എന്റെ മാണിസാറേ, ഇതൊരാഴ്ച മുമ്പായിരുന്നെങ്കില്‍..

അങ്ങനെ മണിക്കൂറുകള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ധനമന്ത്രി കെ.എം മാണി രാജിവച്ചു. എന്തുവന്നാലും രാജിയില്ലെന്ന നിലപാട് സ്വീകരിച്ച മാണി സകല തന്ത്രങ്ങളും പയറ്റിയശേഷമാണ് കീഴടങ്ങിയത്. ജനപ്രതിനിധിയായതിന്റെ അമ്പതാം വര്‍ഷത്തില്‍ രാജിവെക്കേണ്ടി വന്നതിന്റെ വേദന സ്വാഭാവികം. എന്നാലദ്ദേഹം മനസ്സിലാക്കേണ്ടത് എത്രയും കാലും കുറവ് അധികാരത്തിലിരുന്നോ അവരാണ് യഥാര്‍ത്ഥ ജനപ്രതിനിധിയെന്നാണ്. കാരണം ഇതൊരു തൊഴിലല്ലല്ലോ. പുതുതായി വരുന്നവര്‍ക്ക് സ്ഥാനമൊഴിഞ്ഞുകൊടുക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അല്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങലല്ല. അങ്ങനെ ശ്രമിച്ചക്കുന്നവര്‍ ഉറപ്പായും അധികാരമോഹികളും അഴിമതിക്കാരും ഫാസിസ്റ്റുകളുമായി മാറും. അതാണ് മാണിക്ക് സംഭവിച്ചത്. ഇക്കാര്യത്തില്‍ […]

km-mani

അങ്ങനെ മണിക്കൂറുകള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ധനമന്ത്രി കെ.എം മാണി രാജിവച്ചു. എന്തുവന്നാലും രാജിയില്ലെന്ന നിലപാട് സ്വീകരിച്ച മാണി സകല തന്ത്രങ്ങളും പയറ്റിയശേഷമാണ് കീഴടങ്ങിയത്. ജനപ്രതിനിധിയായതിന്റെ അമ്പതാം വര്‍ഷത്തില്‍ രാജിവെക്കേണ്ടി വന്നതിന്റെ വേദന സ്വാഭാവികം. എന്നാലദ്ദേഹം മനസ്സിലാക്കേണ്ടത് എത്രയും കാലും കുറവ് അധികാരത്തിലിരുന്നോ അവരാണ് യഥാര്‍ത്ഥ ജനപ്രതിനിധിയെന്നാണ്. കാരണം ഇതൊരു തൊഴിലല്ലല്ലോ. പുതുതായി വരുന്നവര്‍ക്ക് സ്ഥാനമൊഴിഞ്ഞുകൊടുക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അല്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങലല്ല. അങ്ങനെ ശ്രമിച്ചക്കുന്നവര്‍ ഉറപ്പായും അധികാരമോഹികളും അഴിമതിക്കാരും ഫാസിസ്റ്റുകളുമായി മാറും. അതാണ് മാണിക്ക് സംഭവിച്ചത്. ഇക്കാര്യത്തില്‍ മാണിയുടെ പാതതന്നെയാണ് കേരളത്തിലെ മിക്കവാറും നേതാക്കള്‍ പിന്തുടരുന്നതെന്ന് മറക്കരുത്. അക്കാര്യത്തില്‍ ഇടതുവലതുഭേദമൊന്നുമില്ല. ആരും ആവശ്യപ്പെടാതെ സ്വയം തീരുമാനത്തിലാണ് മാണി രാജിവെച്ചതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹവും മോശമല്ലല്ലോ. അതേസമയം ഈ രാജി ഒരാഴ്ച മുമ്പ് ചെയ്തിരുന്നെങ്കില്‍ ഈ പഹയന്മാര്‍ക്ക് തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പില്‍ കുറെക്കൂടി രക്ഷപ്പെടാമായിരുന്നു. ജനങ്ങളെ നയിക്കാനും ഭരിക്കാനുമായി ജനിച്ചവരാണ് തങ്ങളെന്നു ധരിച്ചുവെച്ചിരിക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമാകട്ടെ.
കഴിയുമെങ്കില്‍ അധികാരത്തില്‍ തുടരാന്‍തന്നെയായിരുന്നു മാണിയുടെ ശ്രമം. എന്നാല്‍ യു.ഡി.എഫ് നേതാക്കളും മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും അടക്കമുള്ളവരും രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഘടകകക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്ലിംലീഗ്, ജെ.ഡി.യു, ആര്‍.എസ്.പി ബി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവരെല്ലാം മാണി രാജിവയ്ക്കണമെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. രാവിലെ ചേര്‍ന്ന അനൗപചാരിക യോഗത്തില്‍ തീരുമാനമായില്ലെങ്കിലും ഘടകകക്ഷി നേതാക്കളോട് തുടര്‍ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് തന്നെ തങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ രാജിവയ്ക്കാന്‍ ഒരുക്കമല്ലെന്ന് മാണി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. രാജിക്കായി സമ്മര്‍ദം ഉയരുകയാണെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ആലോചനകള്‍ പോലും നടന്നു. ഒപ്പം പിജെ ജോസഫിനേയും രാജിവെപ്പിക്കാനുള്ള നീക്കവും. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍, ജോസഫും രാജിവയ്ക്കണമെന്നും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനോടും ജോസഫ് വിഭാഗം വിയോജിച്ചു. തുടര്‍ന്നാണ് കോടതി വിധിയില്‍ തനിക്കെതിരായ പരാമര്‍ശം ഇല്ലെങ്കിലും രാഷ്ട്രീയ സാഹചര്യം പ്രതികൂലം ആയതിനാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മാണി വ്യക്തമാക്കിയത്.
2014 ഒക്ടോബര്‍ 31ന് സ്വകാര്യ ചാനലില്‍ ചര്‍ച്ചക്കിടെ ബാര്‍ ഉടമയായ ബിജു രമേശാണ് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ വേണ്ടി കെ. എം മാണി കോഴ ആവശ്യപ്പെട്ടു എന്ന ആരോപണവുമായി രംഗത്തുവന്നത്. ആരോപണം വന്നതോടെ മാണിക്കെതിരെ പ്രതിഷേധം ശക്തമായി. ഇതിനുശേഷം ഒരു വര്‍ഷത്തിലേറെയായി ഉയര്‍ന്നുവന്ന രാജി ആവശ്യത്തിനാണ് അവസാനമായിരിക്കുന്നത്. പ്രതിപക്ഷത്തുനിന്നും വന്ന ശക്തമായ രാജി ആവശ്യങ്ങള്‍ക്ക് പിന്നാലെ ഭരണപക്ഷത്തുനിന്നുള്ള നേതാക്കള്‍ വരെ മാണിക്കെതിരെയുള്ള കോഴയാരോപണം ഗുരുതരമാണെന്ന് വിശ്വസിച്ചു. എന്നാല്‍ രാജിവെക്കില്ല എന്ന് മാണിയും, മാണി രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ സര്‍ക്കാറിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുകയും തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ രാജിക്കായുള്ള ആവശ്യം ശക്തമായി. അന്നു രാജിവെച്ചിരുന്നെങ്കില്‍ ഒരുപക്ഷെ തെരഞ്ഞെടുപ്പില്‍ ഈ പരാജയം യുഡിഎഫിനുണ്ടാകുമായിരുന്നില്ല. എന്നാല്‍ ഭരിക്കാനും നയിക്കാനും ജനിച്ചവരാണ് തങ്ങളെന്ന് നമ്മുടെ നേതാക്കളുടെ പൊതുചിന്ത ഏറ്റവും കൂടുതലുള്ള നേതാവാണ് മാണിയെന്നതിനാല്‍ അതുണ്ടായില്ല. അതിന് കേരള ജനത മറുപടി നല്‍കി. കഴിഞ്ഞ ദിവസം കോടതിശക്തമായ നിലപാട് എടുത്തതോടെയാണ് രാജി എന്ന ഏക പോംവഴി മാണിക്ക് തേടേണ്ടിവന്നത്. മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യം മാണിയുടെ ധാര്‍മികതക്ക് വിടുന്നു എന്ന് പറഞ്ഞ കോടതി, സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്നും കൂട്ടിചേര്‍ത്തിരുന്നു. കോടതിയുടെ പരാമര്‍ശം അത്ര മഹത്തരമൊന്നുമല്ല. കോടതി തങ്ങളുടെ പരിധിയില്‍ വരാത്ത കാര്യങ്ങളിലും അഭിപ്രായം പറയുന്നത് നല്ല കാര്യവുമല്ല. വിഷയം ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ്. അവിടെ മാണി ഏറെ വൈകി…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply