ഒക്ടോബര്‍ വിപ്ലവത്തിന് റഷ്യന്‍ സഖാക്കള്‍ കൈക്കോട്ട് എടുക്കുമ്പോള്‍ അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘം പത്താം വാര്‍ഷികം കഴിഞ്ഞിരുന്നു.

അബി തരകന്‍ ദലിത് ഹര്‍ത്താല്‍ സി പി എമ്മിനെതിരെ ആണ്, ബി ജെ പിക്ക് എതിരെ അല്ല എന്ന് എന്തുകൊണ്ടാണ് പല ഇടതുപക്ഷ സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്, പറയുന്നത്. ഞാന്‍ നോക്കിയിട്ട് ഒരു കാരണമേയുള്ളൂ. ദലിത് ഹര്‍ത്താല്‍ നേതൃത്വത്തില്‍ ഉള്ളവര്‍, ഗീതാനന്ദന്‍ അടക്കം, തങ്ങളുടെ ചിന്തയിലും പ്രയോഗത്തിലും, മൗലികമായി തന്നെ സി പി എമ്മുമായി കലഹിച്ചിട്ടുള്ളവരാണ്. ഈ കലഹം പാര്‍ട്ടിയുടെ ശിലാതത്വങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നവയാണ്. ഈ ചോദ്യങ്ങള്‍ നേരിടുന്നതിലും എളുപ്പം ഒതുക്കിവെക്കുന്നതാണ് എന്നൊരു അബോധ ഉടമ്പടി രൂപപ്പെടുകയും ചെയ്തു. […]

dddd

അബി തരകന്‍

ദലിത് ഹര്‍ത്താല്‍ സി പി എമ്മിനെതിരെ ആണ്, ബി ജെ പിക്ക് എതിരെ അല്ല എന്ന് എന്തുകൊണ്ടാണ് പല ഇടതുപക്ഷ സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്, പറയുന്നത്. ഞാന്‍ നോക്കിയിട്ട് ഒരു കാരണമേയുള്ളൂ. ദലിത് ഹര്‍ത്താല്‍ നേതൃത്വത്തില്‍ ഉള്ളവര്‍, ഗീതാനന്ദന്‍ അടക്കം, തങ്ങളുടെ ചിന്തയിലും പ്രയോഗത്തിലും, മൗലികമായി തന്നെ സി പി എമ്മുമായി കലഹിച്ചിട്ടുള്ളവരാണ്. ഈ കലഹം പാര്‍ട്ടിയുടെ ശിലാതത്വങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നവയാണ്. ഈ ചോദ്യങ്ങള്‍ നേരിടുന്നതിലും എളുപ്പം ഒതുക്കിവെക്കുന്നതാണ് എന്നൊരു അബോധ ഉടമ്പടി രൂപപ്പെടുകയും ചെയ്തു. കുട്ടിസ്രാങ്ക് സിനിമയില്‍ ഫാദര്‍ യോനസ്, ലോനി ആശാനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘വികാരിയച്ചനെക്കാള്‍ വലിയ കലാകാരനോ’എന്ന്. അതേ സഭാ ലൈന്‍ ആണിവിടെ. ഞങ്ങളിവിടെ നിങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനുള്ളപ്പോള്‍ നിങ്ങള്‍ എന്തിനാ ഹര്‍ത്താല്‍ എന്നും പറഞ്ഞ് ഇറങ്ങുന്നത് എന്നാ മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. ആതുകൊണ്ടാണ് ജിഷയുടെ കൊലപാതകത്തെതുടര്‍ന്ന് നടന്ന ദലിത് ഹര്‍ത്താലിനെ ഊരും പേരുമില്ലാത്തവരുടെ പരിപാടിയായി കോടിയേരി കണ്ടത്. അതുകൊണ്ട് തന്നെയാണ് ‘ചിത്രലേഖയെന്ന തൊഴിലാളി സ്ത്രീയെ ദളിത് സ്ത്രീയായി മാത്രം ചുരുക്കി കെട്ടാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം’ എന്ന് പി ജയരാജന്‍ കഴിഞ്ഞ ദിവസം ഫെയിസ് ബുക്കില്‍ എഴുതുന്നത്. ‘സര്‍വ്വരാജ്യതോഴിലാളികളെ സംഘടിക്കുവീന്‍ ‘ എന്ന സമരാഹ്വാനം മുഴക്കുമ്പാള്‍, ‘ അല്ല, മറ്റ് ചില സമരങ്ങളെക്കുറിച്ച് കൂടി നമുക്ക് സംസാരിക്കേണ്ടതുണ്ട് ‘ എന്ന് ദലിത് സമൂഹം പറയുമ്പോള്‍ ഇടതുപക്ഷത്തിന് അത് പ്രശ്‌നമായി തോന്നുന്നത് ഈ ഒതുക്കിവെക്കലില്‍ ഒരു സാന്ത്വനം ഉള്ളളതുകൊണ്ടാണ്. ഈ സാന്ത്വനത്തെ അസ്വസ്ഥപ്പെടുത്തുന്ന മൌലിക ചോദ്യങ്ങളോട് സംവദിക്കാന്‍ കഴിയാതെ വരുമ്പോള്‍, ‘ദേ സ്വത്വവാദികള്‍ സുടാപ്പികളോടൊപ്പം ഇറങ്ങിയേക്കുന്നു, പോമോ-ഫൂക്കോ വാദികള്‍ ദേണ്ടേ,’ എന്നൊക്കെ കളിയാക്കുന്നത്.
2003ല്‍ ഗീതാനന്ദനുമായി നടത്തിയ അഭിമുഖത്തിന്റെ ഒരു ഭാഗം ക്വോട്ട് ചെയ്യട്ടെ, ‘എന്റ ബിദുദാനന്തര വിദ്യാഭ്യാസം 1976-77 കാലത്താണ് (Msc Marine Biology CUSAT). അന്ന് ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് കോളെജ് ഹോസ്റ്റലില്‍ പ്രവേശനം കൊടുത്തിരുന്നില്ല. അതിന് വാര്‍ഡന്‍ പ്രത്യേകം കാരണം ഒന്നും പറഞ്ഞില്ല. പട്ടികജാതിക്കാരന്‍ ആയിരുന്നു എന്ന ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതൊരു ഗൌരവമുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമായി ഞാന്‍ കണക്കിലെടുത്തില്ല. പ്രതിഷേധത്തിനൊന്നും നില്‍ക്കാതെ പുറത്തുള്ള കോസ്‌മോപോളിറ്റന്‍ ലോഡ്ജില്‍ താമസം തുടങ്ങി. ആ സമയത്ത് തോമസ് ഐസക്ക് എന്റെ മുറിയിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു. പല തരത്തിലുള്ളള അവഗണനകള്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ പഠനത്തില്‍ നന്നായി ശ്ദ്ധിച്ചിരുന്നു. അങ്ങനെ ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ പാസ്സായി. ഗവേഷണത്തില്‍ ആയിരുന്നു താല്‍പര്യം. പക്ഷേ ഒരു അധസ്ഥിതന്റെ അന്യവല്‍കരണം, ഒറ്റപ്പെടല്‍ പതുക്കെ ഞാന്‍ അനുഭവിച്ചു തുടങ്ങിയിരുന്നനു. ഒരു യൂറോപ്യന്‍ വംശജനോ, സവര്‍ണ്ണനോ അസ്തിത്വപ്രര്ശനത്തെ കുറിച്ച് ബോധമുണ്ടാവുന്നത് അയാള്‍ സ്വന്തം മണ്ണില്‍ നിന്ന് പാലായനം ചേയ്യേണ്ടിവരുന്‌പോഴാണ്. എന്നാല്‍ ദലിതന്‍ അങ്ങനെയൊരു പലായനം ഇല്ലാതെ തന്നെ അന്യവല്‍കരണം അനുഭവിക്കുന്നുണ്ട്. മാര്‍ക്‌സിസത്തിന് ഇത് വ്യാഖ്യാനിക്കാന്‍ സാധിച്ചിരുന്നില്ല. കേരളത്തില്‍ ആധുനികത ഉന്നയിച്ച അസ്തിത്വവാദ പ്രശ്‌നം പക്ഷേ ദലിതുകള്‍ അനുഭവിച്ച അന്യവല്‍കരണത്തോട് പൊരുത്തപ്പെട്ടിരുന്നില്ല. അതിന് കമ്യൂവിന്റെയും കാഫ്കകയുടെയും മുകുന്ദന്റെയും അനന്ദിന്റെയും അളവുകോലുകള്‍ പോരായിരുന്നു. ആവിലായിലെ സൂര്യോദയവും ആള്‍ക്കൂട്ടവും ട്രയലും ഒക്കെ വായിച്ചിരുന്നെങ്കിലും അത് മറ്റൊരു തലത്തില്‍ എന്നെ സ്പര്‍ശിക്കുകയുണ്ടായില്ല.’ ‘ദേ സ്വത്വവാദികള്‍,’ എന്ന പരിഹാസം, അത് വേണം എന്ന് വിചാരിച്ച് ചെയ്യുന്നതല്ലാ എന്നാ എന്റെ തോന്നല്‍. പിന്നെയോ, ദലിതര്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്‌നത്തെ മനസ്സിലാക്കാനുള്ള പഠനോപകരണങ്ങളും ഒരു ഓണസ്റ്റ് സംവാദത്തിനുള്ള സ്‌പേസും, ഇപ്പോ, ഈ ബൂര്‍ഷ്വാ മത്സരകാലത്ത് ഇല്ല എന്നതാവാം കാരണം. അനേകം സമ്മേളനങ്ങള്‍ക്കിടയിലൂടെ പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ വന്നുപോവും – ഈ ഇവന്റെ മാനേജ്‌മെന്റിന്റയും ശക്തി തെളിക്കലിന്റെയും ഇടയില്‍, കുറവുകളെക്കുറിച്ച് റിഫ്‌ളക്ട്ട് ചെയ്യാനിരുന്നാല്‍ എക്‌സെല്‍ ഷീറ്റ് ആര് പൂരിപ്പിക്കും. ഉദാരവല്‍കരണത്തിനുശേഷം, പാര്‍ട്ടി എന്ന ഘടനയെ നിലനിര്‍ത്തേണ്ട നിര്‍ബന്ധങ്ങള്‍ക്കിടയില്‍ അതിനുള്ള മൈന്‍ഡ് സ്‌പേസ് സി പി എമ്മിന് ഇപ്പോള്‍ മിസ്സിങ്ങ് ആണ്.
എന്നാല്‍ എപ്പോഴും അങ്ങനെയായിരുന്നില്ല എന്നാണ് ഫെബ്രുവരി അവസാനം മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഡോ കുഞ്ഞാമന്‍ സൂചിപ്പിക്കുന്നത്. ഒരു ദലിത് എന്ന നിലയില്‍ പാര്‍ട്ടിയോടുള്ള തന്റെ വിമര്‍ശനങ്ങള്‍ എ കെ ജി സെന്ററിലെ ചര്‍ച്ചകളില്‍ അദ്ദേഹം ഉന്നയിക്കുമായിരുന്നു. ‘ഞാന്‍ എ കെ ജി സെന്റര്‍ എന്ന സര്‍വകലാശാലയില്‍ പഠിക്കുകയും കേരള സര്‍വകലാശാലയില്‍ പഠിപ്പിക്കുകയുമായിരുന്നു…. അന്നത്തെ ചര്‍ച്ചകളിലും സെമിനാറുകളിലും ഇ എം എസ് ഇരിക്കും. ലേഖനങ്ങളോട് പ്രതികരിക്കും. ഒരു പ്രാവശ്യം ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തില്ല. ഉച്ചക്ക് ഊണിന് പിരിഞ്ഞു. ഞാന്‍ മാറി നില്‍ക്കുകയാണ്. ഇ എം എസും വി എസും കൂടി അരികെ വന്നു. എന്താണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് എന്ന് ഇ എം എസ് ചോദിച്ചു. ‘ഞാന്‍ സഖാവിന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നയാളാണ്, സഖാവിനെയും വിമര്‍ശിക്കും.’ അദ്ദേഹം അപ്പോള്‍ പറഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിമര്‍ശിക്കണം. വിമര്‍ശനത്തിലൂടെയാണ് മാര്‍ക്‌സിസം വളരുന്നത്. എന്നെയും വിമര്‍ശിക്കണം. വിമര്‍ശിക്കപ്പെടാതിരിക്കാന്‍ ഞാന്‍ ദൈവമല്ല.’
പറഞ്ഞു വന്നത്, ദലിത് ഹര്‍ത്താല്‍ സി പി എമ്മിനെതിരെയാണ് എന്ന് വ്യാകുലപെടേണ്ട. ഒക്ടോബര്‍ വിപ്ലവത്തിന് റഷ്യന്‍ സഖാക്കള്‍ കൈക്കോട്ട് എടുക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘത്തിന്റെ പത്താം വാര്‍ഷികം കഴിഞ്ഞിരുന്നു. അതുകൊണ്ട്, ഞങ്ങളോട് ചര്‍ച്ച ചെയ്യാതെയാണ് ഹര്‍ത്താല്‍ നടത്തിയത് എന്നു പറഞ്ഞ് കെറുവിക്കുന്നതില്‍ ഒരു ചരിത്രപരമായ ശരികേടുണ്ട്. കേരളത്തിലുമാവാം ലാല്‍സലാം-നീല്‍സലാം. പക്ഷേ, അതിന് ആദ്യം ദലിതര്‍ എ കെ ജി സെന്ററില്‍ ദക്ഷിണ വെക്കട്ടേ എന്ന പറയുന്നിടത്താണ് പ്രശ്‌നം. ഇ എം എസ് ഡോ കുഞ്ഞാമനോട് അന്ന് പറഞ്ഞത്, പിണറായി വിജയന്‍ എം ഗീതാനന്ദനോട് ഇന്ന് പറയുന്ന കേരളമാണ് ഈ ഫാസിസ്റ്റ് കാലത്തെ എന്റെ കിണാശ്ശേരി.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply