എന്താണ് വടയമ്പാടി സമരം ? എന്തിനു വേണ്ടിയാണ് ദളിത് ജനത സമരം ചെയ്യന്നത് ?

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എറണാകുളം ജില്ലയില്‍ ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 223 / 24 ല്‍ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനമാണ് വടയമ്പാടിയിലെ തര്‍ക്കസ്ഥലം. 1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട ആദ്യത്തെ പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം പട്ടികജാതി കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റില്‍മെന്റ് കോളനിയും ഈ പൊതുമൈതാനത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് കോളനികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ റവന്യൂ […]

vvvജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

എറണാകുളം ജില്ലയില്‍ ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 223 / 24 ല്‍ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനമാണ് വടയമ്പാടിയിലെ തര്‍ക്കസ്ഥലം. 1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട ആദ്യത്തെ പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം പട്ടികജാതി കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റില്‍മെന്റ് കോളനിയും ഈ പൊതുമൈതാനത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് കോളനികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതു മൈതാനം ദളിത് ജനവിഭാഗങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക പിന്നോക്കാവസ്ഥ മറികടക്കുന്നതിനായി ഉപയോഗിക്കുന്നതിനും ഭൂരഹിതരായ ദളിത് ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനുമായി നീക്കി വച്ചിരിക്കുന്ന ഭൂമിയാണ്. ദളിത് ജനവിഭാഗങ്ങളുടെ കലാകായിക വിനോദാവശ്യങ്ങള്‍ക്കും നടവഴിയായി ഈ മൈതാനം ഉപയോഗിച്ചു വന്നിരുന്നു. പറയ സമുദായത്തില്‍ പെട്ട മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തുകയും പുലയ സമുദായഅംഗമായ നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ (പതി ) ഈ മൈതാനത്തിനുള്ളിലാണ്. ഈ പൊതുമൈതാനത്തോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഇരുപത് സെന്ററില്‍ അതിന്റെ ഉടമയായിരുന്ന ഇരവി രാമന്‍ നായര്‍ എന്നയാള്‍ ദേവീ ഭജന നടത്തി വന്നിരുന്നതാണ്. ഇയാളുടെ മരണശേഷം എന്‍.എസ്.എസ്.കരയോഗം ഇത് കൈവശപ്പെടുത്തി ഭജനമഠം എന്ന പേരില്‍ ക്ഷേത്രമാക്കുകയുണ്ടായി. 2017 മാര്‍ച്ചില്‍ എന്‍.എസ്.എസ് കരയോഗം പോലീസ് സഹായത്തോടെ പത്തടി ഉയരത്തില്‍ പൊതു മൈതാനത്തിനു ചുറ്റും മതിലു കെട്ടാന്‍ ആരംഭിച്ചു. മുവാറ്റുപുഴ ആര്‍ ഡി ഓ ആയിരുന്ന രാമചന്ദ്രന്‍ നായര്‍ എന്നയാള്‍ ഭജനമഠം ക്ഷേത്രം ഇരിക്കുന്ന ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലത്തിന് ചുറ്റുമതില്‍ കെട്ടാന്‍ എന്ന വ്യാജേന ഇറക്കിയ ഉത്തരവ് ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ മതില്‍ നിര്‍മ്മാണം നടന്നത്. ഇതിനെതിരെ സമീപവാസികളായ ദളിത് ജനത പ്രതിഷേധിച്ചപ്പോഴാണ് 1981 ല്‍ G.O.M.S. No 230 / 81 / RD ആയി ഉള്ള ഉത്തരവനുസരിച്ച് 95 സെന്റ് വരുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതുമൈതാനം വടയമ്പാടി എന്‍ എസ് എസ് കരയോഗത്തിന് അമ്പലത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പതിച്ചു നല്‍കിയതായി അറിയുന്നത്. ഈ നടപടി തീര്‍ത്തും നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും പൊതുതാത്പര്യത്തിന് വിരുദ്ധവുമാണ്. ഇത് റദ്ദാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സമരസമിതി ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ചുകൊണ്ട് വടയമ്പാടി കോളനി മൈതാനത്തിന്റെ വ്യാജപട്ടയം റദ്ദാക്കുക , റവന്യൂ പറമ്പോക്ക് പൊതു ഉടമസ്ഥതയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഈ പ്രദേശത്തെ ദളിത് ജനത സമരമാരഭിക്കുകയും ചെയ്തു. ക്ഷേത്രമതില്‍ പൊതുമൈതാനം കയ്യേറി നിര്‍മ്മിച്ചതാണെന്നും സര്‍വേ നടത്തി വിസ്തീര്‍ണം ബോധ്യപ്പെടുത്തണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും റവന്യൂ അധികാരികള്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് 2017 ഏപ്രില്‍ 14 ന് അംബേദ്കര്‍ ജയന്തി ദിനത്തില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിച്ച ദളിത് ജനത എന്‍.എസ്.എസ് കരയോഗം നിയമവിരുദ്ധമായി പൊതു മൈതാനം കയ്യേറി നിര്‍മ്മിച്ച ചുറ്റുമതില്‍ പൊളിച്ച് കളഞ്ഞത്. ഇത് സംബന്ധിച്ച് തര്‍ക്കം സിവില്‍ കോടതിയുടെയും റവന്യൂ അധികാരികളുടേയും പരിഗണനയിലിരിക്കയാണ്. മതില്‍ പൊളിച്ചതിനെ തുടര്‍ന്ന് 5.06.2017 ന് വടയമ്പാടി സമരത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാ കലക്റ്റര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വച്ച് കോടതിയില്‍ തീരുമാനമാകുന്നത് വരെ തര്‍ക്കസ്ഥലത്തു തല്‍സ്ഥിതി നിലനിറുത്തണമെന്നു നിര്‍ദേശിക്കുകയുണ്ടായി.

എന്നാല്‍ 16.1.2018 ല്‍ പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സമരമുന്നണി കണ്‍വീനര്‍ എം.പി.അയ്യപ്പന്‍ കുട്ടിക്ക് ഒരു നോട്ടീസ് നല്‍കുകയുണ്ടായി. ഭജനമഠം ക്ഷേത്രത്തില്‍ ഉത്സവം ജനുവരി 22 മുതല്‍ 25 വരെ നടക്കുകയാണെന്നും അമ്പലത്തിലെ ഉത്സവത്തിന് വരുന്ന ഭക്തര്‍ക്കും മറ്റും അമ്പലത്തിലേയ്ക്ക് കയറുവാനുള്ള കവാടത്തില്‍ അനധികൃതമായി പന്തല്‍ കെട്ടി വഴി തടസപ്പെടുത്തിയിരിക്കയാണെന്നും അത് പൊളിച്ച് കളയണമെന്നുമായിരുന്നു നോട്ടീസ്. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്ന പൊതുസ്ഥലത്തിന്റെ കയ്യേറ്റ ശ്രമങ്ങള്‍ ഒഴിപ്പിക്കുന്നതിനു ശ്രമിക്കേണ്ട അധികൃതര്‍ ആ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ കൈക്കൊണ്ടു വന്നതിന്നെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ പ്രദേശത്ത് സമരപന്തല്‍ കെട്ടി സമരം ചെയ്തു വരികയാണെന്നും പന്തല്‍ കെട്ടിയ ഭാഗത്ത് കൂടി പൊതു മൈതാനത്തിലേയ്‌ക്കോ ക്ഷേത്രത്തിലേയ്‌ക്കോ യാതൊരു പ്രവേശനകവാടങ്ങളുമില്ലാത്തതാണെന്നും സമരപന്തല്‍ നില്‍ക്കുന്നയിടത്ത് നിന്നും മൂന്നടിക്കും മേലെ ഉയരത്തില്‍ ആണ് ഈ പൊതുമൈതാനം കിടക്കുന്നതെന്നും ഈ സ്ഥലത്തിന് തെക്കും വടക്കുമായിട്ടാണ് മൈതാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള വഴി ഉള്ളതെന്നും കാണിച്ച് ഒരു മറുപടി കണ്‍വീനര്‍ അയ്യപ്പന്‍ കുട്ടി 17 തീയതി തന്നെ പൊലീസിന് നല്‍കുകയുണ്ടായി.

എന്നാല്‍ ഇരുപത്തൊന്നാം തീയതി പുലര്‍ച്ചെ 5.30 മണിയോട് കൂടി പുത്തന്‍കുരിശ് സി ഐ സാജന്‍ സേവ്യറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും സമരപന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു. പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച സമരസമിതിയിലെ എട്ടു പേരെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് പോര്‍ട്ടിന്റെ എഡിറ്റര്‍ അഭിലാഷ് പടച്ചെരിയെയും ഡെക്കാന്‍ ക്രോണിക്കിള്‍ ല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അനന്തു ആശാ രാജഗോപാലിനെയും കസ്റ്റഡിയിലെടുത്തു. അതില്‍ കെ.പി.എം.എസ് ന്റെ കുന്നത്ത്‌നാട് താലൂക്ക് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും സമരസമിതിയുടെ നേതാവുമായ ഐ ശശിധരന്‍ വടയമ്പാടിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസ് സമരപന്തല്‍ പൊളിച്ച് നീക്കുകയും ഇടിവണ്ടി സമരപന്തല്‍ നിന്നിടത്ത് കൊണ്ട് വന്ന് നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ എന്‍.എസ് എസ് കരയോഗം അവിടെ ഒരു പുതിയ വഴി വെട്ടുകയും മൈതാനത്തിലേയ്ക്ക് കയറുന്നതിന് പടവുകള്‍ നിര്‍മ്മിക്കുകയും അവിടെ ഭജനമഠം ദേവീ ക്ഷേത്രം എന്ന് പേരെഴുതിയ ഒരു കമാനം സ്ഥാപിക്കുകയും ചെയ്തു.

അടിസ്ഥാനപരമായി ഭജനമഠത്തിലേത് ഒരു സിവില്‍ തര്‍ക്കമാണ്. ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ സിവില്‍ കോടതിയുടെ പരിഗണനയിലാണ്. സിവില്‍ കോടതിയുടെ പരിഗണനയിലുള്ള ഒരു പ്രശ്‌നത്തില്‍ പോലീസ് ഇടപെടാതിരിക്കുക എന്നത് നമ്മുടെ നാട്ടില്‍ നാളിതു വരെ തുടര്‍ന്ന് വരുന്ന സാമാന്യ നീതിയാണ്. എന്നാല്‍ ഇവിടെ പോലീസ് അത് ലംഘിച്ചുവെന്ന് മാത്രമല്ല പൊതുമൈതാനം എന്‍.എസ്.എസ് കരയോഗത്തിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്രത്തിന്റെ കൈവശത്തിലുള്ളതാണെന്ന് കാണിക്കുന്നതിനായുള്ള കള്ള തെളിവുകള്‍ ഉണ്ടാക്കുക കൂടിയാണ് ചെയ്തത്. അതുവഴി പൊതു ഉടമസ്ഥതയിലും ഉപയോഗത്തിലും ഉണ്ടായിരുന്ന ഭൂമിയില്‍ നിന്ന് വടയമ്പാടിയിലെ ദളിത് ജനതയെ എന്നെന്നേക്കുമായി അകറ്റി നീക്കി നിര്‍ത്തുക എന്ന സവര്‍ണ്ണ ജാതി മേധാവിത്വത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ ഭരണകൂട സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിയമപ്രകാരം ശിക്ഷാര്‍ഹമായ കറ്റകൃത്യമാണ് പോലീസും എന്‍.എസ്.എസ് കരയോഗവും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. പോലീസ് ഉള്‍പ്പെടെയുള്ള ഭരണകൂട സംവിധാനം കൂടി ചേര്‍ന്ന് കൊണ്ട് നടപ്പിലാക്കിയഈ കുറ്റകൃത്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും മറച്ച്പിടിക്കുന്നതിനു വേണ്ടിയും വടയമ്പാടിക്കപ്പുറത്തേയ്ക്ക് ദളിത് ജനത നേരിട്ട ഈ ജാതി അടിച്ചമര്‍ത്തലും വിവേചനവും എത്താതിരിക്കുന്നതിനുമാണ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസ് ചുമത്തി റിമാന്‍ഡ് ചെയ്തതും ഈ സമരത്തെ മാവോയിസ്റ്റ് സമരമായി ചിത്രീകരിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും . ഗുരുതരമായ നിയമലംഘനവും നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണമായ പരാജയവുമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് നടന്നത് നമുക്ക് ജാതിയില്ല എന്ന് വിളിച്ചു കൂവുന്ന ‘പുരോഗമന’ കേരളത്തിലാണ്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു കൊണ്ട് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഭരിക്കുമ്പോഴാണ്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ്. ഈ ജാതി അടിച്ചമര്‍ത്തലിനു നേതൃത്വം നല്‍കിയ ആളുകള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. വടയമ്പാടിയിലെ ദളിത് ജനതയ്ക്കെതിരായ ജാതീയ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ഐക്യപ്പെടാന്‍ എല്ലാ പുരോഗമന ജനാധിപത്യ ശക്തികളും തയ്യാറാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply