ഒക്ടോബര്‍ 4 ലോക മൃഗദിനം മൃഗാവകാശ പ്രഖ്യാപനം

യുനസ്‌കോയുടെ പാരീസിലെ ആസ്ഥാനത്തുവച്ച്‌ 1978 ഒക്ടോബര്‍ 15ന്‌ വിളംബരം ചെയ്യപ്പെട്ട സാര്‍വ്വദേശീയ മൃഗാവകാശ പ്രഖ്യാപനം ആമുഖം സമസ്‌ത ജീവനും ഒന്നാണെന്നും എല്ലാ ജീവജാലങ്ങള്‍ക്കും പൊതു ഉല്‍പ്പത്തിയാണെന്നും പരിണാമത്തിലുണ്ടായ വൈവിദ്ധ്യങ്ങളുടെ ഫലമായി വിവിധ ജീവജാതികളായി രൂപംകൊണ്ടവയാണെന്നും പരിഗണിച്ചുകൊണ്ട്‌, എല്ലാ ജീവികള്‍ക്കും സ്വാഭാവികാവകാശങ്ങളുണ്ടെന്നും നാഡീവ്യൂഹമുള്ള മൃഗങ്ങള്‍ക്ക്‌ സവിശേഷാവകാശങ്ങളുണ്ടെന്നും ഉള്‍ക്കൊണ്ടുകൊണ്ട്‌, ഈ നൈസര്‍ഗ്ഗികാവകാശങ്ങളുടെ നേര്‍ക്കുള്ള അവജ്ഞയും അവയെക്കുറിച്ചുള്ള അജ്ഞത മൂലം മനുഷ്യര്‍ പ്രകൃതിക്കുമേല്‍ ഗുരുതരമായ നാശങ്ങളേല്‍പ്പിക്കുന്നതിനും മൃഗങ്ങള്‍ക്കു നേരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും ഇടയാകുന്നുവെന്ന്‌ മനസ്സിലാക്കിക്കൊണ്ടും ജീവികളുടെ സഹവര്‍ത്തിത്വമെന്നാല്‍ മനുഷ്യന്‍ എന്ന സ്‌പീഷിസ്‌ […]

animalയുനസ്‌കോയുടെ പാരീസിലെ ആസ്ഥാനത്തുവച്ച്‌ 1978 ഒക്ടോബര്‍ 15ന്‌ വിളംബരം ചെയ്യപ്പെട്ട സാര്‍വ്വദേശീയ മൃഗാവകാശ പ്രഖ്യാപനം

ആമുഖം
സമസ്‌ത ജീവനും ഒന്നാണെന്നും എല്ലാ ജീവജാലങ്ങള്‍ക്കും പൊതു ഉല്‍പ്പത്തിയാണെന്നും പരിണാമത്തിലുണ്ടായ വൈവിദ്ധ്യങ്ങളുടെ ഫലമായി വിവിധ ജീവജാതികളായി രൂപംകൊണ്ടവയാണെന്നും പരിഗണിച്ചുകൊണ്ട്‌, എല്ലാ ജീവികള്‍ക്കും സ്വാഭാവികാവകാശങ്ങളുണ്ടെന്നും നാഡീവ്യൂഹമുള്ള മൃഗങ്ങള്‍ക്ക്‌ സവിശേഷാവകാശങ്ങളുണ്ടെന്നും ഉള്‍ക്കൊണ്ടുകൊണ്ട്‌, ഈ നൈസര്‍ഗ്ഗികാവകാശങ്ങളുടെ നേര്‍ക്കുള്ള അവജ്ഞയും അവയെക്കുറിച്ചുള്ള അജ്ഞത മൂലം മനുഷ്യര്‍ പ്രകൃതിക്കുമേല്‍ ഗുരുതരമായ നാശങ്ങളേല്‍പ്പിക്കുന്നതിനും മൃഗങ്ങള്‍ക്കു നേരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും ഇടയാകുന്നുവെന്ന്‌ മനസ്സിലാക്കിക്കൊണ്ടും ജീവികളുടെ സഹവര്‍ത്തിത്വമെന്നാല്‍ മനുഷ്യന്‍ എന്ന സ്‌പീഷിസ്‌ മറ്റു സ്‌പീഷീസുകളില്‍പ്പെട്ട മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കലാണ്‌ എന്ന്‌ നിരൂപിച്ചുകൊണ്ടും മനുഷ്യരുടെ പരസ്‌പര ബഹുമാനം പോലെ തന്നെയാണ്‌ മനുഷ്യര്‍ക്ക്‌ മൃഗങ്ങളോടുള്ള ആദരവ്‌ എന്ന്‌ ഉള്‍ക്കൊണ്ടുകൊണ്ടും ഇതിങ്കല്‍ വിളംബരം ചെയ്യുന്നത്‌ എന്തെന്നാല്‍:

അനുച്ഛേദം 1
ജീവശാസ്‌ത്രപരമായ സന്തുലിതാവമസ്ഥയുടെ പശ്ചാത്തലം പരിഗണിച്ച്‌ എല്ലാ മൃഗങ്ങള്‍ക്കും നിലനില്‍പ്പിനും വളരാനും തുല്യമായ അവകാശങ്ങളുണ്ട്‌. ഈ സമത്വം ഏതു ജീവികുലത്തിലെ ജീവികളുടെയും വൈവിദ്ധ്യത്തെ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌.

അനുച്ഛേദം 2
ചേതനയുള്ള എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഇതര ജീവികളാലും മനുഷ്യരാലും ആദരിക്കപ്പെടാന്‍ അവകാശമുണ്ട്‌.

അനുച്ഛേദം 3
(എ) മൃഗങ്ങളെ മോശം പെരുമാറ്റങ്ങള്‍ക്കോ ക്രൂരകൃത്യങ്ങള്‍ക്കോ വിധേയരാക്കരുത്‌.
(ബി) ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അത്‌ മൃഗത്തെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കേണ്ടതാണ്‌.
(സി) മൃഗത്തിന്റെ ജഡം കൈകാര്യം ചെയ്യേണ്ടത്‌ അന്തഃസ്സുറ്റ രീതിയിലായിരിക്കണം.

അനുച്ഛേദം 4
(എ) വന്യമൃഗങ്ങള്‍ക്ക്‌ അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ട്‌.
(ബി) നേരംപോക്കിനും വിനോദത്തിനുമായുള്ള മൃഗവേട്ടയും മത്സ്യബന്ധനവും ദീര്‍ഘകാലത്തേയ്‌ക്കുള്ള വന്യമൃഗങ്ങളുടെ തടവും ജീവരക്ഷാപരമായ കൈകാര്യങ്ങള്‍ക്കല്ലാതെ വന്യമൃഗങ്ങളെ ഉപയോഗിക്കവും ഈ മൗലികാവകാശത്തിന്‌ എതിരാണ്‌.

അനുച്ഛേദം 5
(എ) മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത്‌ മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്‌ക്കും അവകാശമുണ്ട്‌.
(ബി) യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുത്‌.
(സി) മൃഗ പ്രജനന രീതി ഏതും അതാത്‌ ജീവിവര്‍ഗ്ഗത്തിന്റെ ശരീരശാസ്‌ത്രം, പെരുമാറ്റം എന്നിവയെ ബഹുമാനിച്ചുകൊണ്ടായിരിക്കണം.
(ഡി) മൃഗങ്ങളെ സംബന്ധിച്ച പ്രദര്‍ശനങ്ങള്‍, സിനിമ മുതലായവ അവയുടെ അന്തസ്സിനെ മാനിക്കുന്നതും യാതൊരു തരത്തിലുള്ള അക്രമങ്ങള്‍ ഇല്ലാത്തവയുമായിരിക്കണം.

അനുച്ഛേദം 6
(എ) മൃഗങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കോ മാനസികാവസ്ഥയ്‌ക്കോ പീഢനമേല്‍പ്പിക്കുന്ന തരം പരീക്ഷണങ്ങള്‍ മൃഗങ്ങളുടെ അവകാശത്തിന്റെ ലംഘനമായി കണക്കാക്കപ്പെടണം.
(ബി) മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങള്‍ക്ക്‌ വിരാമമിടാന്‍ പകരം വയ്‌ക്കാവുന്ന നടപടിക്രമങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ക്രമാനുഗതമായി നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്‌.

അനുച്ഛേദം 7
(എ) ഒരു മൃഗത്തിന്റെ മരണത്തിലേയ്‌ക്കു നയിക്കുന്ന അനാവശ്യമായ ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്‌ക്കു നയിക്കുന്ന ഏതൊരു തീരുമാനവും ജീവനുനേരെയുള്ള കുറ്റകൃത്യമാണ്‌.

അനുച്ഛേദം 8
(എ) പ്രകൃതിയിലെ ഒരു പ്രത്യേക സ്‌പീഷീസിന്റെ നിലനില്‍പ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്‌ക്ക്‌ നയിക്കുന്ന ഏതൊരു തീരുമാനങ്ങളും ആ ജീവജാതിയുടെ വംശഹത്യയ്‌ക്ക്‌ സമാനമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടേണ്ടതാണ്‌.
(ബി) വന്യമൃഗങ്ങളുടെ കൂട്ടക്കൊല, അവയുടെ സ്വാഭാവിക ആവാസസ്ഥലം നശിപ്പിക്കല്‍, മലിനീകരണം എന്നിവ വംശഹത്യാ പ്രവര്‍ത്തനങ്ങളാണ്‌.

അനുച്ഛേദം 9
(എ) ജീവശൃംഖലയില്‍ മൃഗങ്ങളുടെ സവിശേഷ സ്ഥാനവും പദവിയും അവകാശങ്ങളും നിയമം വഴി അംഗീകരിക്കപ്പെടണം.
(ബി) മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണം.

അനുച്ഛേദം 10
കുട്ടിക്കാലം മുതലേ മൃഗങ്ങളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കാനും ഇടപഴകാനും ഉതകുന്ന വിദ്യാഭ്യാസ-പഠനരീതികളും പൗരന്‌/പൗരിക്ക്‌ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉറപ്പു വരുത്തണം.

വിവര്‍ത്തനം : എന്‍.എന്‍. ഗോകുല്‍ദാസ്‌, ഇന്ദിര കെ.എ
(2014 ഒക്ടോബര്‍ 4ന്‌ 5.30ന്‌ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍വച്ച്‌ നടത്തുന്ന മിണ്ടാപ്രാണികള്‍ക്കുവേണ്ടി മിണ്ടുന്നവരുടെ സംഗമത്തില്‍ പ്രകാശനത്തിന്‌ തയ്യാറാക്കിയത്‌.)

വാല്‍ക്കഷ്‌ണം
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മനുഷ്യാവകാശ കമ്മീഷന്‍ അടുത്തയിടെ ഇത്തരമൊരു ശുപാര്‍ശ നല്‍കിയതായി വാര്‍ത്ത. കമ്മിഷന്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങളിലൊന്ന്‌ തെരുവു നായ്‌ക്കളുടെ മാംസം കയറ്റുമതി ചെയ്യണമെന്നാണ്‌. സുപ്രീം കോടതി അടുത്ത്‌ പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍പ്പോലും തെരുവുനായ്‌ക്കളെ വന്ധ്യംകരിച്ച്‌ പൊതുസ്‌ഥലത്ത്‌ തന്നെ തുറന്നുവിടണമെന്ന്‌ ചുണ്ടികാണിച്ചിട്ടുണ്ടെന്ന്‌ കമ്മീഷന്‍ മന്നോ എന്തോ? അതോ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യനു മാത്രമേയുള്ളു എന്നാണോ മനുഷ്യാവകാശ കമ്മിഷന്‍ ധരിച്ചുവെച്ചിരിക്കുന്നത്‌? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply