ഐക്യരാഷ്ട്ര സംഘടന ജനാധിപത്യപരമായി പുന:സംഘടിപ്പിക്കണം

അശോകന്‍ ഞാറക്കല്‍ കമ്പോളത്തിന്റെ ആഗോളവല്‍ക്കരണം കൂട്ടനശീകരണായുധങ്ങളുടെ സ്വതന്ത്ര വ്യാപാരമായും വര്‍ധിക്കുന്ന അഭയാര്‍ത്ഥി പ്രവാഹമായും, വര്‍ധിക്കുന്ന വംശീയ വര്‍ഗീയ സംഘര്‍ഷങ്ങളായും, കുറയുന്ന തൊഴില്‍ സാധ്യതകളായും, മുര്‍ഛിക്കുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയായും എല്ലാം മാറുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ആഗോള ഭരണ സംവിധാനത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ഏകലോകസങ്കല്പം ചരിത്രത്തില്‍ മനുഷ്യരാശിയുടെ ദീര്‍ഘമായ ചരിത്രത്തില്‍ അനേകം യുദ്ധങ്ങളും, കൂട്ടക്കുരുതികളും ഉണ്ടായിട്ടുണ്ട്. ചിന്തിക്കുന്നവരെയെല്ലാം ദു:ഖത്തിലാഴ്ത്തുന്ന ഇത്തരം സഹോദരപ്പോരിന്റെ പ്രതിഫലനമായിട്ടാണ് ലോകത്തിലെ ഏതാണ്ടെല്ലാ മതങ്ങളിലും മനുഷ്യരെല്ലാവരും സാഹോദര്യത്തോടെ വസിക്കുന്ന ഭൂമി അഥവാ ഏകലോകം എന്ന […]

unഅശോകന്‍ ഞാറക്കല്‍

കമ്പോളത്തിന്റെ ആഗോളവല്‍ക്കരണം കൂട്ടനശീകരണായുധങ്ങളുടെ സ്വതന്ത്ര വ്യാപാരമായും വര്‍ധിക്കുന്ന അഭയാര്‍ത്ഥി പ്രവാഹമായും, വര്‍ധിക്കുന്ന വംശീയ വര്‍ഗീയ സംഘര്‍ഷങ്ങളായും, കുറയുന്ന തൊഴില്‍ സാധ്യതകളായും, മുര്‍ഛിക്കുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയായും എല്ലാം മാറുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ആഗോള ഭരണ സംവിധാനത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

ഏകലോകസങ്കല്പം ചരിത്രത്തില്‍
മനുഷ്യരാശിയുടെ ദീര്‍ഘമായ ചരിത്രത്തില്‍ അനേകം യുദ്ധങ്ങളും, കൂട്ടക്കുരുതികളും ഉണ്ടായിട്ടുണ്ട്. ചിന്തിക്കുന്നവരെയെല്ലാം ദു:ഖത്തിലാഴ്ത്തുന്ന ഇത്തരം സഹോദരപ്പോരിന്റെ പ്രതിഫലനമായിട്ടാണ് ലോകത്തിലെ ഏതാണ്ടെല്ലാ മതങ്ങളിലും മനുഷ്യരെല്ലാവരും സാഹോദര്യത്തോടെ വസിക്കുന്ന ഭൂമി അഥവാ ഏകലോകം എന്ന സങ്കല്പം കടന്നുകൂടിയത്. ഹിന്ദുമതത്തിലെ അദൈ്വതസങ്കല്പവും, ക്രിസ്തുമതത്തിലെ ദൈവരാജ്യവും, ഇസ്ലാമിലെ സാഹോദര്യസങ്കല്പവും എല്ലാം ഈ ഏകലോകസങ്കല്പത്തില്‍ പ്രതിഫലനമാണ്. ആധുനികകാലത്ത് മനുഷ്യരുടെ ചിന്തയില്‍ ഗണ്യമായ സ്വാധീനം കൈവരിച്ച് ചിന്താ പദ്ധതികളായ മാര്‍ക്‌സിസവും, ഗാന്ധിസവും ഈ ഏകലോകസ്വപ്നത്തെ താലോലിക്കുന്നവയാണ് എന്നതും യാദൃഛികമല്ല.
രണ്ടാംലോകമഹായുദ്ധാനന്തരം 1945ല്‍ ജന്മമെടുത്ത ഐക്യരാഷ്ട്ര സംഘടനയും, അതിനുമുന്‍പ് ഒന്നാം ലോകമഹായുദ്ധാനന്തരം നിലവില്‍ വന്ന ലീഗ് ഓഫ് നേഷന്‍സും രൂപമെടുത്തത് യുദ്ധങ്ങളും കൂട്ടക്കുരുതികളും ഇല്ലാത്ത ഏകലോകം എന്ന സ്വപ്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വളരെ ദുര്‍ബലമായ ഒരു സംഘടനാ സംവിധാനമുണ്ടായിരുന്ന ലീഗ് ഓഫ് നേഷന്‍സിന് വന്‍ രാഷ്ട്രങ്ങളുടെ താന്തോന്നിത്തങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ലീഗ് കാലക്രമേണ പ്രവര്‍ത്തനരഹിതമാവുകയും രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ലോകം കണ്ടതില്‍ ഏറ്റവും ‘ഭീകരമായ കൂട്ടക്കുരുതിയായി മാറി രണ്ടാം ലോകമഹായുദ്ധം.
അന്നത്തെ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ ഉപയോഗപ്പെടുത്തിയ രണ്ടാം ലോകമഹായുദ്ധത്തില്‍ മൊത്തം 7 കോടിയിലധികം ജനങ്ങള്‍ (അതില്‍ 2.2. കോടി പട്ടാളക്കാര്‍) മരണമടഞ്ഞു എന്നാണ് ഏകദേശകണക്ക്. എല്ലാ ‘ഭൂഖണ്ഡങ്ങളും യുദ്ധത്തില്‍പ്പെട്ടുവെങ്കിലും യൂറോപ്പിലും, ഏഷ്യയിലും ആയിരുന്നു ഏറ്റവും അധികം നാശനഷ്ടം. ആ യുദ്ധത്തിന്റെ അവസാനം അന്നുവരെ മനുഷ്യന് സ്വപ്നത്തില്‍പോലും കാണാന്‍ കഴിയാതിരുന്ന സംഹാരശേഷിയുള്ള ഒരു പുതിയ ആയുധത്തിന്റെ ഉദയവും ലോകം കണ്ടു. ഹിരോഷിമയിലും നാഗസാക്കിയിലും മരണം വിതച്ച ആറ്റംബോംബ് ആണ് ആ പുതിയ ആയുധം. സാന്ദര്‍ഭികമായി പറയട്ടെ ഹിരോഷിമയിലും നാഗസാക്കിയിലും മരണം വിതച്ച ആറ്റംബോംബുകളുടെ ദശലക്ഷക്കണക്കിന് മടങ്ങ് സംഹാരശേഷി ഇന്ന് വിവിധരാജ്യങ്ങളുടെ ആയുധപ്പുരകളില്‍ സൂക്ഷിച്ചിട്ടുള്ള ആറ്റം, ഹൈഡ്രജന്‍ ബോംബുകളുടെ കൂമ്പാരത്തിനുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിലെ കൂട്ടക്കുരുതിക്ക് ഒരു അപ്രതീക്ഷിത ഫലമുണ്ടായി. കലിംഗയുദ്ധാനന്തരം യുദ്ധത്തിലെ കെടുതികള്‍ കണ്ട് അഹിംസാസിദ്ധാന്ത പ്രചരണത്തിനായി ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ച അശോകചക്രവര്‍ത്തിയെപ്പോലെ യുദ്ധത്തില്‍ വിജയികളായ രാഷ്ട്രങ്ങള്‍ മുന്‍കയ്യെടുത്ത് 1944 അവസാനം ഐക്യരാഷ്ട്ര ചാര്‍ട്ടറിനു രൂപം നല്‍കി. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബുവീണു മൂന്നുമാസം കഴിയുന്നതിനുമുന്‍പുതന്നെ 1945 ഒക്‌ടോബര്‍ 24ന് ഐക്യരാഷ്ട്രസംഘടന നിലവില്‍വന്നു. ഈ സംഘടനയില്‍ അംഗത്വം സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കും, ഭാവിയില്‍ സ്വതന്ത്രരാഷ്ട്രമായി രൂപപ്പെടാന്‍ സാധ്യതയുള്ള സംഘടനകള്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഭാവിയിലെ സ്വതന്ത്രരാഷ്ട്രമെന്ന നിലക്ക് നിലവില്‍ പലസ്തീന്‍ ഐക്യരാഷ്ട്രസ’യിലെ അംഗമാണ്. ദീര്‍ഘകാലമായി നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാനം സുഡാനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രരാഷ്ട്രമായി തീര്‍ന്ന ദക്ഷിണസുഡാന്‍ 2011 ജൂലൈ 14ന് ഐക്യരാഷ്ട്രസംഘടനയില്‍ അംഗമായതോടെ സംഘടനയുടെ അംഗങ്ങള്‍ 193 ആയി. അങ്ങനെ തുടക്കത്തില്‍ 50 രാഷ്ട്രങ്ങളുടെ ഐക്യസംഘടനയായി തുടങ്ങിയ യു.എന്‍.ഇന്ന് അതിന്റെ നാലിരട്ടിയോളം രാഷ്ട്രങ്ങളുള്ള ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. ഇന്ന് ഒരു പുതിയ രാഷ്ട്രം രൂപപ്പെട്ടാല്‍ അതിന്റെ ആദ്യത്തെ പ്രവര്‍ത്തികളിലൊന്ന് ഐക്യരാഷ്ട്രസംഘടനയില്‍ അംഗത്വമെടുക്കുക എന്നതായിരിക്കുന്നു.
ഇതൊക്കെയാണെങ്കിലും. യു.എന്‍. പ്രവര്‍ത്തനം ഫലപ്രദമല്ല എന്ന ചിന്താഗതി വ്യാപകമായിരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ആ’ിമുഖ്യത്തില്‍ ലോകജീവിതത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന ശ്ലാഘനീയ ഇടപെടലുകളെ ലോകജനത അംഗീകരിക്കുമ്പോള്‍ തന്നെ യുദ്ധങ്ങള്‍ തടയുക എന്ന അതിന്റെ മുഖ്യദൗത്യത്തില്‍ യു.എന്‍. പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്കു ചുറ്റും കാണാന്‍ കഴിയുന്നത്.
ഈ പരാജയത്തിന്റെ മുഖ്യസ്രോതസ്സ് യു.എന്‍. അഥവാ ഐക്യരാഷ്ട്രസംഘടനയുടെ ഘടന തന്നെയാണ് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയും. 1944 ല്‍ യു.എന്‍. ചാര്‍ട്ടര്‍ തയ്യാറാക്കുമ്പോഴും 1945ല്‍ സംഘടന നിലവില്‍ വരുമ്പോഴും അതിന് മുന്‍കയ്യെടുത്തവര്‍ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടെയും പരസ്പര തുല്യത അംഗീകരിക്കുന്ന ഒരു സംഘടനയായിട്ടല്ല യു.എന്‍-നെ കണ്ടത്. മറിച്ച് അന്നത്തെ യുദ്ധത്തില്‍ ജയിച്ച പ്രമാണി രാഷ്ട്രങ്ങളുടെ ശക്തമായ മേല്‍നോട്ടത്തിന്‍ കീഴില്‍ മറ്റു രാഷ്ട്രങ്ങള്‍ക്കെല്ലാം ഒന്നിച്ചിരുന്നു ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയായിട്ടാണ് യു.എന്‍. രൂപപ്പെട്ടത്. യുദ്ധത്തില്‍ ജയിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവ യു.എന്‍. സുരക്ഷാ സമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായത്. ആംഗലേയത്തില്‍ ഒളിഗാര്‍ക്കി എന്നു വിളിക്കുന്ന ഘടനയാണ് യു.എന്‍ നുള്ളത്. ഇന്ത്യയില്‍ പലയിടത്തും ശക്തമായ സ്വാധീനമുള്ള ഖാപ് പഞ്ചായത്തുകളുടെ ഘടനയോട് സദൃശമാണ് ഇത്. പ്രമാണിമാര്‍ കാര്യങ്ങള്‍ തീരുമാനിക്കും. മറ്റുള്ളവര്‍ കൈപൊക്കി അംഗീകരിക്കും. എതിര്‍പ്പുള്ളവര്‍ നാടുവിട്ടോടും. അല്ലെങ്കില്‍ പൊടുന്നനെ അപ്രത്യക്ഷമാകും എന്നതാണല്ലോ ഖാപ്പ് മോഡല്‍ ജനാധിപത്യത്തിന്റെ സവിശേഷത. അതേസമയം ശക്തരായ പ്രമാണിമാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുമ്പോള്‍ ഖാപിന്റെ പിടി അയയും. സാധാരണക്കാര്‍ക്ക് ശ്വാസം വിടാനുള്ള ഇടം ലഭിക്കും. ലോകത്തെല്ലായിടത്തും ഒളിഗാര്‍ക്കിക് ഘടനകളില്‍ ഇപ്രകാരമാണ് മാറ്റം സംഭവിച്ചിട്ടുള്ളത്.
1945ല്‍ പ്രവര്‍ത്തനം തുടങ്ങി അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരമുള്ള പ്രമുഖ അംഗങ്ങളായ അമേരിക്കയും സോവിയറ്റ് യൂണിയനും (ഇന്നത്തെ റഷ്യ) തമ്മില്‍ ശക്തമായ മത്സരം ഉടലെടുത്തു. ഇതോടെ ലോകകാര്യങ്ങളില്‍ ഏതെങ്കിലുമൊരു രാഷ്ട്രത്തിന് പൂര്‍ണ്ണമായ മേല്‍ക്കൈ ലഭിക്കുക അസാധ്യമാവുകയും ഒരുതരം ദ്വിഭരണം (ഡയാര്‍ക്കി) നിലവില്‍ വരുകയും ചെയ്തു. ഈ സാഹചര്യം ഇന്ത്യപോലുള്ള മൂന്നാംലോകരാജ്യങ്ങള്‍ക്ക് ഗുണകരമായി എന്നതാണ് അനുഭവം. ഇന്ത്യപോലുള്ള നിരവധി മുന്‍ കോളണി രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയതിനു ഒരു കാരണം ഈ മത്സരമായിരുന്നു എന്നു ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ബോധ്യമാകും.
1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ലോകകാര്യങ്ങളിലെ ഈ ദ്വിഭരണസമ്പ്രദായം (ഡയാര്‍ക്കി) അവസാനിച്ചു. ഇതോടെ ഇനിമുതല്‍ ലോകകാര്യങ്ങളില്‍ അമേരിക്കയുടെ ഏകഛത്രാധിപത്യമായിരിക്കും എന്ന തോന്നല്‍ പ്രബലമായി. മുതലാളിത്ത ദാര്‍ശനികര്‍ ഈ മാറ്റത്തെ മറ്റൊരു മാര്‍ഗമില്ലാ വാദമായി കൊണ്ടാടിയപ്പോള്‍ മുതലാളിത്തവിമര്‍ശകരില്‍ ഗണ്യമായ ഒരു വിഭാഗം ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു എന്നു പറഞ്ഞു പരിസ്ഥിതിരംഗത്തും മറ്റും പരിമിതമായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരായി. അങ്ങിനെ ചെയ്യാതെ രാഷ്ട്രീയരംഗത്ത് തുടര്‍ന്നവര്‍പോലും ഇനിയും ഒരു നൂറു നൂറ്റിയന്‍പതു കൊല്ലക്കാലത്തേക്ക് ലോകരംഗത്ത് അമേരിക്കയുടെ മേല്‍ക്കൈ നിലനില്‍ക്കും, അതുകൊണ്ടുതന്നെ ലോകത്തെ അപ്പാടെ നശിപ്പിക്കുന്ന വന്‍കിടയുദ്ധങ്ങളൊന്നും ഉണ്ടാകാതെ അമേരിക്ക നോക്കിക്കൊള്ളും എന്ന നിലപാടിലെത്തി. വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചുള്ള സംസാരംപോലും തങ്ങളുടെ നാലഞ്ചുതലമുറ കഴിഞ്ഞു വരുന്നവര്‍ക്കായി സംവരണം ചെയ്തു. അങ്ങിനെ ഫലത്തില്‍ ഇവരും മറ്റൊരു മാര്‍ഗമില്ലാ വാദത്തെ പിന്‍തുണച്ചു.
പുതിയ സാഹചര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ ആരും വരില്ല എന്ന അമേരിക്കന്‍ നേതൃത്വത്തിന്റെ വിശ്വാസമാണ് കൂട്ടനശീകരണായുധങ്ങള്‍ എന്ന നുണ പറഞ്ഞു ഇറാഖില്‍ ഇടപെട്ട് സദ്ദം ഭരണത്തിനെ അട്ടിമറിക്കാന്‍ ബുഷിനു ധൈര്യം നല്‍കിയത്. ഐക്യരാഷ്ട്രസംഘടനയും അതിനുപിന്നില്‍ അണിനിരന്ന ലോകപൊതുജനാഭിപ്രായവും ഞങ്ങള്‍ക്കു പുല്ലാണ് എന്നാണ് അമേരിക്കന്‍ നേതൃത്വം അന്ന് പറയാതെ പറഞ്ഞത്. ഐക്യരാഷ്ട്രസംഘടന വെള്ളാനയായിരിക്കുന്നു, അത് പിരിച്ചു വിടുകയാണ് നല്ലത് എന്ന് പറഞ്ഞ് അമേരിക്ക യു.എന്‍. ഫണ്ടിലേക്കു നല്‍കുന്ന വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. സംഘടന നടത്തിക്കൊണ്ടിരുന്ന പല പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിച്ചു.
പണ്ടുതന്നെ ദുര്‍ബലമായിരുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനം 1991ലെ സോവിയറ്റ് തകര്‍ച്ചക്കുശേഷം ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തില്‍ തീരെ ഫലപ്രദമല്ലാതായിരിക്കുന്നു എന്നത് വാസ്തവമാണ്. ഇതില്‍ നിന്ന് നാം എത്തേണ്ട നിഗമനം അമേരിക്കയും സുഹൃത്തുക്കളും പറയുന്നപോലെ യു.എന്‍. പിരിച്ചുവിട്ട് എല്ലാം കമ്പോളശക്തികളെ ഏല്പിക്കുകയാണോ?
ഈ കാര്യം ചര്‍ച്ചക്കെടുക്കുന്നതിനുമുമ്പ് 1948 ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനെ പോലുള്ള പ്രശസ്ത ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെച്ച ആഗോളഭരണകൂടം എന്ന ആശയം നമുക്ക് പരിശോധിക്കേണ്ടതുണ്ട്. സമാധാനത്തിനു വേണ്ടി വാദിച്ച ഒരു വലിയ വിഭാഗം ബുദ്ധിജീവികളും ശാസ്ത്രജ്ഞരും ഈ ആശയത്തെ അന്ന് പിന്തുണച്ചു. രാഷ്ട്രങ്ങള്‍ക്കു പരമാധികാരവും, ആഗോളതലത്തില്‍ അരാജകത്വവും എന്ന നിലവിലെ സ്ഥിതിക്ക് ആറ്റംബോംബ് പോലുള്ള ആയുധങ്ങള്‍ വ്യാപിക്കുന്ന കാലത്ത് പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് തികച്ചും ദുര്‍ബലമായ ഘടനയുള്ള യു.എന്നിന്റെ സ്ഥാനത്ത് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ലോകഗവണ്‍മെന്റിനെ ഭരണം ഏല്‍പ്പിക്കണം എന്നാണ് ഈ ആശയക്കാര്‍ വാദിച്ചത്. ദേശീയ ഗവണ്‍മെന്റുകള്‍ പിരിച്ചുവിടണമെന്നല്ല അവര്‍ പറഞ്ഞത്. നമ്മുടെ രാജ്യത്ത് ത്രിതല പഞ്ചായത്തുകളും സംസ്ഥാന സര്‍ക്കാരുകളും അതിനെല്ലാം മീതെ കേന്ദ്രസര്‍ക്കാരും നിലനില്‍ക്കുന്നതുപോലെ, ഇന്ത്യയുടെ കേന്ദ്രസര്‍ക്കാരിനും പാക്കിസ്ഥാന്റെ കേന്ദ്രസര്‍ക്കാരിനും, അമേരിക്കയുടെ കേന്ദ്രസര്‍ക്കാരിനും എല്ലാം മീതെ ഒരു ആഗോളസര്‍ക്കാര്‍ വേണം എന്നാണ് അവര്‍ വിവക്ഷിച്ചത്. അണുബോംബ് പോലുള്ള കൂട്ടനശീകരണായുധങ്ങള്‍ കൈവശപ്പെടുത്താന്‍ ഹിരോഷിമ, നാഗസാക്കി ബോംബുകള്‍ക്കുശേഷം തുടങ്ങിയ കിടമത്സരം തണുപ്പിക്കുക എന്ന ഉദ്ദേശവും ഈ നിര്‍ദ്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ആണവബസില്‍ കയറിയവര്‍ പുറത്തുനില്ക്കുന്നവര്‍ക്കു കയറാന്‍ തടസ്സങ്ങളുണ്ടാക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ചിലരെങ്കിലും ഈ നിര്‍ദ്ദേശത്തെ കണ്ടത്. ശാസ്ത്രജ്ഞര്‍ക്കും, ബുദ്ധിജീവികള്‍ക്കും ഇടയില്‍ വലിയ പിന്തുണ നേടാന്‍ കഴിഞ്ഞുവെങ്കിലും വ്യാപകമായ രാഷ്ട്രീയ പിന്‍തുണ ഈ നിര്‍ദ്ദേശത്തിന് അന്ന് കിട്ടിയില്ല. ആഗോള ഗവണ്‍മെന്റ് ഒരു ചാപിള്ളയായി.

ബഹുധ്രൂവലോകത്തിന്റെ ഉദയം വൈരുധ്യങ്ങളെ മൂര്‍ഛിപ്പിക്കുന്നു
2007-08ല്‍ തുടങ്ങിയ ആഗോളമാന്ദ്യം കമ്പോളമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലി എന്ന അന്ധവിശ്വാസത്തെ കടപുഴക്കി. അതോടെ ഭരണകൂടം കമ്പോളത്തില്‍ ഇടപെടുക എന്നത് അശ്ലീലമല്ല എന്ന് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ പോലും അംഗീകരിച്ചു. അതോടൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ഓരോ രാജ്യത്തിലെ ഭരണകൂടവും ലോകകമ്പോളത്തില്‍ ഇടപെടുക അവരവരുടെ രാജ്യത്തെ ബിസിനസുകാരുടെ താല്പര്യ സംരക്ഷണത്തിനാണ് എന്നതു കൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള താല്പര്യസംഘട്ടനം അനിവാര്യമായി.
ഏകധ്രുവലോകം എന്ന ആശയം ശക്തിപ്പെട്ടപ്പോള്‍ അമേരിക്കന്‍ നേതാക്കള്‍ എല്ലാ രാജ്യത്തേയും കോര്‍പ്പറേറ്റുകളോടു പറഞ്ഞത് ഞങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്കു മാത്രം മെച്ചമുണ്ടാവുന്ന രീതിയില്‍ കമ്പോളത്തില്‍ ഇടപെടില്ല, നിങ്ങള്‍ക്കു ഞങ്ങളെ വിശ്വസിക്കാം എന്നാണ്. അമേരിക്കയുടെ ഏകഛത്രാധിപത്യത്തിന് എതിരായി ഉയര്‍ന്നേക്കാമായിരുന്ന ശബ്ദങ്ങളെ ഈ വാദം ദുര്‍ബലപ്പെടുത്തി. അമേരിക്കന്‍ ഭരണകൂടത്തെ അദൃശ്യമെങ്കിലും ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒന്നായി കോര്‍പ്പറേറ്റ് ലോകം അംഗീകരിച്ചു.
ഇന്ന് ഭരണകൂടം കമ്പോളത്തില്‍ ഇടപെടാതെ നിവര്‍ത്തിയില്ല എന്ന സ്ഥിതി ആയപ്പോള്‍ ഓരോ രാജ്യത്തെയും ഭരണകൂടം അതതു രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കു അനുകൂലമായി കമ്പോളമത്സരത്തില്‍ ഇടപെടുന്ന സ്ഥിതി വന്നിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആയുധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഈ ഇടപെടല്‍ വളരെ വ്യക്തമാണ്. അടുത്തകാലത്ത് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് സൈനികര്‍ ടൊയോട്ട വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെ പറ്റിയും, ടൊയോട്ടയും ഐ.എസും തമ്മില്‍ രഹസ്യധാരണകള്‍ ഉണ്ടാകാനുള്ള സാധ്യതകളെപ്പറ്റിയും അമേരിക്കന്‍ ഭരണകൂടത്തിലെ ചിലര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ ഈ ഇടപെടലിന് ഉദാഹരണമാണ്. അമേരിക്കയുടെ നിരോധിതപട്ടികയിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന് വാഹനങ്ങള്‍ വില്‍ക്കാന്‍ അമേരിക്കന്‍ കമ്പനികളായ ഫോര്‍ഡിനും ജനറല്‍ മോട്ടോഴ്‌സിനും കഴിയില്ല. ആ പഴുത് ഉപയോഗപ്പെടുത്തി ടൊയോട്ട കൊയ്ത്തു നടത്തുന്നു എന്നാണ് അമേരിക്കക്കാരുടെ ഒളിയമ്പ്. കമ്പോളത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനമായി കണ്ട് അമേരിക്കക്കാര്‍ക്ക് അവഗണിക്കാമായിരുന്ന ഒരു കാര്യം അവര്‍ ജപ്പാനും അമേരിക്കയും തമ്മിലുള്ള കിടമത്സരമാക്കി മാറ്റി.
മറ്റൊരു ഉദാഹരണം സിറിയയിലെ വിമതര്‍ക്കെതിരായി കാസ്പിയന്‍ കടലിലെ കപ്പലുകളില്‍ നിന്ന് റഷ്യ വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളുടേതാണ്. തറനിരപ്പില്‍ നിന്ന് വെറും നൂറുമീറ്ററില്‍ താഴെ പറക്കുന്നതുകൊണ്ട് റഡാറിനും മിസൈല്‍ വേധ മിസൈലുകള്‍ക്കും പിടികൊടുക്കാത്ത ഈ മിസൈലുകള്‍ 1500 കി. മീറ്ററിലധികം ദൂരെ നിന്നാണ് തൊടുത്തു വിടപ്പെട്ടത്. ഇത്തരം ആയുധങ്ങള്‍ അമേരിക്കയുടെ മാത്രം കുത്തകയാണ് എന്ന ധാരണ റഷ്യയുടെ മിസൈല്‍ പ്രയോഗം പൊളിച്ചിരിക്കുന്നു. ഇത്തരം സ്മാര്‍ട് ക്രൂയിസര്‍ മിസൈലുകള്‍ കൈവശപ്പെടുത്താന്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ചിലര്‍ റഷ്യയോടു വാങ്ങും. മറ്റു ചിലര്‍ സ്വന്തമായി വികസിപ്പിക്കാന്‍ നോക്കും.
ആയുധകമ്പോളത്തിന്റെ പ്രതേ്യകത ഓരോ രാജ്യവും സ്വാശ്രിതത്വത്തിനായി ശ്രമിക്കും എന്നതാണ് മറ്റുള്ളവരെ ആശ്രയിച്ചാല്‍ യുദ്ധം വരുമ്പോള്‍ അവര്‍ പാലം വലിച്ചാലോ?
സൈബര്‍ യുദ്ധരംഗത്തും ഇതേ സ്ഥിതിയാണുള്ളത്. ഓരോ രാജ്യവും സൈബര്‍ യുദ്ധസന്നാഹങ്ങള്‍ സ്വന്തമായി വികസിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വഴി ഓരോ രാജ്യവും സ്വന്തമായി വിവരങ്ങള്‍ ചോര്‍ത്തുന്നു. എഡേ്വര്‍ഡ് സ്‌നോഡനും സുഹൃത്തുക്കളും നമ്മോടു പറഞ്ഞത് അമേരിക്ക അധാര്‍മ്മികമായി നടത്തുന്ന വ്യാപകമായ രഹസ്യം ചോര്‍ത്തലിനെക്കുറിച്ചും അതു തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആയിരുന്നു. ലോകജനതയില്‍ ബഹുഭൂരിപക്ഷം പേരും ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ ഇന്നും രഹസ്യം ചോര്‍ത്താന്‍ പരിപാടി അമേരിക്ക നിര്‍ബാധം തുടരുന്നു. അമേരിക്കയോടൊപ്പം നിരവധി രാജ്യങ്ങളും, ഇന്ത്യയടക്കം, ഈ പരിപാടി തുടങ്ങിയിരിക്കുന്നു. പണ്ടൊക്കെ ഒളിച്ചും, പാത്തുമാണ് ഈ ചോര്‍ത്തല്‍ പരിപാടി നടത്തിയിരുന്നതെങ്കില്‍ ഇന്ന് മിക്ക രാജ്യങ്ങളും പരസ്യമായി നിയമപരമായ പിന്‍ബലത്തോടെയാണ് ഇതെല്ലാം നടത്തുന്നത്. ഒരു എന്‍.എസ്.എക്കു പകരം നൂറായിരം എന്‍.എസ്.എ കള്‍ രംഗത്തെത്തിയിരിക്കുന്നു.
തികച്ചും അപകടകരമായ ഒരു ലോകസാഹചര്യമാണ് ഇതില്‍ നിന്നെല്ലാം ഉരുത്തിരിയുന്നത്. ഐക്യരാഷ്ട്രസംഘടനയെ പിരിച്ചുവിട്ടു. എല്ലാം കമ്പോളത്തിനെ ഏല്പിക്കലല്ല ഇതിന്റെ പരിഹാരം മറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ജനാധിപത്യപരമായ ഒരു പുന:സംഘടനയാണ്. അത് എപ്രകാരം വേണമെന്നുള്ള ചര്‍ച്ചക്ക് തുടക്കമാകട്ടെ ഇന്നത്തെ ഈ ഇടപെടല്‍.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply