എന്തുകൊണ്ട് പാഠഭേദത്തിനു ഹാദിയാ ‘PERSON OF THE YEAR’ ആകുന്നു?

സിന്ധുരാജ് ഡി ഹാദിയയെ പെഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തതിന്റെ കാര്യകാരണങ്ങള്‍ വിശദമാക്കിക്കൊണ്ട് ക്രിട്ടിക് പ്രസിദ്ധീകരിച്ച, പാഠഭേദം നിരത്തിയ വാദഗതികളെ കുറിച്ചുള്ള ഒരു വിശകലനം ആണ് ഈ കുറിപ്പ്. അതില്‍ പറയുന്ന പല കാരണങ്ങളും വസ്തുതയാണ് എന്നതിനെ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ ഹാദിയ എന്ന മുന്‍ അഖിലയുടെ നിലപാട് ‘അതിധീരം’ എന്ന് വിശേഷിപ്പിക്കുന്ന പാഠഭേദം ഡസ്‌കിനോട് പറയുവാന്‍ ഉള്ളത് ഇതേ പോലെ തന്നെ ഈഴവ സമുദായത്തില്‍ നിന്നും മറ്റു ഹിന്ദു സമുദായങ്ങളില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ഒട്ടനവധി […]

hhh

സിന്ധുരാജ് ഡി

ഹാദിയയെ പെഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തതിന്റെ കാര്യകാരണങ്ങള്‍ വിശദമാക്കിക്കൊണ്ട് ക്രിട്ടിക് പ്രസിദ്ധീകരിച്ച, പാഠഭേദം നിരത്തിയ വാദഗതികളെ കുറിച്ചുള്ള ഒരു വിശകലനം ആണ് ഈ കുറിപ്പ്.

അതില്‍ പറയുന്ന പല കാരണങ്ങളും വസ്തുതയാണ് എന്നതിനെ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ ഹാദിയ എന്ന മുന്‍ അഖിലയുടെ നിലപാട് ‘അതിധീരം’ എന്ന് വിശേഷിപ്പിക്കുന്ന പാഠഭേദം ഡസ്‌കിനോട് പറയുവാന്‍ ഉള്ളത് ഇതേ പോലെ തന്നെ ഈഴവ സമുദായത്തില്‍ നിന്നും മറ്റു ഹിന്ദു സമുദായങ്ങളില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ഒട്ടനവധി പേര്‍, കോടതി ഇടപെടല്‍ എന്ന ഹാദിയയുടെ കടമ്പ ഒഴിച്ചു നിര്‍ത്തിയാല്‍, തങ്ങളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഒക്കെ കടുത്ത എതിര്‍പ്പിനെയും ജനിച്ച സമുദായത്തിന്റെ കടുത്ത വെറുപ്പിനെയും ഒക്കെ അവഗണിച്ചു നമ്മുടെ ഇടയില്‍ തന്നെ ജീവിക്കുന്നുണ്ട്. അവര്‍ പക്ഷെ കൂടുതലും ക്രിസ്തു മതത്തിലെയ്ക്കാണ് ചേക്കേറിയിട്ടുള്ളത് എന്നത് കൊണ്ടും, അന്നൊന്നും നമ്മള്‍ ഇന്നത്തെ പോലെ അത്ര ‘പുരോഗമിച്ചിട്ടില്ലാത്തത്’ കൊണ്ടും ഒക്കെ, അതൊന്നും ഇത്ര വലിയ സോഷ്യല്‍ ഹിസ്ടീരിയ ഉണ്ടാക്കാതെ, പോകുകയായിരുന്നു.
അങ്ങനെ ഉള്ള രണ്ടു പെണ്‍കുട്ടികളെ എനിക്ക് വ്യക്തിപരമായി അറിയാവുന്നവര്‍ ആണ്. അവരോടൊക്കെ അക്കാലത്ത് ഞാന്‍ വിശദമായി ആശയ വിനിമയം നടത്തി അവരെ അത്തരം തീരുമാനങ്ങളിലെയ്ക്ക് എത്തിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരാളും ആണ്. അതില്‍ ഒരാള്‍ ഈഴവ സമുദായത്തില്‍ നിന്നും ഇന്ത്യന്‍ പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്ന ആളും, മറ്റേ ആള്‍ ഹിന്ദു മേനോന്‍ വിഭാഗത്തില്‍ പെട്ട പെണ്കുട്ടി. അവള്‍ സി എസ ഐ സഭയില്‍ ചേര്‍ന്ന് ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു സുഖമായി കഴിയുന്നു. ഇവര്‍ രണ്ടു പേരും ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഹോസ്റ്റലുകളില്‍ താമസിച്ചു പഠനം നടത്തിയവരും ഹാദിയയെ മതപരിവര്‍ത്തനം നടത്താന്‍ ഉപയോഗിക്കപ്പെട്ട അതെ മാര്‍ഗങ്ങള്‍ അവലംബിക്കപ്പെട്ടു മതം മാറ്റം നടത്തിയവരും ആണ്.
ഈ മതപരിവര്‍ത്തന പ്രയോഗം നടത്തിയ പ്രക്രിയ അത്ഭുതകരമായത് ഒന്നും അല്ല. എത്രയോ ദശാബ്ദങ്ങള്‍ ആയി പലവിധ സംഘടനകള്‍ വിശിഷ്യാ MILITARY ഉപയോഗിക്കുന്ന ‘മസ്തിഷ്‌ക പ്രക്ഷാളന’ രീതികള്‍ ആണ് ഇവയൊക്കെ. ഹാദിയയെപ്പോലെ മേല്‍ പറഞ്ഞ കുട്ടികള്‍ക്കും ഉണ്ടായിരുന്ന പൊതു സവിശേഷത എന്നത് ഇവര്‍ ആരും തന്നെ കടുത്ത മതവിശ്വാസ പാരമ്പര്യം ഉള്ള വീടുകളിലെ കുട്ടികള്‍ ആയിരുന്നില്ല എന്നതാണ്. ഇവരുടെ മറ്റൊരു പൊതു സവിശേഷത പെട്ടെന്ന് മറ്റുള്ളവരെ സ്‌നേഹിക്കയും, വിശ്വസിക്കയും, സ്‌നേഹത്തോടെ ഉള്ള ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്ന പ്രകൃതം ഉള്ളവരും ആയിരുന്നു എന്നുള്ളതും ആണ്. പിന്നെ അവര്‍ എങ്ങനെ മതപരിവര്‍ത്തനത്തിനു ശേഷം പിടിച്ചു നിന്ന് എന്നല്ലേ? പിന്നാലെ പറയാം.
ഇത്തരം മതപരിവര്‍ത്തനം നടത്താന്‍ പരിശീലനം നല്കപ്പെടുന്നവര്‍ അങ്ങനെ പെട്ടെന്ന് വഴങ്ങുന്ന മാനസ്സിക ഘടന ഉള്ള വ്യക്തികളെ സൂക്ഷ്മമായി തിരഞ്ഞെടുക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ ആണ്. കാരണം ഒന്നോ രണ്ടോ തിരിച്ചടികള്‍ അവരുടെ, അതാതു സ്ഥാപനങ്ങളില്‍ / പ്രദേശങ്ങളില്‍ ഉള്ള സാധ്യതകളെ പൂര്‍ണമായും അടച്ചു കളയും. ഹാദിയയെ പോലെ ദൂര ദേശങ്ങളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന വ്യക്തികള്‍ ഇത്തരം ഗ്രൂപ്പുകളുടെ mental conditioning -നു പറ്റിയ ഇരകള്‍ ആണ്.

ഇനി മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നമുക്ക് പരിശോധിക്കാം. അതില്‍ പ്രഥമ ഘട്ടം എന്നത് തന്റെ പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ വ്യക്തികളെ മാനസ്സികമായി പ്രേരിപ്പിക്കുക എന്നതാണ്. അവരുടെ പരമ്പരാഗത വിശ്വാസം, യുക്തിഹീനവും, മനുഷ്യത്വരഹിതവും ആണെന്ന് മനസ്സിലാക്കി അവരെ മാനസ്സികമായി exhaust ചെയ്യുക എന്നുള്ളതാണ്. രണ്ടാമത്തെ ഘട്ടം ഇരയുടെ നിലവിലുള്ള സാമൂഹിക പിന്തുണാ ഘടകങ്ങള്‍ നീക്കം ചെയ്യുക എന്നുള്ളതാണ്. ബന്ധുമിത്രാദികളില്‍ നിന്നും മാതാ പിതാക്കളില്‍ നിന്നും അവരെ മാനസ്സികമായി അകറ്റുക എന്ന ഘട്ടം കഴിഞ്ഞാല്‍ ഇര ഏതാണ്ട് ഒറ്റപ്പെട്ട മാനസ്സിക അവസ്ഥയില്‍ ആയിത്തീരുന്നു. മൂന്നാമത് നഷ്ടപ്പെട്ട പഴയ SUPPORT സിസ്റ്റത്തിന് പകരം പുതിയ ഒരു സോഷ്യല്‍ support സിസ്റ്റം വയ്ക്കുക എന്നുള്ളതാണ്. ഈ ഘട്ടത്തില്‍ ഇതേ സമുദായത്തില്‍ ഉള്ള മറ്റു പെണ്‍കുട്ടികള്‍, വനിതകള്‍ കഴിയുമെങ്കില്‍ ഇതേ സാഹചര്യത്തില്‍ മതപരിവര്‍ത്തനത്തിനു വിധേയരായ ഇതേ സമുദായക്കാരായ / മതക്കാരായ മറ്റു ‘ഉത്തമ വനിതാരത്‌നങ്ങളെ’ സഹചാരികള്‍ ആക്കുക എന്നുള്ളതാണ്. അടുത്തഘട്ടത്തില്‍ നിലവില്‍ ലഭിച്ച ‘സത്യമതത്തില്‍ / വിശ്വാസത്തില്‍’ നിന്നും വ്യതിചലിച്ചു പോയാല്‍ ഉണ്ടാകാവുന്ന ഭീതിജനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരയുടെ മനസ്സില്‍ നിതാന്ത ഭീതി ജനിപ്പിക്കുക എന്നുള്ളതാണ്. പുതിയ വിശ്വാസം എത്രയും പെട്ടെന്ന് അംഗീകരിപ്പിക്കാന്‍ ഉള്ള ആഭ്യന്തര പ്രേരണ നല്‍കുക. അതിനു ലഭിക്കാവുന്ന വലിയ പാരിതോഷികങ്ങളെ കുറിച്ച് അവരെ ബോധവാന്മാര്‍ ആക്കുക. ആവശ്യമുള്ള സമയത്തോളം അവളുടെ പുതിയ support system നിലനിര്‍ത്തുക എന്നുള്ളതാണ് അവസാനഘട്ടം. ഹാദിയ ഉള്‍പ്പടെ എല്ലാ ഇത്തരം പെണ്‍കുട്ടികളും / ആണ്‍കുട്ടികളും ഒക്കെ ഇത്തരം മസ്തിഷ്‌ക പ്രക്ഷാളന ഘട്ടങ്ങളിലൂടെ സഞ്ചരിച്ചു തന്നെ ആണ് ‘കൂട് വിട്ടു കൂടുമാറല്‍’ പ്രക്രിയ പൂര്‍ത്തിയാക്കുക.
ഇങ്ങനെ നടത്തപ്പെട്ട മസ്തിഷ്‌ക പ്രക്ഷാളനം നല്‍കുന്ന റിബല്‍ മസ്തിഷ്‌ക ഘടന ആണ് ഹാദിയയെ ‘ധീര’ ആക്കുന്നത്. അത് മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഹാദിയയുടെ മാതാ പിതാക്കളുടെ മാനസ്സിക പീഡനവും ,അതില്‍ ഇടപെട്ടു ഹാദിയയെ ഘര്‍-വാപ്പസി നടത്താന്‍ ശ്രമിച്ച മരമണ്ടന്മാരും ഒക്കെ ഹാദിയായുടെ പുതിയ വിശ്വാസത്തിലുള്ള ‘വിശ്വാസം’ ബലപ്പെടുത്താന്‍ മാത്രമേ ഉതകിയിട്ടുള്ളൂ. അത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയ പെണ്‍കുട്ടികളും അവരവരുടെ ജീവിതങ്ങളില്‍ അതാതു ഘട്ടങ്ങളില്‍ ഇതേ ധീരത അഹമികയാ, ആരോരും അവാര്‍ഡുകള്‍ നല്‍കാന്‍ ഇല്ലാതെ തന്നെ, ചെയ്തിട്ടുണ്ട്.
ഇതേ കാരണം കൊണ്ട് തന്നെ ആണ് ഹാദിയ വീട്ടു തടങ്കലില്‍ ആയിരുന്ന കാലത്തൊക്കെ അവളെ കൂട്ടിലാക്കിയ സംഘം അവളെ കാണാന്‍ വേണ്ടി മരണവെപ്രാളം കാട്ടിയിരുന്നത്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അവളെ സന്ദര്‍ശിച്ചും , തങ്ങള്‍ക്കു സ്വാധീനിക്കാന്‍ സാധിക്കുന്ന ‘പുരോഗമന, ഇടതുപക്ഷ, മതനിരപേക്ഷ’ പ്രതിച്ഛായ ഉള്ള പാഠഭേദം പോലെ ഉള്ള platform കളെ ഉപയോഗിച്ച് (വിലയ്‌ക്കെടുത്ത് എന്ന് ഞാന്‍ തെളിവിന്റെ അഭാവത്തില്‍ ആരോപിക്കുന്നില്ല) സമ്മാനങ്ങള്‍ നല്‍കിയും ഒക്കെ അവളെ ധീരോദാത്ത പരിവേഷം നല്‍കി പുത്തന്‍ ഝാന്‍സി റാണി ആക്കിയും ഒക്കെ project ചെയ്യുന്നത്. (ഓര്‍ക്കുക SDPI സംഘത്തിനു അവള്‍ ‘ഡോക്ടര്‍’ ഹാദിയാ ആകുന്നതു എന്ത് മനശ്ശാസ്ത്രം ആണെന്ന് ഒരു നിമിഷം ചിന്തിക്കുക).
ഒരു വ്യക്തി / വ്യക്തികള്‍ ചെയ്യുന്ന ധീരക്രുത്യങ്ങള്‍ കാലം വിലയിരുത്തുക അത് മനുഷ്യ സമൂഹത്തില്‍ നടത്തുന്ന ഇടപെടല്‍ ക്രിയാത്മകമാണോ ഋണാത്മകം ആണോ എന്ന് വിലയിരുത്തി ആകും. ആട് ആന്റണിയോ ഹാജി മസ്താനോ ഒന്നും ഭീരുക്കള്‍ ആല്ല. പക്ഷെ അവരുടെ ധീരത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഉപദ്രവകരം ആയതിനാല്‍ ആണ് അവരെ റോള്‍ മോഡലുകള്‍ ആയി സമൂഹം കാണാത്തത്. ആ മാനദണ്ഡം വച്ച് നോക്കിയാല്‍ ഹാദിയയുടെ റോള്‍ മോഡല്‍ മുസ്ലീം സമൂഹത്തിലെ പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും, കേരളീയ പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം പൊതുവിലും, എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് കുറച്ചു വ്യാകുലതകള്‍ ഉണ്ടാക്കുന്നു എന്നതിന് കാരണം അവളെ project ചെയ്യുന്ന സംഘത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പൊതു സമൂഹത്തിനുള്ള ഉത്ഘണ്ട തന്നെ ആണ്.
ഇനി പാഠഭേദത്തിന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചു നമ്മളില്‍ സംശയം ജനിപ്പിക്കുന്ന ഒരു ടിപ്പണിയും തങ്ങളുടെ ‘വിശദീകരണത്തില്‍’ അവര്‍ ചെയ്തിട്ടുണ്ട്. ‘എത്ര പെട്ടെന്നാണ് യുക്തിവാദികളുടെ അടിവസ്ത്രം കാവിയാണെന്നു കേരളത്തിനു ബോധ്യപ്പെട്ടത്. 1959 ല്‍ രൂപപ്പെട്ടതിനേക്കാള്‍ വിചിത്രമായൊരു സഖ്യം കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രവിചന്ദ്രനും ഇ എ ജബ്ബാറും മുതല്‍ ടി ജി മോഹന്‍ദാസും കുമ്മനാം രാജശേഖരനും വരെ കൈകോര്‍ക്കുന്ന ഈ സഖ്യത്തെ ആണ് അധസ്ഥിതരുടെ ഏതു മുന്നേറ്റത്തിനും കേരളത്തില്‍ നേരിടേണ്ടി വരിക.’ ഇതേ വാക്കുകള്‍ മറ്റാരോ പറയുന്നത് നമ്മള്‍ ഒക്കെ സ്ഥിരം കേള്‍ക്കാറില്ലേ. ആര്‍ക്കാണ് രവിചന്ദ്രനെയും, ജബ്ബാരിനെയും, അയൂബിനെയും ഒക്കെ ഭയം എന്നത് നമുക്കൊക്കെ അറിയാം. ജബ്ബാര്‍ മാഷും അയൂബുമൊക്കെ ആരുടെ ഉറക്കം ആണ് കെടുത്തുന്നത് എന്നും രവിചന്ദ്രന്‍ സ്ഥിരമായി ആരെയൊക്കെ ആണ് പൊളിച്ചു കാട്ടുന്നത് എന്നും മനസ്സിലാക്കിയാല്‍ അവരെ ‘കാവിക്കോണകം’ കെട്ടിച്ചു അവരുടെ വാദമുഖങ്ങളെ ‘ലവന്മാര്‍ മ്മടെ മതത്തെ തകര്‍ക്കാന്‍ നടത്തുന്ന’ കുടില ശ്രമങ്ങള്‍ ആക്കി നാടുകടത്താം എന്ന ‘സൃഗാല തന്ത്രം’ എല്ലാപേരും മനസ്സിലാക്കുന്നു എന്നതാകും നാളെ പാഠഭേദം ഡസ്‌കിന്റെ സങ്കടം. ഇതിനെ അംഗ്രേസി ഭാഷയില്‍ political ventriloquism എന്നാണ് പറയുക പാഠഭേദം ബുദ്ധിരാക്ഷസന്മാരെ!

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply