എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പോരാട്ടം തുടരുന്നു…

അനന്തമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പോരാട്ടത്തിന്റെ ഒരു ഘട്ടം കൂടി അവസാനിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരകള്‍ നടത്തിയ സങ്കടയാത്രയെ തുടര്‍ന്ന് സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. 2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും, ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി വീണ്ടും മെഡിക്കല്‍ ക്യാമ്പ് […]

ee

അനന്തമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പോരാട്ടത്തിന്റെ ഒരു ഘട്ടം കൂടി അവസാനിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരകള്‍ നടത്തിയ സങ്കടയാത്രയെ തുടര്‍ന്ന് സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. 2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും, ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും, അതിരു ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും, മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്നിവയൊക്കെയാണ് ഒത്തുതീപ്പിലെ പ്രധാന തീരുമാനങ്ങള്‍. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയിരുന്നു. ഇതില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരചരിത്രം കേരളത്തിലെ ജനകീയപോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയില്‍ തന്നെ കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവ് കൃഷിയിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു വന്നിരുന്നത്. ഹോലികോപറ്റര്‍ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ ഇത് വ്യാപകമായി തളിച്ചിരുന്നത്. ഹെലികോപ്ടര്‍ വഴിയുള്ള വിഷപ്രയോഗം കഴിഞ്ഞാല്‍ പിന്നെ മാസങ്ങളോളം അന്തരീക്ഷം മൂടല്‍മഞ്ഞ് പിടിച്ചപോലെയാണ്. മഴ വന്നാല്‍ മാത്രമാണ് അന്തരീക്ഷം ശുദ്ധമാകുന്നത്. അതുവരെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷാംശമാണ് അവിടത്തുകാര്‍ ശ്വസിച്ചിരുന്നത്. 2001 ല്‍ ഈ പ്രദേശങ്ങളിലെ ശിശുക്കളില്‍ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയര്‍ന്നു. 2001 ഫെബ്രുവരി 28ന് ആദ്യത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേകുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അന്വേഷണം ആരംഭിക്കുകയും ഓഗസ്റ്റ് 25 ന് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുകയും ചെയത്ു. ഈ മാരക കീടനാശിനിയുടെ ഉപയോഗം മൂലം കസര്‍ഗോട്ടെ നൂറുകണക്കിന് പേര്‍, കാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങള്‍ക്ക് അടിപ്പെടുകയും മരണപ്പെടുകയും ചെയ്ത വിഷയം അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്ച്യുതാനന്ദന്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും നിരോധനത്തിനു കാരണമായി. എന്നാല്‍ കീടനാശിനി ലോബികളുടെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 2002 മാര്‍ച്ചില്‍ നിരോധനം നീക്കുകയായിരുന്നു. ആകാശമാര്‍ഗ്ഗം സ്പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തി. തുടര്‍ന്ന് പ്രശ്നം പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ഡുബെ (Dubey) കമ്മീഷനെ നിയോഗിച്ചു. 2002 ഓഗസ്റ്റ് 12ന് കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് വിലക്കി. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്നായിരുന്നു ഡുബെ കമ്മീഷന്റെ റിപ്പോര്‍ട്ട്. ആ കമ്മിറ്റിയില്‍ കീടനാശിനി ഉല്‍പ്പാദകരുടെ രണ്ട് പ്രതിനിധികളും സ്ഥാനം പിടിച്ചിരുന്നു.
പുല്ലൂര്‍ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെത്തുടര്‍ന്ന് ജീവിക്കാനാവാഞ്ഞതിനെ തുടര്‍ന്ന് കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ആദ്യമായി കോടതിയിലെത്തുന്നത്. തുടര്‍ന്നങ്ങോട്ട് ഡോ. മോഹന്‍കുമാര്‍, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് തുടങ്ങി നിരവധിപേര്‍ നിയമപോരാട്ടത്തില്‍ അണിചേര്‍ന്നു. 2006ല്‍ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നു. ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലറിലൂടെ എന്‍ഡോസള്‍ഫാന്‍ തളി നിരോധിച്ചു.
ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് 2011 മെയ് 13 മുതല്‍ എട്ടാഴ്ചത്തേക്ക് എന്‍ഡോസള്‍ഫാന്‍ വില്പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു. അതോടൊപ്പം എന്‍ഡോസള്‍ഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍, കാര്‍ഷിക കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പഠനസമിതികള്‍ രൂപീകരിക്കുകയും അവയുടെ ഏകോപിതറിപ്പോര്‍ട്ട് എട്ടാഴ്ചക്കുള്ളില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നിരോധനത്തിനെതിരായി കേന്ദ്രഗവണ്‍മെന്റ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിനായുള്ള ലൈസന്‍സുകള്‍ മരവിപ്പിക്കുകയും ചെയ്തു. 2011 സെപ്റ്റംബര്‍ 30നുണ്ടായ അന്തിമവിധിയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു.
തീര്‍ച്ചയായും കോടതിവിധികള്‍ മാത്രമല്ല എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനു കാരണമായത്. സമാന്തരമായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും പലവട്ടം നടന്നു. അനിതരസാധാരണമായ ആ സമരചരിത്രത്തിലെ മറ്റൊരു അധ്യായമായിരുന്നു അഞ്ചുദിവസം ദയാബായിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നത്. 4500 ഏക്കറോളം വരുന്ന സര്‍ക്കാര്‍ വകയായുള്ള കശുമാവിന്‍ തോട്ടങ്ങളുടെ പരിസരങ്ങളിലായി പതിനൊന്ന് പഞ്ചായത്തുകളില്‍പ്പെട്ട ജനങ്ങളാണ് എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരന്‍ വരുത്തിവെച്ച കെടുതികള്‍ക്കിരകളായത.് നിരവധി പേര്‍ മരണത്തിന് കീഴടങ്ങി. ജനിതകവൈകല്യങ്ങള്‍ ബാധിച്ച് മരണതുല്യമായ നരകജീവിതം തള്ളിനീക്കുന്ന അനേകം പേര്‍ ഇപ്പോഴുമുണ്ട്. കാലുകളും കൈകളും തളര്‍ന്നവര്‍, അന്ധര്‍, ബധിരര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളുമായി മല്ലിടുന്നവര്‍, തല അസാധാരണമാംവിധം വളരുന്ന അപൂര്‍വരോഗം ബാധിച്ചവര്‍, പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ മരിച്ച കുഞ്ഞുങ്ങള്‍. ചാപിള്ളകള്‍, ജനിച്ച് ദിവസങ്ങള്‍ കഴിയും മുമ്പെ മരണത്തിന് കീഴടങ്ങിയ നവജാത ശിശുക്കള്‍, മാറാരോഗം പേറി ജീവിക്കേണ്ടിവരുന്ന ബാല്യങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തിനു സാമ്യതപുലര്‍ത്തുന്ന ഒന്നായി കേരളത്തിലെ എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു . പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ഹൃദയസ്പര്‍ശിയായ ഫോട്ടോകള്‍, എം.എ. റഹ്മാന്റെ ഫോട്ടോകളും ഡോക്യുമെന്ററിയും, ഡോക്ടര്‍ വൈ.എസ്. മോഹന്‍കുമാറിന്റെ സാക്ഷ്യങ്ങള്‍, എന്‍ഡോസള്‍ഫാനെക്കുറിച്ച് ആദ്യം പുറം ലോകത്തെയറിയിച്ച കന്നട പത്രലേഖകനായ ശ്രീ. പഡ്രെയുടെ കുറിപ്പുകള്‍, മാതൃഭൂമിയിലും മറ്റും വന്ന വാര്‍ത്തകള്‍ അത്രയുമാണ് ദുരന്തങ്ങളുടെ സാക്ഷ്യങ്ങളായി ആദ്യകാലത്തുണ്ടായിരുന്നത്. അതിന്റെയെല്ലാമടിസ്ഥാനത്തിലാണ് ബഹുജന സമരം വളര്‍ന്നുവന്നത്. എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സമിതി നടത്തിയ ”എന്‍ഡോസള്‍ഫാന്‍ ക്വിറ്റ് ഇന്ത്യാ” മാര്‍ച്ചും കാസര്‍ഡോഡ് കളകടറേറ്റിനുമുന്നില്‍ നടന്ന നിരവധി ദിവസം നീണ്ടുനിന്ന നിരാഹാരവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു നടന്ന ജനകീയ മാര്‍ച്ചും കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കു നടന്ന ”മുഖ്യമന്ത്രിയെ തേടി” മാര്‍ച്ചുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. കാസര്‍കോട്ട് വിവിധ സംഘടനകള്‍ നടത്തിയ സമരങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, ഒപ്പുമരം പോലുള്ള പരിപാടികള്‍, ഉപവാസ സത്യഗ്രഹങ്ങള്‍ എന്നിവയെല്ലാം വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ നടക്കുന്ന ഘട്ടത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപം വി.എസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ ചര്‍ച്ചാ വിഷയമായി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനനുകൂലമായി ലോകതലത്തില്‍ തന്നെ ജനവികാരമുയര്‍ത്താന്‍ ആ സമരങ്ങള്‍ സഹായകമായി. സര്‍ക്കാറിന്റെ വാഗ്ദാനലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ 2012ല്‍ മേധാപട്കറുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചും 2013ല്‍ നടന്ന അനശ്ചിതകാല നിരാഹാരവും 2014ല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പുസമരവും സംസ്ഥാനമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്ന് സമരപ്പന്തലിലെത്തിയ സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ അമ്മമാരുടെ സഹനസമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അധികാരം ലഭിച്ചതോടെ അവരും ഇരകളെ മറക്കുകയായിരുന്നു. 2016ല്‍ സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനും പ്രസിഡന്റ് മുനീസയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ച ആവശ്യങ്ങളും നടപ്പായില്ല. അന്നത്തെ ചര്‍ച്ചയില്‍് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ‘ഇരകള്‍’ക്കൊപ്പം സമരം ചെയ്ത ഇടത് പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തിയപ്പോഴും ഒന്നും സംഭവിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു പുതിയ സമരം നടന്നതും വിജയകരമായി അവസാനിച്ചതും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply