ഒക്ടോബര്‍ വിപ്ലവം ശതാബ്ദിയും സീതാറാം യെച്ചൂരിയും

ലോകചരിത്രത്തിലെ ഒരു പ്രധാന അധ്യായമായ ഒക്ടോബര്‍ വിപ്ലവം നൂറാം വയസ്സിലേക്കു പ്രവേശിക്കുകയാണ്. സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി തുടങ്ങി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഒക്ടോബര്‍ വിപ്ലവത്തെ അന്ധമായി ഉയര്‍ത്തിപിടിക്കുകയും പിന്നീടുണ്ടായ തിരിച്ചടികളെല്ലാം സാമ്രാജ്യത്വ ഗൂഢാലോചനയാണെന്നും സ്ഥാപിക്കാനുള്ള ശ്രമം തന്നെയാണ് കേരളത്തിലെങ്കിലും നടക്കുന്നത്. ആത്മാര്‍ത്ഥമായ സ്വയംവിമര്‍ശനത്തിന് നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ഇനിയും തയ്യാറല്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി ദേശാഭിമാനിയിലെഴുതിരിക്കുന്ന ലേഖനം. മഹത്തായ ഒക്ടോബര്‍ വിപ്ലവമെന്നൊക്കെ പറയുമ്പോള്‍ അങ്ങനെ രൂപം കൊണ്ട രാഷ്ട്രീയസംവിധാനം […]

rrrr

ലോകചരിത്രത്തിലെ ഒരു പ്രധാന അധ്യായമായ ഒക്ടോബര്‍ വിപ്ലവം നൂറാം വയസ്സിലേക്കു പ്രവേശിക്കുകയാണ്. സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി തുടങ്ങി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഒക്ടോബര്‍ വിപ്ലവത്തെ അന്ധമായി ഉയര്‍ത്തിപിടിക്കുകയും പിന്നീടുണ്ടായ തിരിച്ചടികളെല്ലാം സാമ്രാജ്യത്വ ഗൂഢാലോചനയാണെന്നും സ്ഥാപിക്കാനുള്ള ശ്രമം തന്നെയാണ് കേരളത്തിലെങ്കിലും നടക്കുന്നത്. ആത്മാര്‍ത്ഥമായ സ്വയംവിമര്‍ശനത്തിന് നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ഇനിയും തയ്യാറല്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി ദേശാഭിമാനിയിലെഴുതിരിക്കുന്ന ലേഖനം.
മഹത്തായ ഒക്ടോബര്‍ വിപ്ലവമെന്നൊക്കെ പറയുമ്പോള്‍ അങ്ങനെ രൂപം കൊണ്ട രാഷ്ട്രീയസംവിധാനം നിലനിന്നത് ഏതാനും ദശകങ്ങള്‍ മാത്രമായിരുന്നു എന്നതാണ് വിസ്മരിക്കപ്പെടുന്നത്. ഒരുപക്ഷെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം നിലനിന്ന് രാഷ്ട്രീയ സാമ്പത്തിക സംവിധാനം. അതിന്റെ കാരണങ്ങള്‍ ആന്തരികമായി തിരയാതെ, ബാഹ്യമായി മാത്രം അന്വേഷിക്കുന്ന രീതിതന്നെയാണ് യെച്ചൂരി പിന്തുടരുന്നത്. ‘ചൂഷണത്തില്‍നിന്നുള്ള സമൂഹത്തിന്റെയാകെ മോചനം’എന്നതാണ് ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നേട്ടം എന്നാണ് യെച്ചൂരി പറയുന്നത്. ലോകത്ത് മൂന്നിലൊന്നു രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടിരുന്നു എന്നു പറയുന്ന അദ്ദേഹം എവിടെയെങ്കിലും ചൂഷണമില്ലാതായോ എന്ന കാര്യത്തില്‍ നിശബ്ദനാണ്. സ്വാഭാവികമായും അന്താരാഷ്ട്രശക്തികള്‍ മാര്‍ക്‌സിസത്തെ കടന്നാക്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, റഷ്യന്‍വിപ്‌ളവവും തുടര്‍ന്ന് സ്ഥാപിതമായ സോവിയറ്റ് യൂണിയനും മാര്‍ക്‌സിസം ശാസ്ത്രസത്യത്തില്‍ അധിഷ്ഠിതമായ സൃഷ്ടിപരമായ ശാസ്ത്രമാണെന്ന് വ്യക്തമാക്കിയതായും യെച്ചൂരി പറയുന്നു. മാര്‍ക്‌സിസം ദര്‍ശനമോ ശാസ്ത്രമോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ.
ദാരിദ്യ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്തതും വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ വിശാലമായ സാമൂഹ്യസുരക്ഷാ ശൃംഖല സാധ്യമാക്കിയതും ഉള്‍പ്പെടെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെങ്ങുമുള്ള തൊഴിലാളിവര്‍ഗത്തിന് ആത്മവിശ്വാസത്തിന്റെ സ്രോതസ്സും പോരാട്ടങ്ങള്‍ക്ക് പ്രചോദനവുമായെന്നാണ് യെച്ചൂരി പറയുന്നത്. അത്രക്കൊക്കെ നേട്ടങ്ങള്‍ നേടിയ ഭരണകൂടങ്ങളെ ജനങ്ങള്‍ തൂത്തെറിയുക എന്നാല്‍ മനുഷ്യനില്‍ ഇനിയൊരു വിശ്വാസം സാധ്യമാണോ? ഒരു രാഷ്ട്രീയപ്രവര്‍ത്തനം പ്രസക്തമാണോ? ചില മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആത്യന്തികമായി മനുഷ്യന്റെ ജനാധിപത്യ – സ്വാതന്ത്ര്യ – സര്‍ഗ്ഗാത്മക ത്വരകളോടുള്ള നിലപാടുകളാണ് സോഷ്യലിസത്തിന്റെ തിരിച്ചടിക്കു കാരണണായതെന്നംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. പകരം പറയുന്നത് നോക്കൂ..”ഒരിക്കല്‍ സോഷ്യലിസം സ്ഥാപിക്കപ്പെട്ടാല്‍ അതില്‍നിന്ന് പിന്നോട്ടുപോക്ക് ഉണ്ടാകില്ലെന്നത് അബദ്ധ ധാരണയാണ്. രണ്ടാംലോകയുദ്ധാനന്തരം ലോകരാജ്യങ്ങളില്‍ മൂന്നിലൊന്നും സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു കീഴിലായെങ്കിലും ശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും ആധുനിക മുതലാളിത്തത്തിന് കീഴില്‍ തന്നെയായിരുന്നു. ലോക സോഷ്യലിസം ലോക മുതലാളിത്തത്തിന്റെ വലയത്തിനുള്ളില്‍ തന്നെയായിരുന്നു എന്നര്‍ത്ഥം. നഷ്ടപ്പെട്ട മൂന്നിലൊന്ന് ഭാഗത്ത് അധിശീത്വം വീണ്ടെടുക്കാന്‍ മുതലാളിത്തം നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു.’ ആ ശ്രമങ്ങളാണ് തകര്‍ച്ചക്കുകാരണമെന്ന കമ്യൂണിസ്റ്റുകാരുടെ പരമ്പരാഗത നിലപാട് തിരുത്താന്‍ യെച്ചൂരിയും തയ്യാറല്ല. സോഷ്യലിസത്തിന്റെ ശക്തിയെ കണക്കിലേറെ മതിക്കുകയും മുതലാളിത്തത്തിന്റെ ശേഷിയെ വിലകുറച്ചുകാണുകയും ചെയ്തതോടെ തകര്‍ച്ച പൂര്‍ത്തിയായതായും യെച്ചൂരി ആശ്വസിക്കുന്നു. ഒരു വിപ്ലവത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ എത്രയോ നിസ്സാരം. മറ്റൊന്നുകൂടി അദ്ദേഹം കൂട്ടിചേര്‍ക്കുന്നുണ്ട്. സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവം, സോഷ്യലിസ്റ്റ് ജനാധിപത്യസ്ഥാപനം, സോഷ്യലിസ്റ്റ് സാമ്പത്തിക നിര്‍മിതി, സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു കീഴില്‍ ജനങ്ങളെ ആശയപരമായി ബോധവല്‍ക്കരിക്കല്‍ എന്നീ നാല് മേഖലയില്‍ വീഴ്ചവന്നു എന്നതാണത്. അതായത് സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടത് മാര്‍ക്‌സിസം ലെനിനിസത്തിന്റെ വിപ്‌ളവതത്വങ്ങളുടെ അപര്യാപ്തതകൊണ്ടല്ല. മറിച്ച്, മാര്‍ക്‌സിസം ലെനിനിസത്തിന്റെ ശാസ്ത്രീയവും വിപ്‌ളവാത്മകവുമായ അന്തഃസത്തയില്‍നിന്ന് വേര്‍പെട്ടുപോയതുകൊണ്ടാണഎന്നും ഈ തിരിച്ചടി മാര്‍ക്‌സിസം ലെനിനിസത്തിന്റെയോ സോഷ്യലിസ്റ്റ് മാതൃകയുടെയോ നിരാകരണമല്ല എന്നും യെച്ചൂരി സ്ഥാപിക്കുന്നു.
സത്യമെന്താണ്? തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനം മുഴുവന്‍ സമൂഹത്തിന്റേയും മോചനമാണെന്നും തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അതിനാല്‍ പാര്‍ട്ടിയുടെ ഭരണത്തില്‍ നടക്കുന്ന സോഷ്യലിസ്റ്റ് നിര്‍മ്മാണ കാലഘട്ടത്തില്‍ മറ്റു പാര്‍ട്ടികള്‍ക്കു പ്രസക്തിയില്ല എന്നുതന്നെയാണ് വിപ്ലവാനന്തരകാലത്തെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ സങ്കല്‍പ്പം. ഫലമെന്താ? ജനങ്ങളുടെ മുഴുവന്‍ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും ഇല്ലാതായി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ചിന്തിക്കുന്നവര്‍ പോലും സമൂഹത്തിന്റെ ശത്രുക്കളായി. അവരെ കൊന്നൊടുക്കുന്നതുപോലും ന്യായീകരിക്കപ്പെട്ടു. ഹിറ്റ്‌ലറെപോലും നാണിപ്പിക്കുന്ന രീതിയില്‍ സ്റ്റാലിന്‍ നടത്തിയ ശുദ്ധീകരണങ്ങള്‍ ഈ നിലപാടുകളുടെ സ്വാഭാവികമായ തുടര്‍ച്ചയാണ്. ലെനിന്‍ ശരി, സ്റ്റാലിന്‍ തെറ്റ് എന്നു പറയുന്നതിലൊന്നും വലിയ കഴമ്പില്ല. മാര്‍ക്‌സിയന്‍ സങ്കല്‍പ്പങ്ങളുടെ പ്രയോഗം തന്നെയാണ് ഏറെക്കുറെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ നടപ്പായത്. അവിടങ്ങളിലെല്ലാം നടന്ന പോരാട്ടങ്ങള്‍ ജനാധിപത്യാവകാശത്തിനായിരുന്നു എന്നത് സ്വാഭാവികം മാത്രമാണ്. ആശയം ശരി, നടപ്പാക്കിയതിലെ തെറ്റ് എന്ന യെച്ചൂരിയുടെ വാദം ശരിയല്ല എന്നര്‍ത്ഥം. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ പുനപരിശോധന നടത്താതെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ബദല്‍ വീണ്ടും ശക്തി പ്രാപിക്കും എന്നാഗ്രഹിക്കുന്നതില്‍ ന്തെര്‍ത്ഥമാണുള്ളത്? മുതലാളിത്തത്തിന്റെ കൊള്ളയ്‌ക്കെതിരെ ലോകത്താകമാനം സമരങ്ങള്‍ വളരുകയാണ്, അത്തരം സമരങ്ങളെ ഒന്നിച്ചുചേര്‍ത്ത് മുതലാളിത്ത ഭരണത്തിനെതിരായ വര്‍ഗസമരമാക്കി മാറ്റാമെന്നൊക്കെ യെച്ചൂരിക്ക് കിനാവു കാണാം എന്നുമാത്രം. ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അന്തസത്ത ഉള്‍ക്കൊണ്ട് സ്വയം തിരുത്താതെ ഇനിയുമൊരു സോഷ്യലിസ്റ്റ് സ്വപ്‌നം അസാധ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply