എഴുത്തുകാരുടെ രാഷ്ട്രീയം

എഴുത്തുകാരുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ദശകങ്ങളായി. അതുമായി ബന്ധപ്പെട്ട് പല സംഘടനകളും രൂപം കൊള്ളുകയും തകരുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ചര്‍ച്ചകള്‍ അനന്തമായി തുടരുകയാണ്. എഴുത്തുകാര്‍ക്കെതിരെ വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ ആരംഭിച്ചതോടെ സ്വാഭാവികമായും ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യുന്ന പ്രദേശമാണ് കേരളം. കുരീപ്പുഴ ശ്രീകുമാറിനെതിരായ അക്രമണം, മാതൃഭൂമിയും ഡിസിയും നടത്തിയ സാഹിത്യോത്സവങ്ങള്‍, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നത് തുടങ്ങി അടുത്ത ദിവസങ്ങളില്‍ നടന്ന […]

writer

എഴുത്തുകാരുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ദശകങ്ങളായി. അതുമായി ബന്ധപ്പെട്ട് പല സംഘടനകളും രൂപം കൊള്ളുകയും തകരുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ചര്‍ച്ചകള്‍ അനന്തമായി തുടരുകയാണ്. എഴുത്തുകാര്‍ക്കെതിരെ വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ ആരംഭിച്ചതോടെ സ്വാഭാവികമായും ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യുന്ന പ്രദേശമാണ് കേരളം. കുരീപ്പുഴ ശ്രീകുമാറിനെതിരായ അക്രമണം, മാതൃഭൂമിയും ഡിസിയും നടത്തിയ സാഹിത്യോത്സവങ്ങള്‍, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നത് തുടങ്ങി അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങളോടെ ഈ ചര്‍ച്ചയും വീണ്ടും സജീവമായിരിക്കുകയാണ്.
ലോകത്തിന്റെ പല ഭാഗങ്ങള്‍ക്കൊപ്പം ഇന്ത്യയിലും കേരളത്തിലും സാമൂഹ്യമാറ്റത്തിന്റെ ചുവന്ന സ്വപ്‌നങ്ങളുമായി കടന്നു വന്ന കമ്യൂണിസ്റ്റ് ആശയങ്ങളോടെയാണ് എഴുത്തുകാരും അത്തരം പ്രക്രിയകളില്‍ പങ്കാളികളായതെന്ന് പൊതുവില്‍ പറയാം. അതിനുമുമ്പ് കൂടുതല്‍ എഴുത്തുകാരും ഭരണാധികാരികളെ സ്തുതിക്കലായിരുന്നു ചെയ്തിരുന്നതെങ്കിലും സാമൂഹ്യവിഷയങ്ങളൊക്കെ എഴുതിയിരുന്നവരും ഉണ്ടായിരുന്നു. 1935 ല്‍ എഴുത്തുകാരുടെ ഒന്നാം സാര്‍വ്വദേശീയ സമ്മേളനം പാരീസില്‍ ‘മ്യുച്വലിറ്റ് കൊട്ടാര’ത്തില്‍ ആന്ദ്രെ ഗൈഡിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഇതില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള 220 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നും മുല്‍ക്ക് രാജ് ആനന്ദും സജ്ജാദ് സാഹിറും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. സമൂഹത്തില്‍ എഴുത്തുകാരുടെ പങ്ക്, മാനുഷികത, സംസ്‌ക്കാരം, രാജ്യവും സംസ്‌കാരവും, സാഹിത്യ രചന നടത്തുമ്പോഴുള്ള പ്രതിബന്ധങ്ങള്‍ ഇവയെല്ലാം ഈ സമ്മേളനത്തില്‍ പരിശോധിച്ചു. അതിന്റെ തുടര്‍ച്ചയായി 1936-ല്‍ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937-ല്‍ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും ആവിര്‍ഭാവത്തോടെയാണ് എഴുത്തുകാര്‍ക്കും സംഘടന എന്ന ആശയം ഇവിടെ വേരുപിടിച്ചത്. കല കലക്കുവേണ്ടി എന്ന പരമ്പരാഗത വാദത്തിനു ബദലായി കല സമൂഹത്തിനുവേണ്ടി എന്ന ആശയമായിരുന്നു ഇവരുയര്‍ത്തി പിടിച്ചത്. ഇപ്പോഴും തുടരുന്ന സംവാദം.
1944 ജരുവരിയില്‍ ഷൊര്‍ണ്ണൂര്‍ ചേര്‍ന്ന സാഹിത്യകാരന്മാരുടെ സമ്മേളനം ”പുരോഗമന സാഹിത്യ സംഘടന’ എന്ന നിലക്ക് പ്രസ്ഥാനം വിപുലീകരിച്ചു. ഈ സമ്മേളനത്തില്‍ എം.പി.പോള്‍ , ജോസഫ് മുണ്ടശ്ശേരി, പി.കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. എം.പി.പോള്‍ പ്രസിഡന്റ്. പി.കേശവദേവ്, സി.അച്യുതക്കുറുപ്പ് എന്നിവരെ സെക്രട്ടറിമാരായും നിശ്ചയിച്ചു. മഹാകവി വള്ളത്തോള്‍ ഈ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. അദ്ധ്യക്ഷ പ്രസംഗത്തില്‍ എം.പി.പോള്‍ ഇങ്ങനെ പറഞ്ഞു : ”പുരോഗമന സാഹിത്യത്തിന്റെ ആധാരം മനുഷ്യന് ഒരു ഭാവിയുണ്ടെന്നുള്ള വിശ്വാസമാണ്….ഇന്നത്തെ കലാകാരന്റെ ദിവാസ്വപ്നമാണ് നാളത്തെ ലോകമായി രൂപാന്തരപ്പെടുന്നത്. നാളത്തെ ലോകം സുന്ദരമായിത്തീരുവാനുള്ള പ്രചോദനം കലയില്‍ നിന്നും ഉണ്ടാകണം…”
നാളത്തെ ലോകം സുന്ദരമായിതീരണമെന്ന സങ്കല്‍പ്പം കേരളത്തിലെങ്കിലും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെട്ടിരുന്ന കമ്യൂണിസ്‌റ്് പാര്‍ട്ടിയുമായി ഐക്യപ്പെടുന്നതിലേക്ക്ാണ് പുരോഗമന സാഹിത്യകാരെ പൊതുവില്‍ നയിച്ചത്. പലപ്പോഴും അവരുടെ മിശിഹ സാഹത്യകാരനല്ലാത്ത ഇ എംഎസ് ആയിരുന്നു. കല സമൂഹത്തിനു വേണ്ടി എന്ന വിശാലമായ മുദ്രാവാക്യത്തെ സമൂഹത്തിനുവേണ്ടി നിലനില്‍ക്കുന്ന കമ്യൂണിസ്റ്റുകാരായതിനാല്‍ കല അവര്‍ക്കുവേണ്ടി എന്ന നിലക്കുപോലും എത്തുകയായിരുന്നു. പല കൃതികളും വിലയിരുത്തപ്പെട്ടത് പാര്‍ട്ടിയെ സഹായിക്കുന്നുണ്ടോ എന്ന അളവുകോലോടെയാി. ഖസാക്കിന്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളൊന്നും വായിക്കരുതെന്ന സര്‍ക്കുലറുകള്‍ തന്നെ പുറത്തിറങ്ങിയത് അങ്ങനെയായിരുന്നു. എന്നാല്‍ മികച്ച എഴുത്തുകാരൊന്നും സ്വാഭാവികമായും ഈ ശാസനകള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ആധുനികാപ്രസ്ഥാനവും പോസ്റ്റ് മോഡേണ്‍ ചിന്തകളുമൊക്കെ മലയാളസാഹിത്യത്തില്‍ എത്തുന്നത്. ആദ്യം തള്ളികളഞ്ഞവരില്‍പലരേയും പിന്നീട് പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടിവന്നു. സമൂഹത്തിനുവേണ്ടിയല്ലാതയേും എഴുതാമെന്ന് ഇഎംഎസ് തിരുത്തി. അപ്പോഴും പുരോഗമനകലാസാഹിത്യസംഘം എന്ന പോഷകസംഘടനയുണ്ടാക്കാനും സിപിഎം മടിച്ചില്ല.
സിപിഎമ്മിനുവേണ്ടി കലാസാഹിത്യമേഖലയെ മാറ്റിയെടുക്കുക എന്ന ദൃത്യം തന്നെയാണ് ഇന്നു പുകസ നിര്‍വ്വഹിക്കുന്നത്. തെരഞ്ഞെടുപ്പുവേളകളില്‍ വളരെ പരസ്യമായി തന്നെ അവര്‍ രംഗത്തിറങ്ങാറുണ്ട്. സമകാലികാവസ്ഥയില്‍ ഹൈന്ദവഫാസിസത്തെ ചൂണ്ടി അതിനുള്ള മറുപടി സിപിഎം എന്ന പരോക്ഷമായി പ്രഖ്യാപിക്കുകയാണ് പുകസ എഴുത്തുകാര്‍. അതിനുള്ള പ്രതിഫലം തങ്ങള്‍ ഭരിക്കുമ്പോള്‍ സിപിഎം നല്‍കാറുമുണ്ട്. പുകസയുടെ പ്രസിഡന്റാണ് ഇപ്പോള്‍ സാഹിത്യ അക്കാദമി പ്രസിഡന്റ എന്നത് യാദൃച്ഛികമല്ലതാനും. അതിനാല്‍ തന്നെ സിപിഎം ഭാഗത്തുനിന്നുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ഇവര്‍ കണ്ണടക്കുന്നത് സ്വാഭാവികം. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പോലും നാമത് കണ്ടു. എന്തിനേറെ, അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തും കോഴിക്കോടും നടന്ന വന്‍ സാഹിത്യോത്സവങ്ങളില്‍ മാനവികതയെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച എഴുത്തുകാരൊന്നും പിറ്റേന്ന് കണ്ണൂരില്‍ നടന്ന അറും കൊലക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല എന്നതും ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റുകാര്‍ കിനാവു കാണുന്ന സോഷ്യലിസം നടപ്പായിരുന്നു എന്നവകാശപ്പെട്ട രാജ്യങ്ങളില്ലാം എഴുത്തുകാര്‍ നേരിട്ട പീഡനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായിട്ടും ഇവര്‍ കണ്ടില്ല എന്നു നടിക്കുന്നതാണ് അത്ഭുതം. അശോകന്‍ ചെരുവിലിനെ പോലുള്ള മികച്ച കഥാകൃത്തുക്കള്‍ പോലും പാര്‍ട്ടി എഴുത്തുകാരാകുന്ന കാഴ്ച ദുഖകരം തന്നെയാണ്.
തീര്‍ച്ചയായും മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികളും എഴുത്തുകാരെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിപിഐക്ക് ഇവിടെ യുവകലാസാഹിതിയുണ്ട്. നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ രൂപീകരിച്ച ജനകീയ സാംസ്‌കാരിക വേദി സാംസ്‌കാരിക കേരളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചു പെട്ടന്നുതന്നെ ഇല്ലാതായി. കോണ്‍ഗ്രസ്സുകാര്‍ ഈ മേഖലയില്‍ കാര്യമായി മെയ് വഴക്കം കാണിക്കാന്‍ കഴിവില്ലാത്തവരാണ്. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് കാലം ഇടതുപക്ഷ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും സുവര്‍ണകാലമായിരുന്നു. കേരളത്തില്‍ ശ്രമിച്ചുനോക്കുന്നുണ്ടെങ്കിലും അവര്‍ക്കതില്‍ വിജയിക്കാനാവുന്നില്ല. അതേസമയം എഴുത്തുകാര്‍ക്കിടയില്‍ കടന്നു കയറാനുള്ള ബിജിപി ശ്രമം സംഘടിതമായി നടക്കുന്നു. അഖിലേന്ത്യാതലത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പലതിലും അവര്‍ പിടിമുറുക്കി കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ പോലും മടിക്കാത്ത സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലും എഴുത്തുകാര്‍ക്കെതിരെ അക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒപ്പം അവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും ശ്രമിക്കുന്നു.
തീര്‍ച്ചയായും എഴുത്തുകാര്‍ക്ക് രാഷ്ട്രീയം വേണം എന്നു തന്നെയാണ് പൊതുവായി പറയാനാകുക. (വ്യക്തിപരമായ രാഷ്ട്രീയമല്ല ഉദ്ദേശിക്കുന്നത്. ) എന്നാലത് കക്ഷിരാഷ്ട്രീയത്തിലേക്ക് മാറുന്നതാണ് അപകടകരം. ഇന്ത്യയെപോലൊരു രാജ്യത്ത് ഇന്ന് പ്രതിരോധത്തിന്റെതായ രാഷ്ട്രീയമാകണം എഴുത്തുകാരുടേത്. അതിന്റെ പൊതുവായ ലക്ഷ്യം ജനാധിപത്യത്തെ ജനാധിപത്യമായി നിലനിര്‍ത്തുക എന്നതാണ്. ഇന്നത് സര്‍വ്വാധികാരവും പുരുഷാധികാരവും സവര്‍ണ്ണാധികാരവും മതാധികാരവും മൂലധനാധികാരവുമൊക്കെയായി ചേര്‍ന്നു പോകുന്ന അവസ്ഥയാണ്. അതിനെതിരായ സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും ചെറുത്തുനില്‍പ്പിന്റെ ആകത്തുകയാണ് ഈ പ്രതിരോധം. ഒരുപാട് സൂക്ഷ്മവും സവിശേഷവുമായി പ്രതിരോധരൂപങ്ങള്‍ ഇന്നുണ്ട്. അതൊരു പാര്‍ട്ടിയില്‍ ഒതുങ്ങില്ല. അതിന് ബൃഹത് ആഖ്യാനങ്ങളില്ല. പല മണ്ഡലങ്ങളിലായി നടക്കുന്ന സൂക്ഷ്മസമരങ്ങളില്‍ നിന്നാണ് അത് ഊര്‍ജ്ജം കണ്ടെത്തുന്നത്. വൈവിധ്യങ്ങളാണ് അതിന്റെ മുഖമുദ്ര. എല്ലാ തരം ഹിംസകള്‍ക്കും അത് എതിരാണ്. ജനാധിപത്യമാണ് അതിന്റെ അടിത്തറ. അത്തരമൊരു രാഷ്ട്രീയം ഏറ്റെടുക്കാനാണ് എഴുത്തുകാര്‍ തയ്യാറാവേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply