഷങ്ങളിലൂടെ അവര്‍ സാധിച്ചെടുക്കാറുണ്ട്. വാമൊഴിയായി വന്നതും എഴുതപ്പെട്ടതുമായ എല്ലാ പൗരാണിക ഗ്രന്ഥങ്ങളിലും ഇത്തരം വസ്തുക്കളുടെ അനുഷ്ഠാനപരമായ ആഹരണവും അതിനോടൊപ്പംവരുന്ന ആത്മീയാനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സോമരസവും അതിലൊന്നാണ്. കടഞ്ഞോ വാറ്റിയോ ഒരു ചെടിയുടെ സത്ത് എടുത്ത് കുടിച്ചാല്‍ ആ ചെടിയുടെ ഉള്ളിലെ ഊര്‍ജ്ജം നമുക്ക് ലഭിക്കുമെന്ന വിശ്വാസമാണ് ഈ പ്രവര്‍ത്തിയുടെ പിന്നിലുള്ളത്. എല്ലാ ജീവികളുടെയും ഉള്ളിലടങ്ങിയിരിക്കുന്ന രഹസ്യമായ ഊര്‍ജ്ജത്തിലുള്ള വിശ്വാസമാണ് എല്ലാ പഴയ കാല അന്വേഷണങ്ങളുടെയും പിന്നിലുള്ളത്. ആ അന്വേഷണത്തില്‍ മനുഷ്യര്‍ കണ്ടെത്തിയ വിശിഷ്ട പാനീയങ്ങളാണ് ആദ്യകാല മദ്യങ്ങളെല്ലാംതന്നെ. അക്കാരണത്താലാണ് ആദ്യകാലങ്ങളില്‍ ഈ പാനീയങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ ആത്മീയചടങ്ങുകളില്‍ അഗ്രസ്ഥാനമുണ്ടായത്. ആത്മീയൗന്നത്യങ്ങളിലേക്കുള്ള വാതായനങ്ങളായി അവയെ കണ്ടിരുന്നു. മയക്കുമരുന്നുകളും ആത്മീയലോകത്തേക്കുള്ള രഹസ്യതാക്കോലുകളായി വര്‍ത്തിച്ചിരുന്നു. ഇന്നും ലോകമാസകലമുള്ള ഗോത്രവര്‍ഗ്ഗങ്ങള്‍ ഇവയെ കാണുന്നതും അങ്ങനെതന്നെ. നമ്മുടെ നാട്ടിലെ കഞ്ചാവിന് സ്വാമി എന്ന അപരനാമധേയം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത് ഇക്കാരണം
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ന് മനുഷ്യ സമൂഹം ഒന്നടങ്കം മദ്യത്തെയും മയക്കുമരുന്നിനെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വലയുകയാണ്. പ്രത്യേകിച്ചും വിവിധതട്ടുകളില്‍ കഴിയുന്ന വിഭാഗങ്ങളുള്ള നമ്മെപോലെയുള്ള സമൂഹങ്ങളില്‍. മലമടക്കുകളില്‍നിന്നും പൊതുസമൂഹമദ്ധ്യത്തിലേക്ക് ഇനിയും കാല്‍വെച്ചിട്ടില്ലാത്ത ഗോത്രസമൂഹങ്ങള്‍തൊട്ട്, കൃഷിയിലേക്ക് കാലൂന്നിയ സമൂഹം മുതല്‍ ഹൈടെക്ക് പാര്‍ക്കുകളില്‍മാത്രം കഴിയുന്ന പങ്കുകളും ടെക്കി കളുംവരെയുള്ളവര്‍ അടങ്ങുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ എല്ലാവര്‍ക്കും ഒരേപോലെ മനസ്സിലാക്കി അനുസരിക്കാന്‍ പാകത്തിലുള്ള ഒരു നിയമം കൊണ്ടുവരിക അസാധ്യമാണെന്ന് നാം ആദ്യംതന്നെ അറിയണം. ഇത് മദ്യത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. എങ്കിലും കണ്ണടച്ചിരുട്ടാക്കി കാര്യത്തില്‍ നിന്നും ഒളിച്ചോടാതെ ഇതെങ്ങനെ സാമാന്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യാമെന്ന് നമുക്കൊന്നു നോക്കാം.
തുടക്കത്തില്‍തന്നെ രണ്ട് കാര്യങ്ങള്‍ നാം സമ്മതിക്കേണ്ടിവരും. ഒന്നാമതായി മദ്യത്തിന്റെ ആരോഗ്യരവും സാമൂഹ്യവുമായ അപകടങ്ങള്‍ ചൂണ്ടിക്കാണിച്ച് അതിനെ സമൂഹമദ്ധ്യത്തു നിന്ന് നിഷ്‌കാസനം ചെയ്യാമെന്ന നിലപാടിന്റെ വ്യര്‍ത്ഥത. രണ്ടാമതായി, നിയന്ത്രണങ്ങളാവശ്യമില്ല, അത് കമ്പോളനിയന്ത്രണത്തിനു വിധേയമായി സ്വയം നിയന്ത്രിച്ചുകൊള്ളും എന്ന നിലപാടിന്റെ വ്യര്‍ത്ഥതയും. മദ്യത്തിന്റെ വളരെ നിയന്ത്രിതമായ ഉപഭോഗം ചിലയിനം ക്യാന്‍സറിനെയും ഹൃദ്രോഗങ്ങളെയും ചെറുക്കുമെന്നുള്ള ആധുനികവൈദ്യശാസ്ത്രയറിവും ഒന്നും തന്നെ അതിന്റെ അമിത ഉപയോഗത്താല്‍ ഉളവാക്കുന്ന അനാരോഗ്യത്തിനും സാമൂഹ്യകഷ്ടനഷ്ടങ്ങള്‍ക്കും മറുപടിയാകുന്നില്ല. മദ്യവും മയക്കുമരുന്നും ആസക്തിയുളവാക്കുന്നതും അക്കാരണത്താല്‍ നിയന്ത്രണമര്‍ഹിക്കുന്നതുമാണ്.
മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ചരിത്രപ്രതിഷ്ഠനേടിയ സദ്വചനം നിരോധനത്തിന്റെ യുക്തിയാണ് നമുക്കു തരുന്നത്. ശ്രീനാരായണന്‍ ഇന്ത്യയില്‍ ഇത് ഓതുന്നകാലത്തുതന്നെ അമേരിക്കന്‍ ഐക്യനാടുകളിലിത് നിരോധിക്കുകയുണ്ടായി. ആയിരത്തിതൊള്ളായിരത്തിപത്തൊമ്പതുതൊട്ട് ആയിരത്തിതൊള്ളായിരത്തിമുപ്പത്തിരണ്ടു വരെ, പതിമൂന്നുവര്‍ഷം. നിരോധനമുളവാക്കിയ കെടുതികളില്‍ നിന്നും ആ രാജ്യം ഇന്നുവരെ മോചിതമായിട്ടില്ല. ആവശ്യക്കാരുള്ള ഒരു സമൂഹത്തില്‍ ഏതിന്റെ നിരോധനവും ആ സമൂഹത്തെ അപ്പാടെ കുറ്റവല്‍കൃതമാക്കുകയേയുള്ളൂ. പെട്ടെന്ന് ധനമുണ്ടാക്കാനുള്ള ഒരു കുറുക്കുവഴി ദരിദ്രസമൂഹത്തിന് തുറന്നു കൊടുക്കുകയെന്ന പ്രക്രിയയുടെ ആരംഭമാണത്. അധികാരികളെ ചെറുക്കാനുള്ള സ്വഭാവിക ആന്തരികചോദനയും സാഹസികമായി ജീവിക്കുകയെന്ന മറ്റൊരു സ്വഭാവികചോദനയും മേല്‍പ്പഞ്ഞ കുറുക്കുവഴിയുമായി കൈകോര്‍ക്കുമ്പോള്‍ ഒരു സമൂഹം അപ്പാടെ കുറ്റവല്‍കൃതമാകാന്‍ മറ്റൊന്നും വേണ്ട.
ഇതുതന്നെയായിരുന്നു അമേരിക്കന്‍ സമൂഹത്തിന് സംഭവിച്ചത്. നാമിന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാഫിയ യെന്ന പ്രയോഗത്തിന് നാന്ദികുറിച്ച സംഘം അമേരിക്കയിലുടലെടുക്കുന്നത് അന്നാണ്. ഇറ്റലിയിലെ സിസിലിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഗോത്രമൂല്യങ്ങളില്‍ നിന്നും മോചിതരാകാത്ത വിഭാഗമാണ് ഈ മാഫിയാസംഘത്തിന്റെ തായ് വേരായിത്തീര്‍ന്നത്. സംഘടിതമായി നില്‍ക്കാനും ഗോത്രത്തലവനോടുമാത്രം കൂറു പ്രഖ്യാപിക്കാനും കഴിയുന്നതുവഴി പൊതുസമൂഹത്തിന്റെ മൂല്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും അല്‍പ്പംപോലും കുറ്റബോധം പേറാതെ
കൊണ്ടാണ്.
ആന്തരികസംഘര്‍ഷം അനുഭവിക്കാതെ കുറ്റകൃത്യങ്ങളിലേര്‍പ്പെടാനുമവര്‍ക്കു കഴിഞ്ഞു. ഈ പ്രശ്‌നം എല്ലാ സങ്കീര്‍ണ്ണസമൂഹങ്ങളുടേയും അന്തര്‍ധാരയാണ്. തോക്കുകളുടെ ഉപയോഗം വ്യാപകമാവുകയും അത് മറ്റു സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. സ്വരക്ഷയ്ക്ക് തോക്കുപയോഗിക്കേണ്ട ആവശ്യം സാധാരണഗതിയില്‍ ജനങ്ങള്‍ക്ക് ഉണ്ടാകാറില്ല. പക്ഷേ, നിരോധനത്താല്‍ സംഘടിത കുറ്റവാളിസംഘങ്ങള്‍ രൂപപ്പെട്ടപ്പോള്‍ എല്ലാവരും തോക്ക് ധരിക്കേണ്ടിവരികയും അത് വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അമേരിക്കന്‍ ജനത അപ്പാടെ കുറ്റവല്‍കൃത സമൂഹമാകാന്‍ ഇത് വഴിയൊരുക്കി. ഇത്രയധികം ജനങ്ങള്‍ ജയിലില്‍ കിടക്കുന്ന മറ്റൊരു സമൂഹമിന്നില്ല.
കൂടാതെ മദ്യമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ വളരെ ലളിതവും അക്കാരണത്താല്‍ ആവശ്യമുള്ളവര്‍ക്ക് തങ്ങളുടെ അടുക്കളയില്‍ ഉണ്ടാക്കാനും കഴിയുന്നതുകൊണ്ട്, നിരോധിതകാലത്ത് അമേരിക്കന്‍ ഐക്യനാടുകളുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലെല്ലാം തന്നെ വീടുകളില്‍ മദ്യം വാറ്റിയെടുക്കാന്‍ തുടങ്ങി. അതുവരെ സ്ത്രീകളുടെ മദ്യപാനം ആഘോഷപരിപാടികളില്‍ ഒതുങ്ങിനിന്നിടത്തുനിന്നും ദൈനംദിന ജീവിതവ്യനഹാരമായി മാറി.
ഒരു രാജ്യത്തെ ഏത് നിയമവും അതിന്റെ അതിര്‍ത്തിയില്‍ നിന്നും മൂന്നുമൈല്‍ അകലംവരെ മാത്രമേ അധികാര സാധുതയുണ്ടാകാതിരിക്കുകയുള്ളൂ എന്ന അന്തര്‍ദ്ദേശീയ നിയമമറിയുന്ന കുറ്റവാളികള്‍ വലിയ കപ്പലുകളില്‍ കാസിനോയും ബാറും തീര്‍ത്ത് കടലില്‍ മൂന്ന് മൈല്‍ അകലെ നങ്കൂരമുറപ്പിച്ചുകിടന്നു. ആവശ്യക്കാര്‍ ചെറുതോണികളില്‍ അവിടെ എത്തിച്ചേര്‍ന്നു. തോണിയിലെ ഉല്ലാസയാത്രയ്‌ക്കൊടുവില്‍ മദ്യപാനവുമുണ്ടായപ്പോള്‍ ആവശ്യക്കാരുടെയെണ്ണം അനുദിനം വര്‍ദ്ധിച്ചു വന്നു. അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന പഴഞ്ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യ നാടുകളില്‍ സാക്ഷാല്‍കൃതമായി. അവസാനം മദ്യവിമുക്തമാക്കാന്‍ ഉദ്ദേശിച്ചൊരുക്കിയ നിയമം നിരുപാധികം പിന്‍വലിക്കുകയാണുണ്ടായത്. മദ്യാസക്തി കുറഞ്ഞതുമില്ല. വളരെ കുറ്റവല്‍കൃതമായ ഒരു സമൂഹം രൂപപ്പെടുകയും ചെയ്തു. ഈ ചരിത്രം ഈ വിഷയത്തില്‍ നമുക്ക് ഒരു നല്ല വഴികാട്ടിയാണ്. മദ്യപാനം ഒരു സമൂഹത്തില്‍ നിന്നും ഇനി ഒഴിഞ്ഞുപോകില്ലെന്ന് നാം മനസ്സിലാക്കണം. അതിന്റെ ഉപയോഗം നിയന്ത്രണവിധേയമാക്കാന്‍ എങ്ങനെ കഴിയുമെന്നുമാത്രം നോക്കിയാല്‍ മതി.
കുറ്റകരമെന്ന സാമൂഹ്യസദാചാരപരമായ സമീപനമാണ് മദ്യപാന നിയന്ത്രണത്തിന്റെ യഥാര്‍ത്ഥ ശത്രു. മദ്യം വീട്ടിനുള്ളില്‍നിന്നും അന്യപ്പെടുത്തി നിര്‍ത്തുന്നതിനാല്‍ അതിന്റെ ഉപഭോഗസമയത്ത് ആരും നിയന്ത്രിക്കാനില്ലാതെ വരുന്നു. ഈ അപകടമാണ് വികസിതസമൂഹങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതുവഴി ഒഴിവാക്കിയത്. ഉപഭോഗത്തിലെ മിതത്വം വീടുകള്‍ക്കുള്ളില്‍ ഉപയോഗിച്ചാല്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. മദ്യപാനസദസ്സിലെ ബന്ധുജനസാന്നിധ്യം സഹജനിയന്ത്രണമുണ്ടാക്കും. അനാരോഗ്യകരമായി ഒരാള്‍ മദ്യപിക്കുന്നതുകണ്ടാല്‍ അതിന്റെ കാരണമാരായാനും അയാള്‍ക്കുള്ള പ്രശ്‌നത്തിന് മറ്റുപരിഹാരം തേടാനും മറ്റുള്ളവര്‍ മുന്‍കൈയെടുക്കുമെന്നുള്ളതാണ് ഇതിന്റെ മെച്ചം. മദ്യം പിരിമുറുക്കത്തിന് ഒരയവുവരുത്തുമെന്നുള്ളതുകൊണ്ടും അല്‍പ്പം ഉല്ലാസം പ്രദാനം ചെയ്യുമെന്നുള്ളതുകൊണ്ടുമാണ് അതിന് പുറകേ ജനം നടക്കുന്നത്. എന്നാല്‍ അതിന്റെ ആസക്തിയുളവാക്കാനുള്ള കഴിവാണ് അതിനുള്ളിലെ പാര. അതിനാല്‍ നിയന്ത്രണസാദ്ധ്യതയുള്ളയിടങ്ങളില്‍ മദ്യപാനം നടത്താനനുവദിച്ചാല്‍ അവരുടെ മുകളില്‍ ഒരു കണ്ണുണ്ടാകും.
വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ വാങ്ങിയ കുപ്പി കുടിച്ചുതീര്‍ക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനുള്ള ബാദ്ധ്യത ഇത് ഉപയോഗിക്കാന്‍ തുനിയുന്ന എല്ലാവരുടെയും ചുമലില്‍ വന്നുപതിക്കും. ഇത്തരമൊരു ദുരന്തകാലത്താണ് നമ്മുടെ സമൂഹങ്ങളെല്ലാംതന്നെ. വികസിതസമൂഹങ്ങള്‍ ഇത് സദാചാരപരമായി കുറ്റകൃത്യമാക്കിയിട്ടില്ലാത്തതിനാല്‍ വീടുകളുടെ സുരക്ഷിതമായ ഇടങ്ങളില്‍ ഒരു സമയത്ത് ഉപയോഗിച്ച മദ്യത്തിന്റെ ബാക്കി അടച്ചുവയ്ക്കാനും പിന്നീട് കഴിക്കാനുള്ള സൗകര്യമൊരുക്കുന്നതുവഴി അമിതമദ്യപാനമെന്ന രോഗാവസ്ഥ എല്ലാവരേയും ബാധിക്കാതെ നോക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. സദാചാരപരമായ സമീപനമെടുക്കുന്ന സമൂഹങ്ങളെല്ലാം മദ്യം തൊടുന്നവരെയെല്ലാംതന്നെ അമിതമദ്യപാനികളാക്കാറുണ്ട്. ഇവിടെയാണ് നിരോധനത്തിന്റെ യുക്തി മദ്യനിയന്ത്രണത്തിനുതകുന്നതല്ല എന്ന് പറയുന്നത്.
മദ്യം ഉപയോഗിക്കുന്ന നൂറുപേരില്‍ പത്തുപേരെങ്കിലും അമിതമദ്യപാനാസക്തിയുടെ ലക്ഷണങ്ങള്‍ കാട്ടുകതന്നെ ചെയ്യും. അത്തരക്കാര്‍ അതുപയോഗിക്കാന്‍ അനുവദിച്ചുകൂടാത്തതുമാണ്. അത് ഡയബറ്റിസുള്ളയാള്‍ പഞ്ചസാരയുപയോഗിക്കരുതെന്ന് പറയുന്നതുപോലെയാണ്. ഇതൊരു സാമൂഹ്യ ഉത്തരവാദിത്വമാണ്. വീട്ടുകാരും ചേര്‍ന്ന് നിര്‍വ്വഹിക്കേണ്ടുന്ന സാമൂഹ്യ ഉത്തരവാദിത്വം. അല്പം മാനസികാരോഗമുള്ളവര്‍ മദ്യം ഉപയോഗിച്ചാല്‍ അത് കൂടുതല്‍ വഷളാകുമെന്ന് നാം ഓര്‍ക്കണം. ഭാര്യമാരെ വെട്ടിക്കൊല്ലുന്നു, മന്ത്രവാദത്തിലും ഗൂഢാലോചനാപദ്ധതികളിലും വിശ്വസിക്കുന്ന സംശയരോഗികളുടെ എണ്ണം ദിനവും വര്‍ദ്ധിക്കുന്നതിനും മദ്യത്തിന് നല്ല പങ്കുണ്ട്. ഇത് മദ്യത്തിന്റെ നിഷേധവശമാണ്. എന്നിരുന്നാലും മദ്യത്തിന് സാമൂഹിക ഒരു മാനമുണ്ട്. ചായ കുടി പോലെ, സാമൂഹികമായ ഒരുമ ഉളവാക്കുന്നതിനുള്ള സഹജ കഴിവാണ് എല്ലാ വിലക്കുകളേയും ഭേദിച്ച് അതുപയോഗിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം. അതിന് മനുഷ്യരുടെ അതിരുബോധത്തിന്റെ ശക്തി കുറയ്ക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് കാലാകാലങ്ങളായി അത് ഒരു സാമൂഹ്.പാനീയമായി നിലനില്‍ക്കുന്നതിന് കാരണം. ആന്തരികമായി അയവുവരുത്തി അന്യനെന്ന ബോധത്തിന് മൂര്‍ച്ച കുറയ്ക്കാന്‍ മദ്യത്തിനു കഴിയും. ഇതുകൊണ്ടാണ് എല്ലാ ബിസിനസ്സ് മീറ്റിങ്ങുകളിലും സമാധാനചര്‍ച്ചകളിലും അവസാനം മദ്യപാനസദസ്സുകളുണ്ടാകുന്നത്. അതിനാല്‍ നിയന്ത്രണ വിധേയമായി അതുപയോഗിക്കാന്‍ നാം പുതുതലമുറയെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. അതാകട്ടെ വീടിനുള്ളില്‍ സാധിതമാകുന്നപോലെ മറ്റെങ്ങും സാദ്ധ്യമല്ല.
നിരോധനത്തിന്റെ യുക്തി ഒന്നിനും ഒരിക്കലും ഒരു പരിഹാരമല്ല. നിയന്ത്രണമാണ് വേണ്ടത്. വികസിതരാജ്യങ്ങളില്‍ മദ്യം വാങ്ങാനും കുടിക്കാനും പ്രായപൂര്‍ത്തിയാകേണ്ട ആവശ്യമുണ്ട്. അതുപോലെതന്നെ ഷോപ്പുകളില്‍ ഒരാള്‍ അമിതമദ്യപാനത്തിലേര്‍പ്പെട്ടാല്‍ താങ്കള്‍ക്ക് ആവശ്യത്തിനായി എന്ന് പറയുന്ന കടയുടമകള്‍വരെയുണ്ട്. സദാചാരപരമല്ലാത്ത സമീപനം സ്വീകരിക്കുകയാണെങ്കില്‍ ഇത്തരമൊരു സാമൂഹ്യനിയന്ത്രണത്തിന് സാദ്ധ്യതയുണ്ട്. അല്ലെങ്കില്‍ കുടിക്കുന്നവനും കൊടുക്കുന്നവനും കാണുന്നവനും ഒരേപോലെ കുറ്റവാളികളായി തോന്നുന്നതിനാല്‍ ആരും ഇടപെടാതിരിക്കുകയെന്ന കുറ്റകരമായ അനാസ്ഥ യില്‍ നാം ചെന്നു പതിക്കും.
ഇവിടെ, മദ്യത്തില്‍നിന്നും അധികം അകലമില്ലാത്ത മയക്കുമരുന്നുകള്‍ കൂടുതല്‍ ഭീകരവും അതുപയോഗിക്കുന്നവര്‍ മദ്യപാനികളെക്കാള്‍ കൂടുതല്‍ അപകടകരമായ ഏതോ തെറ്റു ചെയ്യുന്നതായി പൊതുവേ ഒരു സംസാരവും അഭിപ്രായ ഐക്യവും എല്ലാ നാടുകളിലുമുണ്ട്. ഇത് മദ്യ, സിഗററ്റ് വ്യവസായികളും സര്‍ക്കാരുകളും കൂടിച്ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരാശയപ്രചരണമാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ അമേരിക്കന്‍ ഐക്യനാടുകള്ല്‍ ചിട്ടപ്പടിജീവിതത്തില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ പലവിധ സാംസ്‌ക്കാരികമേഖലകളില്‍ പില്‍ക്കാലത്ത് ഹിപ്പികള്‍ എന്ന അറിയപ്പെട്ട യുവജനത പ്രതിഷേധനീക്കം ഉണ്ടായി. അംഗീകൃത മാനസികോല്ലാസദായകമായ മദ്യം ഒഴിവാക്കി മയക്കുമരുന്ന് ഉപയോഗിക്കുന്ന ശിലം മറ്റ് പ്രതിഷേധങ്ങളോടൊപ്പം അവര്‍ ആരംഭിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച ആശയപ്രചരണത്തിലാണ് മയക്കുമരുന്നിനെതിരായുള്ള ഇത്തരമൊരു നീക്കമുണ്ടായത്. മനുഷ്യനിര്‍മ്മിതമായ ചില മയക്കുമരുന്നുകള്‍ മദ്യത്തെക്കാള്‍ അല്പം വീര്യം കൂടിയതാണെങ്കിലും പൊതുവേ മദ്യത്തിന്റെ ഉപഭോഗത്താലുളവാക്കുന്ന അപകടങ്ങളെ അതിനുമുള്ളൂ. പക്ഷെ, അതങ്ങനെയല്ല എന്നുള്ള പ്രചരണം ശാസ്ത്രീയമല്ല. ഇത്തരത്തിലുള്ള പ്രചരണത്തിന്റെ ഏറ്റവും വലിയ ഇര പാവം കഞ്ചാവാണ്. എന്നു വിചാരിച്ചാലും സാദ്ധ്യമല്ല എന്ന തരത്തില്‍ ആര്‍ത്തിയുളവാക്കുന്ന ഒന്നല്ല കഞ്ചാവ്. മദ്യവും പുകയിലയും മറ്റുമയക്കുമരുന്നുകളും ഉളവാക്കുന്ന ആര്‍ത്തി കഞ്ചാവുളവാക്കില്ല. പക്ഷേ, അതിനെതിരായുള്ള നിലപാട് മേല്‍സൂചിപ്പിച്ച മദ്യലോബിയുടെയും സിഗരറ്റ് ലോബിയുടെയും കൂട്ടായ ശ്രമത്തിന്റെ ഉത്പന്നമാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ മാന്യമാണെന്ന് വരുത്തി കൂടുതല്‍ വില്‍പ്പനയുണ്ടാക്കുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. കാര്യവിവരമാല്ലാത്ത നന്മ നിറഞ്ഞ സാമൂഹ്യ ഉദ്ധാരകര്‍ ഈ വന്‍കിടകച്ചവടക്കാരുടെ കൈയാളുകളായിത്തീര്‍ന്നു. സത്യത്തില്‍ കഞ്ചാവിനോളം മാനസ്സിക ഉല്ലാസദായകവും ആര്‍ത്തി ഉളവാക്കാത്തതുമായ മറ്റൊരു മരുന്നില്ല. മദ്യം, പുകയില, മറ്റുമയക്കുമരുന്നുകള്‍ എന്നിവയില്‍നിന്ന് സാവധാനം ഒരാളെ മോചിപ്പിച്ചെടുക്കാന്‍ ഒരിടനിലക്കാരനായി ഉപയോഗിക്കാന്‍ പോലും കഞ്ചാവ് യോഗ്യനാണ്. കഞ്ചാവു കൃഷിക്കാരെയും ഇപ്പോള്‍ അടിച്ചമര്‍ത്തുന്ന രീതിയില്‍ അടിച്ചമര്‍ത്തേണ്ട യാതൊരവകാശവും യഥാര്‍ത്ഥത്തിലില്ല. പക്ഷേ ഇത് കഞ്ചാവ് യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാനുള്ള ലൈസന്‍സായി കാണരുത്. കാരണം, അത് അഭിനിവേശം സൃഷ്ടിക്കില്ല എന്നുള്ളതേയുള്ളൂ, മറ്റ് തരത്തിലുള്ള കുഴപ്പങ്ങളുണ്ടാക്കും, നി.ന്ത്രണങ്ങളും മിതത്വവും ഏത് മാനസ്സികോല്ലാസ ദായക വസ്തുക്കളുടെ ഉപഭോഗത്തിലും നാം പാലിക്കേണ്ടതുണ്ട്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മനുഷ്യരറിയാന്‍ എന്ന പുസ്തകത്തില്‍ നിന്ന്്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply