ഏറ്റെടുക്കാം സുരേന്ദ്രന്റെ വെല്ലുവിളി

2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണുമെന്നും 2025 എന്നു പറഞ്ഞാല്‍ ആര്‍. എസ്. എസ് ആരംഭിച്ചതിന്റെ നൂറാം വര്‍ഷമാണെന്നും കേരളത്തില പ്രമുഖ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാക്കുകള്‍ ജനാധിപത്യ, മതതേര വിശ്വാസികള്‍ക്കും ദളിത് – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ വെല്ലുവിളിയായിതന്നെ കാണേണ്ടതുണ്ട.് അതേറ്റെടുക്കാനുള്ള ചങ്കൂറ്റമാണ് ഈ വിഭാഗങ്ങള്‍ കാണിക്കേണ്ടത്. ത്രിപുര തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനോടുള്ള വെല്ലുവിളിയുടെ രൂപത്തിലാണ് സുരേന്ദ്രന്‍ ഈ വരികള്‍ കുറിച്ചതെങ്കിലും മുഴുവന്‍ ഇന്ത്യയോടുമാണ് ഈ വെല്ലുവിളി എന്നു […]

ks

2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണുമെന്നും 2025 എന്നു പറഞ്ഞാല്‍ ആര്‍. എസ്. എസ് ആരംഭിച്ചതിന്റെ നൂറാം വര്‍ഷമാണെന്നും കേരളത്തില പ്രമുഖ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാക്കുകള്‍ ജനാധിപത്യ, മതതേര വിശ്വാസികള്‍ക്കും ദളിത് – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ വെല്ലുവിളിയായിതന്നെ കാണേണ്ടതുണ്ട.് അതേറ്റെടുക്കാനുള്ള ചങ്കൂറ്റമാണ് ഈ വിഭാഗങ്ങള്‍ കാണിക്കേണ്ടത്.
ത്രിപുര തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനോടുള്ള വെല്ലുവിളിയുടെ രൂപത്തിലാണ് സുരേന്ദ്രന്‍ ഈ വരികള്‍ കുറിച്ചതെങ്കിലും മുഴുവന്‍ ഇന്ത്യയോടുമാണ് ഈ വെല്ലുവിളി എന്നു വ്യക്തം. സംഘപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണുമെന്ന പ്രയോഗവും 2025 ആര്‍ എസ് എസിന്റെ നൂറാംവര്‍ഷമാണെന്ന ഓര്‍മ്മപ്പെടുത്തലും അത് വ്യക്തമാക്കുന്നു. ശരിയാണ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, പഞ്ചാബ്, ബംഗാള്‍, ഡെല്‍ഹി തുടങ്ങി ആറോ ഏഴോ സംസ്ഥാനങ്ങളൊഴികെ മിക്കവാറും സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപി ഒറ്റക്കോ സംഘശക്തികളുമായി ചേര്‍ന്നോ ആണ്. ആ നിലക്ക് അവര്‍ക്കങ്ങനെ ആശിക്കാനവകാശമുണ്ട്. എന്നാല്‍ നമ്മളത് അംഗികരിക്കണോ എന്നതു തന്നെയാണ് ചോദ്യം. കാരണം ജനാധിപത്യസംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കണോ എന്നതുതന്നെയാണ് പ്രശ്‌നം.
സുരേന്ദ്രന്‍ പറയുന്ന ആര്‍ എസ് എസിനെ കുറിച്ചറിയുന്നവര്‍ സ്വാഭാവികമായും ഇത്തരത്തില്‍ പ്രതികരിക്കുമെന്നുറപ്പ്. 1925ലെ വിജയദശമി ദിവസത്തില്‍ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്തുവെച്ചു രൂപീകരിക്കപ്പെട്ട ആര്‍.എസ്സ്.എസ്സ് ഒരു കാലത്തും ജനാധിപത്യത്തില്‍ വിശ്വസിച്ചിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു തവണയും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാര്‍ മൂന്ന് തവണയും ആര്‍.എസ്.എസ്സിനെ നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍ എസ് എസ് പങ്കെടുത്തിട്ടില്ല. 1927 ലെ നാഗ്പൂര്‍ കലാപം കഴിഞ്ഞതിനു ശേഷമാണ് ആര്‍.എസ്.എസ്സിന് വന്‍ പ്രചാരം ലഭിച്ചത്. ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തില്‍ (ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ,ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഹിന്ദു എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാമെന്നു പറയുമ്പോഴും അനുഭവം അതല്ല എന്ന് ഏതു കൊച്ചുകുഞ്ഞിനുമറിയാം. ഗാന്ധിവധത്തോടെ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ട ആര്‍ എസ് എസ് തിരിച്ചുവന്നത് അടിയന്തരാവസ്ഥക്കെതിരായ സമരത്തിലൂടെയാണെങ്കിലും പിന്നീടുള്ള വളര്‍ച്ചമുഴുവന്‍ വര്‍ഗ്ഗീയതയെ താലോലിച്ചും ഇതര മതസ്ഥരെ പ്രതേകിച്ച് മുസ്ലിം വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തും ആയിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് – മുംബൈ – മുസാഫര്‍ നഗര്‍ കലാപങ്ങളുമൊക്കെ എടുത്തുപറയേണ്ട ഉദാഹരണങ്ങള്‍ മാത്രം. ഇവയിലൂടെയാണ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ന്നതും ആദ്യം വാജ്‌പേയിയും പിന്നീട് മോദിയും അധികാരത്തിലെത്തിയതും. റൂട്ട് മാര്‍ച്ച് മുതല്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഫാസിസത്തിന്റഎ ചിഹ്നങ്ങള്‍ പ്രകടമാണ്. ഈ ആര്‍ എസ് എ്‌സ് രൂപം കൊടുത്ത സംഘപരിവാറിലെ രാഷ്ട്രീയപ്രസ്ഥാനമായ ബിജെപിയില്‍ നിന്നും എങ്ങനെയാണ് ജനാധിപത്യം പ്രതീക്ഷിക്കുക? ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ഭരണഘടന തന്നെ തിരുത്തിയെഴുതുമെന്ന് പല നേതാക്കളും പലപ്പോഴായി ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. മനുസ്മതിയും ഹിന്ദുരാഷ്ട്രവുമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഏതു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന കാലമാണ് സുരേന്ദ്രന്‍ പ്രഖ്യാപിക്കുന്നത്. അതു തടയുകയല്ലാതെ മറ്റെന്താണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്? അനവധി ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളും ജാതികളും വംശീയതകളും രാഷ്ട്രീയ സംഘടനകളും കൊണ്ട് അങ്ങേയറ്റം ബഹുസ്വരതയാര്‍ന്നതും ബൃഹത്തുമായ നമ്മുടെ മതേതര ജനാധിപത്യ സമൂഹത്തെയാണ് ഏകമാനമാക്കാനുള്ള നീക്കം നടക്കുന്നത്. അതാകട്ടെ 30 – 35 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ മാത്രം. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികവും ഈ ശക്തികള്‍ക്കെതിരാണെങ്കിലും പൊതുവില്‍ ജനാധിപത്യശക്തികള്‍ക്കിടയില്‍ നിലവിലുള്ള അനൈക്യത്തെയാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. അവിടെയാണ് ജനാധിപത്യശക്തികളുടെ ഐക്യത്തിന്റെ പ്രസക്തി. അതാകട്ടെ ഇന്നോളം ലോകം പരീക്ഷിച്ച സാമൂഹ്യസംവിധാനത്തില്‍ മികച്ചത് ജനാധിപത്യമാണെന്നംഗീകരിച്ചും അതിനെ ഇനിയും ഗുണപരമായി ഉയര്‍ത്താന്‍ ശ്രമിച്ചും സാമൂഹ്യനീതി എന്ന മഹത്തായ ആശയം ഉയര്‍ത്തിപിടിച്ചുമാകണം. കേരളീയ സാഹചര്യത്തില്‍ തങ്ങളാണ് ആര്‍ എസ് എസിനെ തടയുന്നത് എന്നവകാശപ്പടുന്ന സിപിഎം ഈ വിഷയങ്ങളില്‍ ഒരു പുനപരിശോധന നടത്തേണ്ട സമയം കൂടിയാണിത്. കാരണം ജനാധിപത്യത്തോടും സാമൂഹ്യനീതിയോടുമൊക്കെയുള്ള സിപിഎം നിലപാട് കാലത്തെ പുറകോട്ടുവലിക്കുന്നതാണെന്നു പറയാതെ വയ്യ. ജനാധിപത്യത്തെ ബൂര്‍ഷ്വാഭരണകൂടരൂപം മാത്രമായി കണ്ട് തകര്‍ക്കാനുള്ള ആഹ്വാനം അവസാനിപ്പിക്കണം. ജനാധിപത്യം വെറുമൊരു ഭരണകൂടരൂപം മാത്രമല്ലെന്നും മനുഷ്യസമൂഹത്തിന്റെ ആരംഭം മുതല്‍ക്കുതന്നെ അതിന്റെ ചാലകശക്തിയായി വര്‍ത്തിച്ചിട്ടുള്ളതും മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം അതിന്റെ അവിഭാജ്യഘടകമായിരിക്കുന്നതുമായ സാമൂഹ്യപ്രക്രിയയാണെന്നും മനസ്സിലാക്കണം. സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം അണിനിരക്കണം. അപ്പോഴേ എല്ലാത്തരം ഫാസിസ്റ്റുശക്തികളെയും ജനാധിപത്യ വിരുദ്ധശക്തികളെയും നേരിടാന്‍ കെല്‍പ്പുള്ള ജാഗ്രത്തായ പ്രസ്ഥാനമായി് വളരാനാവുകയുള്ളൂ. സുരേന്ദ്രനടക്കമുള്ളവരുടെ വെല്ലുവിളി എറ്റെടുക്കാന്‍ കരുത്തു നേടുകയുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply