എന്റെ പേര് ഉമര്‍ ഖാലിദ്. ഞാനൊരു തീവ്രവാദിയല്ല.

ദേശദ്രോഹിയായി മുദ്രയടിക്കപ്പെട്ട ഉമര്‍ ഖാലിദ് കഴിഞ്ഞ രാത്രി ജെ എന്‍ യുവില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് സുഹൃത്തുക്കളെ എന്റെ പേര് ഉമര്‍ ഖാലിദ് എന്നു തന്നെയാണ്, പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ആദ്യമായി ഇന്ന് ഈ സമയത്തും കഴിഞ്ഞ ഏതാനും ദിവസങ്ങളായും ഈ ക്യാമ്പസിന്റെ അകത്ത് റോഡുകളില്‍ ഇരുന്ന് പോരാടിയ പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളോടും ഈ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം അണിനിരന്ന അധ്യാപകര്‍ക്കിടയിലെ സഖാക്കള്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കോരോരുത്തര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഈ പോരാട്ടം ഞങ്ങള്‍ അഞ്ചോ ആറോ […]

uuu

ദേശദ്രോഹിയായി മുദ്രയടിക്കപ്പെട്ട ഉമര്‍ ഖാലിദ് കഴിഞ്ഞ രാത്രി ജെ എന്‍ യുവില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

സുഹൃത്തുക്കളെ എന്റെ പേര് ഉമര്‍ ഖാലിദ് എന്നു തന്നെയാണ്, പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ആദ്യമായി ഇന്ന് ഈ സമയത്തും കഴിഞ്ഞ ഏതാനും ദിവസങ്ങളായും ഈ ക്യാമ്പസിന്റെ അകത്ത് റോഡുകളില്‍ ഇരുന്ന് പോരാടിയ പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളോടും ഈ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം അണിനിരന്ന അധ്യാപകര്‍ക്കിടയിലെ സഖാക്കള്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കോരോരുത്തര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഈ പോരാട്ടം ഞങ്ങള്‍ അഞ്ചോ ആറോ പേര്‍ക്ക് വേണ്ടിമാത്രമായിരുന്നില്ലെന്ന വലിയ സത്യം മനസിലാക്കി തന്നെയാണ് ഞാനിത് പറയുന്നത്. ഈ പോരാട്ടം ഇന്ന് നമ്മള്‍ ഓരോരുത്തരുടെയും അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്. ഇന്ന് ഈ പോരാട്ടം ഈ വിശ്വവിദ്യാലയത്തിന്റെ പോരാട്ടമാണ്. ഈ വിശ്വവിദ്യാലയത്തിന്റെ മാത്രമല്ല, ഭാരത്തിലെ ഓരോ സര്‍വ്വകലാശാലകളുടെയും നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. അതിലുമുപരിയായി ഈ സമൂഹത്തിനായുള്ള പോരാട്ടമാണ്. എതിര്‍പ്പിന്റെ പോരാട്ടത്തിന്റെ ഈ ശബ്ദങ്ങളുയര്‍ന്നില്ലെങ്കില്‍ ഈ സമൂഹത്തിന്റെ ഭാവി എന്താകുമെന്നത് ആശങ്കാജനകമായ ഒന്നാണ്.
സുഹൃത്തുക്കളെ കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കകം എന്നെക്കുറിച്ച് എനിക്കു പോലും നാളിതുവരെ അജ്ഞാതമായിരുന്ന പല വിവരങ്ങളും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ഞാന്‍ രണ്ടു തവണ പാകിസ്താന്‍ സന്ദര്‍ശിച്ച് തിരിച്ചു വന്ന വ്യക്തിയാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ കൈവശം പാസ്‌പോര്‍ട്ടില്ല, എന്നിട്ടും രണ്ടു തവണ ഞാന്‍ പാകിസ്താനില്‍ പോയി തിരിച്ചു വന്നവനാണെന്നാണ് പറയപ്പെടുന്നത്. അതാണ് അറിയാന്‍ കഴിഞ്ഞത്. എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ മറ്റൊരു വസ്തുത ഞാന്‍ ഒരു സുപ്രധാന ആസൂത്രകനാണെന്നാണ്. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ വളരെ ബുദ്ധിയുള്ളവരാണ്. പക്ഷേ ഞാനാണ് ഈ പ്രക്ഷോഭത്തിന് രൂപം നല്‍കിയ പ്രധാനി. പത്തോ പതിനെട്ടോ സര്‍വ്വകലാശാലകളെ കോര്‍ത്തിണക്കി ഇത്തരമൊരു നീക്കത്തിന് ഞാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ഇത്രത്തോളം സ്വാധീനമുണ്ടെന്ന് എനിക്ക് തന്നെ മനസിലായത് ഇത് കേട്ടപ്പോഴാണ്. പിന്നെ അവര്‍ പറയുന്നത് കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി ഞാന്‍ ഇതിന്റെ ആസൂത്രണത്തിലായിരുന്നുവെന്നാണ്. ജെഎന്‍യുവില്‍ ഒരു പൊതുപരിപാടി സംഘടിപ്പിക്കാന്‍ പത്തു മാസം എടുക്കുകയാണെങ്കില്‍ പിന്നെ എന്താകും അവസ്ഥ? പിന്നെ മനസിലായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ എണ്ണൂറോളം ഫോണ്‍ കോളുകള്‍ നടത്തിയെന്ന്. ഇത്തരത്തില്‍ വിളിച്ചു പറയാന്‍ മാധ്യമങ്ങള്‍ക്ക് ഒരു തെളിവിന്റെയും ആവശ്യമില്ല. ഫോണ്‍ ചെയ്തിട്ടുണ്ട് അതാണ് പ്രധാനം. എവിടേക്കെല്ലാമാണ് ഫോണ്‍ ചെയ്തിട്ടുള്ളത് കശ്മീരിലേക്ക് ഫോണ്‍ ചെയ്തിട്ടുണ്ട്, ഗള്‍ഫിലേക്ക് ഫോണ്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഇല്ലാകഥകള്‍ മെനയുന്നതിന് മുമ്പ് എന്തെങ്കിലും തെളിവ് ആദ്യം കൊണ്ടുവരൂ. ഏറ്റവും ആദ്യത്തെ കാര്യം ഇത്തരത്തില്‍ ഫോണ്‍ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. അഥവാ ചെയ്തിട്ടുണ്ട് എന്നാണെങ്കില്‍ ഒരു തുടക്കമോ ഒരു തെളിവോ യാതൊന്നും തന്നെയില്ലാതെയാണ് പടച്ചു വിടുന്നത്. ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് യാതൊരു നാണവുമില്ല. നിങ്ങള്‍ക്ക് നാണമില്ലേ ഇന്ന് ഇവരോട് നമ്മള്‍ ചോദിക്കുകയാണെങ്കില്‍ അത് നമ്മളെ നമ്മള്‍ തന്നെ വിഡ്ഢികളാക്കുന്നതിന് തുല്യമായിരിക്കും.
ഇതാണ് ശരിയായ മാധ്യമ വിചാരണ. അവര്‍ ഞങ്ങളെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും ഞങ്ങളെ മോശക്കാരാക്കി കാണിക്കാനും ഉപയോഗിക്കുന്ന രീതിയാണ് വിചിത്രം. ജെയ്‌ശെ മുഹമ്മദുമായി ഒരു ബന്ധമില്ലെന്ന് സര്‍ക്കാരും ഐബിയും വ്യക്തമാക്കിയിട്ടു കൂടി ഒരു ക്ഷമാപണമോ തെറ്റുതിരുത്തലോ ഉണ്ടായിട്ടില്ല. എനിക്ക് ഇതെല്ലാം കേട്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. എന്റെ പേര് തങ്ങളുടെ സംഘടനയുമായി ചേര്‍ത്തു വച്ചു എന്ന് തിരിച്ചറിഞ്ഞാല്‍ ജെയ്‌ശെ മുഹമ്മദ് ആര്‍എസ്എസ് കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തും. ഏതു രീതിയിലാണ് നുണ പ്രചരിപ്പിക്കപ്പെട്ടത്, ഏതു രീതിയിലാണ് വ്യാജ വാര്‍ത്തകള്‍ ഒഴുകിയത്. ഇതിനെല്ലാം ശേഷവും തങ്ങള്‍ രക്ഷപ്പെടുമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ കരുതുന്നതെങ്കില്‍ ലളിതമായി തന്നെ പറയട്ടെ അത് നടക്കില്ല.
നിങ്ങള്‍ ഈ ദേശത്തിലെ ജനതക്കെതിരെ ആദിവാസിയെ മാവോവാദികളെന്ന് ചിത്രീകരിച്ചും മുസല്‍മാനാണെങ്കില്‍ തീവ്രവാദിയാക്കിയും സര്‍ക്കാരിന്റെ ഭാഗമായി നിന്ന് നടത്തുന്ന മാധ്യമ വിചാരണ നടത്തി മുന്നേറിയിട്ടുണ്ടാകാം. നിങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇരകള്‍ക്ക് ഒരുപക്ഷേ കഴിഞ്ഞു കാണില്ല, ഇരകളോടൊത്തു നില്‍ക്കാന്‍ ആരും ഉണ്ടായിട്ടുണ്ടാകാനുമിടയില്ല. എന്നാല്‍ ഇത്തവണ നിങ്ങള്‍ വിചാരിക്കാത്ത കുഴിയിലാണ് പെട്ടതെന്ന് തോന്നുന്നു. ജെഎന്‍യുവിന്റെ പ്രതിഷേധാഗ്‌നിക്ക് മുന്നില്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. തെറ്റായ കഥകളുമായി ആരെയെല്ലാമാണ് വേട്ടയാടിയത് അവരോടെല്ലാം ഓരോ മാധ്യമത്തിനും മറുപടി പറയേണ്ടതായും തെറ്റ് തിരുത്തേണ്ടതായും വരും. എനിക്കൊരിക്കലും എന്നെക്കുറിച്ച് ഓര്‍ത്ത് ആശങ്കയോ ഭയമോ ഉണ്ടായിരുന്നില്ല, കാരണം നിങ്ങളെന്ന ആയിരങ്ങളുടെ പിന്തുണ എന്നും കൂടെയുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പെങ്ങളുടെയും പിതാവിന്റെയും പ്രതികരണം കേട്ടപ്പോഴാണ് എന്നില്‍ ആശങ്ക ജനിച്ചത്. എന്റെ പെങ്ങന്‍മാരുടെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുമായി സംഘപരിവാറുകാര്‍ ഭീഷണി മുഴക്കാന്‍ തുടങ്ങി. ചിലര്‍ ബലാത്ക്കാരം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റ് ചിലരുടെ ഭീഷണി. എല്ലാറ്റിനും കൂട്ടായി, ന്യായീകരണവുമായി ഭാരത് മാതാ കീ ജയ് എന്നതും കൂടി കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കാണ്ഡമാലില്‍ കന്യാസ്ത്രീയെ ബലാത്ക്കാരം ചെയ്തപ്പോഴും ഗുണ്ടകള്‍ ആര്‍ത്തുവിളിച്ചത് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമായിരുന്നുവെന്നാണ്. സഖാവ് കനയ്യ നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതാണ് നിങ്ങള്‍ പറയുന്ന ഭാരത് മാത എങ്കില്‍ അത് അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല , അത് തുറന്നു പറയുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല താനും.
എന്റെ പിതാവിനെ ചോദ്യം ചെയ്താണ് ഭീകരവാദവുമായി എനിക്കുള്ള വേരുകള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടന്നത്. അദ്ദേഹത്തിന്റെ ഭൂതകാലത്തിലൂടെ സഞ്ചരിച്ച് എന്നെ കുടുക്കാനുള്ള ശ്രമമാണ് നടന്നത്. ചില മാധ്യമ പ്രവര്‍ത്തകരുണ്ട്, ചിലര്‍ സി ന്യൂസിലുണ്ട്, ടൈംസ് നൌവിലെ ഒരു സഹോദരനുണ്ട്, അദ്ദേഹത്തിന്റെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ക്ക് ജെഎന്‍യുവിലെ വിദ്യാര്‍ഥി സമൂഹത്തോട് ഇത്രമാത്രം ദേഷ്യം, വിരോധം എവിടെ നിന്നാണ് വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
എന്നെ മാധ്യമ വിചാരണ നടത്തിയ രീതി കണ്ട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നേരത്തെയും ഇത് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി ജെഎന്‍യു രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു മുസല്‍മാനാണെന്ന് സ്വയം ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരു മുസല്‍മാനായി എന്നെ ഞാനൊരിക്കലും മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ചിത്രീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള വേട്ടയാടല്‍ കേവലം മുസല്‍മാനെതിരെ മാത്രമല്ല സമൂഹത്തിലെ അടിത്തട്ടിലുള്ള കീഴാള വിഭാഗമെന്ന് മുദ്രകുത്തപ്പെട്ടവരൊക്കെ ഇതിന്റെ ഇരകളാണ്. ആദിവാസികളായായും ദലിതരായാലും ഇതു തന്നെയാണ് അവസ്ഥ. സ്വയം സൃഷ്ടിച്ച ഉള്ളറകളില്‍ നിന്നും പുറത്തു വന്ന് സമഗ്രമായി തന്നെ ഇത്തരം വിലക്കുകളെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ പത്തു ദിവസങ്ങളിലാണ് ഞാന്‍ ഒരു മുസല്‍മാനാണെന്ന ചിന്ത എനിക്കു തന്നെ ഉണ്ടായത്. ഇത് ഏറെ ലജ്ജാവഹമായ കാര്യമാണ്. എന്നെ കുരുക്കാന്‍ എന്റെ തായ്!വേര് വരെ പരതിയുള്ള പ്രചാരണ തന്ത്രം. ചിലര്‍ എന്നെ പാകിസ്താന്റെ ചാരന്‍ എന്ന നിലയിലാണ് ചിത്രീകരിച്ചത്. എനിക്ക് അവരോട് ഒന്നാണ് പറയാനുള്ളത്. പ്രിയ സുഹൃത്തെ എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയും പാകിസ്താനും ഒന്നാണ്. ഈ രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്കയുണ്ട്. നിങ്ങള്‍ അമേരിക്കയുടെ കച്ചവട പങ്കാളിയാണ്. ഇവിടെ ഒരു സര്‍ക്കാരുണ്ട്. അമേരിക്കയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ സമ്പത്തിനെ സേവന തത്പരരായ യുവജനതയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സമര്‍പ്പിക്കുന്ന സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയെ വില്‍ക്കുന്നു. അവരാണ് നമ്മളെ ദേശഭക്തി പഠിപ്പിക്കുന്നത്.
അവര്‍ക്ക് മനസിലാകില്ല എന്തുകൊണ്ടാണ് ദേശവിരുദ്ധരെന്ന് അവര്‍ മുദ്രകുത്തിയവര്‍ക്ക് കീഴില്‍ ലോകം അണിനിരക്കുന്നതെന്ന്. മനുഷ്യന്റെ നിലനില്‍പ്പിനും ആസ്തിത്വത്തിനുമായുള്ള പോരാട്ടത്തിനായി ലോകത്തെ എല്ലാ ദേശവിരുദ്ധരും (നിങ്ങളുടെ ഭാഷയിലെ) ഒന്നിക്കും, അതിനവര്‍ക്ക് അതിരുകളില്ല്‌ല, ആകാശങ്ങളില്ല. ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ ഭരണകൂടങ്ങള്‍ക്കെതിരെ ലോകത്തിന്റെ എല്ലാ വശത്തു നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നു വരും. വളരെ ലളിതമായി തന്നെ പറയട്ടെ ഇത്തരത്തിലുള്ള വൃത്തിക്കെട്ട ഇടപെടലുകള്‍ ഞങ്ങളെ തളര്‍ത്തില്ല , ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല.
സുഹൃത്തുക്കളെ ഇവരുടെ കയ്യില്‍ അധികാരമുണ്ട്, പൊലീസുണ്ട്, മാധ്യമങ്ങളുണ്ട് എന്നാലിവര്‍ ഭീരുക്കളാണ്. അവര്‍ നമ്മെ ഭയക്കുന്നു. നമ്മള്‍ ചിന്തിക്കുന്നവരാണ്, പ്രവര്‍ത്തിക്കുന്നവാണ് എന്ന സത്യത്തെ അവര്‍ ഭയക്കുന്നു. ഇന്ന് ഈ രാജ്യത്ത് ഏറ്റവും എളുപ്പമുള്ള കാര്യം ദേശവിരുദ്ധനാകുക എന്നതാണ്. നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയോ ആ നിമിഷം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടും. ഭയപ്പെടുത്തി ഞങ്ങളെ നിശബ്ദരാക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങളേതോ മായാലോകത്താണ്. ഞാന്‍ നേരത്തെ പറഞ്ഞ പോലെ കരുത്തുറ്റ ഒരു വിശ്വവിദ്യാലയത്തോടാണ് നിങ്ങള്‍ പോരാടാനിറങ്ങിയിട്ടുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply