എഴുത്തുകാരെ…. ഹാ കഷ്ടം

ഹരികുമാര്‍ ചിന്തയിലും പ്രവര്‍ത്തിയിലും സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നവരാണ്‌ എഴുത്തുകാര്‍ എന്നാണ്‌ വെപ്പ്‌. അല്ലെങ്കില്‍ നില്‍ക്കേണ്ടവരാണ്‌. എന്നാല്‍ സംഭവിക്കാറുള്ളത്‌ മിക്കപ്പോഴും അങ്ങനെയല്ല. സാമാന്യജനതയേക്കാള്‍ മോശമാണ്‌ പലപ്പോഴും അവരുടെ നിലപാടുകളും പ്രവര്‍ത്തികളും. മാനവികതയിലും പാരിസ്ഥിതികാവബോധത്തിലുമൂന്നിയ രാഷ്ട്രീയത്തിനു പകരം കക്ഷിരാഷ്ട്രീയത്തിന്റെ പുറകിലിഴയുന്നവരാണ്‌ അവരില്‍ പലരും. അതിന്റെ നേട്ടങ്ങള്‍ കൈപറ്റാന്‍ ഇവര്‍ക്കൊരു മടിയുമില്ല. തിരഞ്ഞെടുപ്പുവേളകളിലാണ്‌ ഇവരുടെ ഉള്ളിലിരുപ്പ്‌ മറനീക്കി പുറത്തുവരാറുള്ളത്‌. കേരളീയ സാഹചര്യത്തില്‍ ഭൂരിഭാഗം എഴുത്തുകാരും ഇടതുപക്ഷത്തിനൊപ്പമാണ്‌. കുറച്ചുപേര്‍ മറുപക്ഷത്തുമുണ്ട്‌. തീര്‍ച്ചയായും എഴുത്തുകാരും മനുഷ്യരാണ്‌. വോട്ടര്‍മാരാണ്‌. ഏതുപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനും പ്രചരണം നടത്താനും അവര്‍ക്കവകാശമുണ്ട്‌. […]

writer-736783ഹരികുമാര്‍

ചിന്തയിലും പ്രവര്‍ത്തിയിലും സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നവരാണ്‌ എഴുത്തുകാര്‍ എന്നാണ്‌ വെപ്പ്‌. അല്ലെങ്കില്‍ നില്‍ക്കേണ്ടവരാണ്‌. എന്നാല്‍ സംഭവിക്കാറുള്ളത്‌ മിക്കപ്പോഴും അങ്ങനെയല്ല. സാമാന്യജനതയേക്കാള്‍ മോശമാണ്‌ പലപ്പോഴും അവരുടെ നിലപാടുകളും പ്രവര്‍ത്തികളും. മാനവികതയിലും പാരിസ്ഥിതികാവബോധത്തിലുമൂന്നിയ രാഷ്ട്രീയത്തിനു പകരം കക്ഷിരാഷ്ട്രീയത്തിന്റെ പുറകിലിഴയുന്നവരാണ്‌ അവരില്‍ പലരും. അതിന്റെ നേട്ടങ്ങള്‍ കൈപറ്റാന്‍ ഇവര്‍ക്കൊരു മടിയുമില്ല.
തിരഞ്ഞെടുപ്പുവേളകളിലാണ്‌ ഇവരുടെ ഉള്ളിലിരുപ്പ്‌ മറനീക്കി പുറത്തുവരാറുള്ളത്‌. കേരളീയ സാഹചര്യത്തില്‍ ഭൂരിഭാഗം എഴുത്തുകാരും ഇടതുപക്ഷത്തിനൊപ്പമാണ്‌. കുറച്ചുപേര്‍ മറുപക്ഷത്തുമുണ്ട്‌. തീര്‍ച്ചയായും എഴുത്തുകാരും മനുഷ്യരാണ്‌. വോട്ടര്‍മാരാണ്‌. ഏതുപാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനും പ്രചരണം നടത്താനും അവര്‍ക്കവകാശമുണ്ട്‌. എന്നാല്‍ മിക്കപ്പോഴും വ്യക്തികള്‍ എന്ന നിലക്കല്ല, എഴുത്തുകാരുട മൊത്തം പ്രാതിനിധ്യം അവകാശപ്പെട്ടാണ്‌ അവര്‍ രംഗത്തിറങ്ങുക. അതാണ്‌ വിമര്‍ശിക്കപ്പെടേണ്ടത്‌. തങ്ങള്‍ പിന്തുണക്കുന്നവര്‍ ആരായാലും അവരെ ഉന്നതരായും എതിരാളികളെ മ്ലേച്ഛരായും ചിത്രീകരിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. അതാണ്‌ വിവിധ മണ്ഡലങ്ങളില്‍ ഇപ്പോഴും കാണുന്നത്‌.
എഴുത്തുകാരുടെ മുഴുവന്‍ പ്രാതിനിധ്യം അവകാശപ്പെടാന്‍ എന്തു ധാര്‍മ്മികാവകാശമാണ്‌ ഇവര്‍ക്കുള്ളത്‌. കഴിഞ്ഞ ദിവസത്തെ ഒരു പത്ര റിപ്പോര്‍ട്ടുനോക്കൂ. ടി പി വധത്തെ കേന്ദ്രീകരിച്ച്‌ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പിന്മാറിയെന്നതാണത്‌. എന്തുകൊണ്ടാണ്‌ അദ്ദേഹം പിന്മാറിയതെന്ന്‌ പ്രത്യകിച്ച്‌ പറയേണ്ടതില്ലല്ലോ. ഭീഷണിയും സമ്മര്‍ദ്ദവും. ചുള്ളിക്കാടും മനുഷ്യനാണല്ലോ. സിപിഎമ്മിനെ പ്രകീര്‍ത്തിച്ച്‌ എത്രയോ പൈങ്കിളി വിപ്ലവസിനിമകള്‍ വന്നിരിക്കുന്നു. മറുവശത്ത്‌ സിനിമയെന്ന കലാരൂപത്തിലൂടെ ഒരു വിമര്‍ശനം പോലും സഹിക്കാന്‍ അവര്‍ക്കാവുന്നില്ല. എന്നിട്ടും കലാകാരന്മാര്‍ക്ക്‌ ഇത്തരം നിലപാടെടുക്കാന്‍ എങ്ങനെ കഴിയുന്നു
ടിപി വധവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കും ശേഷവും ഇത്തരത്തില്‍ പരസ്യമായി രംഗത്തുവരാന്‍ എഴുത്തുകാര്‍ക്ക്‌ കഴിയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. എന്നാല്‍ അതാണ്‌ സംഭവിക്കുന്നത്‌. കൊല്ലത്തും പാലക്കാടും തൃശൂരുമൊക്കെ ഏതാനും എഴുത്തുകാര്‍ ഇവര്‍ക്കായി വോട്ടുചോദിക്കുന്നത്‌ കാണുമ്പോള്‍ തമാശ തോന്നുന്നു. ഇവരെങ്ങനെ മാനവികതയുടെ പ്രചാരകരാകുന്നു?
ഇത്‌ കേവലം സിപിഎം എന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണതയുടെ പ്രശ്‌നവുമല്ല. ട്രോട്‌സ്‌കിയുടെ ജീവനെടുത്ത മഴു മുതല്‍ ടിപിയെവധിച്ച വാളുകള്‍ വരെ ഒരു തുടര്‍ച്ചയാണ്‌. എന്തിനേറേ? ടിവി ചര്‍ച്ചകളില്‍ ടിപിയെ വധിച്ചത്‌ സിപിഎം തന്നെയാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയുന്നു എന്ന ചോദ്യത്തിന്‌ ആര്‍എംപി നേതാക്കള്‍ നിരന്തരം പറയുന്ന ഒരു മറുപടിയുണ്ട്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പ്രവര്‍ത്തന ശൈലി എന്താണെന്ന്‌ അതിനകത്തുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌ നന്നായറിയാം എന്നാണല്ലോ. ടിപിയടക്കമുള്ളവര്‍ പാര്‍ട്ടിയിലുള്ളപ്പോള്‍തന്നെ എത്രയോ രാഷ്ട്‌ീയ കൊലപാതകങ്ങള്‍ വടക്കന്‍ കേരളത്തില്‍ നടന്നിരിക്കുന്നു. അടിസ്ഥാനപരമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ജനാധിപത്യവിരുദ്ധമായ നിലപാടാണ്‌ പ്രശ്‌നം. ആശയപരമായ ആ നിലപാടിന്റെ തുടര്‍ച്ചയാണിത്‌.
ഈ എഴുത്തുകാരുടെ താല്‍പ്പര്യം കക്ഷിരാഷ്ട്രീയം മാത്രമാണെന്നു വ്യക്തമാക്കുന്ന ഒരുദാഹരണം കൂടി. അല്ലെങ്കില്‍ കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരില്‍ ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇവരെന്താണ്‌ ചെയ്യേണ്ടത്‌? തൃശൂരില്‍ മത്സരിക്കുന്ന സാറാ ജോസഫിനെയാണ്‌ ഉദ്ദേശിക്കുന്നത്‌. സ്വന്തം കൂട്ടത്തില്‍നിന്ന്‌ ടീച്ചര്‍ മത്സരിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയതാല്‍പ്പര്യം മാറ്റിവെച്ച്‌ അവരെ പിന്തുണക്കുകയല്ലേ വേണ്ടത്‌? സക്കറിയ, എം എന്‍ കാരശ്ശേരി്‌, ശിഹാബുദ്ദിന്‍ പൊയ്‌ത്തുകടവ്‌, സിവി ബാലകൃഷ്‌ണന്‍, ഖദീജ മുംതാസ്‌, കെ വേണു തുടങ്ങി കുറച്ചുപേര്‍ ടീച്ചര്‍ക്കായി രംഗത്തുവന്നിട്ടുണ്ട്‌. എന്നാല്‍ മറ്റുള്ളവരോ? വര്‍ഗ്ഗീയതക്കും അഴിമതിക്കുമെതിരെ കര്‍ക്കശ നിലപാടെടുക്കുന്നു എന്നു പറഞ്ഞാണല്ലോ ഇവര്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നത്‌? എന്നാല്‍ ഈ വിഷയങ്ങളില്‍ അതിനേക്കാള്‍ ശക്തമായ നിലപാടല്ലേ ആം ആദ്‌മിയുടേത്‌? പഴകിയ മുദ്രാവാക്യങ്ങളില്‍നിന്നും പ്രവര്‍ത്തനശൈലിയില്‍ നിന്നും വ്യത്യസ്ഥമായ ശൈലിയല്ലേ അവര്‍ സ്വീകരിച്ചിരിക്കുന്നത്‌. ഉദയകുമാര്‍, സോണിസോറി, മേധാപട്‌കര്‍ തുടങ്ങി ജനകീയപോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ആര്‍ജ്ജവം മറ്റാര്‍ക്കുണ്ട്‌? തങ്ങള്‍ നിരന്തരമായി എഴുതുന്നതിനോടും പറയുന്നതിനോടും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സാറാജോസഫിനെയെങ്കിലും പിന്തുണക്കുന്ന സമീപനമായിരുന്നു ഇവര്‍ സ്വീകരിക്കേണ്ടിയിരുന്നത്‌. എന്നാല്‍ എഴുത്തുകാരേയും പോഷകസംഘടനാംഗങ്ങളാക്കുന്ന പ്രസ്ഥാനങ്ങളയാണ്‌ അവര്‍ക്ക്‌ താല്‍പ്പര്യം. ലോകത്തെങ്ങും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ കലാ സാഹിത്യ മേഖലയെ ഉപയോഗിക്കുന്നത്‌ അങ്ങനെയാണ്‌. എല്ലാറ്റിനേയും വര്‍ഗ്ഗസമരത്തിനും അതിന്റെ തുടര്‍ച്ചയായി പാര്‍ട്ടിക്കും കീഴ്‌പ്പെടുത്തുന്നതാണല്ലോ അവരുടെ സമീപനം. കേരളത്തിലും ഇന്നും തുടരുന്ന ചര്‍ച്ചയാണല്ലോ ഇത്‌.
പലപ്പോഴും തോല്‍ക്കുമെന്നുറപ്പുള്ള സീറ്റുകളില്‍ ഇടതു വലതു വ്യത്യാസമില്ലാതെ പാര്‍ട്ടികള്‍ എഴുത്തുകാരേയും കലാകാരന്മാരേയും മത്സരിപ്പിക്കാറുണ്ട്‌. സ്ഥാനാര്‍ത്ഥിയുടെ ജനപ്രിയതകൊണ്ട്‌ സീറ്റുകിട്ടിയാല്‍ ലാഭം എന്ന ചിന്തയാണതിനു പുറകില്‍. ചാലക്കുടിയില്‍ ഇന്നസന്റിനെ മത്സരിപ്പിച്ചതുതന്നെ ഉദാഹരണം. രാഷ്ട്രീയമായി എന്തെങ്കിലും ചോദിച്ചാല്‍ സിനിമയില്‍ പറയുന്ന പോലെ നിങ്ങളെന്നെ വെള്ളം കുടിപ്പിക്കല്ലേ എന്നു പറയുന്ന ഇന്നസന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉദ്ദേശം എന്താണ്‌? തമാശയില്‍ തന്റെ അജ്ഞത മറച്ചുവെക്കുകയാണ്‌ അദ്ദേഹം. പാര്‍ട്ടിക്കുവേണ്ടി പലപ്പോഴും രംഗത്തിറങ്ങിയ, മണ്ഡലത്തില്‍ തന്നെ പെട്ട കലാഭവന്‍ മണിയെ പരിഗണിക്കാതെയാണ്‌ മണ്ഡലത്തിനു പുറത്തുനിന്ന്‌ ഇന്‌സെന്റിനെ പുറത്തുകൊണ്ടുവന്നതെന്നും ഓര്‍ക്കണം. അതിന്റെ പരിഗണന സാമുദായികം മാത്രം.
എഴുത്തുകാരില്‍ മറ്റൊരു വിഭാഗം വിശ്വസിക്കുന്നത്‌ തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവരല്ല എന്നാണ്‌. രാഷ്ട്രീയം ജീര്‍ണ്ണിച്ച ഒന്നാണെന്നും തങ്ങളെന്തോ ഉന്നത കുല ജാതരാണെന്നുമുള്ള ധാരണയാണതിനു പുറകില്‍. എഴുത്തെന്തോ പുണ്യപ്രവര്‍ത്തിയാണെന്നും ഇവര്‍ കരുതുന്നു. ഇതുന്നയിച്ച്‌ സാറാജോസഫിനെതിരെ പലരും രംഗത്തുവരുകയും ചെയ്‌തു. നേരത്തെ സൂചിപ്പിച്ചപോലെ രാഷ്ട്രീയം ഒരാള്‍ക്കും അന്യമല്ല. എഴുത്തുകാരന്‌ അവിടെ പ്രത്യേകതയൊന്നുമില്ല. രാഷ്ട്രീയം ജീര്‍ണ്ണിച്ചതാണെങ്കില്‍ സാഹിത്യ – സാംസ്‌കാരിക മേഖലകളുടെ അവസ്ഥയെന്താണ്‌? രാഷ്ട്രീയക്കാര്‍ക്ക്‌ മിനിമം ഇടക്കൊക്കെ ജനങ്ങളെ അഭിമുഖീകരിക്കണം. ഇവര്‍ക്ക്‌ അതുപോലം വേണഅടല്ലോ. അല്ല, ഇനി രാഷ്ട്രീയം ജീര്‍ണ്ണിച്ചു എന്നുതന്നെ വെക്കുക. അങ്ങനെയാണെങ്കില്‍ തന്നെ ധിഷണാശാലികള്‍ മാറിനില്‍ക്കുകയാണോ വേണ്ടത്‌? ഇടപെടുകയല്ലേ? ശുദ്ധീകരിക്കുകയല്ലേ……….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply