എന്തേ കെ രാധാകൃഷ്ണനെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കുന്നില്ല….?

ഐ ഗോപിനാഥ് ‘മണ്ണിന്റെ മണവും വിയര്‍പ്പിന്റെ ഉപ്പുമായി പടപ്പാട്ടു പാടി മുന്നേറിയ അധഃസ്ഥിതവര്‍ഗത്തിന്റെ പടയണിയില്‍ സാംസ്‌കാരിക നഗരം ചുവന്നു. മേലാളവര്‍ഗം പാടവരമ്പിലേക്കും കാലിത്തൊഴുത്തിലേക്കും ആട്ടിപ്പായിച്ച കീഴാളരുടെ പിന്‍മുറക്കാര്‍ ചെങ്കൊടിയുടെ കരുത്തിലും തണലിലും മഹാപ്രവാഹമായി നിറഞ്ഞൊഴുകി. കേരളത്തിലെ ദളിത്ജനതയുടെ പോരാട്ട പ്രസ്ഥാനമായ പട്ടികജാതി ക്ഷേമസമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന മഹാറാലിയും പൊതുസമ്മേളനവും പൂരനഗരിക്ക് പുതുചരിതമായി. കനത്തമഴയിലും തളരുന്നവരല്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിന്റെയും കാടിന്റെയും മക്കള്‍ റാലിയില്‍ അണിചേര്‍ന്നു. നെല്ലിന്‍ചോട്ടില്‍ മുളയ്ക്കുന്ന പുല്ലുകളായി മുദ്രകുത്തിയ കീഴാളരെ മനുഷ്യരായി മാറ്റിയ ചെങ്കൊടിപ്രസ്ഥാനമാണ് […]

krഐ ഗോപിനാഥ്

‘മണ്ണിന്റെ മണവും വിയര്‍പ്പിന്റെ ഉപ്പുമായി പടപ്പാട്ടു പാടി മുന്നേറിയ അധഃസ്ഥിതവര്‍ഗത്തിന്റെ പടയണിയില്‍ സാംസ്‌കാരിക നഗരം ചുവന്നു. മേലാളവര്‍ഗം പാടവരമ്പിലേക്കും കാലിത്തൊഴുത്തിലേക്കും ആട്ടിപ്പായിച്ച കീഴാളരുടെ പിന്‍മുറക്കാര്‍ ചെങ്കൊടിയുടെ കരുത്തിലും തണലിലും മഹാപ്രവാഹമായി നിറഞ്ഞൊഴുകി. കേരളത്തിലെ ദളിത്ജനതയുടെ പോരാട്ട പ്രസ്ഥാനമായ പട്ടികജാതി ക്ഷേമസമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന മഹാറാലിയും പൊതുസമ്മേളനവും പൂരനഗരിക്ക് പുതുചരിതമായി. കനത്തമഴയിലും തളരുന്നവരല്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിന്റെയും കാടിന്റെയും മക്കള്‍ റാലിയില്‍ അണിചേര്‍ന്നു. നെല്ലിന്‍ചോട്ടില്‍ മുളയ്ക്കുന്ന പുല്ലുകളായി മുദ്രകുത്തിയ കീഴാളരെ മനുഷ്യരായി മാറ്റിയ ചെങ്കൊടിപ്രസ്ഥാനമാണ് തങ്ങളുടെ വഴികാട്ടികളെന്ന പ്രഖ്യാപനമായി സമ്മേളനം. ജാതീയതയും മതഭ്രാന്തും ശക്തിപ്പെടുന്ന കാലത്ത് മതനിരപേക്ഷതയുടെ മുദ്രാവാക്യമുയര്‍ത്തി ജാതിരഹിത സമൂഹത്തിനായി പൊരുതുമെന്ന് പ്രഖ്യാപിച്ച പ്രകടനം സവര്‍ണഫാസിസത്തെയും തീവ്രവാദശക്തികളെയും കേരളത്തിന്റെ മണ്ണില്‍ വേരോടാന്‍ അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുത്തു.’

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന പട്ടികജാതി ക്ഷേമസമിതി സംസംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രകടനത്തെകുറിച്ച് സിപിഎം മുഖപത്രം എഴുതിയ വരികളാണിവ. പാര്‍ട്ടിയോട് ഒരു ചോദ്യം മാത്രം ചോദിക്കട്ടെ. പികെഎസ് അധ്യക്ഷന്‍ കെ രാധാകൃഷ്ണനെ എന്നാണ് നിങ്ങള്‍ ജനറല്‍ സീറ്റില്‍ മത്സരി്പ്പിക്കുക?
സമീപകാലത്താണല്ലോ സിപിഎം എകെഎസിനും പികെഎസിനും രൂപം നല്‍കിയത്. അതിന്റെ കാരണമെന്താണെന്ന് പകല്‍പോലെ വ്യക്തമാണ്. ഇനിയും തങ്ങള്‍ക്ക് രക്ഷകര്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ആദിവാസികളും ദളിതുകളും ഭൂമിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും കൊടിയേന്താതെ രംഗത്തിറങ്ങിയതുതന്നെ. ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ സമരവും ദളിതുകളുടെ പോരാട്ടവീര്യം പ്രകടമാക്കിയ ചങ്ങറ സമരവും സൃഷ്ടിച്ച രാഷ്ട്രീയപരിസരമാണ് രൂപം കൊണ്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും വര്‍ഗ്ഗസമരത്തിലൂടെ എല്ലാ വിഷയവും പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാര്‍ട്ടിയില്‍ ഒരു വിചിന്തനം കൊണ്ടുവന്നത്. എന്നാല്‍ അതൊരിക്കലും ആത്മാര്‍ത്ഥമായിരുന്നില്ല എന്ന് വളരെ പെട്ടെന്നുതന്നെ തെളിഞ്ഞു. കാലിനടിയില്‍നിന്ന് ചോര്‍ന്നുപോകുന്ന മണ്ണ് തടഞ്ഞുനിര്‍ത്താനുള്ള ശ്രമം മാത്രമായിരുന്നു ഈ സംഘടനകളുടെ രൂപീകരണം. അല്ലാതെ ദളിത് – ആദിവാസി വിഷയങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയുകയോ അവയുടെ തനതായ അസ്തിത്വം അംഗീകരിക്കുകയോ ചെയ്തായിരുന്നില്ല ഈ നീക്കം. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ മുത്തങ്ങ, ചങ്ങറ പോലുള്ള സമരങ്ങള്‍ ഇല്ലാതാക്കാനും  പുതിയ സാഹചര്യത്തില്‍ ഈ വിഭാഗങ്ങളെ കൊണ്ട് ചെങ്കൊടി പിടിപ്പിക്കാനുമുള്ള തന്ത്രം മാത്രമായിരുന്നു ഈ സംഘടനാരൂപീകരണങ്ങള്‍. അല്ലെങ്കില്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടക്കുന്ന നില്‍പ്പുസമരത്തിലും അരിപ്പ സമരത്തിലും മറ്റും എകെഎസും പികെഎസും ഐക്യപ്പെടുമായിരുന്നല്ലോ. നെല്ലിന്‍ചോട്ടില്‍ മുളയ്ക്കുന്ന പുല്ലുകളായി മുദ്രകുത്തിയ കീഴാളരെ മനുഷ്യരായി മാറ്റിയ ചെങ്കൊടിപ്രസ്ഥാനമാണ് തങ്ങളുടെ വഴികാട്ടികളെന്ന് പി ക എസ് പ്രഖ്യാപിക്കുമായിരുന്നില്ലല്ലോ.
കേരളത്തിനുമാത്രമല്ല ഇന്ത്യക്കാകെ തന്നെ ആര്യബ്രാഹ്മണരില്‍ നിന്നു കിട്ടിയ വലിയൊരു സംഭാവനയാണ് ജാതി എന്നാണ് ഇഎംഎസ് പറഞ്ഞത്. (ഇഎംഎസ്: കേരളം മലയാളികളുടെ മാതൃഭൂമി,പേജ്: 51) പെരുമാള്‍ ഭരണകാലത്തും അതിന്റെ അവസാന ഘട്ടത്തിലുമായി ജാതി, ജന്മി നാടുവാഴി മേധാവിത്വം നിലവില്‍ വന്നു. കേരളത്തിലെ സമൂഹത്തേയും സംസ്‌കാരത്തേയും വളര്‍ത്താന്‍ ഇതു സഹായിച്ചു. ഈ ജാതിവ്യ വസ്ഥയുടെ കീഴിലാണ് മലയാളികള്‍ സ്വന്തം വ്യക്തിത്വമുള്ള ഒരു ജനതയായി രൂപം കൊണ്ടത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. (ഇഎംഎസ്:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, പേജ് 276) ‘ഇന്ത്യക്കാരായ നമുക്ക് അഭിമാനജനകമായ ഈ ചരിത്രം രൂപപ്പെടുത്തിയവരെ ‘ആര്യന്മാര്‍’ എന്ന പേരില്‍ ചരിത്രം അറിയുന്നു’.(ഇഎംഎസ്: വേദങ്ങളുടെ നാട് പേജ് 8) ജാതിസമ്പ്രദായം അന്ന് ഉളവായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളികളുടെ അഭിമാനപാത്രമായ കേരളസംസ്‌കാരം ഉയരുമായിരുന്നില്ല. .(ഇഎംഎസ്: കേരളം മലയാളികളുടെ മാതൃഭൂമി, പേജ് 53) കഴിഞ്ഞില്ല, കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ പോരാളിയായിരുന്ന അയ്യങ്കാളിയെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ഇഎം എസ് തയ്യാറായിരുന്നില്ല. അംബേദ്കര്‍ ചിന്തയെ കേരളത്തിലേക്ക് കടക്കാതെ പരമാവധി തടഞ്ഞുനിര്‍ത്തിയത് ഇഎംഎസ് തന്നെയായിരുന്നു. ദളിതരുടെ അവകാശമായ സംവരണത്തിനെതിര നിലപാടെടുത്ത ചരിത്രവും ഇഎംഎസിനുണ്ട് മരണം വരെ അദ്ദേഹം നമ്പൂതിരിപ്പാടുമായിരുന്നു.. ആ ഇഎംസിന്റെ ചിത്രം പിടിച്ചായിരുന്നു ദളിതുകള്‍ പ്രകടനം നടത്തിയത്.

eeeeകെ രാധാകൃഷ്ണനിലേക്ക് തിരിച്ചുവരാം. കേരളത്തിലെ സിപിഎമ്മിന്റെ  നേതാക്കളില്‍ പ്രമുഖനാണല്ലോ രാധാകൃഷ്ണന്‍. മന്ത്രിയും സ്പീക്കറുമൊക്കെ ആയിരുന്നു ഇദ്ദേഹം. 1996 മുതല്‍ തുടര്‍ച്ചയായി നിയമസഭാംഗം. എല്ലാ തവണയും ജയിച്ചത് ചേലക്കര സംവരണമണ്ഡലത്തില്‍ നിന്ന്. എന്തുകൊണ്ട് രാധാകൃഷ്ണനെ തൊട്ടടുത്ത വടക്കാഞ്ചേരി മണ്ഡലത്തിലേക്ക് മാറ്റി ചേലക്കരനിന്ന് പുതിയൊരാളെ ഉയര്‍ത്തി കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ല? എങ്കില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കുകൂടി നിയമസഭയിലെത്താനുള്ള അവസരമാകുമത്. രാധാകൃഷ്ണനെ മാത്രമല്ല, കേരളത്തിലെ ജനറല്‍ സീറ്റുകളില്‍ എവിടെയെങ്കിലും നിന്ന് പട്ടികജാതിക്കാരേയോ വര്‍ഗ്ഗക്കാരേയോ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകുമോ? ആകില്ല എന്നുറപ്പ്. രഷ്ട്രീയപ്രബദ്ധരാണെന്നു സ്വയം വിശേഷിപ്പിച്ച് യുപിയിലും മറ്റും അതില്ല എന്നു പുച്ഛിക്കുമ്പോള്‍ അവിടെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നൊരു സ്ത്രീ മുഖ്യമന്ത്രിയായതു നാം മറക്കുന്നു. അതല്ലെങ്കില്‍ മറ്റെന്താണ് രാഷ്ട്രീയ പ്രബുദ്ധതയുടെ മാനദണ്ഡം. മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും മറ്റും ശക്തമായ ദളിത് സാഹിത്യം നാം വിസ്മരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും പോരാടി സ്വയം ഭരണാവകാശം നേടിയെടുത്ത ആദിവാസി വിഭാഗങ്ങളേയും നമുക്ക് രാഷ്ട്രീയ പ്രബുദ്ധരായി കാണാന്‍ കഴിയുന്നില്ല. കേരളം രാഷ്ട്രീയ പ്രബുദ്ധരാക്കിയെന്നു പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ മേനോന്മാരും നായന്മാരും നമ്പൂതിരിപ്പാടുമാരും പിള്ളമാരും മറ്റുമാണെന്നുമാത്രമല്ല, അതില്‍ അഭിമാനിക്കുന്നവര്‍ കൂടിയാണ്. അവിടെ ചാത്തന്‍ മാസ്റ്റര്‍ക്ക് ചാത്തന്‍ പുലയന്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. പോയവാരം പുറത്തിറങ്ങിയ ഒരു പ്രമുഖവാരികയില്‍, അഖിലേന്ത്യാതലത്തില്‍ കോണ്ഗ്രസ്സില്‍് ദളിതരും മുസ്ലിമുകളും ബിജെപിയില്‍ പിന്നോക്കക്കാരും നേതൃത്വത്തില്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തുകൊണ്ടതില്ല എന്ന് പ്രമുഖ ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ മാറ്റി മറിച്ചത് താഴേനിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പിന്നീട് സംഭവിച്ച ചില സംഭവങ്ങളില്‍ പുനപരിശോധന അര്‍ഹിക്കുന്നു. നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണില്‍ ഫലം കൊയ്തത് മുഖ്യമായും കമ്യൂണിസ്റ്റുകാരായിരുന്നു. അതില്‍ തെറ്റൊന്നുമല്ല. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ പിന്നീട് ചെയ്തത് എന്താണ്? നവോത്ഥാനത്തിന്റെ ധാരയെ വര്‍ഗ്ഗസമരത്തിന്റെ ധാരയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ കേരളത്തിനു നഷ്ടപ്പെട്ടത് എന്തായിരുന്നു? മഹാത്മാ ഫൂലേക്ക് അംബേദ്കറെ പോലൊരു പിന്‍ഗാമിയുണ്ടാകുകയും രാഷ്ട്രീയാധികാരം അധസ്ഥിതന് എന്നു പ്രഖ്യാപിക്കുകയും ചെയ്തപോലൊരു മുന്നേറ്റം പിന്നീട് ഇവിടെയുണ്ടായില്ല. നാരായണഗുരുവിനുണ്ടായ പിന്‍ഗാമികളെ നാം കണ്ടു. വിടിക്കു പകരം നാം ഇഎംഎസിനെ സ്വീകരിച്ചു. ജാതി ഇല്ലാതായി എന്ന മിഥ്യാധാരണയായിരുന്നു അങ്ങനെ സൃഷ്ടിക്കപ്പെട്ടത്. (അപ്പോഴും ഉയര്‍ന്ന ജാതിയില്‍പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ പേരിന്റെ കൂടെ ജാതി ഉപയോഗിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ നേടുകയും ചെയ്തു). ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദശകങ്ങളിലുണ്ടായ ദളിത് മുന്നേറ്റങ്ങള്‍ പോലൊന്ന് കേരളത്തിലുണ്ടാകാത്തത് അതുകൊണ്ടാണ്. മാത്രമല്ല സംവരണത്തിനൊഴികെ മറ്റൊന്നിനും ജാതി പറയാത്ത അവസ്ഥയിലേക്ക് ശരാശരി ദളിതനെ മാറ്റുന്നതില്‍ നാം വിജയിച്ചു. വിദ്യാഭ്യാസവും തൊഴിലുമുള്ള ദളിതരാകട്ടെ കഴിയുമെങ്കില്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചു. തുടര്‍ന്നവരുടേയും പിന്‍തലമുറയുടേയും ജീവിതം സവര്‍ണ്ണരും നാഗരികരുമായി. മിശ്രവിവാഹം പോലും പിന്തിരിപ്പനാകുന്ന അവസ്ഥ. തങ്ങളുടെ സമുദായത്തില്‍ നിന്ന് 10 ബിഎക്കാരെ കാണാന്‍ അയ്യങ്കാളി ആഗ്രഹിച്ചെങ്കില്‍ ആയിരകണക്കിനു പേരുണ്ടായിട്ടും ഗുണമില്ലാതായി. അവര്‍ ചെങ്കൊടിയും ത്രിവര്‍ണ്ണപതാകയും കാവികൊടിയുമേന്തി. അപ്പോഴും മുളയന്‍ മജിസ്‌ട്രേറ്റായാല്‍ എന്ന ചൊല്ലിന്റെ ശക്തി ദിനം പ്രതി വര്‍ദ്ധിച്ചുവന്നു. ശാരദ, ഷീല, അംബിക, ശ്രീദേവി, ജയഭാരതി, ശ്രീവിദ്യ തുടങ്ങിയ പേരുകള്‍ക്കു പകരം മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ, ശാലുമേനോന്‍, മഞ്ജുപിള്ള, നവ്യാനായര്‍, ശ്വേതാമേനോന്‍ തുടങ്ങിയ പേരുകള്‍ നമുക്ക് പ്രിയങ്കരമായി.  എന്തേ ഈ വാലുകളില്‍ പുലയത്തിയും പറയത്തിയും ഇല്ലാതെ പോയതന്നെ ചോദ്യം ആരും ചോദിച്ചില്ല.

ayyankaliതോപ്പില്‍ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ ചിത്രീകരിച്ചപോലെ ദളിതരില്‍ നിന്ന് തങ്ങള്‍ മുന്നില്‍ നില്‍ക്കാമെന്നു പറഞ്ഞ് സവര്‍ണ്ണര്‍ ചെങ്കൊടി പിടിച്ചുവാങ്ങുകായയിരുന്നു. ആ ചെങ്കൊടിക്കു പുറകിലാണ് ഇപ്പോഴും ഒരു വലിയ വിഭാഗം നീങ്ങുന്നതെന്ന് ഈ സമ്മേളനവും പ്രകടനവും തെളിയിച്ചു. എന്നാല്‍ ആത്മാഭിമാനമുള്ള ദളിതുകളെ അതിനു ലഭിക്കില്ലെന്നും വ്യക്തം. അതാണ് ഇപ്പോള്‍ കേരളത്തില്‍ അയ്യങ്കാളിയും അംബേദ്കറുമൊക്കെ സജീവചര്‍ച്ചയാകുന്നത്. ഈ പശ്ചാത്തലത്തിലാണ് 28ന് അയ്യങ്കാളിയുടെ ജന്മദിനം നാം ആഘോഷിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply