ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ സഹപ്രവര്‍ത്തകരോട് പറയുന്നത്…….

കിരണ്‍ ജി ബി. പത്രപ്രവര്‍ത്തനരംഗത്ത് നാളിതുവരെയായി നിങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും സഹകരണത്തിനും പ്രോത്സാഹനത്തിനും ഹൃദയംഗമമായ നന്ദി. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ അനുഭവിക്കുന്ന അവഗണന നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ… തൃശൂരില്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ച്ചയായി നടത്തിവരുന്ന ഫോട്ടോ പ്രദര്‍ശനം ഈ വര്‍ഷവും സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2014ല്‍ അനാവശ്യമായ ഇടപെടലുകള്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തന്മൂലം ആ വര്‍ഷം പ്രദര്‍ശനം നടത്താനാകാതെ പോയി. കണ്ണൂരും കൊച്ചിയിലും […]

cameraകിരണ്‍ ജി ബി.

പത്രപ്രവര്‍ത്തനരംഗത്ത് നാളിതുവരെയായി നിങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും സഹകരണത്തിനും പ്രോത്സാഹനത്തിനും ഹൃദയംഗമമായ നന്ദി. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ അനുഭവിക്കുന്ന അവഗണന നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ…
തൃശൂരില്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ച്ചയായി നടത്തിവരുന്ന ഫോട്ടോ പ്രദര്‍ശനം ഈ വര്‍ഷവും സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2014ല്‍ അനാവശ്യമായ ഇടപെടലുകള്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തന്മൂലം ആ വര്‍ഷം പ്രദര്‍ശനം നടത്താനാകാതെ പോയി. കണ്ണൂരും കൊച്ചിയിലും കോട്ടയത്തും അതത് പ്രസ് ക്ലബ്ബുകളുടെ സഹകരണത്തോടെയും യൂണിയന്‍ നേതാക്കന്മാരുടെ അനുവാദത്തോടെയും ഫോട്ടോ പ്രദര്‍ശനം നടത്തിയിരുന്നു. തൃശൂരില്‍ തിയ്യതി തീരുമാനിച്ച് ഹാള്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് യൂണിയന്‍ നേതൃത്വം രംഗത്തുവന്നത്. പ്രസ് ക്ലബ് സഹകരണത്തോടെ, രമ്യതയില്‍ പ്രദര്‍ശനം നടത്തുന്നതിനായി ഒരു യോഗം വിളിക്കുകയുണ്ടായി. അതില്‍ ജനറല്‍ സെക്രട്ടറി പങ്കെടുക്കുകയും ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം എന്ന പേരില്‍ ജില്ലയില്‍ ഒരു പ്രദര്‍ശനവും നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കര്‍ശ്ശനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് കണ്ണൂരില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറവും പ്രസ് ക്ലബും ചേര്‍ന്ന് ഫോട്ടോ പ്രദര്‍ശനം നടത്തുന്നതിന് യൂണിയന്‍ നേതൃത്വം അനുമതി നല്‍കി. തൃശൂരില്‍ പ്രഖ്യാപിച്ചത് കണ്ണൂരില്‍ അട്ടിമറിച്ചു. അടുത്ത ഒരു യോഗം വിളിക്കുന്നതിനിടയില്‍ ഫോട്ടോ പ്രദര്‍ശനത്തിന് കണ്‍വീനറായിരുന്ന മാതൃഭൂമിയിലെ സിനോജിന്റെ ഹെഢ് ഓഫീസിലേക്ക് വിളിച്ച്, സിനോജ് വലിയ പണപ്പിരിവ് നടത്തുന്നതായി തൃശൂര്‍ പ്രസ് ക്ലബ് സെക്രട്ടറി അനില്‍കുമാര്‍ കുപ്രചരണം നടത്തുകയും സിനോജിന് ജോലി നഷ്ടപ്പെടാവുന്ന ഘട്ടത്തിലേക്ക് ഈ നുണ പ്രചരണം ഇടയാക്കുകയും ചെയ്തു. ഇത്തരം അനുഭവങ്ങള്‍ ഞങ്ങളെ മാനസികമായി വല്ലാതെ തളര്‍ത്തുകയാണ് ചെയ്തത്. ഇവിടെ ഫോട്ടോ പ്രദര്‍ശനം തര്‍ക്കമില്ലാതെ നടത്തുന്നതിന് യൂണിയന്‍ നേതൃത്വവുമായി പലവട്ടം സംസാരിച്ചുവെങ്കിലും തികച്ചും പ്രതികൂലമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം സംസ്ഥാനത്താകെ ഒരുപോലെ നടപ്പാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലെ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നു. പിന്നീട് കൊച്ചിയില്‍ പ്രദര്‍ശനം നടത്തിയതിനുശേഷമാണ് അതേ മാതൃകയില്‍ തൃശൂരിലും പ്രദര്‍ശനം സംഘടിപ്പിച്ചത്. ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്തവരെ സസ്‌പെന്റ് ചെയ്യുകയാണ് ഉണ്ടായത്. തൃശൂര്‍ ജില്ലയില്‍ മാത്രമാണ് ഈ നടപടി. മാത്രവുമല്ല ഞങ്ങളോട് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം സംസാരിക്കുകയും അവര്‍ ഞങ്ങളുടെ ക്ഷണം തള്ളിക്കളയുകയുമാണ് ചെയ്തത്. യൂണിയനുമായി സഹകരിച്ചില്ലെന്ന അവരുടെ വാദം തികച്ചും തെറ്റാണ്. ബ്രോഷര്‍ പ്രകാശനത്തിനും ആദ്യ പരിപാടിയുടെ അധ്യക്ഷനായും തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റിനെ ഞങ്ങള്‍ ഔദ്യോഗികമായി തന്നെ ക്ഷണിച്ചതാണ്. പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ പ്രദര്‍ശനത്തോട് സഹകരിക്കുകയും ഞങ്ങളെ പൊതുവേദിയില്‍ വെച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം പെട്ടെന്ന്, യൂണിയന്‍ നേതൃത്വം പഴയ കാര്യങ്ങളെല്ലാം മറക്കുകയോ മനഃപൂര്‍വ്വം തമസ്‌കരിക്കുകയോ ചെയ്തത് എന്തിനെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.
ഫോട്ടോ എക്‌സിബിഷനില്‍ സഹകരിച്ചതിന്റെ പേരില്‍ 2015 ജനുവരി 10 മുതല്‍ മൂന്നുമാസത്തേയ്ക്ക് പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഏഴുപേരില്‍ ഒരാളാണ് ഞാന്‍. നിലവിലെ ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത് ബാലന്‍, എക്‌സിക്യുട്ടീവ് അംഗം സി.ബി പ്രദീപ്കുമാര്‍ എന്നിവരും സസ്‌പെന്റ് ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏഴുപേര്‍ മാത്രം ശിക്ഷിക്കപ്പെടുകയും മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്തത് ന്യായീകരിക്കാനാകുമോ? സസ്‌പെന്‍ഷന്‍ കാലാവധി 2015 ജൂലൈ 10ന് ആറുമാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനോ അംഗത്വം
പുനഃസ്ഥാപിക്കുന്നതിനോ യൂണിയന്‍ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. സസ്‌പെന്‍ഷന്‍ കാലയളവില്‍ നാലുതവണ എന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും ഞാന്‍ കത്തുകള്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ ആ കത്തുകള്‍ക്ക് മറുപടി നല്‍കാനുള്ള സംഘടനാ മര്യാദ പോലും കാണിച്ചില്ല. സാധാരണ നിലയില്‍ അനന്തമായ സസ്‌പെന്‍ഷന്‍ വാങ്ങുന്നതിനുള്ള യാതൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്റെ പ്രൊഫഷന്‍ ഫോട്ടോഗ്രഫിയാണ്. അതില്‍ നൂറുശതമാനം ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പുലര്‍ത്താനാണ് ഞാന്‍ പരിശ്രമിക്കുന്നത്. എന്റെ ചിത്രങ്ങള്‍ക്ക് ഒരു പ്രദര്‍ശനാവസരം ലഭിച്ചപ്പോള്‍ ഞാന്‍ അതില്‍ സര്‍ഗ്ഗാത്മകതയുടെ ഭാഗമായി പങ്കാളിയാവുകയാണ് ചെയ്തത്. പക്ഷെ, അതൊരിക്കലും ഏതെങ്കിലും അധികാരസ്ഥാനങ്ങളോടുള്ള വെല്ലുവിളിയോ അവരെ വില കല്‍പ്പിക്കാതിരിക്കലോ അല്ല എന്നാണ് എനിക്ക് വ്യക്തമാക്കാനുള്ളത്.
ഈ നിലപാടുകള്‍ ഞാന്‍ പലവട്ടം രേഖാമൂലവും വാക്കാലും ഉത്തരവാദപ്പെട്ടവരെ അറിയിച്ചിട്ടും പ്രതികാരം തീര്‍ക്കുന്നതുപോലെയാണ് നേതൃത്വം ഞാനുള്‍പ്പെടെയുള്ളവരോട് പെരുമാറുന്നത്. യൂണിയന്‍ ഭരണഘടനയില്‍ വകുപ്പ് 32(ബി) പ്രകാരം ഒരു അംഗത്തിനെതിരെ സസ്‌പെന്‍ഷന്‍ പോലുള്ള നടപടിയെടുത്താല്‍ അയാള്‍ക്ക് തന്റെ ഭാഗം വിശദീകരിക്കുന്നതിന് 15 ദിവസത്തെ സമയം നല്‍കണമെന്നുണ്ട്. എന്റെ കാര്യത്തില്‍ യൂണിയന്‍ നേതൃത്വം ഇത് ലംഘിച്ചു. മാത്രവുമല്ല വകുപ്പ് 32(സി) അനുസരിച്ച്, ഏതെങ്കിലുമൊരു അംഗത്തെ സസ്‌പെന്റ് ചെയ്താല്‍ അയാള്‍ക്കെതിരെ സ്വീകരിച്ച നടപടി ഏഴുദിവസത്തിനകം സംസ്ഥാന കമ്മിറ്റി, അച്ചടക്ക കമ്മിറ്റിയെ അറിയിക്കണമെന്നും അച്ചടക്ക കമ്മിറ്റി കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതനുസരിച്ച് നടപടി സ്വീകരിക്കണമെന്നുമാണ്. അതും എന്റെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടു. അച്ചടക്ക കമ്മിറ്റി മുമ്പാകെ എന്റെ ഭാഗം വിശദീകരിക്കുന്നതിന് അവസരം നല്‍കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അതിന് യൂണിയന്‍ നേതൃത്വം തയ്യാറായില്ല. ഇതൊന്നും പോരാഞ്ഞിട്ട് മൂന്നുമാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. യൂണിയന്റെ മീഡിയ ലിസ്റ്റില്‍ നിന്ന് എന്റെ ഇമെയ്ല്‍ വിലാസവും ഫോണ്‍ നമ്പറും മനഃപ്പൂര്‍വ്വം ഒഴിവാക്കുകയും സസ്‌പെന്റ് ചെയ്ത വാര്‍ത്ത മാസങ്ങളോളം പ്രസ്‌ക്ലബ് നോട്ടീസ് ബോര്‍ഡില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തിക്കൊണ്ട് എന്നെ അപമാനിക്കുകയുമാണ് ചെയ്തത്. ഈ കാലയളവില്‍ എനിക്കര്‍ഹതപ്പെട്ട യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. ജനയുഗം പത്രത്തിന്റെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എനിക്ക്, യൂണിയന്റെ ഈ നിഷേധാത്മക നിലപാട് കടുത്ത മാനസിക സമ്മര്‍ദ്ദവും അപമാനവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പത്രപ്രവര്‍ത്തക യൂണിയനുമായി നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നതാണ്. യൂണിയന്റെ കെട്ടുറപ്പിനും ഐക്യത്തിനും യാതൊരു കോട്ടവും വരുത്താതെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എനിക്ക് ഇതാദ്യമായാണ് ഇത്തരമൊരു കയ്‌പേറിയ അനുഭവം ഉണ്ടാകുന്നത്.
2015 ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന പ്രസ് ക്ലബ് തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഞാനുള്‍പ്പെടെ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏഴുപേരെയും ഒഴിവാക്കിയിരിക്കുന്നു. കേരള പത്ര പ്രവര്‍ത്തക യൂണിയന് അതിന്റെ ട്രേഡ് യൂണിയന്‍ സ്വഭാവം നഷ്ടമാവുകയും അത് കേവലം ഒരു ക്ലബ് സ്വഭാവത്തിലേക്ക് തരംതാഴുകയും ചെയ്താല്‍ നമുക്ക് അതിനെ എങ്ങനെ ന്യായീകരിക്കാനാകും? എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തിന്റെ അന്തസത്തയെ കശാപ്പുചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് അഭിപ്രായഎതിരഭിപ്രായങ്ങള്‍ക്ക് പൊതുഇടം നല്‍കി ജനാധിപത്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് മുഴുവന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി ഇടപെടണമെന്നാണ് എന്റെ എളിയ അഭ്യര്‍ത്ഥന.

വിശ്വസ്തതയോടെ

ജി.ബി കിരണ്‍
സീനിയര്‍ ഫോട്ടോഗ്രാഫര്‍
ജനയുഗം തൃശൂര്‍ ബ്യൂറോ
കൊക്കാലെ, തൃശൂര്‍
9605766737

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply