എന്‍ഡിഎ നയങ്ങള്‍ യുപിഎ തുടര്‍ച്ച തന്നെ

ഹരികുമാര്‍ മോഡി സര്‍ക്കാരിന്റെ നയപ്രഖ്യാപനം കേട്ടപ്പോള്‍ എന്തിനായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായതെന്ന സംശയം ബാക്കി. നയങ്ങളുടെ പ്രഖ്യാപനത്തില്‍ മുന്‍ യുപിഎ സര്‍ക്കാരില്‍നിന്ന് കാര്യമായ വ്യതിയാനമൊന്നും കാണാന്‍ കഴിയുന്നില്ല. പ്രഖ്യാപനങ്ങള്‍ നടത്താന്‍ എളുപ്പമാണല്ലോ. നയങ്ങള്‍ നടപ്പാക്കുന്നതിലും മുന്‍സര്‍ക്കാരിനെ പോലെ അലസമായാല്‍ ചിത്രം പൂര്‍ത്തിയാകും. പല വിവാദങ്ങള്‍ക്കും നയപ്രഖ്യാപനം അവധി നല്‍കുന്നുണ്ട്. അയോധ്യയിലെ മന്ദിര്‍ നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ്, കാശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയവ ഉദാഹരണം. തല്‍ക്കാലം ന്യൂനപക്ഷങ്ങളെ പിണക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നര്‍ത്ഥം. അതേസമയം ഏവരെ കയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങളുമുണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് […]

imagesഹരികുമാര്‍
മോഡി സര്‍ക്കാരിന്റെ നയപ്രഖ്യാപനം കേട്ടപ്പോള്‍ എന്തിനായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായതെന്ന സംശയം ബാക്കി. നയങ്ങളുടെ പ്രഖ്യാപനത്തില്‍ മുന്‍ യുപിഎ സര്‍ക്കാരില്‍നിന്ന് കാര്യമായ വ്യതിയാനമൊന്നും കാണാന്‍ കഴിയുന്നില്ല. പ്രഖ്യാപനങ്ങള്‍ നടത്താന്‍ എളുപ്പമാണല്ലോ. നയങ്ങള്‍ നടപ്പാക്കുന്നതിലും മുന്‍സര്‍ക്കാരിനെ പോലെ അലസമായാല്‍ ചിത്രം പൂര്‍ത്തിയാകും.
പല വിവാദങ്ങള്‍ക്കും നയപ്രഖ്യാപനം അവധി നല്‍കുന്നുണ്ട്. അയോധ്യയിലെ മന്ദിര്‍ നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ്, കാശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയവ ഉദാഹരണം. തല്‍ക്കാലം ന്യൂനപക്ഷങ്ങളെ പിണക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നര്‍ത്ഥം. അതേസമയം ഏവരെ കയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങളുമുണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് വികസന കാര്യങ്ങളില്‍ തുല്യ പങ്കാളിത്തം, മദ്രസാ നവീകരണ പദ്ധതി തുടങ്ങിയവയാണവ. അതേസമയം കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കുമെന്ന് പ്രഖ്യാപനത്തിലുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ നുഴഞ്ഞുകയറ്റം ശക്തിയായി തടയുമെന്നും പ്രഖ്യാപനം പറയുന്നു. ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും. മിക്കവാറും ബിജെപിയുടെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍തന്നെയാണ് നയത്തിലുമുള്ളതെന്നു പറയാം.
നയപ്രഖ്യാപനത്തിലെ ഏറ്റവും വിവാദമാകാന്‍ പോകുന്നത് വിദേശ നിക്ഷേപമാണ്. പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപമാണ് സര്‍ക്കാര്‍ നയം. ഇക്കാര്യത്തില്‍ വാജ്‌പേയ് സര്‍ക്കാരിനെ മോഡി സര്‍ക്കാര്‍ കടത്തിവെട്ടുന്നു. ഒരെുപക്ഷഎ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനേയും കടത്തിവെട്ടാം. മോദിയുടെ നേതൃത്വത്തില്‍ ബിജെപി, സ്വദേശി മുദ്രാവാക്യം കയ്യൊഴിയുന്നു എന്നു സാരം. അതിനെതിരെ പാര്‍ട്ടിക്കകത്തുനിന്ന് എന്തെങ്കിലും പ്രതിഷേധം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
എല്ലാ സര്‍ക്കാരുകളും ചെയ്യുന്ന പോലെ കാര്‍ഷിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ഈ നയപ്രഖ്യാപനവും പറയുന്നു.. കാര്‍ഷിക മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്തം നടപ്പിലാക്കും. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വീട് യാഥാര്‍ഥ്യമാക്കും. രാജ്യത്ത് ഇനി കാര്‍ഷിക ആത്മഹത്യ ഉണ്ടാകില്ല. ഈ പ്രഖ്യാപനങ്ങള്‍ പതിവു ചടങ്ങുകളായല്ലാതെ ആരും കാണുമെന്ന് തോന്നുന്നില്ല. അതേസമയം മുന്‍സര്‍ക്കാരിന്റെ പതനത്തിന് മുഖ്യകാരണമായി വിലയിരുത്തപ്പെടുന്ന അഴിമതിക്കും വിലകയറ്റത്തിനുമെതിരെ എന്തു ചെയ്യുമെന്നതാണ് ജനം ഉറ്റു നോക്കുന്നത്. അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ ശക്തിപ്പെടുത്തുമെന്നും ടെലികോം സ്‌പെക്ട്രം, കല്‍ക്കരി, ധാതുക്കള്‍ എന്നിവ അനുവദിക്കുവാന്‍ സുതാര്യ നിയമം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. അഴിമതിക്ക് ഇനി സ്ഥാനമുണ്ടാകില്ലെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ വിദേശനിക്ഷേപവും കോര്‍പ്പറേറ്റ്വല്‍ക്കരണവും ശക്തിപ്പെടുമ്പോള്‍ അവയുടെ കൂടപ്പിറപ്പായ അഴിമതിയെ എങ്ങനെ ഫലപ്രദമായി തടയുമെന്ന് വ്യക്തമല്ല. അതുപോലെ നികുതിഘടന ലഘൂകരിക്കും, ഭക്ഷവിലക്കയറ്റം തടയും എന്നൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും വിലകയറ്റം നിയന്ത്രിതമാകുമോ എന്നു കാത്തിരുന്നു കാണാം.
നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുമെന്നു പറയുമ്പോള്‍ രാജ്യത്തെ സ്ത്രീകള്‍ ചിരിക്കാതിരിക്കില്ല. എത്രയോ കാലമായി ഇതു കേള്‍ക്കുന്നു. സ്ത്രീ സംവരണ ബില്‍ പാസ്സാക്കിയില്ലെങ്കിലും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ സംവരണം നടപ്പാക്കിയാല്‍ മൂന്നിലൊന്ന് വനിതകളെ പാര്‍ലിമെന്റിലെത്തിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വനിതാസംവരണത്തിനായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ബിജെപിയും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികള്‍ അതിനു തയ്യാറായിട്ടില്ല. മാത്രമല്ല, സംവരണത്തിനകത്ത് സംവരണം എന്ന ഇന്ത്യനവസ്ഥയിലെ ഏറ്റവും പ്രസക്തമായ ആവശ്യത്തെ കുറിച്ച് മിണ്ടുന്നുമില്ല. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കുമെന്ന് പതിവുപോലെ പറയുന്നു. ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്ന പേരില്‍ വനിതാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം പറയുന്നത് കയ്യടി വാങ്ങുന്നു.
വ്യവസായിക പുരോഗതിക്കായി പല പദ്ധതികളും നടപ്പാക്കുമെന്ന് പറയുമ്പോഴും ഏകജാലക അനുമതിയെയും മറ്റും പരിസ്ഥിതി വാദികള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ജലദൗര്‍ലഭ്യം തടയാന്‍ നടപ്പാക്കുന്ന നദീസംയോജന പദ്ധതി പ്രകൃതി സ്‌നേഹികള്‍ എന്നും എതിര്‍ക്കുന്നതാണ്. ഗാഡ്ഗിലിനെ കുറിച്ചും നയത്തിലില്ല. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ ബലി കൊടുക്കുമോ എന്ന ഭയം ന്യായം. ലോകനിലവാരത്തിലുള്ള 100 നഗരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനങ്ങള്‍ ഉദാഹരണം.
സര്‍ക്കാരിന്റെ മുഖ്യശത്രു മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപനം പറയുന്നു. മുന്‍ പ്രധാനമന്ത്രിയും അതുതന്നെ പറഞ്ഞിരുന്നു. അപ്പോഴും സാമൂഹ്യനീതിയുടെ അഭാവമാണ് മാവോയിസ്റ്റുകളുടെ വളര്‍ച്ചക്കുകാരണമെന്ന് മന്‍മോഹന്‍ പറഞ്ഞിരുന്നു. അക്കാര്യത്തില്‍ മോഡിയുടെ നിലപാട് എന്താണാവോ? ദളിത്, ആദിവാസി മേഖലകളില്‍ കാര്യമായ പ്രഖ്യാപനങ്ങളില്ല് എന്നത് സംശയങ്ങള്‍ ജനിപ്പിക്കുന്നത് ന്യായം. നഗരവല്‍ക്കരണവും അതുമായി ബന്ധപ്പെട്ട വികസനവും വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെയാണ് നയപ്രഖ്യാപനത്തില്‍ മുഖ്യമായും കാണുന്നത്.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുത്തതിനെ കുറിച്ചുള്ള കാര്യമായ പ്രഖ്യാപനങ്ങള്‍ നയത്തിലില്ല. മറുവശത്ത് പ്രതിരോധ സേനക്ക് നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുമെന്നു പറയുമ്പോള്‍ സമാധാനപ്രേമികള്‍ ആശങ്കാകുലരാണ്.
നല്ല ഭരണത്തിനുള്ള ഉറച്ച ജനവിധിയാണ് ലഭിച്ചതെന്ന് പ്രസംഗത്തിന്റെ ആമുഖമായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന ജനവിധിയാണിതെന്നാണ് സര്‍ക്കാര്‍ വാദം. 30 വര്‍ഷത്തിന് ശേഷമാണ് ഏകകക്ഷി ഭരണം രാജ്യത്ത് വരുന്നതെന്നും പ്രസംഗത്തില്‍ പറയുന്നു. വാസ്തവത്തില്‍ അതാണ് ജനാധിപത്യവാദികള്‍ ഭയപ്പെടുന്നത്. ഇത്രമാത്രം വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു വന്‍രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ ഏകകക്ഷി ഭരണത്തിനു കഴിയുമോ എന്നതുതന്നെയാണ് ചോദ്യം. അതിനുള്ള ഉത്തരം മോഡി നല്‍കട്ടെ. അതിനായി കാത്തിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply