ഒരു പടത്തിന് മാത്രം ഈ ലോകത്തെ മാറ്റാനാകും, അതിനുള്ള ഉപകരമാണ് എനിക്ക് ക്യാമറ

മണമ്പൂര്‍ സുരേഷ് (ലണ്ടന്‍) വിശ്വ പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മോഹ്‌സിന്‍ മാക് മല്‍ബാഫിന്റെ പുതിയ ചിത്രം ‘പ്രസിഡന്റ്‌റ്’ ്‌ന്റെ  റിവ്യൂവും മോഹ്‌സിന്‍ മാക് മല്‍ബാഫുമായുള്ള ഇന്റര്‍വ്യൂവും. സംവിധായകന്റെ സമൂഹത്തോടുള്ള കടമയെക്കുറിച്ചു അദ്ദേഹം  സംസാരിക്കുകയാണിവിടെ. ക്രൂരതയും അഴിമതിയും കൊണ്ട് തന്റെ സിംഹാസനം നഷ്ടപ്പെട്ടു, പ്രകോപിതരായ ജനങ്ങളില്‍ നിന്നും വേഷം മാറി, പലായനം ചെയ്യുന്ന ഏകാധിപതിയുടെ കഥയാണ് മൊഹ്‌സിന്‍ മക്മല്‍ബാഫിന്റെ? പുതിയ ചിത്രമായ ‘പ്രസിഡന്റ്‌റ്’ . ഭരണാധിപത്യത്തിന്റെ ലഹരിയില്‍ ജനങ്ങളുടെ മേല്‍ കുതിര കയറുന്ന  ഏകാധിപതിയുടെ പതനവും തന്റെ മുന്‍കാല […]

MOHSEN_MAKHMAമണമ്പൂര്‍ സുരേഷ് (ലണ്ടന്‍)

വിശ്വ പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മോഹ്‌സിന്‍ മാക് മല്‍ബാഫിന്റെ പുതിയ ചിത്രം ‘പ്രസിഡന്റ്‌റ്’ ്‌ന്റെ  റിവ്യൂവും മോഹ്‌സിന്‍ മാക് മല്‍ബാഫുമായുള്ള ഇന്റര്‍വ്യൂവും. സംവിധായകന്റെ സമൂഹത്തോടുള്ള കടമയെക്കുറിച്ചു അദ്ദേഹം  സംസാരിക്കുകയാണിവിടെ.

ക്രൂരതയും അഴിമതിയും കൊണ്ട് തന്റെ സിംഹാസനം നഷ്ടപ്പെട്ടു, പ്രകോപിതരായ ജനങ്ങളില്‍ നിന്നും വേഷം മാറി, പലായനം ചെയ്യുന്ന ഏകാധിപതിയുടെ കഥയാണ് മൊഹ്‌സിന്‍ മക്മല്‍ബാഫിന്റെ? പുതിയ ചിത്രമായ ‘പ്രസിഡന്റ്‌റ്’ . ഭരണാധിപത്യത്തിന്റെ ലഹരിയില്‍ ജനങ്ങളുടെ മേല്‍ കുതിര കയറുന്ന  ഏകാധിപതിയുടെ പതനവും തന്റെ മുന്‍കാല ചെയ്തികള്‍ അയാളെ വേട്ടയാടുന്നതുമാണ് ലോക പ്രസിദ്ധനായ ഇറാനിയന്‍ സംവിധായകന്‍ പറയുന്നത്.
ഭരണം കയ്ക്കലാകുന്നതോടെ ജനത ഒരാവശ്യമില്ലാത്ത ഘടകമായി മാറുന്ന സ്ഥിതി. ഗതികെടുമ്പോള്‍ ജനങ്ങള്‍ തിരിച്ചടിക്കുന്നു. പകരം മറ്റൊരു സര്‍വാധിപതി എത്തുന്നു. ചരിത്രം ആവര്‍ത്തിക്കുന്നു. ഒരു ത്രില്ലറിന്റെ എല്ലാ ഭാവങ്ങളോടും കൂടി തുടങ്ങുന്ന സിനിമ ഒരു ഇതിഹാസ കാവ്യം പോലെ തുടരുന്നു.
കിരീടം നഷ്ടപ്പെട്ട ഏകാധിപതി ചെറൂ മകനോടൊപ്പം തന്റെ കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടി താന്‍ പണ്ട് പീഡിപ്പിച്ച അതെ ആളുകള്‍ക്കിടയില്‍ പ്രഛ്ന്ന വേഷ ധാരി ആയി താമസിക്കുന്നു. തന്റെ പാശ്ചാത് ദൃശ്യം അയാളെ വേട്ടയാടുകയാണ്.
ഭരണം മത്തുപിടിക്കുന്ന ലഹരി പോലെ കൊണ്ടാടുന്നവരെല്ലാം കണ്ടിരിക്കേണ്ട ചിത്രമാണിത്. ഈ ഏകാധിപത്യത്തിന്റെ ലഹരിയില്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതി ഇല്ല. ജനങ്ങള്‍ പുതിയ ഏകാധിപതിയെ തേടുമ്പോള്‍ പുതിയ ശത്രുക്കളും പുതിയ ഇരകളും സൃഷ്ടിക്കപ്പെടുന്നു. അക്രമം അനുസ്യൂതം തുടരുന്നു.
സ്‌നേഹസന്ദേശവുമായി, മാറേണ്ട മാറ്റപ്പെടെണ്ട ലോകത്തെപ്പറ്റി പറയുകയാണ് മാക് മല്‍ബാഫ്. അക്രമം ഒന്നിനും ഒരു പരിഹാരം അല്ല എന്ന് അതി മനോഹരവും അതിശക്തവും ആയ ഒരു ചിത്രത്തിലൂടെ പറയുന്നു. ഇന്നലത്തേയും ഇന്നത്തെയും നാളത്തെയും ഏകാധിപതികളുടെ ആകെത്തുകയാണീ ചിത്രം. പക്ഷെ ഇത് ഒരു പ്രത്യേക രാജ്യത്തിന്റെ കഥ അല്ല. ഒരു സര്‍വദേശീയത ഈ ചിത്രത്തിനുണ്ട്. ഏകാധിപത്യത്തിന്റെ അക്രമവും അതിനു പകരം വയ്ക്കുന്ന പുതിയ ഏകാധിപതിയുടെ അക്രമങ്ങളിലേക്കും പ്രേക്ഷകരെ അഭിമുഖീകരിപ്പിക്കുകയാണ് പ്രസിഡന്റ്‌റ് എന്ന ഈ ചിത്രം.
ചലച്ചിത്ര രചനയുടെ പേരില്‍ തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനാകാതെ കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യങ്ങള്‍ വിട്ടു രാജ്യങ്ങളിലേക്ക് അഭയാര്‍ഥി ആയി അലയുന്ന മോഹ്‌സിന്‍ മാക് മല്ബാഫിന്റെ ചിത്രം പറയുന്നത് ഒരന്താരാഷ്ട്ര വിപത്തിനെക്കുറിച്ചാനെങ്കിലും ആദ്യം മനസ്സിലെത്തുന്നത് സംവിധായകന്റെ സ്വന്തം രാഷ്ട്രമായ ഇറാന്‍ തന്നെയാണ്. വളരെയധികം പ്രതീക്ഷകള്‍ നല്‍കി ഷായുടെ ഏകാധിപത്യത്തെ മാറ്റി വിപ്ലവത്തിലൂടെ ഖൊമേനി അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ വീണ്ടും ഭരണാധിപന്മാരുടെ ശത്രുക്കളായി മാറി. ലക്ഷങ്ങള്‍ കൊല ചെയ്യപ്പെട്ടു, മാക് മല്ബാഫുമാര്‍ അഭയാര്ത്ഥികളായി.
ചലച്ചിത്രം മനുഷ്യനെ മാറ്റാനുള്ള, ലോകത്തെ മാറ്റാനുള്ള ഉപകരണം ആണ് എന്ന് ചിന്തിക്കുന്ന മോഹ്‌സിന്‍ മാക് മല്ബാഫ് തന്റെ ചലച്ചിത്ര ചിന്താ ധാരയെന്തെന്നു വ്യക്തമാക്കുകയായിരുന്നു ലണ്ടന്‍ ഫിലിം ഫെസ്‌റിവലില്‍ വച്ച് നടന്ന ഇന്റര്‍വ്യൂവിലൂടെ.

മണമ്പൂര്‍ സുരേഷ്: ‘പ്രസിഡന്റ്‌റ്’ എന്ന താങ്കളുടെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം പറയാമോ ?
മോഹ്‌സിന്‍ മാക് മല്ബാഫ്: ലോകത്തില്‍ മൊത്തം അക്രമങ്ങളാണ്. വാര്‍ത്തകളില്‍ നിറയുന്നത് അക്രമമാണ്. പലയിടത്തും മനുഷ്യര്‍ മനുഷ്യരെ കൊല്ലുന്നു, പല കാര്യങ്ങള്‍ക്കായി. ചിലപ്പോള്‍ അവരുടെ ലക്ഷ്യം എന്തെന്ന് പോലും അറിയില്ല. എല്ലാ രാജ്യങ്ങളിലും ഞാന്‍ ജനങ്ങളുടെ വേദന തൊട്ടറിഞ്ഞു. ജനങ്ങളുടെ ജീവിതാവസ്ഥ ഞാന്‍ തൊട്ടറിഞ്ഞു. മനുഷ്യര്‍ എല്ലായിടത്തും ഒന്നാണ്.
ഈ ലോകത്തിനു ഒരു ഗാന്ധിയും ഒരു മണ്ടെലയും മതിയാകില്ല എന്ന് വന്നിരിക്കയാണ്. പല മതങ്ങള്‍ തമ്മില്‍ പല ദേശീയതകള്‍ തമ്മില്‍ പല വംശീയതകള്‍ തമ്മില്‍ അക്രമം നടക്കുകയാണ്. ഇതെങ്ങനെ നമുക്ക് പരിഹരിക്കാം ? ലോകത്തെ ഏറ്റവും കുറ്റകരമായ കാര്യം അക്രമമാണ്.
അക്രമം ഈ ഭൂമുഖത്തെ നശിപ്പിക്കും. ഈ മനുഷ്യരാശിയെ തന്നെ അതില്ലാതാക്കും. എന്താണിതിന്റെ അനന്തര ഫലം ? മിഡിലീസ്റ്റില്‍ നോക്കുക പല രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ചത് എകാധിപതികളെ തുരത്തിയാല്‍ ജനാധിപത്യം വരുമെന്നാണ്. ഇറാക്ക് നോക്കുക, ലിബിയ നോക്കുക, സിറിയ നോക്കുക കോടിക്കണക്കിനു ജനങ്ങള്‍ മരിക്കുന്നു. എന്നിട്ട് അനന്തര ഫലമോ ? വട്ടപ്പൂജ്യം.
അമേരിക്ക പല രാജ്യങ്ങളെയും ആക്രമിക്കുന്നു. അഫ്ഘാനിസ്ഥാന്‍, ഇറാക്ക്, സിറിയ എന്നിട്ടെന്താണ് ഫലം? അക്രമം കൂടുതല്‍ അക്രമം സൃഷ്ട്ടിച്ചു. ഈ പടം സമാധാനതിന്റെതാണ്. ഈ പടം മനുഷ്യരാശിക്ക് വേണ്ടി സംസാരിക്കുന്നു. ഈ പടം ഗാന്ധിജിയുടെയും മണ്ടേലയുടെയും വഴി കാട്ടുന്നു. അവരുടെ ആശയങ്ങള്‍ നമ്മള്‍ എല്ലാപേരിലും എത്തിക്കണം. സമാധാനത്തിന്റെ സംസ്‌കാരം നമ്മള്‍ സൃഷ്ടിക്കണം. ലോകത്തുള്ള ഈ അക്രമങ്ങള്‍ക്ക് ഉത്തരവാദി ആരാണ് ? ഒരാള്‍ കൊല്ലപ്പെട്ടാല്‍ കൊലയാളി മാത്രമല്ല നമ്മളും അതിനുത്തരവാദി ആണ്. നമുക്ക് നിശബ്ദരായിരിക്കാനാവില്ല.
ഇവിടെ ഒരു സംവിധായകന്റെ ചുമതല എന്താണ് ?
മാക് മല്ബാഫ്: ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് ഞാന്‍ ഇരുട്ടിലേക്ക് സമാധാനത്തിന്റെ വെളിച്ചം തെളിയിക്കുന്നു. ഞാന്‍ സമൂഹത്തിനു നേരെ കണ്ണാടി പിടിക്കുകയാണ് അവര്‍ സ്വയം തിരുത്താന്‍ വേണ്ടി. എന്റെ പടങ്ങള്‍ ഓരോ കത്തുകള്‍ കൂടി ആണ് ഒരു രാജ്യത്തില്‍ നിന്നും മറ്റു  രാജ്യങ്ങളിലേക്ക് അയക്കുന്ന കത്തു. സമാധാനത്തിന്റെ കത്തു. എനിക്കെന്റെ ജോലി നിര്‍ത്താനാവില്ല. ഞാനി പടമെടുത്തത് ഫിലീം ഫെസ്റ്റിവലിനു വേണ്ടിയല്ല. അവാര്‍ഡിനു വേണ്ടിയുമല്ല. ലോകത്തെ മാറ്റാനുള്ള ഉപകരണമാണ് എനിക്ക് ക്യാമറ. ഇത് മഹാ സമുദ്രത്തില്‍ വീഴുന്ന ഒറ്റ തുള്ളി മാത്രം ആയിരിക്കാം. ഒരു കുപ്പിക്കകത്തെ അത്ഭുതം ഒരു മഹാ സമുദ്രത്തിലെ അത്ഭുതവും ആകാം. എനിക്ക് ലോകത്തെ മാറ്റി മറിക്കണം.  ലോകത്തിനു വെറുതേ കാട്ടിക്കൊടുക്കാനല്ല ഞാന്‍ പടമെടുക്കുന്നത്.
ഒരു പടത്തിന് മാത്രം ഈ ലോകത്തെ മാറ്റാനാകും. ഉദാഹരണം പറയാം. ഞാനെന്റെ രാജ്യമായ ഇറാനില്‍ ആയിരുന്നപ്പോള്‍ നമുക്കവിടെ മുപ്പതു ലക്ഷം അഫ്ഘാന്‍ അഭയാര്‍ഥികള്‍ ഉണ്ടായിരുന്നു. 747,000 വിദ്യാര്‍ഥികള്‍ക്ക് അഫ്ഘാനിസ്ഥാനില്‍ സ്‌കൂളില്‍ പോകാന്‍ ആവില്ലായിരുന്നു താലിബാന്‍ സമയത്തും പിന്നീടും. ഞാനൊരു പടമെടുത്തു ലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂള്‍ ഗേറ്റിനു പുറത്തു നില്ക്കുന്നത് ഞാന്‍ കാണിച്ചു, അത് അഫ്ഘാനിസ്ഥാനിലെ നിയമം തന്നെ മാറ്റിയെഴുതാന്‍ സഹായിച്ചു. ഒറ്റ ദിവസം കൊണ്ട് അര മില്യന്‍ കുട്ടികളാണ് സ്‌കൂളിന്റെ പടി കയറി വന്നത്. അതാണ് സിനിമ ലോകത്തെ മാറ്റാന്‍ ഉപയോഗിക്കാം എന്ന് പറഞ്ഞത് . ഒരു ഡോക്യുമെന്ററിക്കു പോലും ലോകത്തെ മാറ്റാന്‍ സാധിക്കും. എന്ത് കൊണ്ട് പറ്റില്ല ? എന്താണ് ഡയരക്റ്റര്‍മാര്‍ ഇങ്ങനെ പടങ്ങളെ ഉപയോഗിക്കാത്തത് എന്ന് എനിക്കറിയില്ല. പലര്‍ക്കും ഇത് ബിസിനസ്സും ജോലിയും പ്രശസ്തിയും അവാര്‍ഡു വാങ്ങലും ഒക്കെ ആണ് .
എന്റെ കുടുംബത്തിന് 120 ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പലതും ഗ്ലാസ്സില്‍ ഉള്ളതാണ് . അത് മ്യൂസിയത്തിലേക്ക് കൊള്ളാം. പക്ഷെ അത് വേറൊന്നും ചെയ്യുന്നില്ല, മനുഷ്യരുടെ മനസ്സ് മാറ്റുന്നില്ല. അങ്ങനെ മാറ്റം വരുത്തിയാല്‍ മാത്രമേ നമുക്ക് നല്ല ജീവിതം കിട്ടുകയുള്ളൂ.
ഇപ്പോള്‍ യുദ്ധത്തിന്റെ സന്ദേശമാണ് എവിടെയും. നമുക്ക് സമാധാനത്തിന്റെ സന്ദേശമാണ് വേണ്ടത്. നമുക്കുള്ളത് എകാധിപത്യമാണ്. അത് മാറ്റി നമുക്ക് ജനാധിപത്യം കൊണ്ട് വരണം. വിദ്വേഷമാണ് ഇന്ന് ലോകത്തുള്ളത്.
ഒരു ചലച്ചിത്രകാരന്റെ റോള്‍ ഒബാമയുടെ റോളിനെക്കാള്‍ പ്രാധാന്യമുള്ളതാണ് . ഒബാമയ്ക്കും അമേരിക്കയ്ക്കും മറ്റു രാജ്യങ്ങളെ ആക്രമിക്കാന്‍ പറ്റും പക്ഷെ ഒരൊറ്റ ആളുടെ മനസ്സ് മാറ്റിയെടുക്കാന്‍ കഴിയില്ല. അത് ഒരു സംവിധായകന് കഴിയും. മനസ്സ് മാറ്റുന്നതിലൂടെ നമുക്ക് ഈ ഭൂമുഖത്തെ  തന്നെ മാറ്റാന്‍ കഴിയും. അതാണ് നല്ല രീതി.
കഴിഞ്ഞ പത്തു വര്‍ഷമായി ഇറാനില്‍ പോകാനാകാതെ പുറം രാജ്യങ്ങളില്‍ പടം എടുക്കുന്നതിനെക്കുറിച്ച് പറയാമോ ? പൂര്‍ണമായും ചലച്ചിത്ര രംഗത്തുള്ള കുടുംബത്തെക്കുറിച്ചും .
മക്മല്‍ബാഫ് : പെണ്‍മക്കള്‍ സമീറ മക്മല്‍ബാഫും ഹന മക്മല്‍ബാഫും സംവിധായകരാണ്. സഹധര്‍മ്മണി മര്‍സിയെ മെഷ്‌കിനിയും സംവിധായിക ആണ് . എന്റെ പുതിയ ചിത്രമായ പ്രസിഡ നറിന്റെ പ്രോട്യൂസര്‍മാരില്‍ ഒരാളും സൗണ്ട് ഡിസൈനറുമാണ് മകന്‍ മയ്‌സാം  മക്മല്‍ബാഫ്. ഞങ്ങള്‍ക്ക്  ആര്‍ക്കും ഇറാനില്‍ പോകാനാവില്ല. 10 വര്ഷം മുന്‍പ് സെന്‍സര്‍ഷിപ് കാരണം ഞാന്‍ ഇറാന്‍ വിട്ടു. ഞങ്ങള്‍ അഫ്ഘാനിസ്ഥാനില്‍  പോയി പടമെടുത്തു.  ഇറാന്‍ അവിടെ തീവ്രവാദികളെ അയച്ചു. ഒരു സ്‌ഫോടനത്തില്‍ ക്യാമറയുടെ മുന്നില്‍ വച്ച് ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. അങ്ങിനെ റ്റര്‍ജികിസ്താനിലെക്കു മാറി, അവിടെ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അവിടെ നിന്നും ഫാറീസ്ടിലേക്കു പോയി . അവിടെയും ഭീകര വാദികളെ അയച്ചു. അങ്ങനെ ഞങ്ങള്‍ ബ്രിട്ടനിലേക്ക് വന്നു . കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ അഭയാര്‍ധികഥികള്‍ ആണ് . ഞങ്ങളുടെ കുടുംബത്തിനു ഇറാനിലേക്ക് മടങ്ങാനാവില്ല . നേരെ ജയിലിലേക്കാവും അയക്കുക.  പൂച്ചയും എലിയും പോലെ ഇറാന്‍ ഞങ്ങളെ പിന്തുടരുന്നു.
ലണ്ടന്‍ ഫിലിം ഫെസ്‌റിവലിലെ തിരക്കിനിടയില്‍ ഇന്റര്‍വ്യൂ അവസാനിക്കുമ്പോള്‍ സംവിധായകന്റെ ചോദ്യം എന്നോടായി: ഏതാണ് ചിത്രത്തിലെ ഏറ്റവും നല്ല സീന്‍ ? ‘ഒരു ഇതിഹാസ കാവ്യം പോലെ ഈ ചിത്രം ഞാന്‍ ആസ്വദിച്ചു. ഈ ഫെസ്‌റിവലില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല സിനിമ’ ഞാന്‍ പറഞ്ഞു.
ഇന്ത്യയില്‍ വച്ച് ചിത്രം സംവിധാനം ചെയ്തിട്ടുള്ള മോഹ്‌സിന്‍ മാക് മല്ബാഫിനു   ഇന്ത്യയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെ. ‘മത വിശ്വാസങ്ങളെ തത്വസംഹിതകളെ തുറന്ന മനസ്സോടെ സ്വീകരിച്ച സഹിഷ്ണുതയുടെ നാട്. നിങ്ങള്‍ക്ക് ലോകത്തോട് പറയാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട്.’ തൊഴുകയ്യോടെ എഴുന്നേറ്റു നിന്ന് യാത്ര പറയുന്നതിനിടയില്‍ മോഹ്‌സിന്‍ മാക് മല്ബാഫ് പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഒരു പടത്തിന് മാത്രം ഈ ലോകത്തെ മാറ്റാനാകും, അതിനുള്ള ഉപകരമാണ് എനിക്ക് ക്യാമറ

  1. Avatar for Critic Editor

    ജേക്കബ് കോയിപ്പള്ളി

    വളരെ നന്നായിരിക്കുന്നു. നല്ല വായനയ്ക്ക് ഉപകാരപ്രദമായ വിധത്തിൽ . ശ്രീ. മണമ്പൂർ സുരേഷ് വിശദമായി അവലോകനം ചെയ്തു നിരൂപണം നടത്തിയിരിക്കുന്നു.

Leave a Reply