ഒരു പാര്‍ട്ടി സ്വയം ദേശമെന്ന് പറയുമ്പോള്‍

വി.എച്ച്. ദിരാര്‍ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രത്തില്‍ ഒരു ദിശാവ്യതിയാനത്തിന്റെ കാലഘട്ടത്തെയാണ് മോഡി- അമിത്ഷാ കൂട്ടുക്കെട്ട് പ്രതിനിധാനം ചെയ്യുന്നത്. പാരമ്പര്യരീതിയില്‍ നിന്നുള്ള പ്രകടമായ വ്യതിയാനം അതില്‍ കാണാവുന്നതാണ്. രാമന്‍ പുണ്യ പുരുഷന്‍, രാമായണം പുണ്യഗ്രന്ഥം അയോധ്യ പുണ്യക്ഷേത്രം എന്ന ഗുരുത്വാകര്‍ഷണബലം സൃഷ്ടിച്ച് ഹിന്ദുമതത്തെ അതിന് ചുറ്റും ഭ്രമണം ചെയ്യിപ്പിക്കാമെന്നതായിരുന്നു സംഘപരിവാരിന്റെ പഴയതന്ത്രം. അദ്വാനി- വാജ്‌പേയ് കൂട്ടുക്കെട്ടില്‍ ആ തന്ത്രമാണ് പരീക്ഷിക്കപ്പെട്ടിരുന്നത്. വാജ്‌പേയ് മിതവാദിയായിരുന്നുവെങ്കിലും ആര്‍.എസ്സ്.എസ്സിന്റെ മുശയില്‍ വിരിയുന്ന നയതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ശിലാന്യാസങ്ങളും രഥയാത്രകളും വഴി വര്‍ഗ്ഗീയധുവ്രീകരണമുണ്ടാകുമെന്നും ഹൈന്ദവവോട്ടുകള്‍ […]

a m

വി.എച്ച്. ദിരാര്‍

ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രത്തില്‍ ഒരു ദിശാവ്യതിയാനത്തിന്റെ കാലഘട്ടത്തെയാണ് മോഡി- അമിത്ഷാ കൂട്ടുക്കെട്ട് പ്രതിനിധാനം ചെയ്യുന്നത്. പാരമ്പര്യരീതിയില്‍ നിന്നുള്ള പ്രകടമായ വ്യതിയാനം അതില്‍ കാണാവുന്നതാണ്. രാമന്‍ പുണ്യ പുരുഷന്‍, രാമായണം പുണ്യഗ്രന്ഥം അയോധ്യ പുണ്യക്ഷേത്രം എന്ന ഗുരുത്വാകര്‍ഷണബലം സൃഷ്ടിച്ച് ഹിന്ദുമതത്തെ അതിന് ചുറ്റും ഭ്രമണം ചെയ്യിപ്പിക്കാമെന്നതായിരുന്നു സംഘപരിവാരിന്റെ പഴയതന്ത്രം. അദ്വാനി- വാജ്‌പേയ് കൂട്ടുക്കെട്ടില്‍ ആ തന്ത്രമാണ് പരീക്ഷിക്കപ്പെട്ടിരുന്നത്. വാജ്‌പേയ് മിതവാദിയായിരുന്നുവെങ്കിലും ആര്‍.എസ്സ്.എസ്സിന്റെ മുശയില്‍ വിരിയുന്ന നയതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ശിലാന്യാസങ്ങളും രഥയാത്രകളും വഴി വര്‍ഗ്ഗീയധുവ്രീകരണമുണ്ടാകുമെന്നും ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും അവര്‍ പ്രതീക്ഷിച്ചു. ബാബറി മസ്ജിദ് പൊളിക്കുന്ന കാര്യത്തില്‍ വിജയിച്ചുവെങ്കിലും ഒരു ബി.ജെ.പി ഭൂരിപക്ഷ സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ അത് വഴി സാധിച്ചില്ല. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തൊട്ടു മുമ്പുള്ള 1991 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത് 85 സീറ്റുകളിലായിരുന്നു. ബാബറി മസ്ജിദിന്റെ ഉ•ൂലനത്തിനു ശേഷം വന്ന, 1996 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 161 ആയി ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. ആ ബലത്തില്‍ വാജ്‌പേയി പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപീകരിച്ചുവെങ്കിലും, ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, 13 ദിവസം മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. അതിനര്‍ത്ഥം ബി.ജെ.പി നിര്‍മ്മിച്ചെടുത്ത സെമിറ്റിക്ക് സ്വഭാവമുള്ള മതചിഹ്നങ്ങള്‍ കൊണ്ട് ഹിന്ദുസമൂഹത്തെ മതപരമായി ഏകീകരിച്ച് വന്‍ഭൂരിപക്ഷം ഉണ്ടാക്കുക എന്ന സ്വപ്നം പൂവിട്ടില്ലെന്നാണ്. പിന്നീട് 1998 ലും 1999 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നണിയായി പലയിടത്തും മത്സരിച്ചുവെങ്കിലും എം.പിമാരെ സൃഷ്ടിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. 1998ല്‍ 182 സീറ്റുകളില്‍ വിജയിച്ചു . 1999 ലും അതേ വിജയം ആവര്‍ത്തിച്ചു. 1999 ല്‍ ബി.ജെ.പിയുടെ നേതൃത്തത്തില്‍ അധികാരത്തില്‍ വന്ന ദേശീയജനാധിപത്യസഖ്യത്തിന് ( എന്‍.ഡി.എ) അഞ്ചുവര്‍ഷകാലാവധി തികക്കാന്‍ സാധിച്ചു എന്ന നേട്ടമുണ്ടായി എന്നത് വിസ്മരിച്ചുകൂടാ. എന്നാല്‍ ഈ കാലയളവില്‍ രാമക്ഷേത്രനിര്‍മ്മാണം, ഏകസിവില്‍കോഡ് തടങ്ങിയ വര്‍ഗ്ഗീയ അജന്‍ഡകള്‍ പൂര്‍ണ്ണയായും മാറ്റി വെച്ച് മുന്നോട്ട് പോവുക എന്ന നയമാണ് അവര്‍ സ്വീകരിച്ചത്. സമതാ പാര്‍ട്ടി. എ.ഐ.എ.ഡി.എം. കെ തുടങ്ങിയ നിരവധി മതേതരപാര്‍ട്ടികളുടെ പിന്‍ബലത്തില്‍ രൂപീകരിച്ച എന്‍.ഡി.എ സര്‍ക്കാരിന് അതല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.
അടുത്ത രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലൂം ബി.ജെ.പിയുടെ പ്രകടനം വളരെ മോശമായിരുന്നു. അഴിമതിയുടെ കാര്യത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചതും വികസനകാര്യത്തില്‍ ഇന്ത്യ ഷൈനിംങ്ങ് എന്ന മുദ്രാവാക്യമല്ലാതെ എടുത്ത് പറയാവുന്ന നേട്ടങ്ങള്‍ ഇല്ലാതിരുന്നതും ബി.ജെ.പിയുടെ പതനത്തിന് കാരണമായി തീര്‍ന്നു. 2004 ല്‍ 138 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. 1999 നെ അപേക്ഷിച്ച് 44 എം.പിമാര്‍ കുറയുകയാണുണ്ടായത്.2009 ലെ തെരഞ്ഞെടുപ്പില്‍ വിജയം പിന്നെയും പുറകോട്ടുപോയി എം.പിമാരുടെ എണ്ണം 116 ലേക്ക് ചുരുങ്ങി. അതായത് 1999 ലേതിനേക്കാള്‍ 66 എം.പിമാരുടെ കുറവ്. ഈ രണ്ട് ഘട്ടത്തിലും കോണ്‍ഗ്രസ്സിന്റെ നേതൃത്തത്തിലുള്ള യു.പി.എ ഇന്‍ഡ്യ ഭരിച്ചു. അതായത് നേരത്തെ സൂചിപ്പിച്ച പുണ്യത്രയങ്ങളെ മുന്‍നിര്‍ത്തി ഹിന്ദുമതവികാരത്തെ ജ്വലിപ്പിക്കാന്‍ അത്ര എഴുപ്പമല്ലെന്ന പാഠമാണ് അത് ബി.ജെ.പിക്ക്‌നല്‍കിയത്. നൂറുക്കണക്കിന് ജാതിവിഭാഗങ്ങളും ആയിരക്കണക്കിന് ദൈവങ്ങളും ആചാര-അനുഷ്ഠാനങ്ങളില്‍ അളവറ്റ സാംസ്‌ക്കാരികവൈവിദ്ധ്യവും മുലം ഹിന്ദുസമൂഹത്തെ സെമിറ്റിക്ക്മതങ്ങളുടെ രീതിയില്‍ ഈപുണ്യത്രയത്തിന് മുകളില്‍ വാര്‍ത്തെടുക്കുക എന്നത് അസാധ്യമാണ്. മാത്രമല്ല,മതേതരമൂല്യങ്ങളുടെ കാര്യത്തില്‍ ആയിരത്താണ്ടുകള്‍ പഴക്കം വരുന്ന ഇന്ത്യന്‍ പൈതൃകവും ബി.ജെ.പിക്ക് വിനയായിതീര്‍ന്നു. ഹിന്ദുത്വമുദ്രാവാക്യങ്ങള്‍ക്ക് പോകാവുന്ന ദൂരത്തിന്റെ പരമാവധി ഫലം ബാബറിമസ്ജിദിന്റെ ഉ•ൂലനത്തെ തുടര്‍ന്ന് അവര്‍ക്ക് കിട്ടിയിരുന്നു.
2014 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ സ്വീകരിച്ച നയതന്ത്രങ്ങള്‍ ഈകാര്യങ്ങളെല്ലാം ബി.ജെ.പിക്ക് ബോധ്യപ്പെട്ടു എന്നതിന്റെ തെളിവാണ് 2002 ല്‍ ഗുജറാത്തിലുണ്ടായ മുസ്ലീം കൂട്ടക്കൊലകളില്‍ വൃത്തിക്കേടായി തീര്‍ന്ന മോഡിയുടെ മുഖത്തിന് ഒരു സൗന്ദര്യ ചികിത്സയും ആവശ്യമായിതീര്‍ന്നിരുന്നു. ഗാന്ധിവധത്തിനുശേഷമുണ്ടായ അതേ ഒറ്റപ്പെടലാണ് ഗുജറാത്ത് കലാപത്തിനു ശേഷം ബി.ജെ.പിയും മോഡിയും നേരിട്ടത്. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ അതിനെതിരെ പ്രതികരിച്ചതുക്കൊണ്ടാണ് ബി.ജെ.പിയുടെ പ്രകടനം വളരെ മോശമായതെന്ന നിരീക്ഷണവും വാജ്‌പേയി ഉള്‍പ്പടെയുള്ള ബി.ജെ.പിയുടെ സീനിയര്‍ നേതാക്ക•ാര്‍ നടത്തുകയുണ്ടായി. ആ തിരിച്ചറിവിലാണ് അമിത്ഷാ- മോഡി തന്ത്രങ്ങള്‍ രൂപപ്പെടുന്നത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. മുന്നോട്ടു വെച്ച മുഖ്യ മുദ്രാവാക്യമെന്തായിരുന്നു.അഴിമതി വിരുദ്ധതയും വികസനവുമായിരുന്നു. മുസ്ലീം വിരുദ്ധനിലപാട് തങ്ങള്‍ക്കില്ലെന്ന് സ്ഥാപിക്കാന്‍ യു.പിയിലും. മഹാറാഷ്ട്രയിലും അവര്‍ മുസ്ലീം സമ്മേളനങ്ങള്‍ വരെ അക്കാലത്ത് സംഘടിപ്പിച്ചിരുന്നു. മുസ്ലീം വോട്ടുകള്‍ തങ്ങള്‍ക്ക് വേണ്ടെന്ന പറഞ്ഞുക്കൊണ്ടിരുന്ന പാര്‍ട്ടിയാണ് ഈ കാര്യങ്ങള്‍ ചെയ്തതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ആ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി 282 സീറ്റുകള്‍ നേടി ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടി. എന്‍.ഡി.എ മുന്നണി ആകെ വരുന്ന 534 ല്‍ 336 സീറ്റുകളിലും വിജയം വരിച്ചു.

ചുരുക്കത്തില്‍ ബി.ജെ.പിയല്ല മോഡിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. സൂക്ഷ്മവും സംഘടിതവുമായ പ്രചരണസംവിധാനങ്ങള്‍ മോഡിയെ പുതിയരീതിയില്‍ പുനര്‍നിര്‍മ്മിച്ചു. ഹിന്ദു ഇന്‍ഡ്യയല്ല വികസിത ഇന്‍ഡ്യയാണ് തന്റെ ലക്ഷ്യം എന്നതായിരുന്നു ഒന്നാമത്തെ നിര്‍മ്മിതി. രണ്ടാമതായി അഴിമതിയുടെ കറ പുരളാത്തവന്‍, മൂന്നമതായി ഇന്‍ഡ്യയിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പിന്നോക്കക്കാരന്‍, നാലമതായി ദരിദ്രസാഹചര്യത്തില്‍നിന്ന് കഠിനാദ്ധ്വാനംക്കൊണ്ട് ഉയര്‍ന്നുവന്നവന്‍.. ഒരു ചായക്കടക്കാരന്റെ മകന്‍ എന്ന ഇമേജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്രമാത്രം വിപണനം ചെയ്തുവെന്ന കാര്യം കണ്ടുകഴിഞ്ഞതാണ്. അതോടൊപ്പം വിഭാര്യനും അപുത്രനും. ഈ ഇമേജുകളിലൂടെ രൂപം പ്രാപിച്ച മോഡിക്ക് ന്യൂനപക്ഷവിഭാഗത്തില്‍നിന്നുപോലും വലിയതോതില്‍ വോട്ട് നേടാനായി. അത് വഴി ബി.ജെ.പിക്കും അതിന്റെ പ്രതിഛായയില്‍ ചില മിനുക്ക് പണികള്‍ നടത്താന്‍ സാധിച്ചു. അത് മോഡിയെ പ്രധാനമന്ത്രിപദത്തിലേക്ക് നയിച്ചു. പുണ്യത്രയങ്ങള്‍ തല്‍ക്കാലം മാറ്റി വെക്കുകയും വികസിതഇന്‍ഡ്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു ആ വിജയമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
ഒറ്റക്ക് ഭുരിപക്ഷം നേടിയെങ്കിലും മുപ്പത്തിയെന്ന് ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെന്ന സത്യവും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്നതും അവര്‍ക്ക് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. മാത്രമല്ല, 29 സംസ്ഥാനങ്ങളില്‍ 13 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് ഭരണം കിട്ടിയിട്ടുള്ളത്. മോഡി പ്രഭാവത്തെ മുന്‍നിര്‍ത്തി, മോഡി പ്രധാനമന്ത്രിപദം ഏറ്റെടുത്ത് എട്ടു മാസത്തിനുശേഷം നടന്ന ദെല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത ആഘാതം ഏറ്റുവാങ്ങുകയും ചെയ്തു. 2013 ലെ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി തീര്‍ന്ന ബി.ജെ.പിക്ക് 2015 ലെ തെരഞ്ഞെടുപ്പില്‍ മുന്ന് എം.എല്‍.എ മാരെ കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ആം ആദ്മിയാകട്ടേ മാസ്മരികമായ പ്രകടനം കാഴ്ചവെച്ച് 70 ല്‍ 67ലും വിജയിച്ചു. അതേ വര്‍ഷം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അധികാരത്തില്‍ എത്താന്‍ സാധിച്ചില്ല. ചുരുക്കത്തില്‍ ഇന്തൃയുടെ രാഷ്ട്രീയഭാവി സമഗ്രമായി നിര്‍ണ്ണയിക്കാന്‍ പാകത്തില്‍ ബി.ജെ.പിക്ക് ശക്തി സംഭരിക്കണമെങ്കില്‍ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിന് ഹിന്ദുമതവാദം തികയില്ലെന്ന് കാര്യം അനുഭവങ്ങള്‍കൊണ്ട് ബി.ജെ.പിക്ക് മനസ്സിലാവുകയും ചെയ്തു. ഈ സാഹചര്യങ്ങളാണ് ഹിന്ദുത്വവാദം, പ്രകടമായ ന്യൂനപക്ഷ വിരുദ്ധത എന്നീ മുദ്രാവാക്യങ്ങള്‍ തത്ക്കാലം മാറ്റിവെക്കാന്‍ ബി.ജെപിയെ പ്രേരിപ്പിച്ചത്. അമിത്ഷാ- മോഡി കൂട്ടുക്കെട്ട് സംഘപരിവാര്‍ ബുദ്ധിജീവികളുടെ സഹായത്തോടുകൂടി പകരം രൂപപ്പെടുത്തിയ പുതിയ തന്ത്രമാണ് ദേശസ്‌നേഹം അഥവാ ദേശവികാരം. ഹിന്ദുത്വവാദം പറയാതെ അതിന്റെ പര്യായപദം പോലെ കുടുതല്‍ സ്വീകാര്യവും ജനപ്രിയവുമായ ഈ മുദ്രാവാക്യം അവര്‍ മുന്നോട്ട് വെച്ചിരിക്കുന്നു. ദേശം എന്നാല്‍ ബി.ജെ.പി.യെന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഈ മാര്‍ച്ച് മാസം 19 ന് നടന്ന ദേശീയനിര്‍വ്വാഹകസമിതിയോഗത്തില്‍ വെച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത് ദേശീയവാദ നിലപാടുകള്‍ അല്‍പ്പം പോലും മയപ്പെടുത്തില്ലെന്നാണ്. ഹിന്ദുത്വമുദ്രാവാക്യത്തേക്കാള്‍ രാഷ്ട്രീയനേട്ടം പ്രദാനം ചെയ്യാന്‍ അതിന് കഴിയുമെന്ന് അവര്‍ വിലയിരുത്തിയിട്ടുണ്ടാവണം. ഹൈദ്രാബാദ്-ദെല്‍ഹിയൂണിവേഴിസിറ്റികളില്‍ സംഘപരിവാര്‍ നടത്തിയ രാജ്യസ്‌നേഹപരീക്ഷകളില്‍ നിന്ന് അത്തരം ഒരു നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവണം.
ദേശവും ദേശീയതയും വാസ്തവത്തില്‍ ഒന്നല്ല. ദേശം ഒരു സാംസ്‌ക്കാരികഭൂമിക മാത്രമാണ്. പാരമ്പര്യസിദ്ധമായ അധികാരബന്ധങ്ങള്‍ അവിടെ ഉണ്ടാവാമെങ്കിലും സംസ്‌ക്കാരത്തിന്റെ കീഴ്‌വഴക്കങ്ങളും അലിഖിതപ്രമാണങ്ങളുമാണ് അത്തരം സമൂഹങ്ങളെ ചലിപ്പിക്കുന്നത്. എന്നാല്‍ ദേശീയത എന്നത് ഒരു രാഷ്ട്രീയഭൂമികയാണ്.ആധൂനിക രാഷ്ട്രമീമാംസകളാലും മുകളില്‍ നിന്ന് പ്രയോഗിക്കുന്ന അധികാരഘടനയാലും നിര്‍വ്വചിക്കപ്പെടാവുന്ന ഒന്നാണ് അത്. എന്നാല്‍ ബി.ജെ.പി ദേശം,ദേശീയത,രാജ്യം,രാഷ്ട്രം എന്ന് വ്യവഹരിക്കുന്നത് പരസ്പരം വെച്ച് മാറാവുന്ന സാംസ്‌ക്കാരിക- രാഷ്ട്രീയ ദേശീയത എന്ന വിചാരത്തിലും വികാരത്തിലുമാണ്. ഹിന്ദു എന്ന പേരില്‍ ബ്രാഹ്മണിക്ക് സംസ്‌ക്കാരത്തെ രാഷ്ട്രീയമായി പുനര്‍നിര്‍വ്വചിക്കപ്പെടുന്നതാണ് ബി.ജെ.പിക്ക് ദേശവും ദേശീയതും രാജ്യവും. ദേശം ഒരിക്കലും ഏക സംസ്‌ക്കാരത്തിന്റെ ഇരിപ്പിടമല്ല. അത് അനിവാര്യമായും ബഹുസ്വരമാണ്. അതിന് ഒരിക്കലും ഒറ്റകമ്പിനാദമാകാന്‍ സാധിക്കുകയില്ല. അത് ഒരേ സമയം പ്രപഞ്ചത്തിന്റേയും പ്രകൃതിയുടേയും ഉള്‍പ്രേരണയില്‍ ആവിഷ്‌കൃതമാകുന്ന ഓര്‍ക്കസ്ട്രയാണ്. ഇന്‍ഡ്യയിലെ ഈ പ്രകൃതിദത്ത സാംസ്‌ക്കാരികവൈവിദ്ധ്യമാണ് ഇന്ത്യന്‍ മതേതരത്തത്തിന്റെ സാംസ്‌ക്കാരികവും ആത്മീയവുമായ അടിസ്ഥാനം. അതിന്റെ പ്രചോദനത്തില്‍ നിന്നാണ് ,പാക്കിസ്ഥാന്‍ മുസ്ലീം രാഷ്ട്രമായിട്ടും, ഇന്ത്യ ഹിന്ദുരാജ്യമാകാതിരുന്നത്. എന്നാല്‍ അതിനെ അതിപ്രാചീനകാലത്ത് ചോദ്യ ചെയ്ത മനുസ്മൃതിയും ആധൂനികകാലത്ത് ചോദ്യം ചെയ്ത ഗോള്‍വാള്‍ക്കറുടെ വിചാരധാരയും സവര്‍ക്കറുടെ ചിന്തകളുമാണ് ബി.ജെ.പിക്ക് അടിസ്ഥാനം.
എന്താണ് ബി.ജെ.പി മുന്നോട്ടു വെക്കുന്ന ദേശസ്‌നേഹം അഥവാ രാജ്യസ്‌നേഹം. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളേയോ വിമര്‍ശിക്കുന്നത് രാജൃത്തിനെതിരെയുള്ള വിമര്‍ശനങ്ങളായി കാണുക. അത്തരം വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുക. ചുരുക്കത്തില്‍ ബി.ജെ.പിയാണ് രാജ്യം. അതുക്കൊണ്ടാണ് ബി.ജെ.പിയല്ലാത്തവരോടെല്ലാം രാജ്യസ്‌നേഹത്തിന്റെ രക്തപരിശോധനാറിപ്പോര്‍ട്ടുകള്‍ അവര്‍ ചോദിക്കുന്നത്.അമ്പത് വര്‍ഷത്തോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ പോലും നിങ്ങള്‍ രാജ്യത്തിന്റെ ഒപ്പമാണോ അതോ രാജ്യദ്രോഹികളുടെ ഒപ്പമാണോ എന്ന ചോദ്യം നേരിടുകയാണ്. പ്രധാനമന്ത്രിമാരായിരിക്കേ രക്തസാക്ഷികളായ ഇന്ദിരാഗാന്ധിയുടെ പൗത്രനും രാജീവ്ഗാന്ധിയുടെ പുത്രനുമായ രാഹൂല്‍ഗാന്ധിയോടും അതേ ചോദ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു. ആ പ്രധാനമന്ത്രിമാരുടെ നയങ്ങളോട് നമ്മുക്ക് വിയോജിക്കാം. അവരിലൂടെ ഒഴുകിയെത്തിയ ദേശബോധത്തെ ആര്‍ക്കാണ് നിഷേധിക്കാനാവുക. ഇന്ത്യയെ മതേതരദേശീയതയായി നിലനിര്‍ത്താന്‍ പരിശ്രമിച്ച ഗാന്ധിയുടേയും അതിന് രാഷ്ട്രീയ അടിത്തറ നിര്‍മ്മിച്ച നെഹൃുവിന്റേയും പിന്‍മുറക്കാരുടെ ദേശബോധമാണ് ചോദ്യം ചെയ്യപ്പെട്ടത്. ചോദ്യം ചെയ്യുന്നതോ ബ്രിട്ടീഷുക്കാരോടൊപ്പം നിന്ന് ഗാന്ധിജിയും കോണ്‍ഗ്രസ്സും നയിച്ച സ്വതന്ത്യസമരത്തിനെതിരെ പ്രവര്‍ത്തിച്ച സവര്‍ക്കറുടെ പിന്‍മുറക്കാര്‍. കോണ്‍ഗ്രസ്സിനേക്കാള്‍ സവര്‍ക്കര്‍ ശത്രക്കളായി കണ്ടത് കമ്മ്യൂണിസ്റ്റുകളും ന്യൂനപക്ഷങ്ങളുമായിരുന്നു. അതേ ശത്രുത ബി.ജെ.പി ഇപ്പോള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
രോഹിത് വെമുലയേയും കനയ്യയേയും ഏ.ഐ.എസ്.എഫ് നേതാവ് അപരാജിതയേയുമെല്ലാം വളരെ വേഗത്തില്‍ രാജ്യദ്രോഹികളായി ചിത്രീകരിച്ച് നേരിടാന്‍ ശ്രമിച്ചത് ഈ രാഷ്ട്രീയതന്ത്രത്തിന്റെ പ്രയോഗം എന്ന നിലയിലാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മുതല്‍ നാട്ടിന്‍പുറത്തെ ഒരു സാധാരണ പ്രവര്‍ത്തകന്‍ വരെ ബി.ജെ.പിക്കെതിരെയുള്ളതോ രാജ്യത്തിന്റെ നയങ്ങളുമായി ബന്ധപ്പെട്ടതോ ആയ വിമര്‍ശനങ്ങളെ രാജ്യദ്രോഹത്തിന്റെ അടയാളങ്ങളായാണ് കാണുന്നത്. സംഘപരിവാര്‍കുടുംബത്തിലെ എല്ലാ അംശങ്ങളും ഒരേ ദിശയില്‍ ചലിക്കുകയും ഒരേ വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്യുന്നു എന്നതിനര്‍ത്ഥം ഇക്കാര്യത്തില്‍ അവര്‍ വളരെ ആസൂത്രിതമായനീക്കമാണ് നടത്തുന്നത് എന്നതാണ്. എന്നാല്‍ ദേശത്തെ അഥവാ രാഷ്ടത്തെ സമൂഹമനസ്സില്‍ പൊതുവില്‍ രേഖപ്പെടുത്തുന്നതും നിലനിര്‍ത്തുന്നതും ചലിപ്പിക്കുന്നതും അതിന്റെ മൂലതത്വങ്ങളായി പ്രവര്‍ത്തിക്കുന്നതും ഭരണഘടനയാണ്. ഈ ഭരണഘടനയെ തള്ളിപറയുന്നതിനൊ നിയമവ്യവസ്ഥയെ നോക്കുക്കുത്തിയാക്കുന്നതിനോ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഒരു മടിയുമില്ലെന്ന വിചിത്രമായ സത്യവും നിലനില്‍ക്കുന്നു. അപ്രകാരം നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുകയും ചെയ്യുന്നു. കനയ്യയെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ ബി.ജെ.പി അഭിഭാഷകന്‍ അദ്ദേഹത്തെ ശാരീരികമായി അക്രമിച്ചത്, ഉമര്‍ ഖാലിബ്, അനിര്‍ബന്‍ ഭട്ടാചാര്യാ, കനയ്യ എന്നിവരെ കൊല്ലുന്നവര്‍ക്ക് പാരിതോഷികമായി 11 ലക്ഷം രൂപാ വാഗ്ദാനം ചെയ്ത് സംഘപരിവാര്‍ ഡെല്‍ഹിയില്‍ പോസ്റ്ററൊട്ടിച്ചത്, കനയ്യയുടെ കൈയ്യും കാലും തല്ലിയൊടിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപാ ഒരു ബി.ജെ.പി എം.എല്‍.എ വാഗ്ദാനം ചെയ്തത്, എ.ഐ.എസ്.എഫ് നേതാവും സി.പി.ഐ നേതാവ് രാജയുടെ മകളുമായ അപരാജിതയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ബി.ജെ.പി എം.എല്‍.എ പ്രഖ്യാപിച്ചത്, രോഹിത് വെമൂലക്കെതിരെ രാജ്യദ്രോഹി എന്ന് അധിക്ഷേപം ചൊരിയുകയും വധഭീക്ഷണി മുഴക്കുകയും ചെയ്ത്, അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്,പശുമാംസത്തിന്റെ പേരില്‍ നടത്തിയ കൊലപാതകങ്ങളും കലാപങ്ങളും. അങ്ങനെ ചൂണ്ടികാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുകയും അത്തരം വെല്ലുവിളികളെ ദേശസ്‌നേഹികളുടെ വികാരപ്രകടനമായി ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു.
അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പ്രതിപക്ഷം അവയെ ഊതിവീര്‍പ്പിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് ബി.ജെ.പി.നേതാക്ക•ാരുടെ വാദം. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബി.ജെ.പി ആവിഷ്‌ക്കരിച്ച ആസൂത്രിതമായ ഒരു പദ്ധതിയും തന്ത്രവും നടപ്പിലാക്കപ്പെടുകയാണെന്ന് മനസ്സിലാക്കാനാവും. ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മാര്‍ച്ച് 19 ന് നടന്ന ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹകസമിതിയുടെ തീരുമാനം തന്നെ അതിന് തെളിവാണ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി തുറന്ന പുതിയ പോര്‍മുഖം അവര്‍ മുന്നോട്ട്‌കൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഹിന്ദു വര്‍ഗ്ഗീയത അവര്‍ പറയുന്നേയില്ല. ഇന്‍ഡ്യ എന്ന ദേശത്തെക്കുറിച്ചാണ് പറയുന്നത്. അവിടെ തെരഞ്ഞടുപ്പിന് രണ്ട് സാധ്യതകള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ ഇന്ഡ്യക്കാരനാവുക അല്ലെങ്കില്‍ ഇന്‍ഡ്യക്കാരനല്ലാതാവുക. നിങ്ങള്‍ക്ക് ഒരേ സമയം ഇന്‍ഡ്യക്കാരനും ബി.ജെ.പിയുടെ വിമര്‍ശകനുമാകാന്‍ സാധിക്കില്ല ഇന്‍ഡ്യക്കാരനാണെങ്കില്‍ ബി.ജെ.പിക്കാരനാണ്. ബി.ജെ.പി. വിരുദ്ധനാണെങ്കില്‍ ഇന്‍ഡ്യവിരുദ്ധനുമാണ്. ബഹുസ്വരങ്ങളില്ലാത്ത ഏകസ്വരങ്ങള്‍ മാത്രമുള്ള, സവര്‍ണ്ണസ്വപ്നങ്ങള്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഹിന്ദുമതദേശത്തെക്കുറിച്ചാണ് അവര്‍ വാചാലരാവുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply