എന്തുകൊണ്ട് പട്ടേല്‍?

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ മഹാത്മാഗാന്ധി അപൂര്‍ണനാകുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിള്ള ലക്ഷ്യത്തോടെയാണ്. എന്തായാലും പട്ടേല്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ചത് പട്ടേലായിരുന്നു. എന്നിട്ടും നെഹ്‌റുവിനേക്കാള്‍ പട്ടേലിനെ ഉയര്‍ത്തി രണ്ടാം സ്ഥാനത്തു കൊണ്ടുവരുന്നത് വളരെ തന്ത്രപൂര്‍വ്വമായ നീക്കമാണ്. ”ദണ്ഡിയാത്ര ആസൂത്രണംചെയ്യാന്‍ ഗാന്ധിജി പട്ടേലിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് വിജയകരമാക്കിത്തീര്‍ത്തു. സ്വാമി വിവേകാനന്ദനില്ലെങ്കില്‍ രാമകൃഷ്ണ പരമഹംസന്‍ പൂര്‍ണനാവില്ല എന്നപോലെ പട്ടേലില്ലായിരുന്നെങ്കില്‍ ഗാന്ധിജിയും അപൂര്‍ണനാകുമായിരുന്നു. അവരുടെ സവിശേഷമായ കൂട്ടുകെട്ടാണ് സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന് ശക്തിപകര്‍ന്നത്. തന്റെ വൈദഗ്ധ്യം, […]

patelസര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ മഹാത്മാഗാന്ധി അപൂര്‍ണനാകുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിള്ള ലക്ഷ്യത്തോടെയാണ്. എന്തായാലും പട്ടേല്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ചത് പട്ടേലായിരുന്നു. എന്നിട്ടും നെഹ്‌റുവിനേക്കാള്‍ പട്ടേലിനെ ഉയര്‍ത്തി രണ്ടാം സ്ഥാനത്തു കൊണ്ടുവരുന്നത് വളരെ തന്ത്രപൂര്‍വ്വമായ നീക്കമാണ്.
”ദണ്ഡിയാത്ര ആസൂത്രണംചെയ്യാന്‍ ഗാന്ധിജി പട്ടേലിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് വിജയകരമാക്കിത്തീര്‍ത്തു. സ്വാമി വിവേകാനന്ദനില്ലെങ്കില്‍ രാമകൃഷ്ണ പരമഹംസന്‍ പൂര്‍ണനാവില്ല എന്നപോലെ പട്ടേലില്ലായിരുന്നെങ്കില്‍ ഗാന്ധിജിയും അപൂര്‍ണനാകുമായിരുന്നു. അവരുടെ സവിശേഷമായ കൂട്ടുകെട്ടാണ് സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന് ശക്തിപകര്‍ന്നത്. തന്റെ വൈദഗ്ധ്യം, കാഴ്ചപ്പാട്, ദേശസ്‌നേഹം എന്നിവയിലൂടെ രാജ്യത്തെ പട്ടേല്‍ ചേര്‍ത്തുനിര്‍ത്തി. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ബ്രട്ടീഷ് തന്ത്രത്തെ തകര്‍ത്ത അദ്ദേഹം 550 നാട്ടു രാജ്യങ്ങളെ ഒറ്റയ്ക്ക് ദേശീയതയില്‍ വിളക്കിച്ചേര്‍ത്തു”മോദി പറഞ്ഞു.
‘രാഷ്ട്രീയജീവിതത്തില്‍ തടസ്സങ്ങള്‍ നേരിടുമ്പോഴും ഏകതാ സങ്കല്‍പ്പത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പട്ടേല്‍ തയ്യാറായിട്ടില്ല. അതുപോലൊരു നേതാവിന്റെ ജന്മദിനത്തില്‍ ഇത്തരം സംഭവം നടന്നത് നിര്‍ഭാഗ്യകരമാണ്.
ദേശീയ അഖണ്ഡതയ്ക്കും ഐക്യത്തിനും പട്ടേല്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ചരിത്രത്തെ പരിഗണിക്കാത്ത രാഷ്ട്രത്തിന് പുതിയത് സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന്് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
നെഹ്‌റു കുടുംബമാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ ആന്തരിക ശക്തി എന്ന് മോദിക്ക് കൃത്യമായി അറിയാം. അതു തകര്‍ക്കേണ്ടത് തങ്ങളുടെ ഭാവിക്ക് അനിവാര്യമാണെന്നും. അതിനാലാണ് ഗാന്ധി തന്റെ പിന്ഗാമിയാക്കിയ നെഹ്‌റുവിനു മീതെ പട്ടേലിനെ പ്രതിഷ്ഠിക്കുന്നത്. നെഹ്രുകുടുംബത്തിലെ രാഷ്ട്രീയ നേതാക്കളുടെ ഓര്‍മകള്‍ കൊണ്ടാടേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയില്ല. വാജ്‌പേയി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഇന്ദിരാഗാന്ധിയുടെ ചരമദിനത്തില്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനത്തെ പട്ടേലിന്റെ ജന്മദിനം കൊണ്ട് മറക്കാനുമുള്ള ശ്രമം അതിന്റെ ഭാഗം തന്നെ. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധകലാപത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞതിങ്ങനെ. ‘രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവാണ് പട്ടേല്‍. മുപ്പതുവര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ത്തന്നെ രാഷ്ട്രത്തിന്റെ ഐക്യത്തിന് കനത്ത ആഘാതമായി ചിലത് നടന്നു. നമ്മുടെ ആളുകള്‍തന്നെ കൊല്ലപ്പെട്ടു. ഏതെങ്കിലും ഒരു സമുദായത്തിന്റെ ഹൃദയത്തിനേറ്റ മുറിവല്ല അത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏകതാ സങ്കല്‍പ്പങ്ങള്‍ക്കേറ്റ പ്രഹരമാണ്’ 1984 ല്‍ നടന്നത്.
മറ്റൊന്ന് മോദി ആവര്‍ത്തിക്കുന്ന ഏകതാ സങ്കല്പ്പമാണ്. ഹിന്ദുത്വം കൊണ്ടുമാത്രം അതിനു കഴിയില്ല എന്നതിനാലാണ് അതിന്റെ പ്രതീകമായി പട്ടേലിനെ കൊണ്ടുവരുന്നത്. 2000 കോടി രൂപ പ്രതിമക്കായി ചിലവഴിക്കുന്നതും അതിനു തന്നെ. പട്ടേലില്ലാതെ ഗാന്ധി അപൂര്‍ണ്ണനാണെന്നു പറയുമ്പോള്‍ അതിലെ ശരിതെറ്റുകള്‍ വിശകലനം ചെയ്യേണ്ടതാണ്. ഏകതയുടെ ശക്തനായ വക്താവാണ് പട്ടേലെന്നു പറയുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രാദേശിക പിസിസികളായി വിഭജിച്ച് ഒരു പരിധി വരെയെങ്കിലും ഫെഡറലിസം നടപ്പാക്കിയ നേതാവായിരുന്നു ഗാന്ധി.
സത്യത്തില്‍ പൊതുവില്‍ ഇടത്തോട്ടായിരുന്ന നെഹ്‌റു യുഗത്തില്‍ വലതുപക്ഷ വിചാരഗതി കൊണ്ടുനടന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖനായിരുന്നു പട്ടേല്‍. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസുകാരനായി ജീവിക്കുകയും നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരം കൈയാളുകയും ചെയ്ത അദ്ദേഹം ആര്‍.എസ്.എസിനും നരേന്ദ്ര മോഡിക്കും പ്രിയങ്കരനായത്.
അഹമ്മദാബാദില്‍ വക്കീല്‍പണിയുമായി കഴിഞ്ഞുകൂടിയ പട്ടേലിനെ ഗാന്ധിജിയാണ് കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്കും 1931ല്‍ പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്കും ആനയിച്ചതും ഗാന്ധിജി തന്നെ. അല്ലാത്തപക്ഷം ഒരുപക്ഷെ അന്നുതന്നെ പട്ടേല്‍ ഹിന്ദുത്വത്തിന്റെ പ്രകടമായ വക്താവാകുമായിരുന്നു. ഹിന്ദു മഹാസഭയുടെയും ആര്‍.എസ്.എസിന്റെയും ചിന്താഗതിയുമായി തുടക്കം മുതലേ പട്ടേല്‍ ആഭിമുഖ്യം കാട്ടിയിരുന്നു എങ്കിലും അതുമായി പൂര്‍ണ്ണമായി താദാത്മ്യം പ്രാപിച്ചില്ല. മുസ്ലിംകള്‍ക്കുവേണ്ടി പാകിസ്താന്‍ പിറവികൊണ്ട സ്ഥിതിക്ക് സ്വതന്ത്ര ഇന്ത്യ ഹിന്ദുരാഷ്ട്രം ആവണമെന്ന ഗോള്‍വാള്‍ക്കറുടെയും സമാനചിന്താഗതിക്കാരുടെയും വാദത്തെയും പട്ടേല്‍ അംഗീകരിച്ചിരുന്നില്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആസാദിന്റെയും സാമീപ്യമാവണം നിര്‍ണായകഘട്ടങ്ങളില്‍ പട്ടേലിനെ ഒരു പരിധിവരെ മതേതരനായി നിലനിര്‍ത്തിയത്. സ്വാതന്ത്ര്യത്തിനും മഹാത്മജിയുടെ വധത്തിനും ഇടയിലുള്ള ആറുമാസം ഗാന്ധിജിയും നെഹ്‌റുവും പട്ടേലും ചേര്‍ന്ന ത്രിമൂര്‍ത്തികളാണ് ഇന്ത്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അണിയറ ഒരുക്കങ്ങള്‍ നടത്തിയതെന്ന് പട്ടേലിന്റെ ജീവചരിത്രകാരനായ രാജ്‌മോഹന്‍ ഗാന്ധി പറയുന്നു.
എന്നാല്‍ ഇന്ത്യാ – പാക് വിഭജനത്തോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ഹിന്ദു – മുസ്ലിം വര്‍ഗീയത അതിന്റെ ബീഭത്സമുഖം തുറന്നുകാട്ടുകയും ലക്ഷക്കണക്കിന് നിരപരാധികള്‍ അതിര്‍ത്തിയിലും തലസ്ഥാനനഗരിയിലും പിടഞ്ഞുമരിക്കുകയും ചെയ്തപ്പോള്‍ പട്ടേലും മാറുകയായിരുന്നു. അപ്പോള്‍ ആഭ്യന്തരം കൈയാളുന്ന പട്ടേലിനു വന്‍ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൂക്കിനുതാഴെ കലാപങ്ങള്‍ പടരുകയായിരുന്നു. അതോടെ ഗാന്ധിജിയും നെഹ്‌റുവും അസ്വസ്ഥരായി. എന്നാല്‍ പ്രശ്‌നത്തെ വളരെ ലളിതമായായിരുന്നു പട്ടേല്‍ കണ്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ കൊല്ലപ്പെടുന്നില്ല എന്നും പലായനം ചെയ്യപ്പെടുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തെിന്റെ മറുപടി.
തുടര്‍ന്നാണ് 1948 ജനുവരി 12ന് മഹാത്മജി നിരാഹാരം തുടങ്ങിയത്. അതുമായി ബന്ധപ്പെട്ട് ഗാന്ധിയും പട്ടേലുമായി വാഗ്വാദങ്ങളും ഉണ്ടായിട്ടുണ്ട്. രോഷാകുലനായ സര്‍ദാര്‍ പട്ടേല്‍, ഗാന്ധിജിയോട് വളരെ പരുഷമായ ഭാഷയില്‍ തട്ടിക്കയറിയെന്നും അതു കണ്ട് താനും ജവഹര്‍ലാലും നടുങ്ങുകയും ആശ്ചര്യപ്പെടുകയും ചെയ്തതായി മൗലാനാ ആസാദ് രേഖപ്പെടുത്തിയിട്ടുണ്ട്.. നിരാലംബരായ മുസ്ലിംകളെ ഇനി കൊന്നൊടുക്കില്ലെന്നും അഭയാര്‍ഥികളായി തെരുവില്‍ കഴിയുന്നവരെ അവരുടെ വീടുകളിലേക്ക് തിരിച്ചത്തെിക്കുമെന്നും ഉറപ്പുതന്നാലേ നിരാഹാരം അവസാനിപ്പിക്കൂ എന്ന് മഹാത്മജി ശഠിച്ചു. 2,00,000ത്തോളം വരുന്ന ഹിന്ദു – സിഖ് വിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഗാന്ധിജിക്ക് ആ നിലയില്‍ ഉറപ്പുനല്‍കി. മൗലാനാ ആസാദ് നല്‍കിയ നാരങ്ങാനീര് കുടിച്ച് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. തുടര്‍ന്ന് 1948 ജനുവരി 30ന് ഗാന്ധിജി ഗോദ്‌സെയുടെ വെടിയേറ്റു മരിച്ചു.
ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആഭ്യന്തര മന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്ന് ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയാണ് മനമില്ലാമനസ്സോടെ പട്ടേല്‍ ആര്‍ എസ്എസിനെ നിരോധിച്ചത്. എങ്കിലും വൈകാതെ ചില ഉറപ്പുകളുടെ മറവില്‍ സംഘടനയുടെ മേലുള്ള നിരോധം പിന്‍വലിച്ചു.
സത്യത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രകടമായ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു സര്‍ദാര്‍ പട്ടേല്‍. കോണ്‍ഗ്രസ്സായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ആര്‍എസ്എസുകാരന്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ ഐക്യപ്രതീകമായി ഇന്ന് സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടുന്നതും നര്‍മദയുടെ തീരത്ത് 182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഉരുക്കുപ്രതിമയുണ്ടാക്കുന്നതും. അത് കേവലം നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ചും അല്ലാതേയും ഇന്ത്യയുടെ ഭാഗമാക്കിയതിന്റെ പേരിലല്ല.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്ഥാനത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുമായിരുന്നു എന്നുപോലും മോഡി പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗാന്ധിജിയും പട്ടേലും ഒരേ സംസ്ഥാനത്തുനിന്നുള്ളവരായിരുന്നിട്ടും ഗാന്ധി പിന്തുണച്ചത് നെഹ്‌റുവിനെയായിരുന്നു എന്നത് നിസ്സാരകാര്യമല്ല. കാരണം മതേതര ആദര്‍ശങ്ങള്‍ നെഹ്‌റുവിന്റെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അദ്ദേഹം കരുതി. പക്ഷെ ഗാന്ധിയുടെ പേരില്‍തന്നെ അത് അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply