ഏതോ ഒരു പിള്ളയല്ല, പി എസ് നടരാജപിള്ള

വി പി ഉണ്ണികൃഷ്ണന്‍ ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്റ്റിന്. ഇന്ന് കുടുംബത്തിന്റെ കാല്‍ക്കീഴില്‍. ഇതിനെ പിന്തുണയ്ക്കുന്നത് പൊതുസമൂഹത്തോടുള്ള പാതകം എന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കും. വിദ്യാര്‍ഥികളെ അടിമപ്പണിക്ക് നിയോഗിക്കുവാനും ജാതിയുടെ പേരില്‍ അവഹേളിക്കുവാനും ഇന്റേണല്‍ മാര്‍ക്ക് മുന്‍നിര്‍ത്തി സ്തുതിപാഠകരെ വിജയിപ്പിക്കുവാനും അപ്രീതിയുള്ളവരെ പരാജയപ്പെടുത്തുവാനും വേണ്ടി തുടങ്ങിയതല്ല കേരളലോ അക്കാദമി ലോ കോളജ്. എന്നാല്‍ എറ്റവും അപരിഷ്‌കൃതമായ കൃത്യങ്ങളുടെ കൂത്തരങ്ങായി ഈ കലാലയം പരിണമിച്ചിരിക്കുന്നത് വിദ്യാഭ്യാസ മണ്ഡലത്തിന്റെ പവിത്രത ഹനിക്കുകയും ചരിത്രത്തെ അവഹേളിക്കുകയും ചെയ്യുന്നു. 196769 […]

pppവി പി ഉണ്ണികൃഷ്ണന്‍

ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്റ്റിന്. ഇന്ന് കുടുംബത്തിന്റെ കാല്‍ക്കീഴില്‍. ഇതിനെ പിന്തുണയ്ക്കുന്നത് പൊതുസമൂഹത്തോടുള്ള പാതകം എന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കും. വിദ്യാര്‍ഥികളെ അടിമപ്പണിക്ക് നിയോഗിക്കുവാനും ജാതിയുടെ പേരില്‍ അവഹേളിക്കുവാനും ഇന്റേണല്‍ മാര്‍ക്ക് മുന്‍നിര്‍ത്തി സ്തുതിപാഠകരെ വിജയിപ്പിക്കുവാനും അപ്രീതിയുള്ളവരെ പരാജയപ്പെടുത്തുവാനും വേണ്ടി തുടങ്ങിയതല്ല കേരളലോ അക്കാദമി ലോ കോളജ്. എന്നാല്‍ എറ്റവും അപരിഷ്‌കൃതമായ കൃത്യങ്ങളുടെ കൂത്തരങ്ങായി ഈ കലാലയം പരിണമിച്ചിരിക്കുന്നത് വിദ്യാഭ്യാസ മണ്ഡലത്തിന്റെ പവിത്രത ഹനിക്കുകയും ചരിത്രത്തെ അവഹേളിക്കുകയും ചെയ്യുന്നു.
196769 കാലത്തെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്താണ് 11.45 ഏക്കറോളം ഭൂമി നിയമ കലാലയം ആരംഭിക്കുന്നതിനായി മൂന്ന് വര്‍ഷത്തെ പാട്ടക്കാലാവധിയോടെ അനുവദിച്ചത്. കൃഷി വകുപ്പിന് കീഴിലുള്ള ഭൂമിയാണ് നല്‍കിയത്. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും എം എന്‍ ഗോവിന്ദന്‍ നായര്‍ കൃഷിവകുപ്പ് മന്ത്രിയുമായിരുന്നു. സി പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ഈ ചരിത്രപാഠം അറിയേണ്ടതാണ്. നിര്‍ധനരും പിന്നാക്കക്കാരുമായ കുട്ടികള്‍ക്ക് നിയമവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കലാലയം ഇന്ന് ഏകാധിപത്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ജന്മിത്വ ദുഷ്പ്രഭുത്വത്തിന്റെയും കേന്ദ്രമായത് എങ്ങനെയെന്ന ചോദ്യമാണ് വിദ്യാര്‍ഥികളുടെ തുറന്നുപറച്ചിലിലൂടെ പൊതുസമൂഹം ഉന്നയിക്കുന്നത്. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമമന്ത്രി, റവന്യുമന്ത്രി എന്നിവര്‍ രക്ഷാധികാരികളും നിയമ സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും അംഗങ്ങളും ജഡ്ജിമാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ട്രസ്റ്റിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. അത് ഒരു കുടുംബക്കാരുടേതായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയില്ലേ…? ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ന്യായാധിപരുമില്ലാത്ത ട്രസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏതെന്ന് പൊതുസമൂഹത്തിന് അറിയാന്‍ അര്‍ഹതയില്ലേ…? 1985 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും പി ജെ ജോസഫ് റവന്യുമന്ത്രിയുമായിരുന്നുപ്പോള്‍ പതിച്ചുവാങ്ങിയ ഭൂമി ഇന്ന് വിദ്യാഭ്യാസ ആവശ്യത്തിനു മാത്രമായല്ല ഉപയോഗിക്കുന്നതെന്ന് റവന്യു വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു.
വാണിജ്യവ്യാപാരാവശ്യങ്ങള്‍ക്കും കുടുംബകാര്യങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്തിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെയാണ് ലക്ഷ്മി നായരുടെ ബിരിയാണിക്കടയും (വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ പാത്രം കഴുകേണ്ടതും അടുക്കള പണിയെടുക്കേണ്ടതും) സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയും കുടുംബാംഗങ്ങളുടെ വാസസ്ഥലവും നിലകൊള്ളുന്നത്. ഭൂമി പാട്ടക്കരാറില്‍ കലാലയത്തിനായി നല്‍കുമ്പോഴുള്ള എല്ലാ വ്യവസ്ഥകളും ധാര്‍ഷ്ട്യത്തോടെ ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തം. എന്നിട്ടും ഏതോ, ഒരു പിള്ള, സി പി രാമസ്വാമി അയ്യര്‍ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നതെന്തിന്?
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അമാന്തമെന്തിന്? കേസ് എടുക്കുവാന്‍ നിര്‍ബന്ധിതമായതിനുശേഷം അറസ്റ്റ് ചെയ്യുവാന്‍ മടിക്കുന്നതെന്തിന്? വനിതാ ഹോസ്റ്റലിലെ കുളിമുറികളില്‍ ക്യാമറ സ്ഥാപിച്ചതെന്തിന്? കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിട്ടും പ്രിന്‍സിപ്പാലിന്റെ രാജിക്കുവേണ്ടി നിലകൊള്ളാതെ മുഖംമൂടിയണിഞ്ഞ് സമരത്തില്‍ നിന്ന് പിന്മാറി മാനേജ്‌മെന്റിന്റെ അഭിഭാഷകരായി വേഷം മാറുന്നതെന്തുകൊണ്ട്? സര്‍വകലാശാല ചട്ടങ്ങളും നിയമങ്ങളും നഗ്‌നമായി ലംഘിച്ചവര്‍ക്കെതിരെ സര്‍വകലാശാലാ ഭരണാധികാരികള്‍ നിഷ്‌ക്രിയരും നിസ്സംഗരുമാവുന്നതെന്തുകൊണ്ട്? ചോദ്യങ്ങള്‍ നിരവധിയാണ്. എഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും എഐവൈഎഫും പൊതുസമൂഹവും ഈ ചോദ്യങ്ങള്‍ക്കാണ് ഉത്തരം ആരായുന്നത്. ഏതോ ഒരു പിള്ളയല്ല, പി എസ് നടരാജപിള്ള. മഹാപണ്ഡിതനായ റാവു ബഹദൂര്‍ പ്രൊഫ. സുന്ദരം പിള്ളയുടെ പുത്രന്‍, സ്വാതന്ത്ര്യ സമരസേനാനി, ‘ദി പോപ്പുലര്‍ ഓപ്പീനിയന്‍’ ‘വഞ്ചി കേസരി’ എന്നീ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപര്‍, ശ്രീമൂലം അസംബ്ലിയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗം, 195455 കാലത്ത് തിരുകൊച്ചി മന്ത്രിസഭയില്‍ ധനമന്ത്രി, ഭരണപരിഷ്‌കാര കമ്മിറ്റി അംഗം ഇതൊക്കെയായിരുന്നു പി എസ് നടരാജപിള്ള. 1962 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ ലോക്‌സഭാംഗമായി ജയിച്ചു കയറി. സ്വാതന്ത്ര്യ സമ്പാദനപ്പോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്ന് ലക്ഷ്മിനായരുടെ കുടുംബത്തിന്റെ അധീനതയിലായിരിക്കുന്ന ഭൂമി കണ്ടുകെട്ടപ്പെട്ടയാള്‍. ധനമന്ത്രിയായിരിക്കവേ ഭൂമി തിരിച്ചു നല്‍കിയപ്പോള്‍ നിരസിച്ചയാള്‍. പേരൂര്‍ക്കട ബോയ്‌സ് സ്‌കൂളിന് സമീപമുള്ള ഭൂമി പതിച്ചു നല്‍കിയ വ്യക്തി. ഓലക്കുടിലില്‍ ജീവിച്ച് ഒടുവില്‍ അതും വില്‍ക്കേണ്ടിവന്നയാള്‍. ലക്ഷ്മി നായരുടെ പാരമ്പര്യമല്ല പി എസ് നടരാജപിള്ളയുടേത്. ഏതോ ഒരു പിള്ളയല്ല പി എസ് നടരാജപിള്ളയെന്ന് ചരിത്രം പറയുന്നു.

(ജനയുഗം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply