ഒന്നുമറിയാതെ അയോധ്യ

ജിനേഷ് പൂനത്ത് രാജ്യത്തുടനീളം കത്തിപ്പടരാവുന്ന തീപ്പൊരിയാണ് അയോധ്യയെന്ന തോന്നലൊന്നും ഇവിടുത്തുകാര്‍ക്കില്ല. തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിലേക്കു കടന്നതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ മുഖ്യ അജന്‍ഡ ഹിന്ദുത്വതത്തിലൂന്നിയുള്ളതാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളും അയോധ്യക്കാര്‍ അറിഞ്ഞമട്ടില്ല. തീവ്രഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രമായി രാഷ്ട്രീയ നിരീക്ഷകര്‍ പോലും കാണുന്ന അയോധ്യ പക്ഷേ, ശാന്തമായി സ്വന്തം ഇടങ്ങളില്‍ ഒതുങ്ങുകയുമാണ്. എന്നാല്‍ ഇവിടെ സായുധരായി കാവല്‍നില്‍ക്കുന്ന സൈനികര്‍ ഏതൊരാക്രമണവും ഏതുനിമിഷവും പ്രതീക്ഷിക്കുന്നുണ്ട്. കേട്ടറിഞ്ഞതൊക്കെയും കണ്ടറിയാനായി വരുന്നവരും സാദാതീര്‍ഥാടകരും ഒക്കെയായി എപ്പോഴും തിരക്കാണ് അയോധ്യയിലെ ഇടുങ്ങിയ തെരുവുകള്‍ക്ക്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്നലെ അവസാനിച്ചതോടെ […]

AAAജിനേഷ് പൂനത്ത്

രാജ്യത്തുടനീളം കത്തിപ്പടരാവുന്ന തീപ്പൊരിയാണ് അയോധ്യയെന്ന തോന്നലൊന്നും ഇവിടുത്തുകാര്‍ക്കില്ല. തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിലേക്കു കടന്നതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ മുഖ്യ അജന്‍ഡ ഹിന്ദുത്വതത്തിലൂന്നിയുള്ളതാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളും അയോധ്യക്കാര്‍ അറിഞ്ഞമട്ടില്ല. തീവ്രഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രമായി രാഷ്ട്രീയ നിരീക്ഷകര്‍ പോലും കാണുന്ന അയോധ്യ പക്ഷേ, ശാന്തമായി സ്വന്തം ഇടങ്ങളില്‍ ഒതുങ്ങുകയുമാണ്.
എന്നാല്‍ ഇവിടെ സായുധരായി കാവല്‍നില്‍ക്കുന്ന സൈനികര്‍ ഏതൊരാക്രമണവും ഏതുനിമിഷവും പ്രതീക്ഷിക്കുന്നുണ്ട്. കേട്ടറിഞ്ഞതൊക്കെയും കണ്ടറിയാനായി വരുന്നവരും സാദാതീര്‍ഥാടകരും ഒക്കെയായി എപ്പോഴും തിരക്കാണ് അയോധ്യയിലെ ഇടുങ്ങിയ തെരുവുകള്‍ക്ക്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്നലെ അവസാനിച്ചതോടെ അയോധ്യയും നാളെ ബൂത്തിലേക്കു നീങ്ങും. അയോധ്യ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡ ചര്‍ച്ചചെയ്താണ് അഞ്ചാംഘട്ടത്തിലെ മറ്റ് മണ്ഡലങ്ങളും വിധിയെഴുതുന്നത്.
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലാണ് അയോധ്യ. ജില്ലാ ആസ്ഥാനത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ പൗരാണികതയുടെ പ്രൗഢിയോടെ സരയൂ നദീതീരത്തു സ്ഥിതിചെയ്ുയന്ന പട്ടണം. ക്ഷേത്രനഗരിയാണ് അയോധ്യ. രാമനും സീതയും ഹനുമാനും കാണും എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷ്ഠയായി. രാമായണത്തിലെ കഥാപാത്രങ്ങളാണ് ഇവരുടെ വീരപുരുഷന്‍മാര്‍. കൊട്ടിക്കലാശമായിട്ടും തെരഞ്ഞെടുപ്പിന്റെ ഭാവം പോലും പ്രകടിപ്പിക്കാതെയാണ് ഇന്നലെ സരയൂതീരം ആധ്യാത്മിക ചടങ്ങുകളില്‍ ഏര്‍പ്പെട്ടത്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കു മന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തും ആരോഗ്യസൗഖ്യത്തിനു ഗോപൂജ നടത്തിയും പാണ്ഡെകള്‍ ദക്ഷിണസ്വീകരിച്ചു സംതൃപ്തരാകുന്നു.
സരയൂനദിയില്‍ വലംവച്ചുവരുന്ന തരത്തില്‍ ബോട്ട് സര്‍വീസ് നടത്തുന്ന യുവാവ് സ്വയം കീഴ്ജാതിയാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്. രാംഗോപാല്‍ മാഞ്ചിയെന്നാണു മുഴുവന്‍ പേര്. മാഞ്ചിയെപോലെ ബോട്ട് സര്‍വീസിലും അനുബന്ധമേഖലയിലുമായി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഒട്ടേറെപേര്‍ ഇവിടെയുണ്ട്. നോട്ട്‌നിരോധനം വന്നതോടെ അയോധ്യാ നഗരി കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ വരുമാനവും കുറഞ്ഞെങ്കിലും മാഞ്ചി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറ്റപ്പെടുത്തുന്നില്ല. ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പണം ബാങ്കുകളില്‍ ആവശ്യത്തിനായതോടെ ബുദ്ധിമുട്ടെല്ലാം മാറി. എല്ലാം നല്ലകാര്യങ്ങള്‍ക്കു വേണ്ടിയായതിനാല്‍ മോഡിയോട് ഒരു വിയോജിപ്പുമില്ല. ഇത്തവണ അയോധ്യയില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷ മണ്ഡലങ്ങളിലും മോഡി തന്നെ ജയിക്കും…
ബി.ജെ.പി. ജയിക്കുമെന്നല്ല മോഡി ജയിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ബി.ജെ.പി. എന്നതുതന്നെ മറന്നു മോഡിയിലേക്കു സര്‍വം മാറുന്ന രാഷ്ട്രീയാവസ്ഥ. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ നിശ്ചയിക്കാതെ മോഡിയെ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുന്ന ബി.ജെ.പിക്ക് ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാനും സാധിക്കില്ല. സരയൂതീരത്ത് പൂജാവിധികള്‍ നടത്തുന്ന അസംഖ്യം പൂജാരിമാരില്‍ ഒരാളായ സര്‍ജുപ്രസാദ് പാണ്ഡയുടെ ഉത്തരവും മറ്റൊന്നല്ലായിരുന്നു. ഒരുദിവസം 700 മുതല്‍ 1000 പേര്‍ വരെ പൂജാകര്‍മ്മങ്ങള്‍ക്കായി സമീപിക്കാറുണ്ടെന്നു പാണ്ഡെ പറഞ്ഞു. നോട്ട് നിരോധന സമയത്ത് ദക്ഷിണയില്‍ ഇടിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായിട്ടുണ്ട്. എന്തായാലും മോഡി തന്നെ വരണമെന്നു പറയാന്‍ പാണ്ഡെയ്ക്കു കാരണമുണ്ട്. മുഖ്യമന്ത്രി അഖിലേഷ് മുസ്ലിം ന്യൂനപക്ഷ പ്രീണനനയമാണു പിന്തുടരുന്നത്. ക്ഷേത്രനഗരിയായ അയോധ്യയോടു പോലും ഇതേതരത്തിലുള്ള മനോഭാവമാണു പുലര്‍ത്തുന്നത്. ഇവിടെ നിങ്ങള്‍ നോക്കൂ; രാജ്യം അറിയുന്ന പ്രധാന കേന്ദ്രമാണെങ്കിലും നല്ലൊരു റോഡ് ഇവിടെയുണ്ടോ…? സഞ്ചാരികള്‍ക്ക് ഏജന്റുമാരുടെ കൈയില്‍പെട്ട് പണം പോകാതെ താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനമുണ്ടോ…? പാണ്ഡെ ചോദ്യശരങ്ങള്‍ ഉതിര്‍ത്തു.
തെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടങ്ങള്‍ കഴിഞ്ഞതോടെ തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി പ്രചാരണരീതി മാറ്റിയ ബി.ജെ.പി. ഉദേശിച്ചതും ഇതേ വേര്‍തിരിവു തന്നെയാണ്. ജാതീയതയില്‍ കുരുങ്ങിയ വോട്ട് ബാങ്കിന്റെ കെട്ടുപൊട്ടിച്ച് ഹിന്ദുത്വ ഏകീകരണത്തിനായുള്ള നീക്കമാണു ബി.ജെ.പി. അവസാനഘട്ടത്തില്‍ നടത്തിയത്. കീഴ്ജാതിയായി വ്യഖ്യാനിക്കുന്ന മാഞ്ചിയും ഉയര്‍ന്ന ജാതിയായ പാണ്ഡെയും ഒരേപോലെ മോഡിയെ പിന്തുണയ്ക്കുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെ. എന്നാല്‍, യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ മുസ്ലിം ധര്‍മ്മഗുരു എന്നു സ്വയം വിശേഷിപ്പിച്ച മൗലാനാ അക്തര്‍, മോഡിയുടെ ന്യൂനപക്ഷ നയങ്ങളില്‍ കടുത്ത അതൃപ്തിയാണു പ്രകടിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടി പക്ഷത്ത് ഏകീകരിക്കപ്പെടുമെന്നാണു തുണിവ്യാപാരം നടത്തുന്ന അക്തറിന്റെ പ്രതീക്ഷ. ജാതീയതയും ഭരണവിരുദ്ധതയും നോട്ട് പ്രതിസന്ധിയും എന്തിന്, സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലും തെരഞ്ഞെടുപ്പു രംഗത്ത് ചര്‍ച്ചയാകുന്നില്ല. പകരം ഇരുമതങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിലൂന്നിയാണ് അടിസ്ഥാന തലങ്ങളില്‍ ചര്‍ച്ചയും വിലയിരുത്തലുകളും സജീവമായി നടക്കുന്നത്.
സരയൂ നദിക്കരയില്‍ പല തരത്തിലാണു പൂജാ കര്‍മങ്ങള്‍. കടുത്ത വിശ്വാസിയായ പണക്കാരാണെന്നു തോന്നിയാല്‍ അവരെ വീഴ്ത്താനുള്ള തന്ത്രങ്ങളും പാണ്ഡെകള്‍ക്കറിയാം. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി അരികില്‍ കെട്ടിനിര്‍ത്തിയ പശുവിന്റെ വാലും ചെവിയുമൊക്കെ പിടിച്ച് മനംനൊന്ത് പ്രാര്‍ഥിക്കുന്നവരേയും കണ്ടു. ബാബ്‌റി മസ്ജിദ് പൊളിച്ചുനീക്കിയ സ്ഥലത്തു പണിത താല്‍ക്കാലിക ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ പോലീസിനുപോലും നിയന്ത്രിക്കാനാവാത്ത തിരക്ക്. ആക്രമണസാധ്യത ഭയന്ന് ഈ ഭാഗത്ത് ഫോട്ടോയെടുക്കാന്‍ പോലും അനുവാദമില്ല. അകത്ത് കയറുമ്പോള്‍ കാമറയടക്കമുള്ള ഒരു വസ്തുവും അനുവദനീയവുമല്ല. വികസനം മുരടിച്ചുനില്‍ക്കുന്ന അയോധ്യയില്‍ തെരുവുകള്‍ പൗരാണികമായി നില്‍ക്കുന്നു.
ഇവിടെനിന്നു രണ്ടു, മൂന്നു കിലോമീറ്ററോളം അകലെയാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. സ്തൂപങ്ങളും ചിത്രപ്പണികളോടുകൂടിയ കല്‍പ്പാളികളും എല്ലാം ഒരുക്കിവച്ചു കഴിഞ്ഞു. ഇനി നിര്‍മാണത്തിനുള്ള തിയതി മാത്രം കുറിച്ചാല്‍മതിയെന്നാണു നിര്‍മാണശാലയുടെ ചുമതലക്കാരില്‍ ഒരാളായ ഹരീഷ് പാണ്ഡെ പറഞ്ഞത്. ഇത്രയുംകാലം ബി.ജെ.പി. കേന്ദ്രത്തില്‍ ഭരിച്ചിട്ടും ഒന്നും നടന്നില്ലല്ലോയെന്ന ചോദ്യത്തിനു ഹരീഷ് പാണ്ഡെയ്ക്ക് മറുപടിയുണ്ട്. എല്ലാത്തിനും സമയം തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഈ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍വരും. മോഡി സര്‍ക്കാര്‍ രണ്ടരവര്‍ഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണവും നേടും. അതോടെ സമവായനീക്കത്തിലൂടെയോ അല്ലാതെയോ അയോധ്യയില്‍ രാമക്ഷേത്രം പണിയും. അതു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്…
അയോധ്യയുടെ ഇടുങ്ങിയ തെരുവ് പെട്ടെന്നാണു ബി.ജെ.പി. പ്രവര്‍ത്തകരെകൊണ്ടു നിറഞ്ഞത്. കാവിമയമായി തെരുവു മാറി. പഴയ തീപ്പൊരി പ്രാസംഗികന്‍ വിനയ്കത്യാറും ലല്ലുസിങ് എം.പിയും സുരക്ഷാ ഭടന്‍മാരുടെ അകമ്പടിയോടെത്തി. പ്രചാരണ കൊട്ടിക്കലാശത്തിന് അതോടെ തുടക്കമായി. ആവേശമുദ്രാവാക്യമുയര്‍ത്തി പ്രകടനം കടന്നുപോകുന്നതും നോക്കി തെരുവോരത്തെ രാജകീയ ഉദ്യാന്‍ എന്ന പാര്‍ക്കില്‍, പേരറിയാത്ത മഹര്‍ഷിയുടെ പ്രതിമയ്ക്കരികില്‍ ഇരുന്ന പരശുറാം യാദവ് നെടുവീര്‍പ്പിട്ടു. വ്യവസായശാലയിലെ ജോലിക്കിടെ പരുക്കേറ്റ കാല്‍ മുറിച്ചുമാറ്റപ്പെട്ട യാദവ്, ഊന്നുകാല്‍ ഉപയോഗിച്ചാണു നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം കിട്ടിയില്ലെന്നു യാദവ് പറയുന്നു. പ്രകടനത്തിന് ആവേശം മാത്രമേയുള്ളൂവെന്നും ഇവര്‍ വൈകാരികതയോടെയാണു പ്രതികരിക്കുന്നതെന്നും യാദവ് കുറ്റപ്പെടുത്തി. അഖിലേഷിന്റെ ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനു കാരണക്കാരായവരെ അഖിലേഷ് മാറ്റിനിര്‍ത്തിയതു നല്ല പ്രവണതയാണ്. അതുകൊണ്ടുതന്നെ അദേഹം ഭരണത്തുടര്‍ച്ച അര്‍ഹിക്കുന്നുമുണ്ട്… സമാജ്‌വാദി പാര്‍ട്ടി അനുഭാവികൂടിയായ പരശുറാം യാദവ് നയംവ്യക്തമാക്കി.
നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എയായ സമാജ്‌വാദി പാര്‍ട്ടിയിലെ തേജ് നാരായണന്‍ പാണ്ഡ (പവന്‍ പാണ്ഡെ)യും ബി.ജെ.പിയിലെ വേദ് പ്രകാശ് ഗുപ്തയും തമ്മിലാണു പ്രധാന മത്സരം. ബി.എസ്.പിയുടെ ബാസ്മി പാണ്ഡെയും ത്രികോണ മത്സരത്തിന്റെ ആവേശം പകര്‍ന്നു രംഗത്തുണ്ട്. 1991 മുതല്‍ 2007 വരെ അയോധ്യയെ പ്രതിനിധീകരിച്ചിരുന്നതു ബി.ജെ.പിയായിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി മണ്ഡലം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബി.ജെ.പിയിലെ ലല്ലു സിങ്ങിനെ തോല്‍പ്പിച്ചാണ് 2012 ലെ തെരഞ്ഞെടുപ്പില്‍ തേജ് നാരായണന്‍ പാണ്ഡെ അട്ടിമറിവിജയം നേടിയത്. അതേസമയം 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച മോഡി തരംഗത്തിലൂടെ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്ന് ലല്ലുസിങ് 28,2775 വോട്ടുകള്‍ക്കു വിജയംകുറിച്ച് പകരംവീട്ടുകയും ചെയ്തു. ഈ തരംഗം ഇത്തവണയുണ്ടാകുമോയെന്നതാണു് രാഷ്ട്രീയ അയോധ്യ ഉറ്റുനോക്കുന്നത

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply