ഒരു പിതൃസ്വരൂപത്തെ സര്‍വരക്ഷകനായി പ്രതിഷ്ഠിക്കുന്നത് പുതുമയില്ലാത്ത തന്ത്രമാണ്.

പ്രമോദ് പുഴങ്കര സമൂഹം അതിതീവ്രമായ ആഭ്യന്തര സംഘര്‍ഷങ്ങളും ബാഹ്യസമ്മര്‍ദ്ദങ്ങളും ദുരന്തങ്ങളുമെല്ലാം നേരിടുമ്പോള്‍ ചരിത്രത്തില്‍ എക്കാലത്തും മനുഷ്യന്റെ ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും മഹാഗാഥകള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ വെളിച്ചവും കെട്ടുപോകുന്നുവോ എന്ന് പില്‍ക്കാലങ്ങളില്‍ സംശയിക്കുമ്പോഴൊക്കെയും ചരിത്രത്തിന്റെയും അനുഭവത്തിന്റെയും അകലങ്ങളില്‍ നിന്നും തീപ്പന്തങ്ങള്‍ പോലെ, വഴികാട്ടികളായി നക്ഷത്രങ്ങളെപ്പോലെ അത്തരം പോരാട്ടങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കും. ഈ മഹാപ്രളയത്തില്‍ കേരളം കാണിച്ചത് അത്തരമൊരു പോരാട്ടമാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അസാധാരണമാം വിധം ആദര്ശാത്മകമായ ഒരു സമൂഹമായി മലയാളികള്‍ മാറും എന്നുള്ള ഒരു നിഗമനത്തിലും എത്താനല്ല ഇപ്പറയുന്നത്. എന്നാല്‍ ഇത്രയും […]

pp

പ്രമോദ് പുഴങ്കര

സമൂഹം അതിതീവ്രമായ ആഭ്യന്തര സംഘര്‍ഷങ്ങളും ബാഹ്യസമ്മര്‍ദ്ദങ്ങളും ദുരന്തങ്ങളുമെല്ലാം നേരിടുമ്പോള്‍ ചരിത്രത്തില്‍ എക്കാലത്തും മനുഷ്യന്റെ ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും മഹാഗാഥകള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ വെളിച്ചവും കെട്ടുപോകുന്നുവോ എന്ന് പില്‍ക്കാലങ്ങളില്‍ സംശയിക്കുമ്പോഴൊക്കെയും ചരിത്രത്തിന്റെയും അനുഭവത്തിന്റെയും അകലങ്ങളില്‍ നിന്നും തീപ്പന്തങ്ങള്‍ പോലെ, വഴികാട്ടികളായി നക്ഷത്രങ്ങളെപ്പോലെ അത്തരം പോരാട്ടങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കും. ഈ മഹാപ്രളയത്തില്‍ കേരളം കാണിച്ചത് അത്തരമൊരു പോരാട്ടമാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അസാധാരണമാം വിധം ആദര്ശാത്മകമായ ഒരു സമൂഹമായി മലയാളികള്‍ മാറും എന്നുള്ള ഒരു നിഗമനത്തിലും എത്താനല്ല ഇപ്പറയുന്നത്. എന്നാല്‍ ഇത്രയും ദിവസം നടന്നത് ആ പോരാട്ടമാണ്.
ചരിത്രത്തിലെ അത്തരം പോരാട്ടങ്ങളുടെ അഗ്രഗാമികളും പോരാളികളുമായി ഒരു ജനതയെ പ്രതിഷ്ഠിക്കുമ്പോഴാണ് അതിന് മനുഷ്യനെ മുന്നോട്ടു നയിക്കുന്ന മാനവികതയുടെ രാഷ്ട്രീയമുണ്ടാകുന്നത്. പകരം അതിമാനുഷികന്മാരെ രക്ഷകന്മാരായി വാഴ്ത്തുമ്പോളാണ് മുഖമില്ലാത്ത മനുഷ്യര്‍ക്ക് വേണ്ടി സര്‍വശക്തനായ നേതാവ് കാര്യങ്ങള്‍ നടത്തുന്ന രാഷ്ട്രീയമുണ്ടാകുന്നത്. ആദ്യത്തെ ചരിത്ര രാഷ്ട്രീയാഖ്യാനം വിമോചനപോരാട്ടങ്ങളുണ്ടാക്കുമ്പോള്‍ രണ്ടാമത് നിരക്കുന്ന വരിതെറ്റാത്ത ജനം ‘ഹെയില്‍ ഫ്യുറര്‍’ എന്ന ഹുങ്കാരമാണുണ്ടാക്കുക. വിപ്ലവത്തെക്കാള്‍, വിമോചനപ്പോരാട്ടങ്ങളെക്കാള്‍ അച്ചടക്കമുള്ള ജനം.
ചരിത്രത്തില്‍ അവര്‍ മിക്കപ്പോഴും മധ്യവര്‍ഗ്ഗമാണ്. അവര്‍ക്ക് എളുപ്പത്തില്‍, തങ്ങളുടെ അലസകാവ്യങ്ങളിലെ നായകനെ കണ്ടെത്തിയ ഉത്സാഹം പ്രകടിപ്പിക്കാം. വളരെ കൗശലത്തോടെ അദ്ധ്വാനിക്കുന്ന മനുഷ്യരെ, രാഷ്ട്രീയ ബോധമുള്ള മനുഷ്യരെ, ജനാധിപത്യബോധമുള്ള മനുഷ്യരെ, ഇനി ഞങ്ങളും ഞങ്ങളും കൂടി നോക്കിക്കൊള്ളാം എന്നുപറഞ്ഞു ഒഴിവാക്കാം.
കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളിലായി കേരളത്തിലെ ജനാധിപത്യ പോരാട്ടങ്ങളും രാഷ്ട്രീയ സമരങ്ങളും ഉണ്ടാക്കിയെടുത്ത നിരവധി തലങ്ങളുള്ള ഒരു ഭൂമികയിലാണ് പ്രളയം പെയ്തിറങ്ങിയത്. ആ ഭൂമിയാണ് പ്രളയത്തെ നേരിട്ടതും. ഇന്നലെ വരെയും കൈക്കൂലി വാങ്ങിയ, ഇന്നലെ വരെയും തെറി പറയാനും ഇടിക്കാനും മാത്രം ജനങ്ങളെ കണ്ട, കുറച്ചു പതിനായിരങ്ങള്‍ മാത്രം വരുന്ന ഉദ്യോഗസ്ഥരല്ല ഇക്കണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. അത് അസാധ്യമായ പാരസ്പര്യമുള്ള, ഒരു വെല്ലുവിളിയുടെ സമയത്ത് അസാധാരണമായ മാനവികത പ്രകടിപ്പിച്ച ഒരു ജനതയാണ്. ആ മനുഷ്യര്‍ ചരിത്രത്തിലേക്ക് കത്തിച്ചുവെച്ച വലിയ തീവെട്ടികളുടെ മുന്നിലാണ് നായകന്മാരുടെ ഈയാംപാറ്റ ചരിതങ്ങളുമായി അപഹാസ്യരാകാന്‍ ശ്രമിക്കുന്നത്.
വളരെ കൃത്യമായി, ആളുകള്‍ മാനവികതയുടെ ഒരൊറ്റ നൂലില്‍ അദ്ധ്വാനിക്കുമ്പോള്‍ നടത്തിയ പിണറായി വിജയന്റെ സചിത്രസ്തുതികള്‍ എത്ര കൃത്യമായാണ്, എത്ര ഹീനമായാണ് ഒരു പ്രചാരണയന്ത്രം പ്രവര്‍ത്തിക്കുന്നതെന്നു കാണിക്കുന്നു. തീര്‍ച്ചയായും അത് പങ്കുവെച്ച ഒരുപാട് പേര് അതിന്റെ നിര്‍മ്മിതിയുടെ ഭാഗമായിരിക്കില്ല. പക്ഷെ അങ്ങനെ ഒരു സ്വാഭാവികത പോലെ അത് പങ്കുവെപ്പിക്കുന്ന തന്ത്രം ചരിത്രത്തില്‍ വളരെ പഴയതാണ്. ഒരു പിതൃ സ്വരൂപത്തെ സമൂഹത്തിനു മുകളില്‍ സര്‍വരക്ഷകനായി പ്രതിഷ്ഠിക്കുന്നത് ഒട്ടും പുതുമയില്ലാത്ത തന്ത്രമാണ്. പക്ഷെ പ്രളയത്തിനും ഈ ഭൂമിയുടെ ജീവനോളം പഴക്കമുണ്ടല്ലോ!

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply