ഏകീകൃത സിവില്‍ കോഡ് വിവാദം മൂര്‍ച്ഛിക്കുമ്പോള്‍

ഏകീകൃത സിവില്‍ കോഡ് വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് പൊതുവ്യക്തിനിയമം അടിച്ചേല്‍പ്പിക്കില്ല എന്നും വിശ്വാസപരമായ കാര്യങ്ങളില്‍ കൈകടത്തില്ലെന്നും കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം പറയുന്നു. ഭരണഘടനയുടെ 44ാം വകുപ്പിലെ പതിനാലു മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒന്നായി ഏകീകൃത സിവില്‍ കോഡ് ഭാവിയില്‍ നടപ്പാക്കണമെന്ന് പറയുന്നുണ്ട്. തീര്‍ച്ചയായും അതിലുദ്ദേശിക്കുന്നത് അത്തരമൊരു സാമൂഹ്യ അന്തരീക്ഷം ഉടെലെടുത്താല്‍ നടപ്പാക്കുന്നത് ആലോചിക്കണമെന്നാണ്. എന്നാല്‍ അത്തരമൊരു സാഹചര്യമായിട്ടില്ലെന്നാണ് രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹ്യ […]

uu

ഏകീകൃത സിവില്‍ കോഡ് വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് പൊതുവ്യക്തിനിയമം അടിച്ചേല്‍പ്പിക്കില്ല എന്നും വിശ്വാസപരമായ കാര്യങ്ങളില്‍ കൈകടത്തില്ലെന്നും കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ 44ാം വകുപ്പിലെ പതിനാലു മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒന്നായി ഏകീകൃത സിവില്‍ കോഡ് ഭാവിയില്‍ നടപ്പാക്കണമെന്ന് പറയുന്നുണ്ട്. തീര്‍ച്ചയായും അതിലുദ്ദേശിക്കുന്നത് അത്തരമൊരു സാമൂഹ്യ അന്തരീക്ഷം ഉടെലെടുത്താല്‍ നടപ്പാക്കുന്നത് ആലോചിക്കണമെന്നാണ്. എന്നാല്‍ അത്തരമൊരു സാഹചര്യമായിട്ടില്ലെന്നാണ് രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷം വ്യക്തമാക്കുന്നത്. മാത്രമല്ല ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രംഗത്തിറങ്ങുന്നത് ആരാണെന്നതും ചോദ്യം തന്നെയാണ്. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി നിലനില്‍ക്കുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുമ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങളും മതേതരവിശ്വാസികളും ഭയപ്പെടുന്നത് സ്വാഭാവികം മാത്രം.
ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും ആത്യന്തികമായി ചെന്നെത്തുന്നത് മുസ്ലിം ന്യൂനപക്ഷങ്ങളിലേക്കാണ്. തീര്‍ച്ചയായും അവര്‍ക്കിടയില്‍ സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങള്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങള്‍ വളരെ പുറകിലാണ്. ഒരു വശത്തവര്‍ തീവ്രവാദത്തിലേക്കൊന്നും കാര്യമായി പോകുന്നില്ലെങ്കിലും മറുവശത്ത് നവീകരണപ്രസ്ഥാനങ്ങളും കുറവാണ്. അതിനുള്ള കാരണം ദശകങ്ങള്‍ക്കുമുന്നെ ഭരണഘടനക്കു രൂപം നല്‍കിയ ബാബാ സാഹേബ് അംബേദ്കര്‍ തന്നെ പറയുന്നുണ്ട്. ‘ഇന്‍ഡ്യന്‍ മുസല്‍മാനില്‍ പരിവര്‍ത്തന താത്പര്യമില്ലാത്തതിന്റെ കാരണം, ഇന്‍ഡ്യയില്‍ അയാള്‍ കഴിയുന്ന സവിശേഷമായ സാഹചര്യത്തിലാണു കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നു് എനിക്കു തോന്നുന്നു. മുഖ്യമായും ഹൈന്ദവമായ സാമൂഹിക സാഹചര്യങ്ങളുടെ നടുവിലാണ് അയാള്‍ സ്ഥിതി ചെയ്യുന്നത് . ആ ഹൈന്ദവ പരിതസ്ഥിതി എല്ലായ്‌പ്പോഴും അയാളെ , നിശ്ശബ്ദമായി,എന്നാല്‍ ഉറപ്പായും ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് തന്നെ അമുസ്ലിമാക്കിക്കൊണ്ടിരിക്കുന്നതായി അയാള്‍ക്കു തോന്നുന്നു. പതുക്കെപ്പതുക്കെയുള്ള ഈ സ്വാധീനത്തില്‍നിന്നുള്ള ഒരു സംരക്ഷണമെന്ന നിലയില്‍ , ഇസ്ലാമികമായ സകലതും നിര്‍ബന്ധമായും നിലനിര്‍ത്തുന്നതിനു് അയാള്‍ പ്രേരിതനാകുന്നു. അത് അയാളുടെ സമൂഹത്തിനു ഗുണകരമാണോ ദോഷകരമാണോ എന്നൊന്നും അയാള്‍ പരിശോധിക്കുന്നില്ല. രണ്ടാമതായി, ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമായും ഹൈന്ദവമാണ്. താന്‍ അടിച്ചമര്‍ത്തപ്പെടുമെന്നും രാഷ്ട്രീയമായ ആ അടിച്ചമര്‍ത്തല്‍ മുസ്ലിങ്ങളെ ഒരധകൃതവര്‍ഗമാക്കിത്തീര്‍ക്കുമെന്നും അയാള്‍ക്കു കരുതുന്നു. സാമൂഹികമായും രാഷ്ട്രീയമായും ഹിന്ദുക്കളാല്‍ ഗ്രസിക്കപ്പെടുന്നതില്‍നിന്ന് തന്നെ സംരക്ഷിക്കേണ്ടതാണെന്നുള്ള ഈ ബോധമാണ്,ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ഇന്‍ഡ്യയ്ക്കു പുറത്തുള്ള മുസ്ലിങ്ങളെ അപേക്ഷിച്ച് സാമൂഹിക പരിഷ്‌കാരത്തിന്റെ കാര്യത്തില്‍ പിന്നിട്ടുനില്‍ക്കാനുള്ള മുഖ്യകാരണമെന്ന് ഞാന്‍ കരുതുന്നു. സീറ്റുകള്‍ക്കും തസ്തികകള്‍ക്കും വേണ്ടി ഹിന്ദുക്കളോടു നടത്തുന്ന നിരന്തര പോരാട്ടം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് അവരുടെ സകല ഊര്‍ജവും ചെലവഴിക്കുന്നതിനാല്‍ സാമൂഹികപരിഷ്‌കാരങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമയമോ ചിന്തയോ ഇടമോ അവര്‍ക്കു ലഭിക്കുന്നില്ല. അപ്രകാരമെന്തെങ്കിലും ഉണ്ടെങ്കില്‍പ്പോലും ഏതു വിധേനയും തങ്ങളുടെ സാമൂഹികവും മതപരവുമായ ഐക്യം നിലനിര്‍ത്തുന്നതുവഴി ഹിന്ദുക്കളിലും ഹിന്ദുത്വത്തിലും നിന്നുള്ള ഭീഷണിക്കെതിരായി ഗാഢമായി ഒത്തൊരുമിച്ചുനിന്ന് ഒരു ഏകീകൃത മുന്നണി സൃഷ്ടിക്കാനുള്ള ആഗ്രഹം അതിനെയെല്ലാം അധക്കരിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. സാമുദായിക സംഘര്‍ഷത്തിന്റെ സമ്മര്‍ദം ഈ ആഗ്രഹം ജനിപ്പിക്കുന്നതാണ്.’ ( ഡോ അംബേഡ്കര്‍ ‘പാക്കിസ്ഥാന്‍ അഥവാ ഇന്‍ഡ്യാ വിഭജനം ‘)
അംബേദ്കര്‍ അന്നു പറഞ്ഞ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ കൂടുതല്‍ മോശമായിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തരമൊരു തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് നമ്മുടെ ജനാധിപത്യ – മതേതതരത്വസങ്കല്‍പ്പങ്ങള്‍ക്കുതന്നെ എതിരായിരിക്കും.
താര്‍ച്ചയായും ഇന്ത്യയിലെ എല്ലാ വ്യക്തിനിയമങ്ങളിലും സ്ത്രീകള്‍ക്കു തുല്ല്യത നിഷേധിക്കുന്നുണ്ട്. നിയമപരമായി തുല്ല്യതയുണ്ടെന്നു പറയുന്നിടങ്ങളിലാകട്ടെ പ്രായോഗികമായി നടക്കുന്നുമില്ല. മേരിറോയ്, ഷബാനു ബീഗം കേസുകള്‍ കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നില നില്‍ക്കുന്ന വിവേചനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായി. പലരും പക്ഷെ അവയുപയോഗിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായിരുന്നു. അതേസമയം വ്യക്തിനിയമങ്ങളില്‍ മാറ്റമുണ്ടാക്കാനുള്ള ശ്രമം കാര്യമായി നടന്നതുമില്ല. പ്രത്യകിച്ച് മുസ്ലിം വ്യക്തിനിയങ്ങളില്‍. അതിനായുള്ള സമ്മര്‍ദ്ദമാകട്ടെ ദുര്‍ബ്ബലവുമായിരുന്നു. മറ്റു മതവിഭാഗങ്ങളില്‍ പക്ഷെ സ്ഥിതി അല്‍പ്പം വ്യത്യസ്ഥമാണല്ലോ. ഇത്തരമൊരു സാഹചര്യത്തില്‍ വ്യക്തിനിയമങ്ങളില്‍ അസമത്വമവസാനിപ്പിക്കാനുള്ള നടപടികള്‍ക്കു പകരം മുകളില്‍ നിന്ന് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിച്ചതു ചണ്ടികാട്ടി ന്യായീകരിക്കാനാവുന്നതല്ല ഇത്. അതേസമയം മുസ്ലിം സമുദായത്തില്‍ പിറന്നവര്‍ക്കും മറ്റുള്ളവരെ പോലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം കഴിക്കാനും ആവശ്യമെങ്കില്‍ മതരഹിതരായി ജീവിക്കാനും ഇന്ത്യയില്‍ അവസരമുണ്ടെന്നും മറക്കരുത്. അത് തടയാനുള്ള ശ്രമങ്ങള്‍ അതിശക്തമാണെങ്കിലും.
നൂറുകണക്കിന് മതങ്ങളും ജാതികളും അധിവസിക്കുന്ന ഇന്ത്യയില്‍ പാരസ്പര്യത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമമാണ് അനിവാര്യം. ഭരണഘടന നാനാത്വത്തിലെ ഈ ഏകത്വത്തെ അംഗീകരിക്കുന്നുണ്ട്. ഈ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുകയും അതേസമയം അതിനുള്ളിലുള്ള ചൂഷണങ്ങളും അനീതികളും അസമത്വങ്ങളും ഇല്ലായ്മ ചെയ്യുകയുമാണ് വേണ്ടത്. എന്നാല്‍ അത്തരമൊരു ലക്ഷ്യമാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പറയാനാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply