എയ്ഡഡ് സ്‌കൂള്‍ കോളേജ് തൊഴിലിടങ്ങള്‍ – ജനാധിപത്യത്തിലെ അയിത്ത അസ്പൃശ്യ ജാതിയിടങ്ങള്‍

എസ് എം രാജ് ജാതി കോളനികള്‍ എന്നുപറഞ്ഞാല്‍ അത് പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മാത്രമായി സംവരണം ചെയ്തിട്ടുള്ള വിഭവരഹിത ഇടങ്ങളാണ് എന്ന് കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിക്കു പോലും അറിയാം .എന്നാല്‍ അധികം ആരുടേയും കണ്ണില്‍ പെടാതെ ഇനി അഥവാ കണ്ണില്‍ പെട്ടാലും സൗകര്യപൂര്‍വ്വം നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്ന സവര്‍ണ്ണ സമ്പന്നരുടെ ജാതി കോളനികളാണ് എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലെ തൊഴിലിടങ്ങള്‍ .കേരളത്തിലെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആളുകളില്‍ അമ്പതുശതമാനത്തിനു മുകളില്‍ ജോലി ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളില്‍ ആണ് .സര്‍ക്കാര്‍ ശമ്പളം […]

vv

എസ് എം രാജ്
ജാതി കോളനികള്‍ എന്നുപറഞ്ഞാല്‍ അത് പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മാത്രമായി സംവരണം ചെയ്തിട്ടുള്ള വിഭവരഹിത ഇടങ്ങളാണ് എന്ന് കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിക്കു പോലും അറിയാം .എന്നാല്‍ അധികം ആരുടേയും കണ്ണില്‍ പെടാതെ ഇനി അഥവാ കണ്ണില്‍ പെട്ടാലും സൗകര്യപൂര്‍വ്വം നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്ന സവര്‍ണ്ണ സമ്പന്നരുടെ ജാതി കോളനികളാണ് എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലെ തൊഴിലിടങ്ങള്‍ .കേരളത്തിലെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആളുകളില്‍ അമ്പതുശതമാനത്തിനു മുകളില്‍ ജോലി ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളില്‍ ആണ് .സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും സ്‌കൂള്‍ കോളേജ് ഉടമയായ മുതലാളി തനിക്കിഷ്ടമുള്ള ആളുകളെ നിയമിക്കുകയും ചെയ്യുന്ന വിചിത്രമായ സംവിധാനമാണ് കഴിഞ്ഞ അന്‍പത് വര്‍ഷത്തിന് മുകളിലായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് . അതായത് നിലവിലുള്ള സംവരണ നിയമനനുസരിച്ച് നിയമനം നടത്തിയിരുന്നുവെങ്കില്‍ ചുരുങ്ങിയത് രണ്ടുലക്ഷം സംവരണ വിഭാഗത്തില്‍ പെട്ട ഈഴവ മുസ്ലിം ആശാരി തട്ടാന്‍ കൊല്ലന്‍ ദലിത് ക്രിസ്ത്യന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക നായര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ജോലി കിട്ടുമായിരുന്നു. എന്നാല്‍ ഇന്നീ ജോലികള്‍ മുഴുവന്‍ സമൂഹത്തിലെ സമ്പന്നരായ ആളുകള്‍ കയ്യടക്കി അനുഭവിക്കുകയാണ് .വിദ്യാഭ്യാസവും യോഗ്യതയുമുള്ള പാവപെട്ട ആളുകള്‍ക്ക് ലഭിക്കേണ്ട ജോലികള്‍ സംവരണം നിഷേധിക്കുന്നതിലൂടെ അനര്‍ഹരായ സമ്പന്നര്‍ തട്ടിയെടുക്കുന്നു എന്ന് ചുരുക്കം .ഈ നീതി നിഷേധത്തിനെതിരെ കേരളത്തിലെ ഒരൊറ്റ മനുഷ്യരും തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയിട്ടില്ല എന്നത് വലിയ അത്ഭുതമാണ് .ഈ അത്ഭുതത്തിന്റെ കാരണം തിരയാന്‍ പോകുമ്പോഴാണ് നമുക്ക് അറിയാന്‍ കഴിയുക കേരളത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നവര്‍ തന്നെയാണ് ഈ എയ്ഡഡ് സംവിധാനങ്ങളുടെ ഉടമകളും ഉപഭോക്താക്കളും എന്ന് .ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ മാത്രം വിവരക്കേട് അവര്‍ക്കുണ്ടാകില്ലലോ .എന്താണ് ഇതിനൊരു പ്രതിവിധി ?

സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും ചെറിയ ജോലികളില്‍ പോലും പ്രവേശിക്കുന്നവര്‍ക്ക് നേടാന്‍ കഴയുന്നത് വളരെ വലിയ സാമ്പത്തിക സുരക്ഷിതത്വം ആണ് .പില്‍ക്കാലത്തെ പെന്‍ഷന്‍ മാത്രമല്ല മറിച്ച് ബാങ്ക് ലോണുകളുടെ ഒരു വലിയ ലോകം അവര്‍ക്കു മുന്‍പില്‍ തുറക്കപ്പെടും എന്നതാണ് കൂടുതല്‍ പ്രധാനം .സാധാരണക്കാരായ ആളുകള്‍ക്ക് സ്വന്തമായി ഭൂമിയില്ലെങ്കില്‍ ഒരു ബാങ്കും ഒറ്റ രൂപാ വായ്പ നല്‍കില്ല .എന്നാല്‍ സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ സ്വന്തമായി ലോണ്‍ കിട്ടാനും മറ്റുള്ളവര്‍ക്ക് ജാമ്യം നില്‍ക്കാനും കഴിയും .സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ് .നല്ല വിവാഹം ,വീട് ,കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ സാമ്പത്തിക വികാസത്തിനുള്ള വലിയ സാധ്യതകളാണ് ഓരോ സര്‍ക്കാര്‍ ജോലിയും ആളുകള്‍ക്ക് തുറന്നുകൊടുക്കുന്നത് . സംവരണീയരായ രണ്ടോ അതില്‍ കൂടുതലോ വരുന്ന ആളുകള്‍ക്ക് ലഭിക്കേണ്ട ജോലികളാണ് ഇപ്പോള്‍ എയ്ഡഡ് മേഖലയിലെ സംവരണ നിഷേധം വഴി കേരളത്തിലെ സവര്‍ണ്ണ അവര്‍ണ്ണ സമ്പന്നര്‍ കൈവശം വെച്ചനുഭവിക്കുന്നത് .ഈ അനീതി ഇനിയും തുടരാന്‍ അനുവദിക്കരുത് .കേരളം ആര് ഭരിക്കണം ,ഭരിക്കുന്നവര്‍ എന്ത് തീരുമാനങ്ങള്‍ എടുക്കണം എന്നൊക്കെ തീരുമാനിക്കുവാന്‍ മാത്രം കേരളത്തിലെ ജാതി മത സംഘങ്ങള്‍ ശക്തരാകുന്നതിന്റെ പുറകിലെ യഥാര്‍ത്ഥ കാരണം അവര്‍ കൈവശം വെച്ചനുഭവിക്കുന്ന എയ്ഡഡ് സ്‌കൂള്‍ കോളേജ് നിയമനാധികാരം തന്നെയാണ് .

ഇത്തരം സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കേണ്ട പാവപെട്ട ഉയര്‍ന്ന ജാതിക്കാര്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കും ഒരുപോലെ നീതി നിഷേധിക്കുന്ന നയമാണ് ഇപ്പോള്‍ തുടരുന്നത് .ഇത്തരം സ്ഥാപനങ്ങളിലെ മുഴുവന്‍ നിയമനവും ഇനി മേലില്‍ സര്‍ക്കാര്‍ നടത്തുക എന്നതില്‍ കുറഞ്ഞ മറ്റൊന്നും ആളുകള്‍ സമ്മതിക്കേണ്ടതില്ല .അമ്പതുവര്‍ഷമായി പുല്ലും വെള്ളവും കൊടുക്കാതെ എയ്ഡഡ് പശുവിനെ സവര്‍ണ്ണ സമ്പന്നര്‍ കറക്കുകയാണ്. അതിനിയും തുടരാന്‍ അനുവദിക്കരുത് .എയ്ഡഡ് സ്ഥാപനത്തിലെ അമ്പതുശതമാനം ജോലികളില്‍ നിന്നും സംവരണ സമുദായക്കാരെ ഒഴിവാക്കി നിര്‍ത്തുന്നതിലൂടെ ഇത്തരം സ്ഥാപനങ്ങളില്‍ അയിത്തവും അസ്പൃശ്യതയും സര്‍ക്കാര്‍ ചിലവില്‍ പാലിക്കുകയും സമ്പന്നരുടെ ജാതി കോളനികളായി ഇത്തരം സ്ഥാപനങ്ങളെ കഴിഞ്ഞ അമ്പതുവര്‍ഷമായി നിലനിര്‍ത്തുകയും ചെയ്യുന്ന വൃത്തികേടാണ് നമ്മുടെ നാട്ടില്‍ തുടരുന്നത് .

ഈ വൃത്തികേടിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് നാട്ടിലെ വിശ്വാസ സംരക്ഷകരും പുരോഗമന വാദികളും സംസ്‌കാരത്തിന്റെ കാവലാളുകളും സംവരണ വിരോധികളും പൊതുജനാഭിപ്രായ നിര്‍മ്മാതാക്കളും ആയൊക്കെ നടക്കുന്നതെന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയണം .അതുകൊണ്ടു തന്നെയാണ് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ ഈ അശ്ലീലം നാട്ടില്‍ തുടരുന്നത് .സാമ്പത്തിക സംവരണം കൊണ്ടുവരണം എന്ന് പറയുന്നവര്‍ തന്നെയാണ് അവരുടെ സമുദായത്തിലെ പാവപ്പെട്ടവരെ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നത് നമ്മള്‍ കണ്ണുതുറന്നു കാണണം .

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply